Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ഒളിഞ്ഞും നേർക്കുനേരെയും അയ്യങ്കാളി സ്മരണയെ അവഹേളിക്കുന്നവരെ വെറുതെ വിടില്ല; മഹാത്മ അയ്യൻകാളി കൊളുത്തിയ പോരാട്ടത്തിന്റെ ദീപശിഖ ഏറ്റുവാങ്ങേണ്ടവരാണ് പുതുതലമുറ: മുഖ്യമന്ത്രി

ഒളിഞ്ഞും നേർക്കുനേരെയും അയ്യങ്കാളി സ്മരണയെ അവഹേളിക്കുന്നവരെ വെറുതെ വിടില്ല; മഹാത്മ അയ്യൻകാളി കൊളുത്തിയ പോരാട്ടത്തിന്റെ ദീപശിഖ ഏറ്റുവാങ്ങേണ്ടവരാണ് പുതുതലമുറ: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒളിഞ്ഞിരുന്നും നേർക്കുനേരെയും അയ്യൻകാളി സ്മരണയെ അവഹേളിക്കാൻ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടാതിരിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മഹാത്മ അയ്യൻകാളി കൊളുത്തിയ പോരാട്ടത്തിന്റെ ദീപശിഖ ഏറ്റുവാങ്ങേണ്ടവരാണ് പുതുതലമുറ. ആ തലമുറക്കൊപ്പമാണ് ഈ സർക്കാർ. മഹാത്മ അയ്യങ്കാളിയെ സമൂഹമാധ്യമത്തിൽ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 153 പ്രകാരം തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ക്രൈം നം. 620/2023 ആയും എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ ക്രൈം നം. 1415/2023 ആയി പട്ടികജാതി-വർഗവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

ഇതിനിടെ ഐതിഹാസികമായ 'വില്ലുവണ്ടിസമര'ത്തെ അധിക്ഷേപിക്കുന്ന വിധത്തിൽ മോശം തലക്കെട്ടോടെയും ചിത്രത്തോടെയും കൂടി സമൂഹമാധ്യമത്തിൽ വീണ്ടും പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിച്ചതിൽ പോസ്റ്റുവന്ന ഗ്രൂപ്പിന്റെ അതേ പേരിൽ ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഈ ഗ്രൂപ്പിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് ഫേസ്‌ബുക്ക് അധികാരികൾക്ക് നോട്ടീസ് നൽകി, ഗ്രൂപ്പ് ബ്ലോക്ക് ചെയ്യുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ ആശയവിനിമയങ്ങൾ നിർത്തിവയ്‌പ്പിച്ച് ഗ്രൂപ്പിലെ അംഗങ്ങളെയും അഡ്‌മിന്മാരെയും കണ്ടെത്തി മൊഴി രേഖപ്പെടുത്തി കേസുകളിൽ ഊർജ്ജിത അന്വേഷണം നടത്തിവരുന്നു.

കേരളത്തിന്റെ നവോത്ഥാന നായകനായ മഹാത്മ അയ്യങ്കാളി ഒരു ജനതയെ അടിച്ചമർത്തലിന്റെയും അയിത്തത്തിന്റെയും ദുരവസ്ഥയിൽ നിന്ന് കൈപിടിച്ചുയർത്തിയ ധീരാത്മാവാണ്. അയ്യങ്കാളിയുടെ സ്മരണ കൂടുതൽ കൂടുതൽ തിളങ്ങിനിൽക്കണമെന്ന താത്പര്യത്തോടെയാണ് ഈ സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നത്.

തലസ്ഥാനത്തിന്റെ തിലകക്കുറിയായ പഴയ വി.ജെ.ടി ഹാളിന് അയ്യങ്കാളിയുടെ നാമധേയം നൽകിയതുൾപ്പെടെ നിരവധി ഇടപെടലുകൾ ഈ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അയ്യങ്കാളിയുടെ സ്മരണയെ അപകീർത്തിപ്പെടുത്തുക എന്നതിന് കേരളത്തിന്റെ ഭൂതകാല പോരാട്ടങ്ങൾക്കു നേരെ ചെളിവാരിയെറിയുക എന്നുതന്നെയാണ് അർഥം. അത്തരം ഒരു നീക്കവും ഈ സമൂഹം അനുവദിച്ചുകൂടാ. കേസുകളുടെ അന്വേഷണത്തിന് ഒരു പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP