Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വാടകയ്ക്ക് വേണം; കെഎസ്ആർടിസി എംഡിക്ക് അപേക്ഷ നൽകി സോഷ്യലിസ്റ്റ് പാർട്ടി നേതാവ്; വാടകനിരക്ക് അറിയിക്കണമെന്നും അപേക്ഷയിൽ; നിലവിൽ നവകേരള ബസ്സുള്ളത് പൊലീസ് കസ്റ്റഡിയിൽ

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വാടകയ്ക്ക് വേണം; കെഎസ്ആർടിസി എംഡിക്ക് അപേക്ഷ നൽകി സോഷ്യലിസ്റ്റ് പാർട്ടി നേതാവ്; വാടകനിരക്ക് അറിയിക്കണമെന്നും അപേക്ഷയിൽ; നിലവിൽ നവകേരള ബസ്സുള്ളത് പൊലീസ് കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് ശ്രദ്ധേയമായ ബസ് വാടകയ്ക്ക് നൽകണമെന്നു ആവശ്യപ്പെട്ട് കെഎസ്ആർടിസിയിൽ അപേക്ഷ. സോഷ്യലിസ്റ്റ് പാർട്ടിയാണ് അപേക്ഷ നൽകിയത്. ബസ് വിട്ടു നൽകണമെന്നു ആവശ്യപ്പെട്ട് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ടി സാംരംഗ് കെഎസ്ആർടിസി എംഡിക്ക് അപേക്ഷ നൽകി.

ഈ മാസം 30, 31 തീയതികളിലായി മഹാരാഷ്ട്രയിലെ പനവേലിൽ നടക്കുന്ന പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് യാത്ര ചെയ്യാൻ 28 മുതൽ ജനുവരി 2 വരെ ബസ് വാടകയ്ക്ക് നൽകണമെന്നാണ് അപേക്ഷയിലെ ആവശ്യം. വാടകയും മറ്റ് വ്യവസ്ഥകളും എത്രയും പെട്ടെന്നു അറിയിക്കണമെന്നും അപേക്ഷയിലുണ്ട്.

അതേസമയം നവകേരള ബസ് ഇപ്പോൾ ഉള്ളത് പൊലീസ് കസ്റ്റഡിയിലാണ്. നവകേരള സദസ്സിന്റെ ഔദ്യോഗിക സമാപനം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത് ഔദ്യോഗിക വാഹനങ്ങളിലാണ്. 36 ദിവസം യാത്രയ്ക്കുപയോഗിച്ച നവകേരള ബസ് പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. മന്ത്രിമാരെല്ലാം കാറുകളിലാണ് വട്ടിയൂർക്കാവിലെ വേദിയിൽനിന്ന് മടങ്ങിയത്. കാനം രാജേന്ദ്രൻ മരിച്ചതിനെത്തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ പ്രചാരണം ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് നടക്കുന്നത്. അതിനുശേഷമാവും നവകേരള ബസ് കെ.എസ്.ആർ.ടി.സി.ക്ക് കൈമാറുക.

നവകേരള സദസ് തുടങ്ങുന്നതിന് മുമ്പ് തന്നെ ബസ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മന്ത്രിമാർക്ക് സഞ്ചരിക്കാനായി ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് വാങ്ങിയ ബസ് ആഡംബര വാഹനമാണെന്നാണ് ആദ്യമുയർന്ന ആരോപണം. ബസ്സിൽ മുഖ്യമന്ത്രിക്ക് ഇരിക്കാനായി 180 ഡിഗ്രിയിൽ കറങ്ങുന്ന കസേര സജ്ജമാക്കിയതും ഇതിനായി സർക്കാർ പ്രത്യേക ഉത്തരവിറക്കിയതും വാർത്തയായിരുന്നു.

കോൺട്രാക്ട് ക്യാരേജ് ആണെങ്കിലും നിലവിലെ വെള്ളനിറം നവകേരള ബസ്സിന് ബാധകമായിരുന്നില്ല. നിർത്തിയിടുമ്പോൾ പുറമേനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് എ.സി. പ്രവർത്തിപ്പിക്കാനും കോഫി, ടീ മേക്കർ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിക്കാനുമുള്ള സംവിധാനങ്ങൾ ബസ്സിലുണ്ട്. ഭാവിയിൽ വി.വി.ഐ.പി. യാത്രകൾക്കുകൂടി വേണ്ടിയാണ് ഭാരത് ബെൻസിന്റെ 12 മീറ്റർ ഷാസിയിൽ ബസ് നിർമ്മിച്ചിട്ടുള്ളതെന്നും സർക്കാർ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കെ.എസ്.ആർ.ടി.സി.യുടെ ടൂർ ആവശ്യത്തിനും ബസ് ഉപയോഗിക്കാം.

വി.വി.ഐ.പി. പരിരക്ഷ നൽകുന്നതോടെ നിലവിലെ നിയമങ്ങളിൽനിന്ന് വ്യത്യസ്തമായി ബയോ ടോയ്‌ലറ്റ് ഉൾപ്പെടെ സൗകര്യങ്ങൾ ബസ്സിൽ ഒരുക്കാൻ കഴിഞ്ഞു. സുരക്ഷയ്ക്ക് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നവകേരള ബസ്സിന് അനുമതി നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP