Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

മോഷണക്കേസ് പ്രതികളെ പിടികൂടാൻ അജ്മീറിലെത്തിയ ആലുവാ പൊലീസിനു നേരെ വെടിവെയ്‌പ്പ്: അറസ്റ്റ് ചെയ്ത് പൊലീസ്

മോഷണക്കേസ് പ്രതികളെ പിടികൂടാൻ അജ്മീറിലെത്തിയ ആലുവാ പൊലീസിനു നേരെ വെടിവെയ്‌പ്പ്: അറസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

ആലുവ: മോഷണക്കേസ് പ്രതികളെ പിടികൂടാൻ രാജസ്ഥാനിലെ അജ്‌മേറിലെത്തിയ ആലുവ പൊലീസിനുനേരെ വെടിവയ്പ്. തലനാരിഴയ്ക്കാണ് പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. ആലുവയിലും കുട്ടമശേരിയിലുമായി പൂട്ടിക്കിടന്ന രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പിടികൂടാനാണ് പൊലീസ് സംഘം അജ്മീറിലെത്തിയത്. ഇന്നലെ പുലർച്ചെയാണു സംഭവം. ഇവരെ കീഴ്‌പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർ തലനാരിഴയ്ക്കാണു വെടിയേൽക്കാതെ രക്ഷപ്പെട്ടത്.

ഉത്തരാഖണ്ഡ് ഗംഗാനഗർ റാംപുർ സ്വദേശികളായ ഡാനിഷ് (23), ഷെഹ്ജാദ് (33) എന്നിവരെയാണു അജ്‌മേർ ദർഗ ലോക്കൽ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഇരുവീടുകളിൽ നിന്നുമായി 38 പവനും 33,000 രൂപയും മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളാണു വെടിയുതിർത്തു രക്ഷപ്പെടാൻ ശ്രമം നടത്തിയത്. പ്രതികളുടെ പക്കൽനിന്നു രണ്ട് തോക്കുകൾ കണ്ടെടുത്തു. ഒരാളെ വിലങ്ങുവയ്ക്കുന്നതിനിടെ മറ്റൊരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസും ഇവരെ പിന്തുടർന്നു.

ഇതോടെയാണ് കവർച്ചാ സംഘം പൊലീസിനു നേരെ ബാഗിൽ കരുതിയിരുന്ന തോക്കെടുത്തു വെടിവച്ചത്. നാലു റൗണ്ട് നിറയൊഴിച്ചെങ്കിലും ആരുടെയും ദേഹത്തു കൊണ്ടില്ല. തുടർന്നു 100 മീറ്റർ ദൂരം പിന്തുടർന്നാണു പ്രതിയെ പിടികൂടിയത്. പ്രതികളെ കീഴ്‌പ്പെടുത്തി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ അജ്‌മേർ എഎസ്‌പിക്കു ചെവിയുടെ പിന്നിലും ദർഗ എസ്എച്ച്ഒയ്ക്കു തലയിലും മുറിവേറ്റു.

പ്രതികളെ അജ്‌മേറിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അജ്‌മേറിലേക്കു പോയ സംഘം ചോദ്യംചെയ്യൽ പൂർത്തിയാക്കി തൽക്കാലം കേരളത്തിലേക്കു മടങ്ങും. റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ എസ്.എസ്.ശ്രീലാൽ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, വി.എ.അഫ്‌സൽ, കെ.എം. മനോജ് എന്നിവരാണു പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP