Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

കേരളത്തിൽ നിന്നും വിദ്യാർത്ഥി കയറ്റുമതി നടത്തുന്നത് 3000 സ്വകാര്യ ഏജൻസികളെന്ന് സർക്കാർ കണക്ക്; ഒരു വർഷം ഒഴുകി മാറുന്നത് 5000 കോടി; വിഷയം പഠിക്കാൻ നിയമിച്ച കമ്മീഷൻ റിപ്പോർട്ട് മന്ത്രിക്കു മുൻപിൽ; രാജ്യങ്ങൾ മാറി മാറി മലയാളി യുവത്വം നാടിനോട് ഗുഡ് ബൈ പറയുമ്പോൾ നിയന്ത്രണ ബില്ലിന് കേരളം

കേരളത്തിൽ നിന്നും വിദ്യാർത്ഥി കയറ്റുമതി നടത്തുന്നത് 3000 സ്വകാര്യ ഏജൻസികളെന്ന് സർക്കാർ കണക്ക്; ഒരു വർഷം ഒഴുകി മാറുന്നത് 5000 കോടി; വിഷയം പഠിക്കാൻ നിയമിച്ച കമ്മീഷൻ റിപ്പോർട്ട് മന്ത്രിക്കു മുൻപിൽ; രാജ്യങ്ങൾ മാറി മാറി മലയാളി യുവത്വം നാടിനോട് ഗുഡ് ബൈ പറയുമ്പോൾ നിയന്ത്രണ ബില്ലിന് കേരളം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കേരളത്തിൽ നിന്നും വിദേശത്തേക്ക് മലയാളി ചെറുപ്പക്കാർ അനിയന്ത്രിതമായി ഒഴുകുന്നതാണ് ഏതാനും വർഷമായുള്ള ട്രെൻഡും ആശങ്കയും. ഇങ്ങനെ പോയാൽ കേരളം വൃദ്ധരെ കൊണ്ട് നിറയുന്ന ഒരു നാടാകാൻ ഏതാനും വർഷങ്ങൾ കൂടി കാത്തിരുന്നാൽ മതിയാകും എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ നിഗമനം.

പഠിക്കുന്ന വിഷയത്തിന് അനുസരിച്ചു ഉള്ള ജോലി കിട്ടാനില്ല, ഉള്ള ജോലിക്ക് വേണ്ടിയുള്ള സ്‌കിൽഡ് പഠനം നടക്കുന്നില്ല, പതിറ്റാണ്ടുകൾ മുൻപ് ക്രോഡീകരിച്ച വിഷയങ്ങൾ തന്നെ ഡിജിറ്റൽ യുഗത്തിലും പഠിക്കേണ്ടി വരുന്ന പതിനായിരങ്ങൾ പഠന ശേഷം ജോലി തേടി അലയേണ്ടി വരുന്ന സാഹചര്യം, ഒടുവിൽ എന്ത് പണിക്കും തയാറായി എങ്ങനെയും വിദേശത്തു എത്താൻ കിടപ്പാടം പോലും നഷ്ടമാക്കി ദശലക്ഷങ്ങൾ ചെലവാക്കേണ്ടി വരുന്ന അവസ്ഥ, ഇത്തരത്തിൽ അനേക കാരണങ്ങൾ കൂടി ചേർന്ന് കേരളത്തിൽ നിന്നും ജീവിതം തേടി കടൽ കടക്കുന്നവരുടെ എണ്ണം അരലക്ഷം വരെ എത്തി തുടങ്ങിയതോടെയാണ് സംസ്ഥാന സർക്കാരിനും ഇതിലൊരു പ്രശനം ഉണ്ടെന്നു തോന്നി തുടങ്ങിയത്.

യുകെ അടക്കം ഉള്ള രാജ്യങ്ങളിൽ മികച്ച ഭാവി സ്വപ്നം കണ്ടെത്തിയ മലയാളി വിദ്യർത്ഥികൾ നരക യാതന അനുഭവിക്കുന്ന സാഹചര്യം യുകെ മലയാളികളിൽ തന്നെ പലരും പരാതികളും നിർദ്ദേശങ്ങളുമായി രണ്ടു വർഷം മുൻപേ കേരള സർക്കാരിന് സമർപ്പിച്ചതാണ്. എന്നാൽ അത് കറങ്ങി തിരിഞ്ഞു തീരുമാനമായി എത്തിയത് വിഷയം പഠിക്കാൻ പതിവ് പോലെ ഒരു കമ്മീഷൻ എന്ന രൂപത്തിലും. ഇക്കാര്യത്തിനായി രണ്ടു സമിതികളെയാണ് സർക്കാർ നിശ്ചയിച്ചത്.

ഒരു പക്ഷെ വിഷയം നേരിൽ കണ്ടു മനസിലാകാൻ സമിതി അംഗങ്ങൾ വിദേശത്തു നേരിട്ട് പോകണം എന്ന നിർദ്ദേശം കൂടി മനസ്സിൽ കണ്ടാണോ ഇങ്ങനെ രണ്ടു സമിതികളെ നിശ്ചയിച്ചത് എന്നും അന്നേ വിമർശനം ഉയർന്നിരുന്നു. സർക്കാർ കടത്തിൽ മുങ്ങി നിൽക്കുന്നതുകൊണ്ട് മാത്രമാകാം സമിതികൾക്ക് വിദേശ യാത്ര എന്ന നിർദ്ദേശം കൂടി നിലവിൽ ഉയർത്താൻ ആകാതെ പോകുന്നത് എന്നും വിമർശമുണ്ട്. അതിനിടെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സർക്കാർ നിയമിച്ച സമിതി നൽകിയ റിപ്പോർട്ട് ഉന്നത വിദ്യാഭ്യസ കൗൺസിലിലും മന്ത്രിയുടെ മുൻപിലും എത്തിയിട്ടുണ്ട്.

മൈഗ്രേഷൻ കോൺക്ലേവിൽ പ്രതിനിധികൾ നിശ്ശബ്ദരാക്കപ്പെട്ടോ? എന്തായിരുന്നു സർക്കാർ അജണ്ട

അതിനിടെ കഴിഞ്ഞ ആഴ്ചകളിൽ നടന്ന മൈഗ്രേഷൻ കോൺക്ലേവ് എന്ന സർക്കാർ സ്പോൺസേഡ് ഇവന്റിൽ ലോകത്തിൽ പല ഭാഗത്തും നിന്നും പ്രവാസികൾ തങ്ങളുടെ ആശങ്കകളും നിർദ്ദേശങ്ങളും നൽകാൻ ഓൺലൈൻ യോഗത്തിൽ എത്തിയെങ്കിലും ചർച്ച നയിച്ചവർ അതൊന്നും കേൾക്കാൻ തയ്യാറാകാതെ തങ്ങളുടെ ഭാഗം മാത്രം അവതരിപ്പിച്ചു സ്ഥലം വിടുക ആയിരുന്നു. അനേകം വിദ്യാർത്ഥികളെ വിസ സംബന്ധമായ കേസുകളിൽ സൗജന്യമായി സഹായിക്കാൻ ഇറങ്ങിയ ലോക കേരള സഭ അംഗം അഡ്വ. ദിലീപ് കുമാറിനും യുകെയിലെ സർവ്വകലാശാലയിൽ നിന്നും അടുത്തിടെ പോലും പഠനം പൂർത്തിയാക്കിയ മറ്റൊരു ലോക് കേരള സഭ അംഗം ജയപ്രകാശ് പണിക്കരും ഒക്കെ പ്രായോഗിക നിർദ്ദേശനങ്ങളുമായി കോൺക്ലേവിൽ എത്തിയിട്ടും അതൊന്നും വേണ്ട തരത്തിൽ കേൾക്കാൻ പോലും ചർച്ച നയിച്ചവർ തയ്യാറായില്ല എന്നും പരാതിയുണ്ട്. ഇതേക്കുറിച്ചു പിന്നീട് ജയപ്രകാശ് തന്നെ സോഷ്യൽ മീഡിയയിൽ തന്റെ ഭാഗം വിശദമാക്കാൻ എത്തുകയും ചെയ്തിരുന്നു.

ഈ കോലാഹലങ്ങൾക്കിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും ഉന്നത വിദ്യാഭ്യസ മന്ത്രി ആർ ബിന്ദു കേരളത്തിൽ നിന്നും ചെറുപ്പക്കാർ നാട് വിടുന്നത് നിയന്ത്രിക്കാൻ നടപടി ഉണ്ടാകുമെന്നും സ്വകാര്യ ഏജൻസികളെ നിയന്ത്രിക്കാൻ നടപടി ഉണ്ടാകുമെന്നും പറഞ്ഞു രംഗത്ത് എത്തിയത്. വിദേശത്തു പഠിക്കാൻ അർഹത ഉള്ളവർ മാത്രമല്ല വിദേശ സ്വപ്നം മനസ്സിൽ കണ്ടു കുടിയേറ്റത്തിനു തയാറാകുന്നവർ കൂടി പഠന വിസ സ്വന്തമാക്കാൻ തുടങ്ങിയതോടെയാണ് കേരളത്തിൽ നിന്നും ചെറുപ്പക്കാരുടെ മലവെള്ളപ്പാച്ചിൽ ആരംഭിച്ചത്. ഇത് ദീർഘ ഭാവിയിൽ അനിതര സാധാരണ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ബ്രിട്ടീഷ് മലയാളി പലവട്ടം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.

ഏകദേശ കണക്കിൽ അരലക്ഷത്തോളം ചെറുപ്പക്കാർ യുകെയിലേക്ക് മാത്രം പഠന വിസയിൽ നാട് വിടുമ്പോൾ അവർക്കൊപ്പം കേരളത്തിൽ നിന്നും 5000 കോടി രൂപയോളമാണ് വിദേശ സർവ്വകലാശാലകളുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. കാനഡ, ന്യുസിലാൻഡ്, ഓസ്‌ട്രേലിയ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടിയുള്ള പഠന വിസക്കാരുടെ കണക്കു എടുക്കുമ്പോൾ ആയിരക്കണക്കിന് കൂടി രൂപയുടെ ചോർച്ച വീണ്ടും സംഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളം പണവരവ് ഇല്ലാതായി പണമൊഴുക്ക് മാത്രമുള്ള സംസ്ഥാനമായി മാറുമ്പോൾ കടക്കെണി സർക്കാരിനെ മാത്രമല്ല കുടുംബങ്ങളെയും സമൂഹത്തെയും കൂടി കാർന്നു തിന്നുകയാണ് എന്നതിന്റെ സൂചനയ്ക്ക് അടുത്തകാലത്തുള്ള ആത്മഹത്യകളുടെ കൂടി കണക്ക് ശേഖരിക്കേണ്ടി വരും.

മന്ത്രിക്ക് ആരുടെയൊക്കെ കണ്ണിൽ പൊടിയിടണം?

ഈ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ലക്കുകെട്ട പ്രസ്താവനക്ക് കർക്കശ സ്വരത്തിലാണ് സോഷ്യൽ മീഡിയ മറുപടി നൽകുന്നത്. ബ്രിട്ടീഷ് മലയാളി കമ്യുണിറ്റി ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ പ്രസ്താവനയുടെ വാർത്ത തലക്കെട്ട് ഷെയർ ചെയ്യപ്പെട്ടപ്പോൾ അതിരൂക്ഷ വിമർശമാണ് യുകെ മലയാളികൾ നടത്തുന്നത്. പലരും മന്ത്രിയുടെ വിവരക്കേടിനെ കൂടിയാണ് ചോദ്യം ചെയ്യുന്നത്. അടുത്തകാലത്ത് മന്ത്രി നടത്തിയ ഇംഗ്ലീഷ് പ്രയോഗം മനസ്സിലോർത്തു കളിയാക്കാൻ എത്തിയവരും കുറവല്ല. എന്നാൽ സ്വകാര്യ ഏജൻസികളെ ഒരു നിയന്ത്രണവും ഇല്ലാതെ അഴിച്ചു വിട്ട ശേഷം ഇപ്പോൾ ബ്രിട്ടനും കാനഡയും ന്യുസിലൻഡും അടക്കമുള്ള രാജ്യങ്ങൾ നിയന്ത്രണം പ്രഖ്യാപിക്കുമ്പോൾ താനേ നാമാവശേഷമാകുന്ന ഏജൻസികളെ നിയന്ത്രിക്കും എന്ന് പറഞ്ഞു മേനി നടിക്കാൻ മന്ത്രിക്ക് എന്തവകാശം എന്ന് ചോദിക്കുന്നവരും അനേകമാണ്.

പല സ്വകാര്യ ഏജൻസികളും മാഫിയ ബന്ധവും ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധവും ഒക്കെ നിലനിർത്തിയാണ് സർക്കാർ അംഗീകാരം പോലും ഇല്ലാതെ പ്രവർത്തിക്കുന്നത് എന്ന് ആക്ഷേപം ഉയർന്നപ്പോൾ ചെറുവിരൽ അനക്കാൻ തയ്യാറാകാതിരുന്ന സർക്കാർ ഇപ്പോൾ അനേകായിരങ്ങളുടെ പണവും ജീവിതവും ഇല്ലാതായിക്കഴിഞ്ഞ സാഹചര്യത്തിൽ സ്വരമുയർത്തുന്നതും ആരുടെയൊക്കെ കണ്ണിൽ വീണ്ടും പൊടിയിടാൻ ആണെന്ന ചോദ്യവും സ്വാഭാവികമായി ഉയരുന്നു.

വിദേശത്തു പോകുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ നിയന്ത്രണം നടപ്പാക്കാൻ സംസ്ഥാന തല അഥോറിറ്റി ഉണ്ടാകും എന്നും മന്ത്രി സൂചന നൽകിയിരുന്നു. സർക്കാർ നിശ്ചയിച്ച സമിതികൾ നൽകിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഈ നിയമസഭാ വേളയിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. ബില്ലിന്റെ ഉള്ളടക്കം എന്തെന്ന് ഇപ്പോൾ വ്യക്തമല്ല. ഏതു വിധത്തിലും ചെറുപ്പക്കാരുടെ അനിയത്രിത ഒഴുക്ക് തടയാൻ നിർദ്ദേശിക്കുന്ന കാര്യങ്ങൾ ബില്ലായി അവതരിപ്പിക്കപ്പെട്ടാലും അതൊക്കെ നടപ്പാക്കുമ്പോഴേക്കും വീണ്ടും ആയിരക്കണക്കിന് ചെറുപ്പക്കാരും അവർക്കൊപ്പം അനേക കോടികളും കേരളത്തിൽ നിന്നും വിദേശത്തേക്ക് എത്തിയിരിക്കും. ദീർഘ വീക്ഷണം ഇല്ലാതാകുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നേർ ഉദാഹരണം കൂടി ആയി മാറുകയാണ് ഇപ്പോൾ കേരളം നേരിടുന്ന യുവത്വത്തിന്റെ ഗുഡ് ബൈ പറച്ചിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP