Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

യെമൻ പൗരനെ കൊലപ്പെടുത്തിയത് ലൈംഗിക വൈകൃതങ്ങൾ സഹിക്ക വയ്യാതെ എന്ന വാദം തുണയായില്ല; നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതിയും തള്ളി; യമനിലേക്ക് പോകാൻ അമ്മയെ അനുവദിച്ചേക്കും; നിർണ്ണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി

യെമൻ പൗരനെ കൊലപ്പെടുത്തിയത് ലൈംഗിക വൈകൃതങ്ങൾ സഹിക്ക വയ്യാതെ എന്ന വാദം തുണയായില്ല; നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതിയും തള്ളി; യമനിലേക്ക് പോകാൻ അമ്മയെ അനുവദിച്ചേക്കും; നിർണ്ണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി. ഇക്കാര്യം കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് അമ്മ നൽകിയ ഹർജി അപേക്ഷയായി സർക്കാരിന് നൽകാനും നിർദ്ദേശം. നിമിഷപ്രിയയുടെ അമ്മയുടെ ഹർജിയിൽ 7 ദിവസത്തിനകം തീരുമാനമെടുക്കാൻ കോടതി പറഞ്ഞു. പാസ്‌പോർട്ട് അടക്കം രേഖകൾ കൈമാറാനും കോടതി നിർദ്ദേശിച്ചു. നിമിഷപ്രിയയുടെ ശിക്ഷയിൽ ഇളവു നൽകണമെങ്കിൽ ഇനി യെമൻ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ഇതു തങ്ങൾക്ക് കിട്ടിയ വിവരമാണെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു.

കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ മുന്നിലെത്തിയത്. യെമനിലേക്ക് പോകാനുള്ള സൗകര്യമൊരുക്കണമെന്നും അതിനായുള്ള നടപടികൾ ഊർജ്ജിതമാക്കണമെന്നും കാണിച്ച് നിമിഷപ്രിയയുടെ അമ്മയാണ് ഹൈക്കോടതിയെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ കേന്ദ്രത്തിന് നോട്ടീസടക്കം ഹൈക്കോടതി നൽകുകയും വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് യെമനിലെ സുപ്രീം കോടതി ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ അപ്പീൽ തള്ളിയെന്നുള്ള കാര്യം കേന്ദ്രസർക്കാർ ഹൈക്കോടതിയെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേ സമയം വിഷയവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നിമിഷപ്രിയയുടെ കുടുംബത്തെ അറിയിച്ചിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്ക് തയ്യാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം നൽകേണ്ടി വരുമെന്നും യെമൻ ജയിൽ അധികൃതർ അറിയിച്ചിരുന്നു. ഇതു കൊടുക്കാൻ കഴിയാത്തതു മൂലമാണ് അപ്പിൽ തള്ളിയതെന്നാണ് സൂചന. യെമൻ പൗരനായ തലാൽ അബ്ദു മഹ്ദി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017 ജൂലൈ 25നായിരുന്നു കൊലപാതകം.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ തലാൽ നിമിഷപ്രിയയ്ക്ക് സഹായവാഗ്ദാനം നൽകിയെന്നും ഇതിന്റെ മറവിൽ മലയാളി യുവതിയുടെ പാസ്‌പോർട്ട് പിടിച്ചു വെച്ച് ഭാര്യയാക്കി വെക്കുകയായിരുന്നുവെന്നുമാണ് നിമിഷപ്രിയയുടെ അഭിഭാഷകൻ പറയുന്നത്. ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന മറ്റു രണ്ടു പേരുടെ നിർദ്ദേശപ്രകാരം അമിത അളവിൽ മരുന്നു കുത്തിവെയ്ക്കുകയും ഇത് മരണത്തിന് ഇടയാകുകയും ചെയ്‌തെന്നുമാണ് അഭിഭാഷകൻ വാദിക്കുന്നത്. നിമിഷപ്രിയയും യെമൻ സ്വദേശിയായ സഹപ്രവർത്തക ഹനാനും ചേർന്ന് തലാലിനെ കൊലപ്പെടുത്തുകയും മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം. തലാലിനൊപ്പം യെമനിൽ ഒരു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. യെമൻകാരിയായ സഹപ്രവർത്തക ഹനാനും കേസിൽ വിചാരണ നേരിടുന്നുണ്ട്.

സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയ്ക്ക് ശരിഅത്ത് നിയമ പ്രകാരമേ മോചനം ലഭിക്കൂ എന്ന് അമ്മ പ്രേമകുമാരി പറയുന്നു. ഇതിനായുള്ള ചർച്ചക്ക് യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാൻ കേന്ദ്രസർക്കാറിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് പ്രേമ കുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീൽ യമൻ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. എന്നാൽ അപ്പീൽ തള്ളിയെന്ന് ഇപ്പോഴാണ് അറിയുന്നത്.

ശരിഅത്ത് നിയമ പ്രകാരമുള്ള ബ്ലഡ് മണി തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ മാത്രമേ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുള്ളു. ഇതിനായി തലാൽ അബ്ദുമഹ്ദിന്റെ കുടുംബവുമായി ചർച്ച ആവശ്യമാണ്. ഈ ചർച്ചകൾക്ക് യമനിലേക്ക് പോകാൻ തനിക്കും അടുത്ത കുടുംബാംഗങ്ങൾക്കും സേവ് നിമിഷപ്രിയ ഫോറത്തിന്റെ ഭാരവാഹികൾക്കും അനുമതി നൽകാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണെമെന്ന് ആവശ്യപ്പെട്ടാണ് പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

പ്രേമകുമാരിക്കും സേവ് നിമിഷപ്രിയ ഫോറത്തിന്റെ ഭാരവാഹികൾക്കും യമൻ സന്ദർശിക്കാനുള്ള സൗകര്യം ഒരുക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ നേരത്തെ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാലാണ് പുതിയ ഹർജി. പുതിയ ഹർജിയിലെ കോടതി നിർദ്ദേശം അമ്മയ്ക്ക് യെമനിൽ പോകാൻ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ബ്ലഡ് മണി നൽകി പ്രശ്നം ഒത്തുതീർപ്പാക്കാനും ശ്രമം നടന്നിരുന്നു. ജീവൻ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു.പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിർബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞിരുന്നത്. യെമനിൽ തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്‌സ് ആയ നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്‌പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതി നൽകിയിരുന്നു.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ൽ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാൽ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു. ഒരു നിമിഷ നേരത്തെ ചിന്തകൊണ്ട് മാറിമറിഞ്ഞുപോയതാണ് നിമിഷ പ്രിയയുടെ ജീവിതം. എല്ലാ പ്രവാസികളെയും പോലെ കഠിനാദ്ധ്വാനം കൊണ്ട് ജീവിതം പച്ച പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയും യെമനിലേക്ക് വിമാനം കയറുന്നത്. കൊടും ക്രൂരത സഹിക്കവയ്യാതെ ചെയ്ത കടുംകൈ വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു.

നിരന്തരം കൊടുംക്രൂരത കാട്ടിയ യെമൻ പൗരനായ തലാൽ അബ്ദു മഹദിയെ 2017 ജൂലൈ 25നാണ് നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം എന്തു ചെയ്യണമെന്നറിയാതെ മാനസികമായി തളർന്നു. രക്ഷപ്പെടുന്നതിനായി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. കേസിൽ നിമിഷ പിടിക്കപ്പെട്ടു. വധശിക്ഷയാണ് കേസിൽ കോടതി നിമിഷയ്ക്ക് വിധിച്ചത്. തലാൽ അബ്ദു മഹദിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ നേരത്തെ കുറ്റസമ്മതത്തിൽ പറഞ്ഞിരുന്നത്. അതിക്രൂരമായ പീഡനങ്ങൾക്കിരയായെന്നും നിമിഷ പ്രിയ കോടതിയെ ധരിപ്പിച്ചിരുന്നു.

സനയിൽ ഒരു ക്ലിനിക്കിൽ നഴ്സായിട്ടാണ് നിമിഷ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഭർത്താവ് യെമനിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഇരുവരുടെയും കുറഞ്ഞ സാലറിയും ഒന്നര വയസ്സുള്ള മകളുടെ ഭാവിയുമൊക്കെ നോക്കി 2014 ഏപ്രിലിൽ നിമിഷയുടെ ഭർത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് തിരികെ വന്നു. 2014ലാണ് നിമിഷ കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നതും.നിമിഷയും ഭർത്താവും യെമനിൽ ഒരു ക്ലിനിക് തുടങ്ങാൻ ആലോചനയിടുന്നു. പക്ഷേ യമനിൽ ക്ലിനിക്കിന് ലൈസൻസ് ലഭിക്കാൻ ഒരു യെമൻ പൗരന്റെ സഹായം ആവശ്യമായതോടെ പരിചയക്കാരനും യെമാൻ പൗരനുമായ തലാലിനെ നിമിഷ നിർദ്ദേശിക്കുന്നു.

പക്ഷേ നിമിഷ ലൈസൻസിനായി തലാലിന്റെ സഹായം തേടിയിട്ടില്ലെന്നാണ് ഭർത്താവ് ടോമി പറയുന്നത്. നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിൽ ആദ്യം ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമസ്ഥന് അസ്വസ്ഥത ഉണ്ടായിരുന്നതായും ആദ്യമൊക്കെ പ്രശ്നമുണ്ടാക്കിയിരുന്നതായും ടോമി പറഞ്ഞു. എന്നാൽ പിന്നീട് അദ്ദേഹം ക്ലിനിക്കിനായി പണം നിക്ഷേപിക്കാൻ സഹായിച്ചിരുന്നെന്നും നിമിഷ തലാലിനോട് സഹായം വേണ്ടെന്ന് പറയുകയും ചെയ്തിരുന്നു. അങ്ങനെ നിമിഷ 2015ൽ ക്ലിനിക്ക് ആരംഭിക്കുന്നു. എന്നാൽ യെമനിൽ ആഭ്യന്തര യുദ്ധ പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിൽ പുതിയ വിസക്ക് അനുമതി ഇല്ലാതായതോടെ നിമിഷയുടെ ഭർത്താവിനും കുട്ടിക്കും തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇതോടെയാണ് തലാലിന്റെ ഉപദ്രവം ആരംഭിക്കുന്നത്.

ക്ലിനിക്ക് നന്നായി മുന്നോട്ട് പോവുകയും സാമ്പത്തികപരമായി വളരാനും തുടങ്ങി. ക്ലിനിക്കിലേക്കാവശ്യമായ പല വസ്തുക്കൾ വാങ്ങിക്കാനും മറ്റ് കാര്യങ്ങൾക്കുമൊക്കെ തലാൽ നിമിഷയെ സഹായിച്ചിരുന്നു. ക്ലിനിക്കിലേക്കുള്ള വരുമാനം കൂടിയതോടെ തലാൽ തനിക്കും പണത്തിന്റെ പകുതി വേണമെന്ന് ആവശ്യപ്പെട്ടു. ക്ലിനിക്കുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തലാൽ ഇടപെടാൻ തുടങ്ങിയെന്നും ക്ലിനിക്കിനായി വാങ്ങിയ വാഹനം പോലും തലാൽ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തെന്നും നിമിഷ പറയുന്നു.

പിന്നീട് നിമിഷ പോലും അറിയാതെ അയാൾ ക്ലിനിക്കിന്റെ ഷെയർ ഹോൾഡറായി തന്റെ പേര് കൂടി ഉൾപ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാൻ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിനിക്കിലെ മാനേജരെ ചോദ്യം ചെയ്തപ്പോഴാണ് നിമിഷ തന്റെ ഭാര്യ ആണെന്നാണ് തലാൽ പറഞ്ഞിരിക്കുന്നതെന്നും അതിനാലാണ് ഷെയർ നൽകിയതെന്നും അറിയുന്നത്. എന്നാൽ തലാലിനോട് ഇത് ചോദിച്ചപ്പോൾ താൻ ഒറ്റയ്ക്കാണ് ഇത് നടത്തുന്നതെന്നറിഞ്ഞ് നാട്ടുകാർ ശല്യം ചെയ്യാതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്ന് വിശ്വസിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട നിമിഷ സനയിലെ പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നെന്നും എന്നാൽ ഈ പരാതി ഉന്നയിച്ചതിന് യെമൻ നിയമപ്രകാരം തലാലിനൊപ്പം തന്നെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്ന നിമിഷ പറയുന്നു. പിന്നീട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ തലാൽ അത് കോടതിയിൽ സമർപ്പിക്കുകയും ഞങ്ങളെ വിട്ടയക്കുകയും ചെയ്യുകയായിരുന്നെന്നും നിമിഷ പറഞ്ഞു. തന്റെ ഭർത്താവാണെന്ന് പറഞ്ഞത് ചോദ്യം ചെയ്തത് മുതലാണ് തലാലുമായുള്ള പ്രശ്നങ്ങൾ തുടങ്ങുന്നതും. അയാൾ അവളെ ശാരീരികമായി ആക്രമിക്കാൻ തുടങ്ങി. ആശുപത്രി ജീവനക്കാരുടെ മുന്നിൽവച്ച് പോലും മർദ്ദിക്കുകയും തുപ്പുകയും ചെയ്യാറുണ്ടായിരുന്നെന്നും നിമിഷ പറയുന്നു. നിമിഷയുടെ പാസ്പോർട്ടും കൈക്കലാക്കിയ തലാൽ അവളെ അവനോടൊപ്പം ജീവിക്കാൻ നിർബന്ധിക്കുകയും ശാരീരികമായി ആക്രമിക്കുകയും അവനെ അനുസരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും സുഹൃത്തുക്കൾക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും നിമിഷ പറയുന്നുണ്ട്.

പലപ്പോഴും ഓടിപ്പോവാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സഹായിക്കാനോ പിന്തുണയ്ക്കാനോ ആരുമുണ്ടായിരുന്നില്ല. രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങി നടക്കാത്ത യെമൻ പോലൊരു സ്ഥലത്ത് ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ റോഡിലൂടെ പലതവണ രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷേ ആക്രമണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലൊക്കെ തനിക്ക് ഒന്നിലധികം തവണ തലാൽ ജയിലിൽ പോകേണ്ടി വന്നിട്ടുണ്ടെന്നുമാണ് നിമിഷ പറയുന്നത്. 2017 ജൂലൈയിൽ മയക്കുമരുന്ന് കുത്തിവച്ചാണ് നിമിഷ തലാലിനെ കൊല്ലുന്നത്. എന്നാൽ കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്‌പോർട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP