Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ലെഫ്റ്റ്-ലിബറൽ സൈബർ പോരാളികളുടെ പ്രിയപ്പെട്ട 'വി' നായകനെതിരെ ജാമ്യമില്ലാ കേസുകൾ വേണ്ടെന്ന് വച്ചത് വിവാദം ആളിക്കത്തിക്കാതിരിക്കാനുള്ള കരുതൽ; നോർത്ത് സ്‌റ്റേഷനിലെ നടന്റെ തെറിവിളി അസഹനീയമായിരുന്നുവെന്ന് പൊലീസ്; വിനായകൻ വീണ്ടും വിവാദത്തിൽ

ലെഫ്റ്റ്-ലിബറൽ സൈബർ പോരാളികളുടെ പ്രിയപ്പെട്ട 'വി' നായകനെതിരെ ജാമ്യമില്ലാ കേസുകൾ വേണ്ടെന്ന് വച്ചത് വിവാദം ആളിക്കത്തിക്കാതിരിക്കാനുള്ള കരുതൽ; നോർത്ത് സ്‌റ്റേഷനിലെ നടന്റെ തെറിവിളി അസഹനീയമായിരുന്നുവെന്ന് പൊലീസ്; വിനായകൻ വീണ്ടും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിൽ ജാമ്യമുള്ള വകുപ്പുകൾ ചുമത്തിയത് വിവാദം പുതിയ തലങ്ങളിലേക്ക് എത്താതിരിക്കാൻ. എറണാകുളം നോർത്ത് സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നടൻ മദ്യലഹരിയിൽ ആണെന്നും ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷം നടത്തിയെന്നും പൊലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകൾ വിനായകനെതിരെ പൊലീസിന് ചുമത്താമായിരുന്നു. എന്നാൽ അതുണ്ടാക്കാനിടയുള്ള ചർച്ചകളും വിനായകന് ദേശീയ തലത്തിലുള്ള പ്രതിച്ഛായയും കാരണം അതൊഴിവാക്കുകയായിരുന്നു പൊലീസ്. രജനികാന്തിന്റെ ജയിലറിലെ വേഷം വിനായകന് പാൻ ഇന്ത്യാ വില്ലൻ പരിവേഷം നൽകിയിരുന്നു.

വിനായകനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. നടൻ മദ്യപിച്ചിട്ടുണ്ടെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് പ്രതികരിച്ചു. പിന്നീടാണ് സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന് നടനെതിരെ കേസെടുത്തത്. പിന്നീട് ജാമ്യത്തിൽ വിടയും ചെയ്തു. ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഉച്ചയ്ക്ക് വിനായകൻ പൊലീസിനെ കല്ലൂരിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഫ്‌ളാറ്റിലെത്തിയ പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. അതിൽ തൃപ്തനല്ലാതെ വിനായകൻ പൊലീസിനെ പിന്തുടർന്ന് സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ നടൻ അവിടെവച്ച് പുകവലിച്ചു. ഇതിന് പൊലീസ് പിഴയടപ്പിച്ചു. ശേഷം അകത്തുകയറിയ നടൻ ബഹളം വയ്ക്കുകയും ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷം നടത്തുകയുമായിരുന്നു.

നോർത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കലൂരിൽ തന്നെയാണ് വിനായകൻ ഭാര്യക്കൊപ്പം താമസിക്കുന്നത്. വീട്ടിൽ ഭാര്യയുമായുള്ള ബഹളത്തിന്റെ പേരിൽ വിനായകൻ തന്നെയാണ് സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മഫ്തിയിൽ വനിത പൊലീസ് വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ വനിത പൊലീസിനോട് വിനായകൻ ബഹളം വെച്ചു. അതിനുശേഷം വൈകിട്ട് ആറോടെയാണ് വിനായകൻ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ സ്റ്റേഷന് മുന്നിൽനിന്നും സിഗരറ്റ് വലിച്ചതിന് വിനായകനിൽനിന്ന് പൊലീസ് പിഴയീടാക്കി. ഇതിനുശേഷം സ്റ്റേഷനിൽ കയറി വീട്ടിലേക്ക് വന്ന വനിത പൊലീസ് ആരാണെന്ന് അറിയണമെന്ന് പറഞ്ഞ് ബഹളം വെച്ചു. ഇതിനിടയിൽ സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലും പോയി ബഹളം വെച്ചു. ഇതോടെയാണ് കേസെടുത്തത്.

അതേസമയം, തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് വിനായകൻ പ്രതികരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് തിരിക്കുന്ന സമയത്തായിരുന്നു വിനായകന്റെ പ്രതികരണം. താനൊരു പരാതി കൊടുക്കാൻ പോയതാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസിനോട് ചോദിക്കണം. തന്നെക്കുറിച്ച് എന്തും പറയാമല്ലോ. താനൊരു ഒരു പെണ്ണുപിടിയനാണെന്നും അവർക്ക് പറയാമല്ലോ എന്നും വിനായകൻ കൂട്ടിച്ചേർത്തു. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലും വിനായകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അന്ന് താരത്തിനെതിരെ കേസെടുത്തത്. ഉമ്മൻ ചാണ്ടിയുടെ മരണത്തെ അപഹസിച്ചു കൊണ്ടുള്ള നടൻ വിനായകന്റെ ഫേസ്‌ബുക്ക് ലൈവായിരുന്നു കേസിന് ആധാരം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തൊക്കെ ഇടതുപക്ഷത്തിനുവേണ്ടി പരസ്യമായി നിലപാട് എടുത്ത നടനാണ് വിനായകൻ. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു. ഇതിന്റെ പേരിൽ സൈബർ ആക്രമണം നടന്നപ്പോൾ, ദദ്രകാളിയുടെ പടം പ്രൊഫൈൽ പിക്കായതും ചർച്ചയായി.നടിയെ ആക്രമിച്ച കേസിൽ ഇരക്കൊപ്പം നിന്ന നടന്മാരിൽ ഒരാളാണ് വിനായകൻ. ഇതെല്ലാം ചേർന്നതോടെ ലെഫ്റ്റ്-ലിബറൽ സൈബർ പോരാളികളുടെ പ്രിയപ്പെട്ടവനായി വിനായകൻ. അവരാണ് 'വി' നായകൻ എന്ന പേരിട്ടതും. എന്നാൽ ഈ കീർത്തി അധികനാൾ നീണ്ടുനിന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോറ്റിട്ടും ബിജെപിയുടേയും സംഘപരിവാറിന്റേയും അജണ്ട കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിജെപിക്കും ആർഎസ്എസിനും കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും നമ്മളൊക്കെ മിടുക്കന്മാരാണെന്നും അതാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വിനായകൻ പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനായി കളത്തിൽ ഇറങ്ങില്ല, പക്ഷേ എപ്പോഴും കമ്മ്യൂണിസ്റ്റായിരിക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നും വിനായകൻ സൈബർ ആക്രമണം നേരിട്ടു.

അന്നും ഇന്നും വിനായകന്റെ ഏറ്റവും വലിയ പ്രശ്‌നം അദ്ദേഹത്തിന്റെ നാക്കുതന്നെയാണെന്നാണ് ബാല്യകാല സുഹൃത്തുക്കൾ പറയുന്നത്. ചില സമയത്ത് വിനായകൻ എന്താണ് പറയുക എന്നത് അദ്ദേഹത്തിന് തന്നെ അറിയില്ല. അങ്ങനെയാണ് ദലിത് ആക്റ്റീവിസ്റ്റിനോട് ഫോണിൽ തെറിപറഞ്ഞതും കൂടെക്കിടക്കാൻ ശ്രമിച്ചുവെന്നുമുള്ള ആരോപണം വരുന്നത്. ഇതിന്റെ പേരിൽ മീടു ആരോപണം വന്നു. കേസ് ആയി. വിനായകൻ കെട്ടിപ്പൊക്കിയ എല്ലാ ഇമേജും തകർന്നു.

ഇതുപിന്നാലെ വിനായകന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി ദളിത് ആക്ടിവിസ്റ്റായ കെ ദിനുവും രംഗത്ത് എത്തി. കേൾക്കാനറക്കുന്നതും പറയാനറക്കുന്നതുമായ തെറികളാണ് വിനായകൻ നിരന്തരം ഫോണിൽ വിളിച്ച് പറഞ്ഞതെന്നും ദിനു വ്യക്തമാക്കിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP