Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

രക്തചംക്രമണ വ്യവസ്ഥയിൽ വായു കടന്നാൽ മരണം വരെ സംഭവിക്കാം; ശ്വാസകോശം അമിതമായി വികസിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യത; അനുഷയ്ക്ക് ഇതേക്കുറിച്ച് വ്യക്തമായി ബോധമുണ്ടായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ; അരുൺ അകലുന്നുവെന്ന തോന്നലിൽ കൊല്ലാൻ ശ്രമം; പരുമലയിൽ 'സ്നേഹക്കൊല' ഒഴിഞ്ഞത് തലനാരിഴയ്ക്ക്

രക്തചംക്രമണ വ്യവസ്ഥയിൽ വായു കടന്നാൽ മരണം വരെ സംഭവിക്കാം; ശ്വാസകോശം അമിതമായി വികസിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യത; അനുഷയ്ക്ക് ഇതേക്കുറിച്ച് വ്യക്തമായി ബോധമുണ്ടായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ; അരുൺ അകലുന്നുവെന്ന തോന്നലിൽ കൊല്ലാൻ ശ്രമം; പരുമലയിൽ 'സ്നേഹക്കൊല' ഒഴിഞ്ഞത് തലനാരിഴയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പ്രസവിച്ചു കിടന്ന യുവതിയെ ആശുപത്രിയിൽ നഴ്‌സിന്റെ വേഷത്തിലെത്തി ഞരമ്പിൽ വായു കുത്തി വച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതു കാമുകന്റെ സ്‌നേഹം പിടിച്ചു പറ്റാനെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കാമുകൻ അരുണിന്റെ ഭാര്യയായ സ്‌നേഹയെ കൊല്ലാൻ ഉറപ്പിച്ചാണു കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ എസ്.അനുഷ (30) ആശുപത്രിയിലെത്തിയതെന്നു പൊലീസ് പറഞ്ഞു. പത്തനംതിട്ട പരുമലയിലെ കൊലപാതക ശ്രമം കേരളത്തെ ശരിക്കും നടുക്കുന്നുണ്ട്.

കേസിലെ പ്രതിയായ അനുഷയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുത്തി വയ്ക്കാൻ ഉപയോഗിച്ച സിറിഞ്ച്, ഗ്ലൗസ് എന്നിവ പൊലീസ് കണ്ടെടുത്തു. പ്രതി ഇവ വാങ്ങിയ പുല്ലൂക്കുളങ്ങരയിലെ മെഡിക്കൽ ഷോപ്പിലും ലാബ് കോട്ട് വാങ്ങിയ കായംകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. സ്‌നേഹയുടെ ഭർത്താവ് അരുണിന്റെ സുഹൃത്താണ് യുവതി. പുളിക്കീഴ് സിഐ ഇ.അജീബ്, എഎസ്‌ഐ സതീഷ് കുമാർ, പ്രാബോധചന്ദ്രൻ, സദാശിവൻ, മനോജ്, മിത്ര വി.മുരളി, ജോയ്സ് തോമസ് എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പുല്ലൂക്കുളങ്ങര സ്വദേശിയായ അരുണുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നു അനുഷ. അരുൺ തന്നിൽനിന്നും അകലുന്നു എന്നു തോന്നിയതോടെയാണ് ഭാര്യയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് അനുഷ പൊലീസിനു നൽകിയ മൊഴി. ആദ്യ വിവാഹം വേർപെടുത്തിയശേഷം വീണ്ടും കല്യാണം കഴിച്ച അനുഷയുടെ ഇപ്പോഴത്തെ ഭർത്താവ് വിദേശത്താണ്. അതേസമയം, അരുണുമായുള്ള ബന്ധം അനുഷ തുടരുകയും ചെയ്തു.

നിരന്തരം ഫോണിലും നേരിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇവരുടെ ഫോണിലെ വാട്‌സാപ്പ് സംഭാഷണങ്ങളും സന്ദേശങ്ങളും പൊലീസ് പരിശോധിച്ചു. കോളജ് പഠനകാലം മുതൽ അടുപ്പത്തിലാണ് ഇരുവരും. ആദ്യ വിവാഹം വേർപെടുത്തിയപ്പോൾത്തന്നെ അരുണിനൊപ്പം ജീവിക്കാൻ അനുഷ ആഗ്രഹിച്ചിരുന്നു. പ്രസവശേഷം പരുമലയിലെ സ്വകാര്യ ആശുപത്രി മുറിയിൽ വിശ്രമിക്കുകയായിരുന്ന സ്‌നേഹയെ, കുത്തിവയ്പ് എടുക്കാനെന്ന വ്യാജേന നഴ്‌സിന്റെ വേഷത്തിലെത്തിയാണ് സിറിഞ്ചിലൂടെ വായു കുത്തിവച്ചു കൊലപ്പെടുത്താൻ അനുഷ ശ്രമിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സംശയം തോന്നിയ സ്‌നേഹയും ഒപ്പമുണ്ടായിരുന്ന മാതാവും ഒച്ചവച്ചതിനെത്തുടർന്ന് ആശുപത്രി ജീവനക്കാരെത്തി അനുഷയെ തടഞ്ഞുവച്ച് പുളിക്കീഴ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും സുരക്ഷ മുൻനിർത്തി സ്‌നേഹയെ ലേബർ റൂമിലേക്ക് മാറ്റുകയും ചെയ്തു.

പ്രസവത്തിനായി ഒരാഴ്ച മുമ്പാണ് സ്‌നേഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ഡിസ്ചാർജ് ആയിരുന്നു. നിറവ്യത്യാസം ഉള്ളതിനാൽ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തില്ല. ഇതോടെ സ്‌നേഹയും അമ്മയും റൂമിൽ തങ്ങുകയായിരുന്നു. സ്‌നേഹയെ കൊലപ്പെടുത്താനുള്ള അനുഷയുടെ ശ്രമം ആസൂത്രിതമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന എയർ എമ്പോളിസത്തെക്കുറിച്ച് അനുഷയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. രക്തചംക്രമണ വ്യവസ്ഥയിൽ വായു കടന്നാൽ മരണം വരെ സംഭവിക്കാമെന്ന അറിവായിരിക്കാം അനുഷ ഇത്തരം മാർഗം അവലംബിക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇതുവഴി ശ്വാസകോശം അമിതമായി വികസിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്. ഇക്കാര്യം അനുഷയ്ക്ക് അറിയാമായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

വൈദ്യശാസ്ത്രത്തിൽ അറിവുള്ള അനുഷ പൂർണ ബോധ്യത്തോടെയാണ് ഈ രീതി അവംലബിച്ചതെന്നു പൊലീസ് പറഞ്ഞു. അനുഷയ്‌ക്കെതിരേ ആൾമാറാട്ടം, വധശ്രമം, ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന രീതിയിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

അനുഷയുടെ ആദ്യ വിവാഹം കൊല്ലം നീണ്ടകര സ്വദേശിയുമായിട്ടായിരുന്നു. 7 മാസം മാത്രമാണ് ഈ ബന്ധം നീണ്ടത്. അനുഷയുടെ പെരുമാറ്റം പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. അരുണുമായി ബന്ധം തുടർന്നതും വിവാഹം വേർപിരിയാൻ കാരണമായി. അനുഷയുടെ രണ്ടാം വിവാഹം 7 മാസം മുൻപായിരുന്നു. ഗൾഫിൽ ജോലിയുള്ളയാളാണ് ഭർത്താവ്.

ഈ വിവാഹത്തിൽ അരുണും സ്‌നേഹയും പങ്കെടുത്തിരുന്നു. ആദ്യ വിവാഹം വേർപ്പെടുത്തിയപ്പോൾ തന്നെ അരുണിനൊപ്പം ജീവിക്കാൻ അനുഷ ആഗ്രഹിച്ചിരുന്നു. തന്റെ സ്‌നേഹം അറിയിക്കാനുള്ള മാർഗമായാണു അരുണിന്റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP