Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

മർമ പ്രധാനവും അതീവ രഹസ്യവുമായ സുരക്ഷാ വിവരങ്ങൾ പ്രണയാർദ്രമായി ബേബ് എന്നു വിളിച്ച് കുരുൽക്കർ പങ്കുവച്ചു; അഗ്നിയിലെ വസ്തുതകളും അറിയാൻ ശ്രമിച്ചു; ഇന്ത്യൻ പ്രതിരോധ ശാസ്ത്രജ്ഞനെ ഹണിട്രാപ്പിൽ കുരുക്കി പാക് ചാരസുന്ദരി ചോർത്തിയത് ബ്രഹ്‌മോസ് അടക്കം മിസൈലുകളുടെയും ഗവേഷണ പദ്ധതികളുടെയും രഹസ്യ വിവരങ്ങൾ

മർമ പ്രധാനവും അതീവ രഹസ്യവുമായ സുരക്ഷാ വിവരങ്ങൾ പ്രണയാർദ്രമായി ബേബ് എന്നു വിളിച്ച് കുരുൽക്കർ പങ്കുവച്ചു; അഗ്നിയിലെ വസ്തുതകളും അറിയാൻ ശ്രമിച്ചു; ഇന്ത്യൻ പ്രതിരോധ ശാസ്ത്രജ്ഞനെ ഹണിട്രാപ്പിൽ കുരുക്കി പാക് ചാരസുന്ദരി ചോർത്തിയത് ബ്രഹ്‌മോസ് അടക്കം മിസൈലുകളുടെയും ഗവേഷണ പദ്ധതികളുടെയും രഹസ്യ വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ ശാസ്ത്രജ്ഞനെ ഹണിട്രാപ്പിൽ കുരുക്കിയ പാക് ചാരസുന്ദരി ചോർത്തിയത് ബ്രഹ്‌മോസ് അടക്കം ഇന്ത്യൻ മിസൈലുകളുടെയും പ്രതിരോധ ഗവേഷണ പദ്ധതികളുടെയും രഹസ്യ വിവരങ്ങൾ. പാക് ചാര സംഘടനയായ ഐഎസ്‌ഐയാണ് ഇതിന് പിന്നിൽ.

മെയ്‌ 3ന് അറസ്റ്റിലായ ഡി.ആർ.ഡി.ഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർക്കെതിരെ (59) മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് നൽകിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. കുരുൽക്കർ ഫോണിൽ സൂക്ഷിച്ച രഹസ്യവിവരങ്ങൾ ആപ്പുകൾ വഴി പാക് സുന്ദരി ചോർത്തി. വിശ്വാസം നേടാൻ ഇ മെയിൽ പാസ്വേഡുകൾ കുരുൽക്കറിന് നൽകി. ഇ -മെയിലിന്റെ ഐ.പി വിലാസവും ബന്ധപ്പെട്ട ഫോൺ നമ്പരും പാക്കിസ്ഥാനിലേതാണെന്ന് എ.ടി.എസ് കണ്ടെത്തി. അറസ്റ്റിലാകുമ്പോൾ കുരുൽക്കർ ഡി.ആർ.ഡി.ഒ പൂണെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ആർ ആൻഡ് ഡി.ഇ, ലബോറട്ടറി എന്നിവയുടെ തലവനായിരുന്നു.

പൂണെ യെർവാദ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ് കുരുൽക്കർ. ബ്രിട്ടനിൽ സോഫ്റ്റ്‌വെയർ എൻജിനിയർ സാറ ദാസ്ഗുപ്ത എന്ന പേരിൽ വാട്ട്സ്ആപ്പിലാണ് ചാരസുന്ദരി കുരുൽക്കറിനെ പരിചയപ്പെട്ടത്. സാറ, ജുഹി അറോറ എന്നീ വ്യാജ അക്കൗണ്ടുകളുണ്ടാക്കി +44 ലണ്ടൻ കോഡുള്ള നമ്പരിൽ നിന്ന് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചു. 2022 ജൂൺ മുതലുള്ള ചാറ്റുകളുണ്ട്. സംശയം തോന്നിയ ഡി.ആർ.ഡി.ഒ 2023 ഫെബ്രുവരിയിൽ സാറയുടെ നമ്പർ ബ്ലോക്ക് ചെയ്തു. അപ്പോൾ മറ്റൊരു ഇന്ത്യൻ നമ്പരിൽ നിന്ന് 'എന്തിനാണ് നമ്പർ ബ്ലോക്ക് ചെയ്തത്' എന്ന വാട്ട്സ്ആപ്പ് സന്ദേശം വന്നു.

അഗ്‌നി-6 മിസൈൽ വിജയമായിരുന്നോ എന്ന് സാറയുടെ ചോദ്യം. വൻ വിജയം.അതിന്റെ ലോഞ്ചർ ഞാനാണ് ഡിസൈൻ ചെയ്തത്. യൂറോപ്പിന്റെ മീറ്റിയോറിനെക്കാൾ കൃത്യതയുള്ളതാണ് ഇന്ത്യയുടെ അസ്ത്ര മിസൈൽ എന്ന് കുരുൽക്കർ. ബ്രഹ്‌മോസ്, അഗ്‌നി 6, റുസ്തം ഡ്രോൺ, ആളില്ലാ യുദ്ധവിമാനങ്ങൾ, ഡ്രോൺ - റോബോട്ടിക്സ് പദ്ധതികൾ,ക്വാഡ്കോപ്റ്റർ, ഡി.ആർ.ഡി.ഒ ഡ്യൂട്ടി ചാർട്ട്, റാഫേൽ യുദ്ധവിമാനം, ആകാശ് മിസൈൽ എന്നിവയുടെ വിവരങ്ങളും നൽകി.

ആണവശേഷിയുള്ള അഗ്‌നി മിസൈൽ, ഉപഗ്രഹ വിരുദ്ധ മിസൈൽ പരീക്ഷണമായ മിഷൻ ശക്തി, തന്ത്രപ്രധാന മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഭാഗമായിരുന്നു അറസ്റ്റിലായ ശാസ്ത്രജ്ഞൻ.ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥരും ഒരു വ്യോമസേനാ ഉദ്യോഗസ്ഥനും ഉൾപ്പെടെ 203 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ ചിലരെയും പാക് സുന്ദരി ബന്ധപ്പെട്ടു.

ചാരവൃത്തി നടത്തിയ 'വനിത'കളുമായി കൂടുതൽ ദൃഢമായ ബന്ധം സ്ഥാപിക്കാൻ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ വരെ കുരുൽക്കർ കൈമാറിയതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. വാട്‌സ് ആപ്, വോയ്‌സ് കാൾ, വീഡിയോ കോൾ എന്നിവ വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചാണ് പാക് ഏജന്റ് ശാസ്ത്രജ്ഞനുമായി അടുപ്പമുണ്ടാക്കിയത് എന്ന് കുറ്റപത്രം പറയുന്നു.

ഡിആർഡിഒയുടെ പണിപ്പുരയിലുള്ള മെറ്റിയോർ, ബ്രഹ്‌മോസ്, ആകാഷ്, അസ്ത്ര മിസൈൽ സംവിധാനങ്ങളെ കുറിച്ചും റഫാലിനെ കുറിച്ചും സാറ ദാസ്ഗുപ്തയോട് കുരുൽക്കർ സംസാരിക്കുന്നുണ്ട്. അഗ്‌നി 6 മിസൈൽ വിക്ഷേപിണിയെ കുറിച്ചും വിവരങ്ങൾ കൈമാറി. മർമ പ്രധാനവും അതീവ രഹസ്യവുമായ സുരക്ഷാ വിവരങ്ങൾ പ്രണയാർദ്രമായി ബേബ് എന്നു വിളിച്ചാണ് കുരുൽക്കർ പങ്കുവച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സാറയിൽ മതിപ്പുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഡിആർഡിഒയുടെ അൺമാൻഡ് കോംബാറ്റ് ഏരിയൽ വെഹിക്കിൾ, ഭാരത് ക്വാഡ് കോപ്റ്റർ, ഇടത്തരം അൺമാൻഡ് ആകാശയാനമായ റുസ്തം എന്നിവയുടെ വിവരങ്ങളാണ് കൈമാറിയത്.

സ്വന്തം ജോലിയെ കുറിച്ച് കുരുൽക്കർ നടത്തിയ ആത്മപ്രശംസയെ കുറിച്ചും 1837 പേജ് വരുന്ന കുറ്റപത്രം പറയുന്നുണ്ട്. അഗ്‌നി 6 വിക്ഷേപിണിയുടെ പരീക്ഷണത്തെ കുറിച്ച് സാറ ചോദിച്ച വേളയിലാണ് കുരുൽക്കർ സ്വന്തത്തെ കുറിച്ച് വാചാലനായത്. 'ബേബി, വിക്ഷേപിണി എന്റെ ഡിസൈനായിരുന്നു. അത് വലിയ വിജയമായി' എന്നാണ് അദ്ദേഹം സന്ദേശമയച്ചത്. 2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയിലായിരുന്നു ഇതുമായി ബന്ധപ്പെട്ട ചാറ്റുകൾ. ഇതിനു പിന്നാലെയാണ് കുരുൽക്കർ അറസ്റ്റിലായത്.

വിവരങ്ങൾ അപ്പപ്പോൾ ലഭിക്കാനായി പാക് ഉദ്യോഗസ്ഥ നിരന്തരം സമ്മർദം ചെലുത്തിയിരുന്നതായും കുറ്റപത്രത്തിലുണ്ട്. 'അഗ്‌നി 6 ന്റെ കാര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണേ. അതിന്റെ പരീക്ഷണം എപ്പോഴാണ്' എന്ന് ഒരു ഘട്ടത്തിൽ ഇവർ ചോദിക്കുന്നുണ്ട്. 'കരേംഗെ, തോഡാ ധീരജ് രഘോ (ചെയ്യും. കുറച്ച് ക്ഷമ കാണിക്കൂ) എന്ന് കുരുൽക്കർ മറുപടി നൽകുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP