Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

അപകടമരണവും സ്വർണം കടത്തും തമ്മിൽ ബന്ധം വന്നതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണം കൂടുതൽ ദുരൂഹമായി; ഡി ആർഐ കണ്ടെത്തലും ഇനി സിബിഐയ്ക്ക് പരിശോധിക്കേണ്ടി വരും; അന്വേഷണ ഉദ്യോഗസ്ഥനെ ഉടൻ തീരുമാനിക്കും

അപകടമരണവും സ്വർണം കടത്തും തമ്മിൽ ബന്ധം വന്നതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണം കൂടുതൽ ദുരൂഹമായി; ഡി ആർഐ കണ്ടെത്തലും ഇനി സിബിഐയ്ക്ക് പരിശോധിക്കേണ്ടി വരും; അന്വേഷണ ഉദ്യോഗസ്ഥനെ ഉടൻ തീരുമാനിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ഡിആർഐയും (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ) മറ്റു ചില ദൃക്‌സാക്ഷികളും നൽകിയ സുപ്രധാന തെളിവുകൾ ഇനി അന്വേഷണ വിധേയമാക്കും. ഇതാണ് ബാലഭാസ്‌കറിന്റെ അച്ഛന്റെ ആവശ്യവും. സുപ്രധാന തെളിവുകൾ സിബിഐ അവഗണിച്ചതു കൂടി കണക്കിലെടുത്താണ് പുനരന്വേഷണത്തിന് ഹൈക്കോടതി വിധി. 3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമ്പോൾ ഡിഐർഐ തെളിവുകളെ കുറിച്ചും സിബിഐ വിശദീകരിക്കേണ്ടി വരും. പുനരന്വേഷണം നടത്താനുള്ള ഉദ്യോഗസ്ഥനെ അടുത്ത ദിവസങ്ങളിൽ സിബിഐ തീരുമാനിക്കും.

സ്വർണക്കടത്തുമായി ബാലഭാസ്‌കറിനു ബന്ധമില്ലെന്നു ഡിആർഐ കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ 2 ഫോണുകൾ സുഹൃത്ത് പ്രകാശ്തമ്പിയുടെ വീട്ടിലെ പൂജാമുറിയിൽ നിന്നു ഡിആർഐ കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇതുവഴി സൂചന ലഭിച്ചു. ബാലഭാസ്‌കറിന്റെ ഒപ്പമുണ്ടായിരുന്ന ചിലർക്കു സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവും ലഭിച്ചു. ഫോൺ രേഖകളും കണ്ടെത്തലുകളുടെ വിശദാംശവും സിബിഐക്കു ഡിആർഐ കൈമാറിയിരുന്നു. ചില ഫോൺ സംഭാഷണങ്ങളുടെ വിശദാംശവും നൽകി. എന്നാൽ സാമ്പത്തിക ഇടപാടു സംബന്ധിച്ചു കാര്യമായി സിബിഐ അന്വേഷിച്ചില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. ഹൈക്കോടതിയും ഇതു ചൂണ്ടിക്കാട്ടിയിരുന്നു.

ബാലഭാസ്‌കർ കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയതു ഡിആർഐയാണ്. വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസാണ് ഡിആർഐ അന്വേഷിച്ചത്. ബാലഭാസ്‌കറിന്റെ കാർ പള്ളിപ്പുറത്ത് അപകടത്തിൽപെട്ട 2018 സെപ്റ്റംബർ 25ന് പുലർച്ചെ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്ത് സംഘത്തിലുള്ളവരാണെന്നു സംശയിക്കുന്നതായി അതുവഴി വാഹനത്തിൽ പോയ കലാഭവൻ സോബി മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് സംഘത്തിൽപെട്ട ചിലരുടെ ഫോട്ടോ തിരിച്ചറിയാനായി ഡിആർഐ സോബിയെ കാണിച്ചു. അതിൽ ഒരാൾക്കു ഡിആർഐ നോട്ടിസ് നൽകിയെങ്കിലും അയാൾ ഹാജരായില്ല. സിബിഐയ്ക്ക ഇതെല്ലാം അന്വേഷിക്കേണ്ടി വരും.

സ്വർണ്ണ കടത്തും അപകടവും

അപകടമരണവും സ്വർണം കടത്തും തമ്മിൽ ബന്ധം വന്നതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണം കൂടുതൽ ദുരൂഹമായി മാറിയത്. ബാലഭാസ്‌ക്കറിന്റെ മരണത്തിലുള്ള അന്വേഷണം മുന്നോട്ടു നീങ്ങവേയാണ് ട്രൂപ്പിലുള്ളവർക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണം കടത്തുമായി ബന്ധമുണ്ടായിരുന്നെന്ന ഡിആർഐയുടെ സ്ഥിരീകരണം വരുന്നത്. ഇതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിന്റെ അന്വേഷണവും ഇഴയാൻ തുടങ്ങിയത് .ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വർണ കടത്തിൽ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. ബാലഭാസ്‌ക്കറിന്റെ സംഘത്തിലുണ്ടായിരുന്ന സൗണ്ട് റിക്കോർഡിസ്റ്റ് ജമീൽ ജബ്ബാറും പ്രതിയായി.

ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘത്തിലെ അംഗമാണ് ജമീലെന്നും പലതവണ സ്വർണം കടത്തിയെന്നുമാണ് ഡിആർഐ കണ്ടെത്തിയത്. ഇതൊന്നും ആരും പരിശോധിച്ചില്ല. ബാലഭാസ്‌ക്കറിന്റെ മരണത്തിനു പിന്നാലെയാണ് സ്വർണ കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നത്. വിഷ്ണുവും പ്രകാശൻ തമ്പിയും ചേർന്ന് ഇരുന്നൂറ് കിലോയിലേറെ സ്വർണമാണ് കടത്തിയത് എന്ന റിപ്പോർട്ടുകൾ വന്നത്. ബാലഭാസ്‌ക്കറുമായി അടുപ്പമുണ്ടായിരുന്ന സൗണ്ട് റിക്കോർഡിസ്റ്റാണ് ജമീൽ ജബ്ബാർ. കഴക്കൂട്ടം സ്വദേശിയാണ് ജമീൽ. അടുപ്പമായത് മുതൽ ബാലഭാസ്‌ക്കർക്കൊപ്പമുണ്ട് ഇയാൾ. സൗണ്ട് റെക്കോർഡിസ്റ്റ് ആണെങ്കിലും ബാലുവിന്റെ സുഹൃത്ത് എന്ന രീതിയിലാണ് ജമീൽ ഒപ്പമുണ്ടായിരുന്നത്.

ബാലുവിന്റെ കാർ ആ ഘട്ടങ്ങളിൽ മിക്കപ്പോഴും ഓടിച്ചിരുന്നത് ജമീൽ ആയിരുന്നു. ഒന്ന് രണ്ടു തവണ ബാലുവിന്റെ വീട്ടിലും ജമീൽ പോയിട്ടുണ്ട്. ബാലുവിന്റെ മരണത്തിനു ശേഷം 14 തവണ ദുബായ് ജമീൽ സന്ദർശിച്ചുവെന്നാണ് ഡിആർഐ കണ്ടെത്തിയത്. 14 തവണ ജമീലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാലുവിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ഡിആർഐ കൈമാറി. എന്നാൽ അന്വേഷണം ഒന്നും നടന്നില്ല. സിബിഐ വന്നിട്ടും ബാലുവിന്റേത് അപകട മരണമായി തുടർന്നു.

ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ചിലർ അവിടെ ഉണ്ടായിരുന്നുവെന്നാണ് ഡിആർഐയുടെയും സ്ഥിരീകരണം. കലാഭവൻ സോബിനെ വിളിച്ചു വരുത്തിയ ഡിആർഐ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടാകളാണ് പരിശോധനയ്ക്കായി നൽകിയത്. വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്നവരുടെയും കാരിയർമാരായി പ്രവർത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകൾ അതിൽ ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവർ ആരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആർഐ ചോദിച്ചത്. കാർ അപകടത്തിൽപ്പെട്ടപ്പോൾ തന്നോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ സോബിൻ തിരിച്ചറിഞ്ഞു. സരിത്തും ആരോപണത്തിൽ എത്തി.

2018 സെപ്റ്റംബർ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഒരാഴ്‌ച്ചയോളം വെന്റിലേറ്ററിൽ കിടക്കുന്നതിന്നിടെ ഹൃദയാഘാതം വന്ന് 2018 ഒക്ടോബർ രണ്ടിനാണ് ബാലഭാസ്‌ക്കർ മരിച്ചത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. ഇയാൾ പിന്നീട് യുഎഇയിൽ ഡ്രൈവറായി.

കാർ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷർട്ടും ബർമുഡയുമാണെന്ന് അജി പറയുന്നു. എന്നാൽ, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അർജുനായിരുന്നു. ബാലഭാസ്‌ക്കറിന്റെ പത്‌നി ലക്ഷ്മിയുടെ മൊഴി പ്രകാരം വാഹനമോടിച്ചിരുന്നത് അർജുൻ ആണെന്നായിരുന്നു. അത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. അതേസമയം താനല്ല വാഹനമോടിച്ചിരുന്നതെന്ന് അർജുൻ ആവർത്തിച്ചു പറഞ്ഞിരുന്നു. പിന്നീട് ഫോറൻസിക് പരിശോധനയിലൂടെ അർജുനാണ് ഡ്രൈവറെന്നും കണ്ടെത്തി. അപ്പോഴും സാക്ഷിയായ അജിയുടെ മൊഴിയിലെ കള്ളത്തരം ചോദ്യം ചെയ്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP