Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

ഭർത്താവിന്റെ ആദ്യ ജയിൽ വാസം നൽകിയത് കഴുത്തിൽ ആത്മഹത്യാശ്രമ പാട്; കടക്കാരന് താലി പോലും കൊടുക്കേണ്ടി വന്ന 2011ലെ പ്രതിസന്ധി; ബോഡി ഷെയ്മിംഗിനെ മിസ്സിസ് കേരള കൊണ്ട് തോൽപ്പിച്ച ആർക്കിടെക്ട്; 2024ൽ ഇഡി രഹസ്യം ചോർത്തി മുങ്ങിയ വിരുത്; ഹൈറിച്ച് ശ്രീനയുടെ കഥ

ഭർത്താവിന്റെ ആദ്യ ജയിൽ വാസം നൽകിയത് കഴുത്തിൽ ആത്മഹത്യാശ്രമ പാട്; കടക്കാരന് താലി പോലും കൊടുക്കേണ്ടി വന്ന 2011ലെ പ്രതിസന്ധി; ബോഡി ഷെയ്മിംഗിനെ മിസ്സിസ് കേരള കൊണ്ട് തോൽപ്പിച്ച ആർക്കിടെക്ട്; 2024ൽ ഇഡി രഹസ്യം ചോർത്തി മുങ്ങിയ വിരുത്; ഹൈറിച്ച് ശ്രീനയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജീവിത പ്രതിസന്ധിയിൽ തളർന്നുപോയ ഒരു സാധാരണ പെൺകുട്ടിയിൽനിന്ന് പാലയ്ക്കൽ കാട്ടൂക്കാരൻ വീട്ടിൽ ശ്രീനാ പ്രതാപൻ വളർന്നത് ശത കോടീശ്വരനിലേക്കാണ്. പരീക്ഷണഘട്ടത്തെ നേരിടാനാകാതെ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ച് അതിലും 'പരാജയപ്പെട്ട' ശ്രീന പിന്നീട് ജയിച്ചു ജീവിക്കാൻ ദൃഢപ്രതിജ്ഞയെടുക്കുകയായിരുന്നു.

അങ്ങനെ അവർ ആയിരം കോടിയോളം വാർഷികവരുമാനമുള്ള ഹൈറിച്ച് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മേധാവിയായി. പിന്നാലെ ജി എസ് ടി വകുപ്പും പൊലീസും ഇഡിയും എത്തി. രണ്ടു തവണ ഭർത്താവും ഹൈറിച്ച് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി.എം.ഡി.യുമായ കെ.ഡി. പ്രതാപൻ അകത്തു പോയി. ഇനി ശ്രീനയും അറസ്റ്റിലാകാൻ സാധ്യത ഏറെയാണ്. ഇതൊഴിവാക്കാനാണ് രണ്ടു പേരും കൂടി ഇഡിയെ വെട്ടിച്ച് കാറിൽ കുതിച്ചു പാഞ്ഞത്. ഈ പ്രതിസന്ധിയെ എങ്ങനെ ശ്രീന മറികടക്കുമെന്നതാണ് നിർണ്ണായകം.

21 വയസ്സുള്ളപ്പോൾ ഭർത്താവ് ജോലിചെയ്ത ധനകാര്യസ്ഥാപനത്തിലുണ്ടായ പ്രതിസന്ധിയാണ് ശ്രീനയുടെ ജീവിതം മാറ്റിമറിച്ചത്. മരുന്നു വാങ്ങാൻപോലും കാശില്ലാതെയായതോടെയാണ് ആത്മഹത്യചെയ്യാൻ ശ്രമിച്ചത്. അച്ഛൻ തക്ക സമയത്ത് വന്നതോടെ ആ ശ്രമം പരാജയപ്പെട്ടു. കഴുത്തിലിപ്പോഴും അതിന്റെ പാട് അവശേഷിക്കുന്നു. പിന്നീടങ്ങോട്ട് വാശിയായിരുന്നു. സ്വന്തമായി ചെറിയ വീടുകൾ നിർമ്മിച്ചുനൽകി. അതിനുവേണ്ടി പണിയായുധങ്ങൾ ചുമന്നുവരെയെത്തിച്ചു. പിന്നെ നിർമ്മാണക്കമ്പനിയുടെ ഉടമയായി. ഹൈറിച്ച് ഗ്രൂപ്പ് ഓഫ് കമ്പനിയെ വളർത്തി. ഭർത്താവും സഹായിയായി. പിന്നെ വീണ്ടും പ്രതിസന്ധിയെത്തിയത് 2023ലാണ്. 2024ന്റെ തുടക്കത്തിൽ കേന്ദ്ര ഏജൻസിയും ഈ ദമ്പതികളുടെ തലയ്ക്ക് മുകളിൽ വട്ടമിട്ട് പറന്നു. ഏതായാലും ശ്രീനയുടെ കഥ ഞെട്ടിക്കുന്നതാണ്. മുമ്പും സാമ്പത്തിക കുറ്റകൃത്യത്തിൽ പ്രതാപൻ പെട്ടിട്ടുണ്ട്. ഇതെല്ലാം വീണ്ടും ചർച്ചയാവുകയാണ്.

ഭർത്താവിനൊപ്പം സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോവുമ്പോൾ 2011 ലാണ് ഇടിത്തീ പോലെ ദുരിതങ്ങൾ തലപൊക്കിയത്. ഭർത്താവ്, കെ.ഡി. പ്രതാപൻ ജോലി ചെയ്തിരുന്ന കമ്പനി ലീഗൽ പ്രശ്‌നങ്ങളുടെ പേരിൽ പൂട്ടേണ്ടിവന്നു. നാലഞ്ചു പാർട്ണർമാർ ഒരുമിച്ചു നടത്തിയ കമ്പനിയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടി കൊടുത്ത കേസിനെ തുടർന്നുണ്ടായ സർക്കാർ ഇടപെടലിൽ ട്രേഡിങ് കമ്പനി പൂട്ടി. ഒന്നരക്കോടി രൂപയ്ക്ക് മുകളിൽ കടം വന്ന് ജീവിതം വഴിമുട്ടി.

ഇരുപത്തിയൊന്നു വയസ്സു മാത്രം പ്രായമുള്ള ശ്രീന പകച്ചുനിന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ആർക്കിടെക്ടായി ജോലി ചെയ്തിരുന്നു. കടം പെരുകിയതോടെ പണം കൊടുക്കാനുള്ളവർ ദിവസവും വീട്ടിൽ വന്നു പ്രശ്‌നങ്ങളുണ്ടാക്കി തുടങ്ങി. പലരും കേസ് കൊടുത്തതോടെ ഭർത്താവ് ജയിലിലായി.

അച്ഛന്റെ മുഖത്തടി രക്ഷയായി!

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ശ്രീനയെ പുറത്താക്കി. പതിവുപോലെ കടക്കാരുടെ ശല്യം തുടർന്നു. ഒരാൾ വീട്ടിൽ വന്നു ബഹളം വച്ചു. കയ്യിൽ ഒന്നുമില്ലെന്നു പറഞ്ഞപ്പോൾ, ശ്രീനയുടെ കഴുത്തിൽ കിടന്നിരുന്ന മൂന്നര പവന്റെ താലിമാലയിലായിരുന്നു അയാളുടെ കണ്ണ്. മാല ആവശ്യപ്പെട്ടപ്പോൾ ശ്രീന ഊരിക്കൊടുത്തു.

പക്ഷേ, അതിൽ കൊരുത്ത താലി മാത്രം ശ്രീന അയാളോട് തിരികെ ആവശ്യപ്പെട്ടു. അരപ്പവന്റെ കാശ് പോവില്ലേ..എന്ന് പറഞ്ഞ് അയാൾ അത് തന്നില്ല. കെട്ടുതാലി നഷ്ടപ്പെട്ട വേദന താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ ശ്രീനയുടെ അച്ഛൻ ദേഷ്യത്തിൽ മുഖത്തടിച്ചു. ആ അടിയിൽ മൂക്കിൽ നിന്നും, വായിൽ നിന്നും രക്തം വന്നു. പിന്നെ വാശിയായി. ആ വാശിയാണ് ഹൈറിച്ചിനെ വളർത്തിയത്.

വാട്‌സ് ആപ്പ് ഗ്രൂപ്പുവഴി പരിമിതമായ അളവിൽ പലവ്യഞ്ജനങ്ങളും മറ്റും കച്ചവടം ചെയ്താണ് ശ്രീന തുടങ്ങിയത്. ഇന്ത്യയിലെ ആദ്യ മൾട്ടിലെവൽ മർക്കന്റൈൻ കമ്പനിയാണ് തന്റെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയെന്ന് ശ്രീന പറയുന്നു. 610 സൂപ്പർ മാർക്കറ്റുകൾ ഇപ്പോളുണ്ട്. 1.57 കോടി ഉപഭോക്താക്കളുള്ള ഹൈറിച്ച് ഗ്രൂപ്പിന്റെ സിഇഒ. ആണ് ശ്രീനയിപ്പോൾ. ഈ കമ്പനി വിവിധമേഖലകളിൽ വ്യാപാരം നടത്തുന്നുണ്ട്.

ഫാം സിറ്റി, ക്രിപ്‌റ്റോ കറൻസി, സൂപ്പർമാർക്കറ്റുകൾ, എച്ച്.ആർ. ഒ.ടി.ടി., എച്ച്.ആർ. സ്യൂട്ടിങ്, എച്ച്.ആർ. മാട്രിമോണി, സ്മാർട്ട്‌ടെക്ക് ഐ.ടി. കമ്പനി, എച്ച്.ആർ. പ്രൊഡക്ഷൻസ് എന്നിവയാണിത്. എന്നാൽ ഇതിനെല്ലാം പിന്നിൽ വമ്പൻ സാമ്പത്തിക കുറ്റകൃത്യങ്ങളുണ്ടെന്നാണ് ഇഡി പറയുന്നത്. ജി എസ് ടിയിൽ കണ്ടെത്തിയ തട്ടിപ്പുകൾ പുതിയ മാനം നൽകി പൊലീസ് അന്വേഷണവും റിപ്പോർട്ടും വന്നു. അങ്ങനെ പ്രതാപനും ശ്രീനയും മുങ്ങി.

കണിമംഗലത്തെ അതിവേഗ വളർച്ച

2016 ൽ തൃശൂരിലെ കണിമംഗലത്ത് 150 സ്‌ക്വയർഫീറ്റിൽ തുടങ്ങിയ ഹൈറിച്ച് അതിവേഗം വളർന്നു. ഹൈറിച്ച് ഗ്രൂപ്പിന്റെ യു.കെ. ആസ്ഥാനമായ കമ്പനിയായ ഹൈറോക്സിന് കീഴിലുള്ള എച്ച്.ആർ.സി. ക്രിപ്‌റ്റോ കറൻസിയും ശ്രദ്ധേയം.കഴിഞ്ഞവർഷം രണ്ട് ഡോളറിലാണ് ലോഞ്ച് ചെയ്തതെങ്കിൽ ഇപ്പോൾ പത്ത് ഡോളറാണ് വിൽപ്പന മൂല്യം. ബിറ്റ് കോയിന്റെ ചരിത്രത്തിൽ എച്ച്.ആർ.സി. കോയിൻ ചരിത്രം സൃഷ്ടിച്ചുവെന്നാലും വാർത്ത വന്നു. 1.60 കോടിയിലേറെ കസ്റ്റമർ ബാക്ക് അപ്പ് ഉണ്ടെന്ന് അവകാശപ്പെട്ട പ്രതാപന്റേയും ശ്രീനയുടേയും ജീവിതം വീണ്ടും പ്രതിസന്ധിയിലായി. ആർക്കിടെക്ട്, ഓൺലൈൻ സംരംഭക, സാമൂഹികപ്രവർത്തക, മോഡൽ ഇങ്ങനെ പല മേഖലകളിൽ കൈവച്ച ശ്രീനയും പ്രതാപനൊപ്പം ഒളിവിലാണ്.

2011ലെ പ്രതിസന്ധി കാലത്ത് ഹൃദ് രോഗിയായ അച്ഛനും തുണിക്കടയിൽ ജോലി ചെയ്യുന്ന അമ്മയും കൂടി ഒന്നരക്കോടിയുടെ കടം എങ്ങനെ വീട്ടും എന്ന ചിന്തയായിരുന്നു ശ്രീനയുടെ മനസ്സിൽ. ഭർത്താവ് ജയിലിലും. ശ്രീന പഠിച്ചതു തന്നെ ജീവിതത്തിൽ പയറ്റി. വീടുകൾ പണിതു നൽകാൻ തീരുമാനിച്ചു. കല്ലും മുള്ളും നിറഞ്ഞ വഴികൾ ചവിട്ടി സമ്പന്നതയുടെ ശ്രീകോവിലിലേക്കുള്ള തീർത്ഥയാത്രയായിരുന്നു അതെന്ന് മാധ്യമങ്ങളിലൂടെ ശ്രീന വിശദീകരിച്ചു. 2024ൽ മട്ടാഞ്ചേരി മ്യൂസിക് ക്ളബ് എന്ന ആദ്യ ബിഗ്ബഡ്ജറ്റ് സിനിമ എച്ച്.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനപ്രതാപൻ പുറത്തിറക്കുന്നുവെന്നും വാർത്ത എത്തി. ആർ.എസ്.വിമലിന്റെ പുതിയ സിനിമ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീനയെന്നും കേരള കൗമുദി അടക്കം റിപ്പോർട്ട് ചെയ്തു. കുടുംബചിത്രങ്ങളുടെ പ്രതാപകാലമാണ് ലക്ഷ്യം. അപ്പോഴും പ്രതിസന്ധികളുണ്ടായി.

ശ്രീനയ്ക്ക് ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് മദർതെരേസ പുരസ്‌കാരം ലഭിച്ചത്. ശ്രേഷ്ഠവനിതാ പുരസ്‌കാരവും യംഗസ്റ്റ് ബിസിനസ് വുമൺ ഒഫ് ഇന്ത്യ ഇൻഡോ അറബ് ബിസിനസ് എക്‌സലൻസ് അവാർഡും മിസിസ് കേരളയുമെല്ലാം അങ്ങനെ തേടിയെത്തി. ബോഡി ഷെയ്മിംഗിന് പലപ്പോഴും ഇരയായപ്പോൾ, 2020 ൽ മിസ്സിസ് കേരള പട്ടം നേടിയാണ് പരിഹാസങ്ങൾക്ക് മറുപടി നൽകിയത്. അഴകളവുകൾ എങ്ങുമെത്താത്തവർക്കും സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാം എന്ന ആത്മവിശ്വാസം നൽകാൻ വേണ്ടിയാണ് മത്സരത്തിൽ പങ്കെടുത്തതെന്ന് ശീരന പറഞ്ഞിരുന്നു. പിന്നീട് തൃശൂർ ഫാഷൻ ഇവെന്റ് സംഘടിപ്പിച്ചു. ലാക്‌മെ ഫാഷൻ വീക്കിൽ സെലക്ഷൻ കിട്ടി. എക്സ്‌പ്രഷൻസ് മീഡിയ സംഘടിപ്പിച്ച 'മിസിസ് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' സൗന്ദര്യമത്സരത്തിലെ വിജയിപ്പട്ടത്തിൽ നിന്നാണ് സിനിമയിലേക്ക് ചേക്കേറിയത്. ഇതിനിടെയാണ് കമ്പനി വീണ്ടും വിവാദത്തിൽ പെടുന്നത്.

ഇത് ഇഡിയെ കബളപ്പിച്ച് മുങ്ങിയ കഥ

ഹൈറിച്ച്' ഓൺലൈൻ ഷോപ്പി ഉടമകൾ രക്ഷപ്പെട്ടതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പറയുന്നു. തൃശ്ശൂരിൽ ഹൈറിച്ച് ഉടമകളുടെ വീട്ടിൽ ഇ.ഡി. റെയ്ഡിന് തൊട്ടുമുൻപാണ് കമ്പനി എം.ഡി. കെ.ഡി.പ്രതാപൻ, ഭാര്യയും കമ്പനി സിഇഒ.യുമായ ശ്രീന പ്രതാപൻ, ഡ്രൈവർ സരൺ എന്നിവർ ജീപ്പിൽ കടന്നുകളഞ്ഞത്. ഇവർക്കായി സംസ്ഥാന വ്യാപകമായി ജാഗ്രതാനിർദ്ദേശം നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥർ പൊലീസിനോട് ആവശ്യപ്പെട്ടു.

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിൽ കമ്പനിയുടമ പ്രതാപന്റെ വീട്ടിൽ ഇ.ഡി. ഉദ്യോഗസ്ഥരുടെ റെയ്ഡ് നടക്കുകയും ചെയ്തു. ഇ.ഡി. ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തുന്നതിന് തൊട്ടുമുൻപാണ് പ്രതാപനും ഭാര്യയും ഇവിടെനിന്ന് വാഹനത്തിൽ കടന്നുകളഞ്ഞതെന്നാണ് വിവരം. ഹൈറിച്ച് കമ്പനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹൈറിച്ച്' കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് നേരത്തെ പൊലീസ് റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു. ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിച്ചെയിൻ തട്ടിപ്പാണെന്നാണ് തൃശ്ശൂർ കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്.

ഇത് കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിൻ തട്ടിപ്പാകാൻ സാധ്യതയുണ്ടെന്നും ക്രിപ്റ്റോകറൻസി ഇടപാട് അടക്കം നിരവധി അനുബന്ധസ്ഥാപനങ്ങളും കമ്പനിക്കുണ്ടെന്നും പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നു. 'ഹൈറിച്ച്' ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പിൽ കമ്പനി ഡയറക്ടറായ കോലാട്ട് പ്രതാപൻ അറസ്റ്റിലാവുകയും ചെയ്തു. ഇതിനുപിന്നാലെ കമ്പനിയുടെ സ്വത്ത് താത്കാലികമായി മരവിപ്പിക്കാൻ ബഡ്‌സ് ആക്ട് കോംപിറ്റന്റ് അഥോറിറ്റി എല്ലാ ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP