Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

മുഖ്യമന്ത്രിക്ക് ഹെലികോപ്ടറിൽ പറക്കാൻ സാമ്പത്തിക പ്രതിസന്ധിയില്ല! സർക്കാറിന് നിത്യച്ചെലവിന് പണം കണ്ടെത്താൻ ക്ഷേമനിധിയിൽ കൈയിട്ടു വാരണം; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ ക്ഷേമനിധി ബോർഡുകളിൽ നിന്ന് പണം സമാഹരിച്ച് നിത്യച്ചെലവ് നടത്താൻ സർക്കാർ തീരുമാനം; ആദ്യ ഘട്ടത്തിൽ എടുക്കുക 1700 കോടി; ബെവ്‌കോയിൽ നിന്നും പണമെടുക്കും

മുഖ്യമന്ത്രിക്ക് ഹെലികോപ്ടറിൽ പറക്കാൻ സാമ്പത്തിക പ്രതിസന്ധിയില്ല! സർക്കാറിന് നിത്യച്ചെലവിന് പണം കണ്ടെത്താൻ ക്ഷേമനിധിയിൽ കൈയിട്ടു വാരണം; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ ക്ഷേമനിധി ബോർഡുകളിൽ നിന്ന് പണം സമാഹരിച്ച് നിത്യച്ചെലവ് നടത്താൻ സർക്കാർ തീരുമാനം; ആദ്യ ഘട്ടത്തിൽ എടുക്കുക 1700 കോടി; ബെവ്‌കോയിൽ നിന്നും പണമെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വീണിരിക്കുന്നത്. കടമെടുക്കാനും മാർഗ്ഗമില്ലാതായതോടെ അതിരൂക്ഷമായ പ്രതിസന്ധിയാണ് സർക്കാറിനെ ഉറ്റുനോക്കുന്നത്. ഇതോടെ ദൈനംദിന ചെലവുകൾ മുൻപോട്ട് കൊണ്ടുപോകാൻ പോലും സാധിക്കാത്ത അസ്ഥയിലാണ്. ഇതിനിടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ ക്ഷേമനിധി ബോർഡുകളിൽനിന്ന് പണം സമാഹരിച്ച് നിത്യച്ചെലവ് നടത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ.

1700 കോടി രൂപ എടുക്കാനാണ് തീരുമാനം. ഈയാഴ്ചതന്നെ പണം ട്രഷറിയിലെത്തും. മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് 1200 കോടിയും ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് 500 കോടിയുമാണ് സമാഹരിക്കുക. ഇത് ട്രഷറിയിൽ ഹ്രസ്വകാല സ്ഥിരനിക്ഷേപമായി സ്വീകരിക്കും.

കൂടുതൽ ക്ഷേമനിധികളോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, പല ക്ഷേമനിധികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. ആദായനികുതി വകുപ്പ് തെറ്റായി ഈടാക്കിയ 1000 കോടിരൂപ ബിവറേജസ് കോർപ്പറേഷന് കിട്ടാനുണ്ട്. ഇതുകിട്ടിയാൽ അവരും സർക്കാരിന് പണം നൽകിയേക്കും. ഓണക്കാലത്തെ ചെലവുകളെത്തുടർന്ന് മറ്റ് ഇടപാടുകൾക്ക് പണമില്ലാതെവരുന്ന സ്ഥിതി ഒഴിവാക്കാനാണ് സർക്കാർ നീക്കം. ഈവർഷം കേന്ദ്രം അനുവദിച്ചതിൽ രണ്ടായിരത്തോളം കോടിരൂപ മാത്രമാണ് വായ്പയെടുക്കാൻ ശേഷിക്കുന്നത്.

ഓണച്ചെലവുകൾക്ക് പണം തികയ്ക്കാനായി ട്രഷറി ഇടപാടുകളുടെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചിരുന്നു. ഓണക്കാലത്തെ പ്രത്യേക ചെലവുകൾ ഒഴിച്ചുള്ള ബില്ലുകൾ മാറ്റിവെക്കുകയും ചെയ്തു. ട്രഷറിയിൽ നിയന്ത്രണത്തിന് അയവുനൽകാൻ ഇനിയുമായിട്ടില്ല. എങ്കിലും അത്യാവശ്യമുള്ള ബില്ലുകൾ പാസാക്കാൻ ക്ഷേമനിധികളിൽനിന്നുള്ള പണമെത്തുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടാൻ മുൻ സർക്കാരുകളുടെ കാലത്തും ഇത്തരത്തിൽ ക്ഷേമനിധി ബോർഡുകളിൽനിന്ന് പതിവായി പണം സ്വീകരിച്ചിരുന്നു. എന്നാൽ, ഇങ്ങനെ കടമെടുക്കുന്നതും സർക്കാരിന്റെ വായ്പപ്പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചതോടെ ഇതു നിയന്ത്രിക്കാൻ സർക്കാർ നിർബന്ധിതമായി.

സാമ്പത്തികസ്ഥിതി അങ്ങേയറ്റം മോശമാവുമ്പോൾപ്പോലും ഇത്തരം താത്കാലിക ക്രമീകരണങ്ങൾ നടത്താൻ സംസ്ഥാനത്തിന് ആവുന്നില്ല. എന്നാൽ, ഈ പണം ഡിസംബറിനുമുമ്പ് തിരികെ ക്ഷേമനിധികൾക്ക് നൽകിയാൽ സംസ്ഥാനത്തിന്റെ വായ്പപ്പരിധിയെ ബാധിക്കില്ല. അതേസമയം ഈ സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കും ദുരന്തനിവാരണ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇത് വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ നേരത്തെ തീരുമാനിച്ചെങ്കിലും സാമ്പത്തിക ബാധ്യതയെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. നിലവിൽ പ്രതിമാസം 80 ലക്ഷം രൂപ എന്ന നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. ഇതു സംബന്ധിച്ച് സ്വകാര്യ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടും. നേരത്തെ തന്നെ തീരുമാനിക്കുകയും പിന്നീട് ചെലവ് കാരണം ഒഴിവാക്കുകയും ചെയ്ത ഹെലികോപ്റ്റർ ആശയമാണ് വീണ്ടും പൊടിത്തട്ടിയെടുത്തത്.

നിത്യ ചെലവുകൾക്ക് പോലും പണം കണ്ടെത്താനാകാതെ സംസ്ഥാനം നട്ടംതിരിയുന്നതിനിടെയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനൊരുങ്ങുന്നതെന്നതാണ് വിമർശനം. കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടർ വാടകക്കെടുത്തത്. വൻ ധൂർത്തെന്ന് ആക്ഷേപം ഉയർന്നതോടെ ഒരു വർഷത്തിന് ശേഷം ആ കരാർ പുതുക്കിയില്ല. രണ്ടര വർഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടർ തിരിച്ചെത്തുകയാണ്.

തിരക്കുള്ള ഇടങ്ങളിൽ പറന്നെത്താൻ ഇലക്ട്രിക്ക് ഹോവർ ബോർഡുമായി കേരളാ പൊലീസ് ഈ വർഷം മാർച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് ഇപ്പോൾ അന്തിമ കരാറിലെത്തിയിരിക്കുന്നത്. ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് ഹെലികോപ്ടർ നൽകുന്നത്. മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വാടക. അതിൽ കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നൽകണം.

പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവർത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനും ഹെലികോപ്റ്റർ ഉപയോഗിക്കും. അടുത്ത മാസം ആദ്യം ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തിക്കാനാണ് നടപടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP