Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

വെട്ടികുളങ്ങര ബസിന് മുൻപിൽ സിഐടിയു സമരപന്തൽ; ലോട്ടറി വിൽപ്പന തൊട്ടരികിൽ പൊടിപൊടിക്കുന്നു; കോട്ടയം തിരുവാർപ്പിലെ സമരം പുതിയ തലത്തിലേയ്ക്ക്; ലൈഫ് മിഷന് വേണ്ടി 40 സെന്റ് വസ്തു സൗജന്യമായി നൽകിയ മുൻ സൈനികൻ രാജ്‌മോഹന്റെ അവസ്ഥ ഭയാനകം

വെട്ടികുളങ്ങര ബസിന് മുൻപിൽ സിഐടിയു സമരപന്തൽ; ലോട്ടറി വിൽപ്പന തൊട്ടരികിൽ പൊടിപൊടിക്കുന്നു; കോട്ടയം തിരുവാർപ്പിലെ സമരം പുതിയ തലത്തിലേയ്ക്ക്; ലൈഫ് മിഷന് വേണ്ടി 40 സെന്റ് വസ്തു സൗജന്യമായി നൽകിയ മുൻ സൈനികൻ രാജ്‌മോഹന്റെ അവസ്ഥ ഭയാനകം

സി ആർ ശ്യാം

കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസ് തടഞ്ഞുള്ള സമരം പുതിയ തലത്തിലേയ്ക്ക്. സി. ഐ. ടി. യുവിന്റെ നേതൃത്വത്തിൽ ബസിന് മുൻപിൽ കുടിൽ കെട്ടി. കഞ്ഞിവച്ചാണ് ഇന്ന് രാവിലെ മുതൽ സി. ഐ. ടി. യു. സമരം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ബസിന് മുൻപിൽ കസേരയിട്ട് കോട്ടും സ്യൂട്ടുമണിഞ്ഞ് ലോട്ടറി വിൽപ്പന നടത്തിയ ബസ് ഉടമയ്ക്ക് സ്ഥലം മാറ്റം. ബസിന് സമീപത്തായി തന്നെ ഇരുമ്പു കസേരയിൽ ലോട്ടറി വിൽപ്പന ആരംഭിച്ചിരിക്കുകയാണ് വെട്ടികുളങ്ങര രാജ്‌മോഹൻ കൈമൾ.

സി. ഐ. ടി. യു. കൊടി നാട്ടി ഒരാഴ്‌ച്ച പിന്നിടുമ്പോഴാണ് പുതിയ സമരവുമായി ഇപ്പോൾ രംഗത്തിറിങ്ങിയിരിക്കുന്നത്. കൂലിതർക്കം ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്‌ച്ച രാത്രി കൊടി നാട്ടിയത് സി. ഐ. ടി. യുവിന് തന്നെ തലവേദനയായിരുന്നു. ബസ് ഉടമ ടൈം സ്‌ക്വയർ ലക്കി സെന്റർ എന്ന പേരിൽ നടത്തിയ ഒറ്റയാൻ സമരം കത്തികയറി. സമരം മാത്രമല്ല മാതൃകയായി ലോട്ടറി വിൽപ്പന കൂടി ആരംഭിച്ചാണ് ബസ് ഉടമ സി. ഐ. ടിയുവിന് മറുപടി നൽകിയത്.

രണ്ട് ജീവനക്കാർക്ക് ജോലി നൽകിയിരുന്ന ഒരു സംഭവം എങ്ങനെ പൂട്ടികെട്ടാമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് കോട്ടയം തിരുവാർപ്പിലെ ബസ് സമരം. വേതനം കൂട്ടി ചോദിച്ചതോടെയാണ് ബസ് ഉടമയും തൊഴിലാളിയും തമ്മിൽ തർ്ക്കമാകുന്നത്. കോട്ടയം -തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടികുളങ്ങര എന്ന ബസിന് മൂൻപിലാണ് സി. ഐ. ടി. യു. കൊടി നാട്ടി ബസ് സർവീസ് തടഞ്ഞത്. ഇതോടെ ഒരാഴ്‌ച്ചയായി ബസ് ഓ്ട്ടം നിലച്ചിരിക്കുകയാണ്. ഈ ബസിൽ ജോലി ചെയ്തിരുന്ന മറ്റ് രണ്ട് ജീവനക്കാരുടെയും വരുമാനം നിലച്ചു.

പതാക നാട്ടി പ്രതിഷേധം അറിയിച്ചപ്പോൾ സി. ഐ. ടി. യു. സമരപ്രഹസനത്തിനെതിരെ പ്രതിഷേധവുമായെത്തിയ രാജ്‌മോഹന് പിന്തുണ ലഭിച്ചു. എന്നാൽ ബസിന് മുൻപിൽ വീണ്ടും സമരപന്തൽ ഉയർന്നതോടെ ഉടമ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ലേബർ ഓഫീസിൽ നടന്ന ചർച്ചയിൽ ഇരു കൂട്ടരും വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാകാതെ വന്നതോടെ പ്രശ്നം ഉടനെയൊന്നും തീർപ്പാകാത്ത അവസ്ഥയിലായി. രാജ്‌മോഹനെ സംബന്ധിച്ച് സമരം നീണ്ടു പോയാലും തൽക്കാലം പിടിച്ചു നിൽക്കാൻ ലോട്ടറി വിൽപ്പനയുണ്ട്. സമ്മാനങ്ങളായി അദ്ദേഹത്തിന് ചെിയ വരുമാനവും ലഭിക്കുന്നുണ്ട്. എന്നാൽ ബസിലെ രണ്ട് ജീവനക്കാരുടെ അവസ്ഥ അങ്ങനെയല്ല. മറ്റ് ജോലി നോക്കുക മാത്രമാണ് മാർഗം. ഇതോടെ സാമ്പത്തിക ബുദ്ധിമുട്ടിലുമായിട്ടുണ്ടിവർ.

ഈ സാഹചര്യത്തിലാണ് സി. ഐ. ടി. യു. സമരം കടുപ്പിച്ചത്. സി. ഐ. ടി. യു. പ്രതിഷേധത്തിനെതിരെ ബസ് ഉടമ നടത്തിയ വേറിട്ട പ്രതിഷേധം ഏറെ ശ്രദ്ധേയമായിരുന്നു. ഇത് സി. ഐ. ടി. യുവിന് തന്നെ ചോദ്യ ചിഹ്നമായി മാറുമ്പോഴാണ് സമരത്തിന്റെ രൂപം മാറിയത്. കൂലിതർക്കത്തെ തുടർന്ന് ബസിന്റെ ഓട്ടം തടസ്സപ്പെടുത്തിയ സി. ഐ. ടി. യുവിനെ ഒരു പാഠം പഠിപ്പിക്കുന്നതിനാണ് വേറിട്ട സമരവുമായി ഉടമ തന്നെ രംഗത്തിറങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ കോട്ട്യും സ്യൂട്ടും അണിഞ്ഞ് അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്ത മാതൃകയിലാണ് രാജ്‌മോഹൻ തന്റെ വാഹനത്തിന് മുൻപിൽ ലോട്ടറി കച്ചവടവുമായിരുന്നത്. മുഖ്യമന്ത്രിയെ കളിക്കാകുകയല്ലായിരുന്നു ലക്ഷ്യം. തന്റെ സമരം എത്രയും വേഗത്തിൽ ജനശ്രദ്ധയാകർഷിക്കുകയായിരുന്നു. അതിൽ രാജ്‌മോഹൻ വിജയിക്കുകയും ചെയ്തു.

രാജ്‌മോഹന്റെ വേറിട്ട സമരങ്ങൾ തിരുവാർപ്പുകാർക്ക് പുതുമയല്ല. നെല്ലുസംഭരണം നടക്കാതെ വന്നപ്പോൾ ശവപ്പെട്ടിയിൽ നെല്ലുനിറച്ച് തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരം നടത്തിയിട്ടുണ്ട്. ഒരിക്കൽ ബസിനു മുൻപിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഇത്തവണ സി. ഐ. ടി. യു. കൊടി മാറ്റുന്നതു വരെ ലോട്ടറിക്കച്ചവടം തുടരുമെന്നാണ് രാജ്‌മോഹൻ പറയുന്നത്. ഈ ബസിൽ ഒരു തവണ പോലും ജോലി ചെയ്തിട്ടില്ലാത്ത ജീവനക്കാരൻ കൂലി വർധന ആവശ്യപ്പെട്ടതാണ് സമരത്തിന് കാരണം. എന്നാൽ മാന്യമായ കൂലിയാണ് താൻ നൽകുന്നതെന്നും ഒരു രൂപ പോലും നിലവിൽ വർധിപ്പിക്കില്ലെന്നും ബസ് നിലപാടെടുത്തു. ഇതേ ശമ്പളത്തിൽ മറ്റ് രണ്ട് ബസുകളിലെയും ജീവനക്കാർ ജോലി തുടരുകുയും ചെയ്യുന്നുണ്ട്. എന്നാൽ ആ ബസുകൾ ഇപ്പോൾ നഷ്ടത്തിലാണ് ഓടുന്നത്. തടഞ്ഞിട്ടിരിക്കുന്ന ബസിന്റെ വരുമാനത്തിൽ നിന്നാണ് മറ്റ് രണ്ട് സർവീസുകളും മുൻപോട്ട് കൊണ്ടു പോയിരുന്നത്.

സൈനിക സേവനത്തിന് ശേഷമാണ് നാട്ടിൽ സ്വന്തമായി ബിസിനസ് എന്ന ലക്ഷ്യവുമായി ബസുകൾ വാങ്ങിയത്. നഷ്ടത്തിലാകുമെന്ന് അറിയാമെങ്കിലും കുറച്ചു പേർക്ക് തൊഴിൽ ലഭിക്കുമെന്നതിനാൽ മൂന്ന് ബസുകൾ വാങ്ങി. സൈനിക സേവനത്തിന് ശേഷം മുംബൈ ആസ്ഥാനമായ ഒരു കമ്പനിയിൽ 14 ലക്ഷം രൂപ ശമ്പളത്തിനാണ് ജോലി ചെയ്തത്. പിന്നീടാണ് നാട്ടിൽ വന്ന സെറ്റ് ആയത്. റോഡരികിൽ തന്നെയുള്ള 40 സെന്റ് വസ്തു വീടില്ലാത്താവർക്ക് വേണ്ടി ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിന് പഞ്ചായത്ത് മുഖേന ഇദ്ദേഹം സൗജന്യമായി നൽകിയിരുന്നു.

12 ാം വാർഡിൽ അംഗൻവാടി നിർമ്മിക്കുന്നതിന് അഞ്ച് സെന്റ് സ്ഥലം ആറു മാസങ്ങൾക്ക് മുൻപാണ് സൗജന്യമായി ഇദ്ദേഹം വിട്ടു നൽകിയത്. ബി. ജെ. പി. കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ് രാജ്‌മോഹൻ. സമരം രാഷ്ട്രീയ പ്രേരിതമെന്നും അഭിപ്രായമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP