Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ബിജെപി 305 സീറ്റ് നേടും; നരേന്ദ്ര മോദി തീർച്ചയായും മൂന്നാം വട്ടവും ജയിക്കും; പ്രവചനവുമായി അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞൻ ഇയാൻ ബ്രമ്മർ; യുറേഷ്യ ഗ്രൂപ്പിന്റെ സ്ഥാപകൻ ശരി വയ്ക്കുന്നത് പ്രശാന്ത് കിഷോറിന്റെ വിലയിരുത്തൽ; ആഗോളതലത്തിൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് മാത്രമാണ് സ്ഥിരത ഉള്ളതെന്നും ബ്രമ്മർ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ബിജെപി 305 സീറ്റ് നേടും; നരേന്ദ്ര മോദി തീർച്ചയായും മൂന്നാം വട്ടവും ജയിക്കും; പ്രവചനവുമായി അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞൻ ഇയാൻ ബ്രമ്മർ; യുറേഷ്യ ഗ്രൂപ്പിന്റെ സ്ഥാപകൻ ശരി വയ്ക്കുന്നത് പ്രശാന്ത് കിഷോറിന്റെ വിലയിരുത്തൽ; ആഗോളതലത്തിൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് മാത്രമാണ് സ്ഥിരത ഉള്ളതെന്നും ബ്രമ്മർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 305 സീറ്റ് നേടുമെന്ന് അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞനും. ഗ്ലോബൽ പൊളിറ്റിക്കൽ റിസ്‌ക് കൺസൾട്ടന്റുമായ ഇയാൻ ബ്രമ്മർ പറഞ്ഞു. എൻഡി ടിവി പ്രോഫിറ്റിന് നൽകിയ അഭിമുഖത്തിലാണ് പ്രവചനം.

റിസ്‌ക് ആൻഡ് റിസർച്ച് കൺസൾട്ടിങ് സ്ഥാപനമായ യുറേഷ്യ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ബ്രമ്മർ. ആഗോളതലത്തിലെ കാഴ്ചപ്പാടിൽ ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് മാത്രമാണ് സ്ഥിരതയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പ് അടക്കം പ്രശ്‌നങ്ങൾ നിറഞ്ഞതാണ്.

യൂറേഷ്യ ഗ്രൂപ്പ് ഗവേഷണ പ്രകാരം, ബിജെപി 295 മുതൽ 315 സീറ്റ് വരെ നേടാം. തുടർച്ചയായി മൂന്നാം വട്ടം അധികാരത്തിലേറാൻ പരിശ്രമിക്കുന്ന ബിജെപി 2014 ലെ തിരഞ്ഞെടുപ്പിൽ 282 സീറ്റും, 2019 ൽ 303 സീറ്റുമാണ് സ്വന്തമാക്കിയത്.

തന്റെ താൽപര്യം സംഖ്യകളിൽ അല്ലെന്ന് ബ്രമ്മർ പറഞ്ഞു. ലോകത്തിലെ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലാണ് സുഗമമായ അധികാര കൈമാറ്റം നടക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയ സംവിധാനത്തെ കുറിച്ച് വളരെയധികം അനിശ്ചിതത്വമില്ല. ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാണെന്നും അദ്ദേഹം വാഴ്‌ത്തി.

' മോദി തീർച്ചയായും മൂന്നാം വട്ടവും വിജയിക്കും. ശക്തമായ സാമ്പത്തിക അടിത്തറയും, സ്ഥിരതയുള്ള പരിഷ്‌കരണങ്ങളും സുസ്ഥിരതയുടെ സന്ദേശമാണ് നൽകുന്നതെന്നും ബ്രമ്മർ പറഞ്ഞു. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി അടുത്ത വർഷം ഇന്ത്യ മാറിയേക്കും. 2028 ൽ മൂന്നാമത്തെ വലിയ ശക്തമായി മാറുമൈന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം, ബിജെപി ഒറ്റയ്ക്ക് 300 സീറ്റ് നേടുമെന്നാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പ്രവചനം. ബിജെപിയും മോദിയും പ്രചരിപ്പിക്കുന്നത് പോലെ, ഒറ്റയ്ക്ക് 370 സീറ്റ് കിട്ടുക അസാധ്യമാണ്. പ്രധാനമന്ത്രിക്ക് എതിരെ വിപുലമായ രീതിയിൽ ജനരോഷം നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

. ബിജെപി പ്രതിരോധത്തിലായ പല സമയത്തും പ്രതിപക്ഷം തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ബിജെപിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതെങ്കിലും ഇക്കാര്യം ജനങ്ങളെ ബോധിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. സഖ്യത്തിനുള്ളിലെ പാർട്ടികൾ പോലും പരസ്പരം പോരടിക്കുന്ന കാഴ്ചകളാണ് കാണാൻ കഴിയുന്നത്.

അയോധ്യാ രാമക്ഷേത്ര നിർമ്മാണം ഇതിൽ പ്രധാനപ്പെട്ടതായിരുന്നു. വിഷയം പ്രധാന ചർച്ചയായപ്പോൾ ഇന്ത്യാ സഖ്യം ഒന്നും മിണ്ടാതെ കൈകെട്ടി നിന്നു. ഫെബ്രുവരിയിൽ ഇത് സംബന്ധിച്ച് പ്രതിപക്ഷം ചർച്ചയ്ക്ക് തുടക്കമിടുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നുവെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി. അപ്പോഴേക്കും ബിജെപി ഏറെ മുന്നോട്ടുപോയിരുന്നു. പ്രധാനമന്ത്രി മുഖമെന്ന നിലയ്ക്ക് ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കാൻ ഇന്ത്യാ സഖ്യത്തിന് സാധിച്ചില്ല. ഇത് ബിജെപി പ്രധാന ആയുധമാക്കി. പ്രതിപക്ഷത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

സഖ്യത്തിലെ നിർണായക പാർട്ടിയെന്ന് കരുതുന്ന മമത ബാനർജി പോലും മത്സരിക്കുന്നത് സ്വന്തമായിട്ടാണ്. കോൺഗ്രസുമായുണ്ടായുള്ള സീറ്റ് തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് തൃണമൂലിന് ഒറ്റയ്ക്ക് മത്സരിക്കേണ്ട അവസ്ഥ വന്നത്. ബിജെപി ആഗ്രഹിച്ച പോലെ വോട്ടുബാങ്കിലുള്ള വിള്ളലുണ്ടാക്കാൻ മാത്രമാണ് ഇതുകൊണ്ട് കഴിഞ്ഞതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. മോദിയും ബിജെപിയും അപരാജിതരല്ല. പക്ഷെ ഇന്ത്യാ സഖ്യം അവരെ പരാജയപ്പെടുത്താനുള്ള ആയുധമുപയോഗിക്കുന്നതിൽ തോറ്റുപോയെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.

2015, 2016 കാലത്തെ വിവിധ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അവസ്ഥ പരിതാപകരമായിരുന്നു. പല തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു. എന്നിട്ടുപോലും പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള ശരിയായ തന്ത്രങ്ങളുണ്ടാക്കാൻ സാധിച്ചില്ല.

നോട്ട് നിരോധനത്തിന് ശേഷം ബിജെപിക്കും മോദിക്കുമെതിരേയുമുള്ള ജനവികാരം ശക്തമായിരുന്നു. 2017-ൽ ഗുജറാത്തിൽ പോലും തോൽവിയുടെ വക്കിലെത്തി. പക്ഷെ ഉത്തർപ്രദേശിലടക്കം ബിജെപിയുടെ വലിയ മുന്നേറ്റം കാണേണ്ടി വന്നു. ഇതിന് ശേഷം 2019 ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. 52 സീറ്റ് മാത്രമാണ് നേടാനായതെന്നും പ്രശാന്ത് പറയുന്നു.

രാജ്യം കോവിഡിന്റെ പിടിയിലകപ്പെട്ടപ്പോൾ എൻ.ഡി.എ സർക്കാരിന്റെ പല തീരുമാനങ്ങളും വലിയ രീതിയിലാണ് വിമർശിക്കപ്പെട്ടത്. പക്ഷെ ഇതൊന്നും ശരിയായ രീതിയിൽ ഉപയോഗിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്നും പ്രശാന്ത് കിഷോർ വിമർശിച്ചു. ക്രിക്കറ്റ് കളിയിൽ ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയാൽ ഒരുപക്ഷെ ആ ബാറ്റർ സെഞ്ച്വറിയടിച്ചേക്കാം. പ്രത്യേകിച്ചും ആയാൾ നല്ല ഒരു ബാറ്റർ കൂടിയാവുമ്പോൾ. സമാന അവസ്ഥയാണ് കോൺഗ്രസിനെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP