Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ബിനുവിനെ ചാരായം വാറ്റിയ കേസിൽ അറസ്റ്റു ചെയ്തു; ചാരായം വാറ്റിയതിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത് സണ്ണിയാണെന്ന് പ്രതികൾ സംശയിച്ചു; വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച പ്രതികൾ നടത്തിയത് ആസൂത്രിത കൊലപാതകം; ഉറങ്ങിക്കിടക്കുമ്പോൾ സണ്ണിയെ വെടിവച്ചു കൊന്നു; നെടുങ്കണ്ടം കൊലപാതകം തെളിയിച്ചു പൊലീസിന്റെ ബ്രില്ല്യൻസ്

ബിനുവിനെ ചാരായം വാറ്റിയ കേസിൽ അറസ്റ്റു ചെയ്തു; ചാരായം വാറ്റിയതിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത് സണ്ണിയാണെന്ന് പ്രതികൾ സംശയിച്ചു; വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച പ്രതികൾ നടത്തിയത് ആസൂത്രിത കൊലപാതകം; ഉറങ്ങിക്കിടക്കുമ്പോൾ സണ്ണിയെ വെടിവച്ചു കൊന്നു; നെടുങ്കണ്ടം കൊലപാതകം തെളിയിച്ചു പൊലീസിന്റെ ബ്രില്ല്യൻസ്

മറുനാടൻ മലയാളി ബ്യൂറോ

നെടുങ്കണ്ടം: നെടുങ്കണ്ടത്തെ മാവടിയിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികളിലേക്ക് അന്വേഷണം എത്തിയതിൽ തെളിയുന്നത് പൊലീസിന്റെ ബ്രില്ല്യൻസ്. കട്ടപ്പന ഡിവൈഎസ്‌പി നിഷാദ്‌മോന്റെയും നെടുങ്കണ്ടം സിഐ ജർലിൻ വി. സ്‌കറിയയുടെയും നേതൃത്വത്തിൽ 50 അംഗ സംഘം സമഗ്രമായി നടത്തിയ അന്വേഷമാണ് ആസൂത്രിത കൊലപാതകമാണെന്ന് തെളിയിച്ചത്. ചൊവ്വാഴ്ച രാത്രി 11.35ന് ഇന്ദിര നഗർ പ്ലാക്കൽ സണ്ണിയാണ് (57) വെടിയേറ്റു മരിച്ചത്. കൊലപാതകത്തിലേക്ക് നയിച്ചത് ചാരായം വാറ്റു കേസുമായി ബന്ധപ്പെട്ട വൈരാഗ്യമാണെന്നാണ് പുറത്തായത്.

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മാവടി തകിടിയേൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. ചാരായം വാറ്റിയ കേസിൽ പ്രതികളിൽ ഒരാളായ ബിനുവിനെ അറസ്റ്റു ചെയ്തിരുന്നു.

കസ്റ്റഡിയിലുള്ള സജിയുടെ നിർദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയതെന്നാണ് വിവരം. ചാരായം വാറ്റുമായി ബന്ധപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ചോർത്തി നൽകിയത് സണ്ണിയാണെന്ന് പ്രതികൾ സംശയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ സംഘം ചേർന്ന് സണ്ണിയെ വെടിവച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ പരിശോധനകളിലേക്ക് കടന്നിട്ടുണ്ട്.

പോസ്റ്റ്‌മോർട്ടത്തിൽ സണ്ണിയുടെ ശരീരത്തിൽനിന്നു നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരകൾ കണ്ടെത്തിയിരുന്നു. വീട്ടിൽ ഉറങ്ങുകയായിരുന്ന സണ്ണിയുടെ മുഖത്ത് അടുക്കളവാതിൽ തുളച്ചെത്തിയ തിര പതിക്കുകയായിരുന്നു. ഏലക്കാടുകളാൽ ചുറ്റപ്പെട്ട മേഖലയിലാണു വീടിരിക്കുന്നത്. നായാട്ടിനിടെ വെടിയുണ്ട സണ്ണിയുടെ മുഖത്തുകൊണ്ടതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധനകൾ മുന്നോട്ടു പോയതും. ഇതിനിടെയാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

എറണാകുളത്തു നിന്നെത്തിയ ബാലിസ്റ്റിക് സംഘവും പ്രത്യേക ഫൊറൻസിക് സംഘവും വീട്ടിൽ പരിശോധന നടത്തിയപ്പോൾ അടുക്കള വാതിലിൽ തറച്ചു കയറിയ നിലയിൽ 5 തിരകൾ കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട സണ്ണിയുടെ നെറ്റിയിൽ തറച്ച നിലയിൽ കണ്ടെത്തിയത് നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്കു സമാനമായ ലോഹഭാഗമാണ്. ഇതോടെയാണു നായാട്ടുസംഘങ്ങൾക്കു സംഭവവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലേക്കു പൊലീസെത്തിയത്. മാവടി ഭാഗത്ത് കാട്ടുപന്നി, പ്രാവ്, മുയൽ എന്നിവയെ വേട്ടയാടാൻ പുറത്തുനിന്നു വരെ ആളുകൾ എത്താറുണ്ടെന്നു നാട്ടുകാർ വിവരം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സജി, ബിനു, വിനീഷ് എന്നിവരെ കസ്റ്റഡിയിൽ എടുത്തത്.

വീടിനുള്ളിൽ ഉറങ്ങാൻ പോയ സണ്ണിയെ ഭാര്യയാണ് വെടിയേറ്റനിലയിൽ കണ്ടെത്തിയത്. രണ്ടു മുറികളിലാണ് സണ്ണിയും ഭാര്യയും കിടന്നിരുന്നത്. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഭാര്യ സിനി മുറിയിലെത്തി നോക്കിയപ്പോൾ രക്തം വാർന്ന നിലയിൽ സണ്ണിയെ കണ്ടെത്തുകയായിരുന്നു. കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP