Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

രണ്ടു വൃക്കയുള്ളത് വൈകല്യമെന്ന് തെറ്റിദ്ധരിപ്പിച്ചു; വൃക്ക ദാനം ചെയ്താൽ മുളച്ചു വരുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച സാബിത്ത്; രാജ്യാന്തര റാക്കറ്റുമായി സഹകരിച്ച കേരളത്തിലെ 3 ആശുപത്രികളെപ്പറ്റി കേന്ദ്ര ഏജൻസികളുടെ അന്വേഷണം; 'ഓർഗൻ ബ്ലാക് മാർക്കറ്റ്' വമ്പൻ മാഫിയ

രണ്ടു വൃക്കയുള്ളത് വൈകല്യമെന്ന് തെറ്റിദ്ധരിപ്പിച്ചു; വൃക്ക ദാനം ചെയ്താൽ മുളച്ചു വരുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച സാബിത്ത്; രാജ്യാന്തര റാക്കറ്റുമായി സഹകരിച്ച കേരളത്തിലെ 3 ആശുപത്രികളെപ്പറ്റി കേന്ദ്ര ഏജൻസികളുടെ അന്വേഷണം; 'ഓർഗൻ ബ്ലാക് മാർക്കറ്റ്' വമ്പൻ മാഫിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യാന്തര അവയവക്കച്ചവട റാക്കറ്റുമായി സഹകരിച്ച കേരളത്തിലെ 3 ആശുപത്രികളെപ്പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുവെന്ന് റിപ്പോർട്ട്. വ്യാജ യാത്രാരേഖകൾ ചമച്ചു വിദേശത്തേക്കു കടത്താനുള്ള അവയവദാതാക്കളുടെ ആരോഗ്യപരിശോധന നടത്തിയ ആശുപത്രികളാണിവ. അവയവക്കച്ചവടത്തിനുള്ള മനുഷ്യക്കടത്താണെന്ന അറിവോടെയാണോ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്നാണു പരിശോധിക്കുന്നതെന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടു വൃക്കയുള്ളതു ശാരീരികവൈകല്യമാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉത്തരേന്ത്യൻ സ്വദേശികളെ കബളിപ്പിച്ചതായി പൊലീസിന്റെ കസ്റ്റഡിയിലുള്ള സാബിത്ത് മൊഴി നൽകി. വൃക്ക ദാനം ചെയ്താൽ പുതിയ വൃക്ക മുളച്ചുവരുമെന്ന് ചിലരെ പറഞ്ഞു വിശ്വസിപ്പിച്ചു. അവയവക്കച്ചവടത്തിന് ഇരകളായവരുടെയും അവയവങ്ങൾ വാങ്ങിയവരുടെയും പട്ടിക സബിത്ത് അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്. ഇറാനിലെ സാഹചര്യങ്ങൾ അവയവ മാഫിയയ്ക്ക് അനുകൂലമാണ്. ഇതാണ് കേരളത്തിലുള്ളവരും ദുരുപയോഗപ്പെടുത്തുന്നത്.

വിദേശ ഇൻഷുറൻസ് കമ്പനികളുടെ നിയന്ത്രണത്തിൽ ഇറാൻ കേന്ദ്രീകരിച്ച് അവയവക്കച്ചവട മാഫിയ പ്രവർത്തിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ഏജൻസിയായ ഗ്ലോബൽ ഒബ്‌സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ (ജിഒഡിടി) റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനിൽ ഒരുവർഷം 10,000 കോടി രൂപയുടെ അവയവക്കച്ചവടം നടക്കുന്നതായി റിപ്പോർട്ടിലുണ്ടായിരുന്നു. ഇതേത്തുടർന്ന് അവയവദാതാക്കൾക്കുള്ള ഉയർന്ന പ്രതിഫലം 600 പൗണ്ടായി (60,000 രൂപ) ഇറാൻ ഗവൺമെന്റ് നിജപ്പെടുത്തിയതോടെയാണ് 'ഓർഗൻ ബ്ലാക് മാർക്കറ്റ്' സജീവമായത്.

കേസിൽ അറസ്റ്റിലായ സാബിത്ത് നാസർ രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി. സാബിത്ത് അവയവക്കച്ചവടത്തിന് ഇരയാക്കിയ ആളുകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് തീരുമാനം. മാഫിയയുടെ വലയിൽ കുരുങ്ങി അവയവദാനത്തിനായി ഇറാനിലേക്ക് പോയ നിരവധി പേർ ഇപ്പോഴും തിരിച്ചെത്താത്ത സാഹചര്യവും അന്വേഷിക്കും.

ഇവർ ഇപ്പോഴും ജീവനോടെയുണ്ടോയെന്നതും വ്യക്തമല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് സാബിത്ത് ഇരകളാക്കിയത്. ഇവരുടെ യാത്ര, ചികിത്സ, താമസം എല്ലാം മാഫിയയാണ് വഹിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങുമ്പോൾ 6 ലക്ഷം രൂപ വരെയാണ് ഇരകൾക്ക് നൽകിയിരുന്നത്. ഈ അവയവങ്ങൾ ഏജന്റുമാർ വഴി 60 ലക്ഷം രൂപയ്ക്കാണ് കൈമാറ്റം ചെയ്തിരുന്നതെന്നും സാബിത്ത് മൊഴി നൽകിയിട്ടുണ്ട്. ഇറാനിലാണ് ശസ്ത്രക്രിയ അടക്കമുള്ളവ നടക്കുന്നത്. മലയാളികളെ കൂടാതെ ഇതരസംസ്ഥാനക്കാരേയും സാബിത്ത് ഇത്തരത്തിൽ കൊണ്ടു പോയിട്ടുണ്ട്.

അവയവ കച്ചവടത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ തിരികെ വന്നിട്ടില്ല. ഇവർക്ക് എന്ത് സംഭവിച്ചു എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്. സാബിത്തിന് പാസ്പോർട്ട് ലഭിച്ചത് 10 ദിവസം മാത്രം വാടകയ്ക്ക് താമസിച്ച വീടിന്റെ അഡ്രസ്സിലാണ്. അവയവ കച്ചവടം നടത്തിയ പലരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്.

പണം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് അവയവ മാഫിയയ്ക്കിടയിൽ നിന്ന തർക്കമാണ് വിവരങ്ങൾ പുറത്തുവരാൻ ഇടയാക്കിയതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പ്രതി സബിത്ത് മൂന്ന് വർഷത്തിനിടെ ഇരുന്നൂറിലധികം പേരെയാണ് അവയവ കച്ചവടത്തിനായി ഇറാനിലെത്തിച്ചതെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP