Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

മോദി സർക്കാർ സഹായിച്ചാൽ തിരിച്ചും സഹായിക്കാമെന്ന് ഫാദർ യൂജിൻ പെരേര പറഞ്ഞെന്ന് കെ സുരേന്ദ്രൻ; ബിജെപിക്ക് അവസരം നൽകിയാൽ തീരദേശത്ത് മാറ്റം കൊണ്ടുവരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; കേന്ദ്ര പ്രതിനിധികളുടെ മുതലപ്പൊഴി സന്ദർശനം സ്വാഗതാർഹമെന്ന് യൂജിൻ പെരേര

മോദി സർക്കാർ സഹായിച്ചാൽ തിരിച്ചും സഹായിക്കാമെന്ന് ഫാദർ യൂജിൻ പെരേര പറഞ്ഞെന്ന് കെ സുരേന്ദ്രൻ; ബിജെപിക്ക് അവസരം നൽകിയാൽ തീരദേശത്ത് മാറ്റം കൊണ്ടുവരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; കേന്ദ്ര പ്രതിനിധികളുടെ മുതലപ്പൊഴി സന്ദർശനം സ്വാഗതാർഹമെന്ന് യൂജിൻ പെരേര

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ സഹായിച്ചാൽ തിരിച്ചും സഹായിക്കാമെന്ന് ലത്തീൻ അതിരൂപതാ വികാരി ജനറൽ ഫാദർ യൂജിൻ പെരേര പറഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിക്ക് അവസരം നൽകിയാൽ തീരദേശത്ത് മാറ്റം കൊണ്ടുവരുമെന്ന് സഭയും മൽസ്യത്തൊഴിലാളികളും മനസിലാക്കി. ജനകീയ പ്രശ്‌നങ്ങളിൽ ജനങ്ങളുമായി ആശയ വിനിമയം തുടരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ശക്തമായ ആശയ വിനിമയം ലത്തീൻ സഭയുമായി നടത്തുന്നുണ്ട്. ബിജെപിക്ക് അവസരം നൽകിയാൽ തീരദേശത്ത് മാറ്റം കൊണ്ടുവരുമെന്നും മുതലപ്പൊഴിയിൽ ബിജെപിക്ക് രാഷ്ട്രീയമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മുതലപ്പൊഴിയിൽ രാഷ്ട്രീയം കളിച്ചത് ഇടത് വലത് മുന്നണികളാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

മതന്യുനപക്ഷങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ മോദി സർക്കാരിന് മാത്രമേ സാധിക്കൂ എന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിൽ ഉണ്ടായത് ഉപയോഗിച്ച് അത് മായ്ച്ചു കളയാനാവില്ലെന്നും മതന്യൂനപക്ഷങ്ങൾ അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേന്ദ്ര പ്രതിനിധികളുടെ മുതലപ്പൊഴി സന്ദർശനം സ്വാഗതാർഹമാണെന്ന് യൂജിൻ പെരേര പറഞ്ഞു. സന്ദർശനം നേരത്തെ നടത്താമായിരുന്നെന്നും കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരാറുകാർക്ക് എല്ലാ സൗകര്യവും ചെയ്തു നൽകിയ സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും യൂജിൻ പെരേര ആരോപിച്ചു.

മത്സ്യത്തൊഴിലാളികളുടെ പരാതികൾ കേട്ടറിഞ്ഞ് മുതലപ്പൊഴിയിൽ കേന്ദ്രസംഘം സന്ദർശനം നടത്തിയിരുന്നു. ബോട്ട് മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരിച്ച മുതലപ്പൊഴിയിൽ കേന്ദ്രസംഘത്തിന്റെ പഠനം ആരംഭിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് കേന്ദ്രസംഘം മുതലപ്പൊഴി സന്ദർശിക്കുന്നത്. ബോട്ടപകടം നടന്ന സ്ഥലം സന്ദർശിച്ച സംഘം മത്സ്യത്തൊഴിലാളികളുടെ പരാതികൾ കേട്ടു. തുടർന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉറപ്പ് നൽകി.

ഫിഷറീസ് ഡവലപ്പ്മെന്റ് കമ്മിഷണർ, ഫിഷറീസ് അസിസ്റ്റന്റ് കമ്മിഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരാണ് സംഘത്തിലുള്ളത്. സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം മത്സ്യബന്ധന മേഖലയിലുള്ളവരുമായിട്ടും മത്സ്യത്തൊഴിലാളികളുമായും സംസാരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ശാശ്വതമായ പരിഹാരത്തിനാണു ശ്രമിക്കുക.

അതിനിടെ മുതലപ്പൊഴി സംഭവത്തിൽ ലത്തീൻ സഭയുടെ പ്രതിഷേധം തണുപ്പിക്കാൻ നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി.

കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും അപകട സാധ്യതയും കണക്കിലെടുത്ത് മത്സ്യബന്ധന തുറമുഖത്തിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളും സാമൂഹിക സംഘടനകളുമായി ചർച്ച നടത്തുമെന്ന്, മുഖ്യമന്ത്രിയെ കണ്ടശേഷം മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിനായി സർക്കാർ ആശ്വാസ പാക്കേജ് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

പൊഴിയുടെ ഇരു വശങ്ങളിലുമായുള്ള വെളിച്ചക്കുറവ് പരിഹരിക്കാൻ ആധുനിക സംവിധാനം ഉടൻ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട ഹാർബർ എൻജിനീയർക്ക് നിർദ്ദേശം നൽകി. മുതലപ്പൊഴിക്കായി പത്തു കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

സംഭവത്തിൽ കൂടുതൽ അനുനയ നീക്കങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. മുതലപ്പൊഴിയിലെ പ്രശ്‌നപരിഹാരത്തിനായി സർക്കാർ ആശ്വാസ പാക്കേജ് പ്രഖ്യാപിക്കും. അദാനിയുമായുള്ള കരാർ പ്രകാരം പൊഴിയിലെ ആഴം ഉറപ്പാക്കുമെന്നും ചർച്ചയ്ക്കു ശേഷം മന്ത്രി സജി ചെറിയാൻ അറിയിച്ചു. നാളെ രാവിലെ പത്തു മണിക്ക് അദാനി കമ്പനിയുമായി ചർച്ച നടത്തും. മണ്ണ് നീക്കം ചെയ്യാനുള്ള സ്ഥിരം സംവിധാനം നടപ്പിലാക്കും. മണ്ണ് പൊഴിയിലേക്ക് വരാതിരിക്കാനുള്ള സംവിധാനമുണ്ടാക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP