Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ബ്രിട്ടനിൽ ഇറച്ചിയേക്കാൾ വില തക്കാളിക്ക്; കുറഞ്ഞ ശമ്പളത്തിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾ കഷ്ടപ്പാടിൽ; വില കുറയാത്തതിൽ ബ്രക്‌സിറ്റ് പ്രധാന കാരണം; ബ്രിട്ടനിൽ സാമ്പത്തിക സുനാമി; യുക്രെയിനും ഹൂതികളും വരൾച്ചയും ബ്രിട്ടനെ വരിഞ്ഞു കെട്ടുമ്പോൾ

ബ്രിട്ടനിൽ ഇറച്ചിയേക്കാൾ വില തക്കാളിക്ക്; കുറഞ്ഞ ശമ്പളത്തിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾ കഷ്ടപ്പാടിൽ; വില കുറയാത്തതിൽ ബ്രക്‌സിറ്റ് പ്രധാന കാരണം; ബ്രിട്ടനിൽ സാമ്പത്തിക സുനാമി; യുക്രെയിനും ഹൂതികളും വരൾച്ചയും ബ്രിട്ടനെ വരിഞ്ഞു കെട്ടുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

കവൻട്രി: ബ്രിട്ടനിൽ കോഴി ഇറച്ചിയേക്കാൾ വിലയാണ് തക്കാളിക്ക്. അതിശയോക്തിയല്ല. മോറിസൺ നൽകുന്ന വില കുറഞ്ഞ കോഴി ഇറച്ചി പായ്ക്കറ്റ് കിലോയ്ക്ക് രണ്ടു പൗണ്ടിൽ ലഭിക്കുമ്പോൾ അതെ കടയിൽ ഇപ്പോൾ തക്കാളിക്ക് കിലോയ്ക്ക് മൂന്നു പൗണ്ടിൽ അധികമാണ്. രുചി കൂടിയ വൈൻ ചെറി തക്കാളി ആണെങ്കിൽ കിലോയ്ക്ക് ആറു പൗണ്ടും നൽകേണ്ടി വരും. ഇത് ഒരു കടയിലെ ഉദാഹരണം മാത്രമല്ല. പൊതുവെ യുകെയിൽ കോഴി ഇറച്ചിയേക്കാൾ വിലക്കൂടുതലാണ് പല പച്ചക്കറികൾക്കും പഴങ്ങൾക്കും. ഇതിന് ഏറ്റവും പ്രധാന കാരണം ബ്രക്സിറ്റിനു ശേഷം പഴങ്ങളുടെയും പച്ചക്കറികളുടെയും ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്ന വെല്ലുവിളികളാണ്.

അതിർത്തികളിൽ നിന്നും ഇത്തരം ഉത്പന്നങ്ങൾ കയറ്റിയ ട്രക്കുകൾ അത്ര വേഗത്തിൽ ക്ലിയറൻസ് നടത്തി വിതരണ സ്ഥലത്തു എത്തുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. ട്രക്കുകൾ അതിർത്തി കടക്കാൻ വൈകും തോറും വാടകയും ഡ്രൈവറുടെ വേതനവും എല്ലാം ചേർന്നുള്ള അധിക നഷ്ടം ഉൽപ്പന്ന വിലയിൽ പ്രതിഫലിക്കുകയാണ്. അതിനൊപ്പം കൂനിന്മേൽ കുരു എന്ന പോലെ യുക്രൈൻ യുദ്ധം വന്നതോടെ ഊർജ വിതരണ രംഗത്ത് ഉണ്ടായ അധിക ചെലവ് പച്ചക്കറി കൃഷി നഷ്ടത്തിലാക്കിയതും അനേകം കർഷകർ കൃഷി രംഗത്ത് നിന്നും പിൻവാങ്ങിയതും ഇപ്പോൾ ഉണ്ടായ അതിശയിപ്പിക്കുന്ന വില വർധനയുടെ മറ്റൊരു പ്രധാന കാരണമാണ്.

നിലവിൽ തക്കാളി അടക്കം പല പച്ചക്കറികൾക്കും ബ്രിട്ടനിൽ കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തിനിടയിൽ നേരിടേണ്ടി വന്നിട്ടുള്ള ഏറ്റവും വലിയ വിലവർധനയാണ് രേഖപ്പെടുത്തുന്നത്. 2022നു ശേഷം മാത്രം തക്കാളി വില 38 ശതമാനം ആണ് ഉയർന്നത്. അതായത് ഒരു പൗണ്ടിന് കിട്ടിയിരുന്ന തക്കാളിക്ക് ഇപ്പോൾ ഒരു പൗണ്ട് 38 പെൻസ് നൽകണം. കഴിഞ്ഞ വർഷം യുകെയിൽ തക്കാളിയുടെ ശരാശരി വില മൂന്നു പൗണ്ട് 26 പെൻസായി ഉയർന്നിരിക്കുകയാണ്.

ഈ ഉയർന്ന വില മൂലം ജനം ടിന്നിൽ അടച്ച തക്കാളി വാങ്ങാൻ തുടങ്ങിയത് ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും എന്ന മുന്നറിയിപ്പും എത്തിയിട്ടുണ്ട്. വില വർധന മൂലം ജനങ്ങൾ മോശം ഭക്ഷണം തിരഞ്ഞെടുക്കാൻ തുടങ്ങി എന്ന ട്രെൻഡ് നൽകുന്ന സൂചനയും രാജ്യത്തിന്റെ ആരോഗ്യത്തെ പൊതുവായി ബാധിക്കും എന്നാണ് സർക്കാരിന് മുന്നിൽ എത്തിയിരിക്കുന്ന പ്രധാന താക്കീത്.

തക്കാളി കൃഷി ചെയ്യാൻ ഉള്ള ചെലവ് ക്രമാതീതമായി ഉയർന്നതോടെ കൂടുതൽ ബ്രിട്ടീഷ് കർഷകർ ഈ വർഷം തക്കാളി കൃഷിയിൽ നിന്നും പിന്മാറുകയാണ് എന്ന സൂചനയും പുറത്തു വന്നിരിക്കുകയാണ്. എങ്കിൽ തക്കാളി വില കൂടുതൽ ഉയരത്തിലേക്ക് പോകും എന്നത് തർക്കമില്ലാത്ത കാര്യമാണ്. മാത്രമല്ല റീറ്റെയ്ൽ കടക്കാർ വില ഉയർത്തുമ്പോൾ ആനുപാതികമായി കർഷകർക്ക് വില കൂടുതൽ ലഭിക്കുന്നില്ല എന്നതും കർഷകരെ രോഷം കൊള്ളിക്കുന്ന കാര്യമാണ്.

ആഗോള വില അനുസരിച്ചു റീറ്റെയ്ൽ രംഗത്ത് ഓരോ ദിവസവും വില പൊങ്ങുമ്പോൾ അത് കണ്ടു നിൽക്കാൻ മാത്രമാണ് കർഷകർക്ക് കഴിയുന്നത്. കാരണം മുൻകൂർ നിശ്ചയിച്ച കരാർ പ്രകാരമുള്ള നാമമാത്ര വില വർധന മാത്രമേ കർഷകർക്ക് ലഭിക്കൂ. നെതർലാൻഡിൽ ഉണ്ടായ ഉയർന്ന ഊർജ വിലയും മൊറോക്കയിലും സ്പെയിനിലും ഉണ്ടായ വരൾച്ചയും യുകെയിലെ തക്കാളി വിലയിലാണ് ഇപ്പോൾ കൃത്യമായി പ്രതിഫലിക്കുന്നത്.

യൂറോപ്പിലെങ്ങും കർഷക സമരം, കടകളിൽ തീവില

യൂറോപ്പിലാകെ കൃഷി നഷ്ടം ആണെന്ന് പ്രഖ്യാപിച്ചു കർഷകർ ട്രാക്ടറുകളുമായി സമര രംഗത്ത് വന്നതും വരും നാളുകളിൽ വില വർധന തുടരും എന്നതിന്റെ സൂചനയാണ്. പണപ്പെരുപ്പം ഉയർന്നതുകൊണ്ടാണ് ബ്രിട്ടനിൽ വില കൂടിയത് എന്ന് പറഞ്ഞു പലിശ നിരക്ക് ഉയർത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപടി മൂലം പണപ്പെരുപ്പം 11 ശതമാനത്തിൽ നിന്നും നാലായി താഴ്ന്നിട്ടും കടകളിൽ വില കുറയുന്നില്ലല്ലോ എന്ന് ചോദിക്കുമ്പോൾ ഉത്തരം മുട്ടുകയാണ്.

വാസ്തവത്തിൽ വില കുറയുന്നതിന് പകരം വില അനുദിനം കൂടുന്ന കാഴ്ചയാണ് ബ്രിട്ടനിലെ നിത്യ ജീവിതത്തിൽ പ്രകടമാകുന്നത്. ഇവിടെയാണ് വില വർധനയിൽ ആഭ്യന്തര കാര്യങ്ങളേക്കാൾ അന്താരാഷ്ട്ര കാര്യങ്ങൾ കൂടി കാര്യമായ സ്വാധീനം ചെലുത്തും എന്ന തിരിച്ചറിവ് നയ രൂപീകരണ രംഗത്തുള്ള വിദഗ്ദ്ധർ പരിഗണിക്കേണ്ടത്. അതിനുള്ള പ്രത്യക്ഷ കാഴ്ചകളാണ് ഇപ്പോൾ ബ്രിട്ടീഷ് ജനത നിത്യ ജീവിതത്തിൽ അനുഭവിക്കുന്ന വിലക്കയറ്റ ദുരിതത്തിൽ പ്രകടമാകുന്നത്.

ബ്രിട്ടനിൽ സാമ്പത്തിക സുനാമി, യുക്രൈനും ഹൂതികളും വരൾച്ചയും ബ്രിട്ടനെ വരിഞ്ഞു കെട്ടുമ്പോൾ

അതിനിടെ ബ്രിട്ടനിൽ നടക്കുന്ന സാമ്പത്തിക സുനാമി അറിയാതെ മനോഹര ജീവിതം എന്ന കേട്ടുകേൾവിയിൽ ലക്ഷക്കണക്കിന് രൂപ ഏജന്റുമാർക്ക് നൽകി യുകെയിൽ എത്തി തുച്ഛ ശമ്പളത്തിന് കെയറർ ജോലിക്ക് എത്തിയ മലയാളി കുടുംബങ്ങൾ ആകട്ടെ ഉയർന്ന വാടകയും ബില്ലുകളും അടച്ച ശേഷം കടകളിൽ ഷോപ്പിങ്ങിന് എത്തുമ്പോളാണ് വിലക്കയറ്റത്തിന്റെ തീവ്രത മനസിലാക്കുന്നത്.

പത്തു വർഷം മുൻപ് അമ്പതു പൗണ്ട് മുടക്കി നടത്തുന്ന ഷോപ്പിങ് കൊണ്ട് ഒരാഴ്ചയിലേറെ സുഭിക്ഷമായി ഭക്ഷണം കഴിക്കാൻ സാധിക്കുമായിരുന്ന സാഹചര്യം മാറി ഇപ്പോൾ മൂന്നോ നാലോ ദിവസത്തെ ഭക്ഷണ ആവശ്യം പോലും അമ്പതു പൗണ്ട് കൊണ്ട് തികയില്ല എന്ന അവസ്ഥയാണ്. ഒരു കുടുംബത്തിന് ആവശ്യമായ മത്സ്യവും മാംസവും വാങ്ങിയാൽ ഷോപ്പിങ് ബിൽ കുതിച്ചുയരുന്നത് കണ്ടു തരിച്ചു നിൽക്കുന്ന അവസ്ഥയിലാണ് കുടുംബങ്ങൾ. പാലും മുട്ടയും ചീസും യോഗേർട്ടും ഒക്കെ കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ നിന്നും രക്ഷപ്പെടാത്ത നിത്യോപയോഗ വസ്തുക്കളാണ്.

യുക്രൈൻ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടന്നിട്ടും യൂറോപ്പിനെ ആകെ യുദ്ധം മൂലം ഗ്രസിച്ച വിലക്കയറ്റം എങ്ങനെ തടഞ്ഞു നിർത്താം എന്ന കാര്യത്തിൽ ഒരു രാജ്യത്തിനും വലിയ പദ്ധതികൾ ഇല്ല എന്നതാണ് വാസ്തവം. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉത്പാദകരായ യുക്രൈനിൽ യുദ്ധം മൂലം ഭക്ഷ്യ എണ്ണ ഉത്പാദനം താറുമാറായതോടെ ബ്രിട്ടനിൽ പ്രത്യേകിച്ചും ഭക്ഷ്യ എണ്ണ വിലയിൽ 50 %ത്തിലേറെ വില വർധനയാണ് സംഭവിച്ചിരിക്കുന്നത്.

ഒരു ലിറ്റർ ഒലിവ് ഓയിൽ വാങ്ങാൻ 15 പൗണ്ട് നൽകേണ്ട ദുരവസ്ഥയാണ് ജനം അനുഭവിക്കുന്നത്. വെറും നാലു പൗണ്ടിന് ലഭിച്ച എണ്ണയാണ് ഇപ്പോൾ നാലിരട്ടി ആയി മാറിയിരിക്കുന്നത്. ഇത്തരത്തിൽ ഓരോ ഭക്ഷ്യ വിഭവത്തിന്റെയും വിലയിൽ അസാധാരണമായ വിലക്കയറ്റമാണ് ബ്രിട്ടനിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ബ്രിട്ടന്റെ കാര്യമാണ് കൂടുതൽ കഷ്ടം.

സ്പെയിനും പോർച്ചുഗലും അടക്കം രൂക്ഷമായ വരൾച്ച മൂലം പല രാജ്യങ്ങളിലും കൃഷി നഷ്ടമായതും വേണ്ടത്ര വിള ലഭിക്കാത്തതും ആഗോളമായി വില വർധനയ്ക്ക് അധിക സംഭാവന നൽകിയ ഘടകങ്ങളാണ്. വരൾച്ച കൂടി കാരണമായതോടെ സൂയസ് കനാലിൽ വലിയ കപ്പലുകൾക്ക് സഞ്ചരിക്കാൻ ആവശ്യമായ വെള്ളം ഇല്ലെന്ന വാർത്തകളും ഇതിനിടെ എത്തിയിരുന്നു. ഇതും വളഞ്ഞു ചുറ്റി സഞ്ചരിക്കുന്ന കപ്പലിൽ എത്തുന്ന സാധനങ്ങളുടെ വില വർധിക്കാൻ കാരണമായിട്ടുണ്ട്.

ഇതിനൊപ്പമാണ് ചെങ്കടലിൽ ഹൂതി ആക്രമണത്തിൽ കപ്പലുകൾ തുടർച്ചയായി ആക്രമണത്തിന് ഇരയാകുന്ന സാഹചര്യം. ഇറാന്റെ പിന്തുണയുള്ള ഹൂതി കടൽ കൊള്ളക്കാർ ആധുനിക ആയുധങ്ങളും പേറി മുൻപൊന്നും ഇല്ലാത്ത വിധമാണ് തുടർച്ചയായി കപ്പലുകൾ തട്ടിയെടുക്കുന്നത്. ഇത് കപ്പലുകളുടെ ഇൻഷുറൻസ് തുക ഭീതിതമായ വർധിക്കാൻ കാരണമായ ഘടകമാണ്. ഇതും വിലക്കയറ്റമെന്ന പേരിൽ ലോകമെങ്ങും ഉപയോക്താക്കളുടെ തലയിലേക്കാണ് വന്നു വീണിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP