Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ

ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ കർണാടകത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പണം കൊണ്ടുപോകുമ്പോഴുണ്ടായ സുരക്ഷാ വീഴ്ചയും സംഭവത്തിലെ ദുരൂഹതകളും ഏറെ ചർച്ചയാകുന്ന സാഹചര്യത്തിൽ മോഷണം ആസൂത്രിതമാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിച്ചേർന്നത്. കവർച്ച നടത്തിയത് ഒരാളാണെന്ന് പറയുമ്പോഴും പിന്നിൽ വൻ സംഘം ഉണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ഇന്നലെ ഉച്ചയ്ക്കാണ് ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ട് വന്ന അരക്കോടി രൂപ വാഹനത്തിൽ നിന്ന് കവർന്നത്. വാഹനം നിർത്തിയശേഷം സമീപത്തെ എടിഎമ്മിൽ സ്വകാര്യ കമ്പനി ജീവനക്കാരൻ പണം നിറയ്ക്കുന്ന സമയത്ത് വാഹനത്തിനടുത്തെത്തിയ മോഷ്ടാവ് ഗ്ലാസ് തകർത്ത് പണമടങ്ങിയ ബോക്‌സുമായി കടന്നുകളയുകയായിരുന്നു.

ആക്സിസ് ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാനായി വാനിൽ കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. 50 ലക്ഷം എടിഎമ്മിൽ നിറയ്ക്കാനായി ജീവനക്കാർ വാഹനം ലോക്ക് ചെയ്ത് എടിഎം കൗണ്ടറിലേക്ക് പോയി. ഈ സമയം വാഹനത്തിലെ സീറ്റിൽ വെച്ചിരുന്ന 50 ലക്ഷം രൂപയാണ് വാഹനത്തിന്റെ ചില്ല് തകർത്ത് മോഷ്ടാവ് കവർന്നത്. സംഭവത്തിന് ശേഷം ഒരാൾ ഉപ്പള ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോയതായും പറയുന്നു.

കൗണ്ടറിൽ പണം നിറയ്ക്കാൻ നോട്ടുകളടങ്ങിയ പെട്ടി എടുക്കാനെത്തിയപ്പോഴാണ് വാനിന്റെ ചില്ല് തകർത്ത് ഒരു പെട്ടി മോഷ്ടിച്ച വിവരം ശ്രദ്ധയിൽപെട്ടത്. സെക്യുവർ വാലി എന്ന കമ്പനിയുടെതാണ് പണവുമായി വന്ന വാൻ. വിവരമറിഞ്ഞെത്തിയ പൊലീസ് വാൻ ബന്തവസിലെടുക്കുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാധാരണ സ്വകാര്യ ഏജൻസികളുടെ തന്നെ സായുധരായ ഉദ്യോഗസ്ഥരാണ് പണം എത്തിക്കുമ്പോൾ സുരക്ഷ ഒരുക്കാറുള്ളത്.

വാഹനത്തിന്റെ സീറ്റിലായിരുന്നു ബോക്‌സുണ്ടായിരുന്നത്. ഒരു ഉദ്യോഗസ്ഥനും വാഹനത്തിന്റെ ഡ്രൈവറും മാത്രമായിരുന്നു ആകെ വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. ഇരുവരും സംഭവം നടക്കുമ്പോൾ സമീപത്തെ എടിഎമ്മിലായിരുന്നു. സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നില്ലെന്നും വിവരമുണ്ട്.

ഇക്കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാതിരുന്നതെന്ത്, വാഹനത്തിന്റെ ഇരുവശത്തെയും ഇരുമ്പ് ഗ്രിൽ ഒരേസമയം കേടായത് എന്തുകൊണ്ട്, മൂന്ന് പേർ വേണ്ടിടത്ത് രണ്ട് പേർ മാത്രം പണം കൊണ്ടുവന്നത് എന്തുകൊണ്ട്, സ്വകാര്യ ഏജൻസിയുടെ വാഹനത്തെ പിന്തുടർന്ന വാഹനങ്ങൾ ഏത് എന്നെല്ലാം പല ചോദ്യങ്ങളും ഉയരുന്നുണ്ട്.

സംഭവത്തെതുടർന്ന് സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു. സംസ്ഥാനാതിർത്തി വിട്ടും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

സംഭവത്തെ തുടർന്ന് ജില്ലാ പൊലീസ് ചീഫ്, ഡിവൈഎസ്‌പി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം കവർച്ച നടത്തിയയാളെ കണ്ടെത്താൻ ഉപ്പള ടൗൺ, കാസർകോട്, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക ഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു. ടൗണിലെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഒരാൾ ബാഗുമായി തിരക്കിൽ നടന്നുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. പാന്റും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ഈ ദൃശ്യം പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സമീപപ്രദേശങ്ങളിലെ സിസിടിവികളും പരിശോധിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP