Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

സിഎംആർഎലും എക്‌സാലോജിക് ഐടി കമ്പനിയുമായി സോഫ്റ്റ്‌വെയർ പരിപാലനത്തിനുവച്ച കരാർ പ്രകാരമുള്ള പ്രതിഫലം കൈപ്പറ്റുന്നത് 'മാസപ്പടി'ആക്കിയത് വിചിത്രഭാവനയെന്ന് ദേശാഭിമാനി; സത്യവാങ്മൂലം നൽകിയിട്ടും സേവനങ്ങൾ നൽകിയതിന് തെളിവ് ഹാജരാക്കാൻ മൊഴി നൽകിയവർക്ക് കഴിഞ്ഞില്ല; വീണാ വിവാദം കത്തുമ്പോൾ

സിഎംആർഎലും എക്‌സാലോജിക് ഐടി കമ്പനിയുമായി സോഫ്റ്റ്‌വെയർ പരിപാലനത്തിനുവച്ച കരാർ പ്രകാരമുള്ള പ്രതിഫലം കൈപ്പറ്റുന്നത് 'മാസപ്പടി'ആക്കിയത് വിചിത്രഭാവനയെന്ന് ദേശാഭിമാനി; സത്യവാങ്മൂലം നൽകിയിട്ടും സേവനങ്ങൾ നൽകിയതിന് തെളിവ് ഹാജരാക്കാൻ മൊഴി നൽകിയവർക്ക് കഴിഞ്ഞില്ല; വീണാ വിവാദം കത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസ് കരാർ പ്രകാരം സേവനങ്ങൾ നൽകിയില്ലെന്നു കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തായും ഉന്നത ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പിനു മൊഴി നൽകിയെങ്കിലും അതിൽനിന്നു പിന്മാറാൻ പിന്നീട് സത്യവാങ്മൂലം നൽകിയെന്ന് റിപ്പോർട്ട്. സേവനങ്ങൾ നൽകിയതിനു തെളിവുകൾ ഹാജരാക്കാൻ മൊഴി നൽകിയവർക്കു സാധിച്ചില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്റെ വാദം അംഗീകരിച്ച് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് അപേക്ഷ തീർപ്പാക്കിയത്.

സിഎംആർഎൽ ഓഫിസിലും ഫാക്ടറിയിലും ദൈനംദിന ആവശ്യത്തിനുള്ള കംപ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുന്നതിനും അവയുടെ മാനേജ്‌മെന്റിനും മറ്റുമായാണ് എക്‌സാലോജിക് സൊല്യൂഷൻസുമായി സിഎംആർഎൽ കരാറുണ്ടാക്കിയത്. വീണ ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങൾ നൽകുന്നതിനായിരുന്നു മറ്റൊരു കരാർ. ഇതൊന്നും എഎംസി കരാർ ആയിരുന്നില്ലെന്നാണ് സൂചന. ഇത് വ്യക്തമാകണമെങ്കിൽ വിശദ കരാർ പുറത്തു വരണം. വാർഷിക സേവന കരാറാണോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നതാണ് വസ്തുത.

സിഎംആർഎലും എക്‌സാലോജിക് ഐടി കമ്പനിയുമായി സോഫ്റ്റ്‌വെയർ പരിപാലനത്തിനുവച്ച കരാർ പ്രകാരമുള്ള പ്രതിഫലം കൈപ്പറ്റുന്നത് 'മാസപ്പടി'ആക്കിയത് വിചിത്രഭാവനയെന്നാണ് ദേശാഭിമാനിയുടെ നിലപാട് . അങ്ങനെയെങ്കിൽ മനോരമയും വാർത്ത ഏറ്റുപിടിച്ച മാധ്യമ കമ്പനികളും വയ്ക്കുന്ന വിവിധ കരാറുകളുടെ പ്രതിഫലവും 'മാസപ്പടി' പട്ടികയിലാകും. സിഎംആർഎല്ലിന്റെ ഒന്നാമത്തെ കരാർ എക്‌സാലോജിക് കമ്പനിയുമായി 2017 മാർച്ച് രണ്ടിന് ഒപ്പിട്ടതാണ്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് /മെയിന്റനൻസ്/ ഡെലിവറി എന്നീ കാര്യങ്ങൾക്കായി പ്രതിമാസം മൂന്നുലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചു. രണ്ടാമത്തെ കരാർ ഐടി ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റായി ടി വീണയെ തീരുമാനിച്ചിട്ടുള്ളതാണ്. ഐടി പ്രൊഫഷണലായ വീണയ്ക്ക് മറ്റ് ആനുകൂല്യങ്ങളില്ലാതെ മാസം അഞ്ചുലക്ഷം രൂപ കരാറിൽ നിശ്ചയിച്ചു. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും കരാറുകൾ പ്രകാരമുള്ള സേവനങ്ങൾ നൽകിയിട്ടുണ്ടെന്നും കമ്പനിതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. സേവന, വേതന വ്യവസ്ഥകൾ കൃത്യമായുള്ള കരാറിൽനിന്ന് ആര് വ്യതിചലിച്ചാലും ഇരുകക്ഷികൾക്കും പിന്മാറാനുള്ള അവകാശവും രേഖപ്പെടുത്തിയിട്ടുണ്ട്.-ഇതാണ് ദേശാഭിമാനി നൽകുന്ന വിശദീരണം.

കരാർ പ്രകാരം സേവനങ്ങൾ നൽകിയില്ലെന്നാണു കമ്പനിയുടെ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തായും ഉന്നത ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പിനു മൊഴി നൽകിയത്. പ്രതിമാസം വീണയ്ക്ക് 5 ലക്ഷം രൂപ, എക്‌സാലോജിക്കിന് 3 ലക്ഷം എന്നിങ്ങനെ മൊത്തം 1.72 കോടി രൂപയാണ് സിഎംആർഎൽ നൽകിയത്. ഇത് മാസപ്പടിയാണെന്ന തരത്തിലാണ് മനോരമ റിപ്പോർട്ട് ചെയ്തത്. ഇതാണ് വിവാദമായത്. ഇതിന് പിന്നാലെ ഡയറിയിലെ മറ്റ് ചില പേരുകൾ കൂടി പുറത്തു വന്നു. എന്നാൽ ഇവർക്ക് പണം നൽകിയതിന് തെളിവില്ല. വീണയ്ക്ക് അക്കൗണ്ടിൽ പണം നൽകിയെന്നാണ് സൂചന.

കരാറുകളുടെ തുടക്കംമുതലേ സേവനങ്ങൾ ലഭിക്കാതിരുന്നിട്ടും 3 വർഷം കരാർ പ്രകാരം പണം നൽകിയത് എന്തിന്, എന്തുകൊണ്ടു കരാർ റദ്ദാക്കാൻ സിഎംആർഎൽ തയാറായില്ല എന്നിവ പ്രസക്തമായ ചോദ്യങ്ങളാണ്. ഇതിനിടെ സേവനത്തിനാണ് പണം നൽകിയതെങ്കിൽ ഈ തുകയ്ക്ക് വീണ ജി എസ് ടി അടയ്ക്കണം. അത് ചെയ്തിട്ടുണ്ടോ എന്നതും നിർണ്ണായകമാണ്. കരാറുകൾ ഞാൻ കണ്ടിട്ടുണ്ട്. കരാറുകളിലെ സേവനദാതാക്കൾ ഒരേ വ്യക്തികളാണ്. ഞങ്ങൾ പ്രതീക്ഷിച്ച പ്രകാരമുള്ള സേവനങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, കരാർ പ്രകാരമുള്ള പണം മാസംതോറും നൽകുന്നുവെന്നതാണ് കർത്തായുടെ മൊഴി. എന്നാൽ വീണയ്ക്ക് പണം നൽകിയതിനെ കുറിച്ച് അറിയില്ലെന്നാണ് കഴിഞ്ഞ ദിവസം കർത്താ പ്രതികരിച്ചത്.

കെ.എസ്.സുരേഷ് കുമാർ, സിഎഫ്ഒ നൽകിയ മൊഴിയും പുറത്തായിട്ടുണ്ട്. അക്കൗണ്ടിങ്ങിന് ടാലി സോഫ്റ്റ്‌വെയറാണ് കമ്പനി ഉപയോഗിക്കുന്നത്. ഇമെയിലിനും മറ്റും ഔട്ട്‌ലുക്. സ്റ്റോക് അക്കൗണ്ടിങ്ങിനും ഇൻവെന്ററി രേഖകൾക്കും പവർ ബിൽഡർ. എക്‌സാലോജിക് സൊല്യൂഷൻസോ ടി.വീണയോ എന്തെങ്കിലും സേവനം നൽകിയതായി എനിക്കറിയില്ലെന്നാണ് സുരേഷ് പറയുന്നത്. കമ്പനിയുടെ സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്നതിന് സ്വന്തം ജീവനക്കാരുണ്ട്. ഐടി സേവനങ്ങൾക്കും സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുമാണ് എക്‌സാലോജിക്കിനെ നിയമിച്ചത്. അവർ എന്തെങ്കിലും സോഫ്റ്റ്‌വെയർ വികസിപ്പിച്ചതായി ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. മാർക്കറ്റിങ് കൺസൽറ്റന്റായി ടി.വീണ എന്തെങ്കിലും സേവനം നൽകിയതായി എനിക്കറിയില്ല-ഇതാണ് മറ്റൊരു ഉദ്യോഗസ്ഥന്റെ മൊഴി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ അനധികൃതമായി എന്തോ നേടിയെന്ന തരത്തിൽ ആദായനികുതിയുടെ തർക്കപരിഹാര ബോർഡിന്റെ ഉത്തരവ് വളച്ചൊടിച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ദേശാഭിമാനി പറയുന്നു. ജൂൺ 12ലെ ഉത്തരവ് ഇതുവരെ കാത്തുവച്ച 'കരുതലും' പ്രത്യേകം കാണണം. രണ്ടു കമ്പനികൾ നിയമാനുസൃതം ഏർപ്പെട്ട കരാറും അതിന്റെ ഭാഗമായുള്ള സേവനവും പ്രതിഫലം കൈമാറലുമാണ് നടന്നത്. ഇതൊന്നും ഒളിച്ചല്ല, ബില്ല് നൽകിയും ബാങ്ക് അക്കൗണ്ട് വഴി പണം കൈമാറിയുമാണെന്ന് മനോരമ വാർത്തതന്നെ തെളിവ്. തർക്കപരിഹാര ബോർഡ് പരിഗണിച്ച വിഷയത്തിൽ വീണയോ അവരുടെ കമ്പനിയോ കക്ഷി പോലുമല്ല. സിഎംആർഎല്ലിന്റെ ആദായനികുതിയുമായി ബന്ധപ്പെട്ട് തർക്കം പരിഹരിക്കലായിരുന്നു അത്. എക്‌സാലോജിക് സിഇഒയ്ക്ക് ലഭിച്ച പ്രതിഫലത്തിന് ടിഡിഎസും തുക ലഭിച്ചവർ ആദായനികുതിയും അടച്ചിട്ടുണ്ട്-ഇതാണ് ദേശാഭിമാനി വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP