Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

കാൽനൂറ്റാണ്ട് വിചാരണ നടത്തിയിട്ടും ഒന്നുമാവാത്ത പാമോയിൽ കേസ്; 33 തവണ മാറ്റിയ പിണറായി ആരോപിതനായ ലാവലിൻ കേസ്; ഒലിച്ചുപോയ സോളാറും ബാർ കോഴയും; ഒന്നുമാവാതെ സ്വപ്നയും സ്വർണ്ണക്കടത്തും; ഇപ്പോൾ സതീശനും സുധാകരനുമെതിരെയും കേസ്; കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥ

കാൽനൂറ്റാണ്ട് വിചാരണ നടത്തിയിട്ടും ഒന്നുമാവാത്ത പാമോയിൽ കേസ്; 33 തവണ മാറ്റിയ പിണറായി ആരോപിതനായ ലാവലിൻ കേസ്; ഒലിച്ചുപോയ സോളാറും ബാർ കോഴയും; ഒന്നുമാവാതെ സ്വപ്നയും സ്വർണ്ണക്കടത്തും; ഇപ്പോൾ സതീശനും സുധാകരനുമെതിരെയും കേസ്; കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥ

എം റിജു

നാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം എന്ന് പറയുന്നത് വിമർശിക്കാനുള്ള സ്വാതന്ത്ര്യമാണ് എന്നാണ് പറയുക. വിമർശനത്തെ മറുപടികൊണ്ട് നേരിടുകയാണ് ക്രിയാത്മക രാഷ്ട്രീയം. പക്ഷേ നമ്മുടെ നാട്ടിൽ നടക്കുന്നതെന്താണ്. വിമർശിക്കുന്നവർക്കെതിരെ കള്ളക്കേസിൽ കുടുക്കുക. മുമ്പ് അധികാരത്തിലുള്ള രാഷ്ട്രീയക്കാർ അങ്ങോട്ടുമിങ്ങോട്ടുമാണ് കള്ളക്കേസ് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ അത് മാധ്യമങ്ങളിലേക്ക് കടന്നുവരുന്നു. മറുനാടൻ മലയാളിയടക്കമുള്ള സർക്കാറിനെ വിമർശിക്കുന്ന ചാനലുകളുടെ വായ്മൂടിക്കെട്ടാനുള്ള ആസുത്രിത്ര ശ്രമം നടക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ മുമ്പുണ്ടായിരുന്ന, കോളിളക്കം സൃഷ്ടിച്ച കേസുകളിലേക്ക് ഒന്ന് തിരുഞ്ഞുനോക്കാം. കോടികൾ ചെലവിട്ട് കേസ് നടത്തിയിട്ടും ഇതിന്റെയൊക്കെ ഫലം എന്താണ്. ഇടമലയാർ കേസിൽ ഒരു ബാലകൃഷ്ണപ്പിള്ളയെ ശിക്ഷ കിട്ടിയെന്നല്ലാതെ നാളിതുവരെ ഒരു രാഷ്ട്രീയക്കാരനും, കേരളത്തിൽനിന്ന് ശിക്ഷക്കപ്പെട്ടില്ല. പൊലീസും, വിജിലൻസും, അന്നത്തെ രാഷ്ട്രീയ താൽപ്പര്യം അനുസരിച്ച് തയ്യാറാക്കുന്ന മിക്ക കേസുകളും കോടതി വലിച്ചെറിഞ്ഞ ചരിത്രമാണുള്ളത്.

പിന്നെ, എന്നും ഇരക്ക് ഒപ്പം നിന്ന പാരമ്പര്യവും നമുക്കില്ല. ഇന്ത്യയിലെ,കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും മത-ജാതി-സമുദായ സംഘടനകളും എന്നും എപ്പോഴും തങ്ങളുടെ കൂട്ടത്തിലുള്ള ശക്തനായ വേട്ടക്കാരനൊപ്പമാണ് ചേർന്നുനിന്നിട്ടുള്ളത്.
സൂര്യനെല്ലി പെൺകുട്ടി ഒരു വലിയ നേതാവിന്റെ പേര് പറഞ്ഞപ്പോൾ കോൺഗ്രസും യുഡിഎഫും ഇരയെ തള്ളിപ്പറഞ്ഞു. പി സി ജോർജ് അടക്കമുള്ളവർ അതിമ്ളേച്ഛമായ ഭാഷയിൽ പെൺകുട്ടിയെ പരസ്യമായി അധിക്ഷേപിച്ചു. ഐസ്‌ക്രീകേസിൽപെട്ട കുഞ്ഞാലിക്കുട്ടിയെ ആർപ്പുവിളികളോടെയാണ് ലീഗ് അണികൾ ചുമലിലേറ്റിയത്. എതിർമുന്നണിയിൽ നിന്ന് ലീഗിനെ അടർത്തിയെടുക്കാൻ ഇടത് സർക്കാർ തന്നെ കേസ് കുഴിവെട്ടി മൂടുകയും ചെയ്തു. ലോകചരിത്രത്തിൽ പോലും ഇങ്ങനെയൊരു വിചിത്രമായ ഒത്തുതീർപ്പ് അപൂർവമാണ്. കണ്ണൂരിൽ ജില്ലാ സെക്രട്ടറി പി ശശിക്കെതിരെ പരാതി വന്നപ്പോൾ സുഖചികിത്സയ്ക്ക് പോകാൻ നേതാവിന് അവധി അനുവദിച്ചു നൽകി. ആദ്യം നടപടിയുണ്ടായെങ്കിലും പിന്നീട് അദ്ദേഹം പൂർവാധികം ശക്തനായി തിരിച്ചെത്തി.

ആക്രമിക്കപ്പെട്ട നടിയെ തള്ളി പ്രബലനായ നായകനുവേണ്ടി പ്രാർത്ഥനായജ്ഞം നടത്തുന്നവരാണ് സിനിമാക്കാരുടെ സംഘടനയായ അമ്മ. കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒരു കത്തോലിക്കാ പുരോഹിതനിൽ നിന്ന് ഗർഭിണിയായപ്പോൾ, അതിന്റെ ഉത്തരവാദിത്വം ആ പെൺകുട്ടിയുടെ പിതാവിന്റെ ചുമലിൽ അടിച്ചേൽപ്പിക്കുകയാണ് സഭ ചെയ്തത്. അതായത് ഇത്തരം കേസുകളിലുടെ കണ്ണോടിക്കുമ്പോൾ കേരളത്തിന്റെ പ്രബുദ്ധത വെറും വ്യാജമാണെന്ന് നമുക്ക് മനസ്സിലാവും. അതുപോലെ കേരളം നേരിട്ട അഴിമതി ആരോപണങ്ങളുടെയും കുംഭകോണങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ നാം ഞെട്ടും. മലപോലെ വന്ന മിക്ക കേസുകളും പിന്നീട് ആവിയാവുകയാണ് ഉണ്ടായത്.

ആന്ധ്ര അരി കുംഭകോണം തൊട്ട്

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ കുംഭകോണമെന്ന നിലയിൽ ഏറെ പ്രശസ്തമാണ് ആന്ധ്ര അരി കുംഭകോണം. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാറിനെ പിടിച്ചുലച്ച വിവാദം. 1957ൽ ഇ.എം.എസ്. മന്ത്രിസഭ അധികാരം ഏറ്റെടുത്ത സമയത്തു് അരിക്ഷാമവും വിലക്കയറ്റവും നിയന്ത്രണാതീതമായിത്തുടങ്ങി. ആവശ്യത്തിന് അരി കിട്ടാനില്ലാതായതോടെ ന്യായവിലഷോപ്പുകളിലൂടെയുള്ള അരിവിതരണം നിലച്ചു. മറ്റു കടകളിൽ മുമ്പെങ്ങുമില്ലാത്ത വിധം അരിവില വർദ്ധിച്ചു. 'അരിയെവിടെ? തുണിയെവിടെ? പറയൂ പറയൂ നമ്പൂരീ' എന്നായിരുന്നു അക്കാലത്ത് പ്രചരിച്ചുവന്ന ഒരു മുദ്രാവാക്യം. അരിക്ഷാമം മൂലമുണ്ടായ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ മക്രോണിയുടെ ഉപയോഗം പ്രചരിപ്പിക്കുക എന്നതായിരുന്നു ഒരു താൽക്കാലിക പോംവഴിയായി ഭക്ഷ്യമന്ത്രി കെ.സി. ജോർജ്ജ് നിർദ്ദേശിച്ചത്. ജനങ്ങൾക്കു് തീരെ പരിചയമില്ലാതിരുന്ന ഈ പുതിയ ഭക്ഷണപദാർത്ഥത്തെ രാഷ്ട്രീയ എതിരാളികൾ തികഞ്ഞ പരിഹാസത്തോടെയാണ് എതിരേറ്റത്. ആലപ്പുഴയിലെ ഒരു കയർ ഫാക്ടറി തൊഴിലാളിയായിരുന്ന രാജൻ എന്ന മുൻ കമ്യൂണിസ്റ്റു് അനുഭാവി പാർട്ടിയുടെ നയങ്ങളിൽ രോഷം പൂണ്ട് 'ഭഗവാൻ മക്രോണി' എന്ന പേരിൽ ഒരു കഥാപ്രസംഗം എഴുതി അവതരിപ്പിച്ചുതുടങ്ങി. പത്രങ്ങളും പ്രതിപക്ഷവും ഇതേറ്റുപിടിച്ച് സംസ്ഥാനമാകെ പ്രചരിപ്പിച്ചു.

എകെജി നിർദ്ദേശപ്രകാരം, ഈ പ്രതിസന്ധി മറികടക്കാൻ 5000 ടൺ അരി നേരിട്ട് അരി ആന്ധ്രയിൽനിന്ന് ഇറക്കുമതി ചെയ്യാനും ന്യായവിലഷോപ്പുകളിലൂടെ അതു വിതരണം ചെയ്യാനും തീരുമാനിച്ചു. മദ്രാസ്സിലുള്ള ഒരു മൊത്തവ്യാപാരസ്ഥാപനമായ 'മെസ്സേഴ്സ് ടി. ശ്രീരാമുലു, പി. സൂര്യനാരായണ & കൊ.' എന്ന സ്ഥാപനവുമായി ഭക്ഷ്യവകുപ്പ് ഉടനടി കരാറിലെത്തി. നിയമാനുസൃതം പതിവുള്ളതുപോലെ ദർഘാസ് ടെണ്ടർ വിളിക്കാനോ കുറഞ്ഞ വിലയ്ക്കു് കരാർ ഉറപ്പിക്കാനോ കാത്തുനിൽക്കാതെയാണു് ഈ ഇടപാട് തീർച്ചപ്പെടുത്തിയത്.

ഉടൻതന്നെ വ്യാപകമായ അഴിമതിയാരോപണങ്ങൾ ഉയർന്നു. മദ്രാസ്സിലെ ഏജന്റായ കമ്പനിയുടെ മാനേജർ ഒരു മുൻകമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നുവെന്നും കരാറിലെ നിബന്ധനകൾ അയാൾക്കു് ഗുണകരമായി എഴുതിയവയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. വിപണിവിലയേക്കാൾ കൂടിയ നിരക്കിലാണു് കരാർ ഉറപ്പിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആന്ധ്രയിലെ കമ്യൂണിസ്റ്റ് പാർട്ടി ഘടകത്തിന് തെരഞ്ഞെടുപ്പു ചെലവിന്റെ കടങ്ങൾ വീട്ടാൻ കൈക്കൂലിയായാണു് ഈ അധികത്തുക ചെലവിട്ടതെന്ന് കോൺഗ്രസ്സ് ആരോപിച്ചു. തുടക്കത്തിൽ 1.6 ലക്ഷം രൂപയെന്നും പിന്നീട് 16.5 ലക്ഷം എന്നും ഈ തുക വിലയിരുത്തപ്പെട്ടു. കോൺഗ്രസ്സ് എംഎ‍ൽഎ.യായിരുന്ന ടി.ഒ. ബാവ നിയമസഭയിൽ കരാറിന്റെ വിശദാംശങ്ങൾ സഹിതം മന്ത്രിസഭയെ വെല്ലുവിളിച്ചു.

മലയാളം പത്രങ്ങൾ ഈ അഴിമതിവാർത്ത വമ്പിച്ച പ്രാധാന്യത്തോടെ കൊണ്ടാടി. മനോരമ, മാതൃഭൂമി, ദീപിക എന്നീ പത്രങ്ങൾ ഒരു വശത്തും ദേശാഭിമാനി, ജനയുഗം എന്നിവ മറുവശത്തും അണിനിരന്നുകൊണ്ടു് ഒരു മാധ്യമയുദ്ധം തന്നെ പൊട്ടിപ്പുറപ്പെട്ടു. 1958 ഫെബ്രുവരി 12നു് ഇറങ്ങിയ മനോരമയിൽ 'ആന്ധ്ര അരി കുംഭകോണം' എന്ന വമ്പൻ തലക്കെട്ടിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു. വമ്പിച്ച പ്രതിഷേധത്തെത്തുടർന്ന് ഹൈക്കോടതി ന്യായാധിപനായിരുന്ന ജസ്റ്റിസ് രാമൻനായർ കമ്മീഷൻ ഈ ഇടപാട് അന്വേഷിക്കാൻ തുടങ്ങി. ഈ അരി ഇടപാടിൽ സംസ്ഥാനത്തിനു ഭയങ്കരമായ നഷ്ടം നേരിട്ടു എന്ന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും, ഈ റിപ്പോർട്ട് സർക്കാർ തള്ളിക്കളയുകയായിരുന്നു. കേരളം ഭക്ഷ്യക്ഷാമം നേരിടുന്ന ഒരു സംസ്ഥാനമായിരുന്നു. പൊതു ടെൻഡർ വിളിച്ച് അരി വാങ്ങാനുള്ള നടപടി തുടങ്ങിയാൽ അക്കൊല്ലത്തെ ഓണക്കാലം വളരെ ബുദ്ധിമുട്ടിലാകും, അതുകൊണ്ടാണ് സ്വകാര്യ കച്ചവടക്കാരനിൽ നിന്നും അരിവാങ്ങാനുള്ള തീരുമാനമെടുത്തത് എന്നുമാണ് ഈ റിപ്പോർട്ട് സ്വീകരിക്കാതിരിക്കാൻ സർക്കാർ നൽകിയ വിശദീകരണം. അങ്ങനെ കേരളത്തിലെ ആദ്യ അഴിമതി ആരോപണം ആവിയായി.

പാമോയിലിൽ തിളച്ച കേരളം

തുടർന്ന് കേരളത്തിൽ ചെറുതും വലുതുമായ അഴിമതിക്കേസുകൾ നിരവധി ഉണ്ടായെങ്കിലും ഒരു നാടിനെ മൊത്തത്തിൽ പിടിച്ചുകുലുക്കി കേസായിരുന്നു പാമോയിൽ. 'പാമോയിൽ, പാമോയിൽ, കേരളമാകെ പാമോയിൽ..' എന്നായിരുന്നു അക്കാലത്ത് എൽഡിഎഫിന്റെ പ്രധാന മുദ്രാവാക്യം.

1991-92-കാലഘട്ടത്തിൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പവർ ആൻഡ് എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയിൽ ഇറക്കുമതി ചെയ്തതിൽ അഴിമതികൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഈ കേസ്. മുൻ ചീഫ് വിജിലൻസ് കമ്മിഷണറായിരുന്ന പി. ജെ. തോമസ് ആയിരുന്നു അക്കാലത്ത് കേരളത്തിലെ സിവിൽ സപ്ളൈസ് സെക്രട്ടറി. ഈ കേസിൽ എട്ടാം പ്രതിയായിരുന്ന അദ്ദേഹം ചീഫ് വിജിലൻസ് കമ്മിഷണറായി തുടരുന്നത് അനുചിതമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് അദ്ദേഹം 2011 മാർച്ചിൽ തൽസ്ഥാനം രാജി വയ്ക്കുകയുണ്ടായി.

അന്താരാഷ്ട്ര മാർക്കറ്റിൽ പാമോയിലിന്റെ വില ടണ്ണിനു 392.25 ഡോളറായിരുന്ന അക്കാലത്ത് ടണ്ണിനു 405 ഡോളർ എന്ന നിരക്കിൽ 15,000 ടൺ പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള ഓർഡർ പുറപ്പെടുവിക്കുകയായിരുന്നു. ഈ ഓർഡർ അന്നത്തെ ക്യാബിനറ്റിന്റെ അംഗീകാരത്തോടുകൂടി കൂടി പുറപ്പെടുവിച്ചതാണെന്നതാണ് കേസിലെ പ്രധാന ആരോപണം.

ഈ കേസിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കരുണാകരനും മറ്റ് ഏഴുപേർക്കും ചാർജ്ജ് ഷീറ്റ് നൽകി. ജസ്റ്റിസ് പി. കെ. ബാലചന്ദ്രനു മുൻപിൽ നൽകിയ ചാർജ്ജ് ഷീറ്റിൽ പാമോയിൽ കൂടിയ വിലൃക്ക് ഇറക്കുമതി ചെയ്ത വകയിൽ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും ഇതിൽ കുറ്റകരമായ ഗൂഢാലോചന ഉള്ളതായും സംസ്ഥാന വിജിലൻസ് ആരോപിച്ചു.

ഡിസംബർ 2010 ൽ കെ .കരുണാകരന്റെ മരണശേഷം സുപ്രീം കോടതി അദ്ദേഹത്തിനെതിരായുള്ള നടപടിക്രമങ്ങൾ കേസിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. മാറി വരുന്ന സർക്കാരുകൾ ഈ കേസിനു നേരെ സ്വീകരിച്ച നയങ്ങൾ വ്യത്യസ്തമായിരുന്നു. എ.കെ. ആന്റണി മന്ത്രിസഭ കേസ് പിൻവലിക്കുവാൻ താല്പര്യപ്പെട്ടു എങ്കിലും വി എസ്. അച്യുതാനന്ദൻ മന്ത്രിസഭ കേസ് തുടരുവാൻ താല്പര്യപ്പെട്ടു.തുടർന്ന് കേസ് 2011 മാർച്ചിൽ വീണ്ടും പരിഗണിക്കുകയും 2011 ഓഗസ്റ്റിൽ കേരള മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കേസിലെ പുനരന്വേഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. കേസ് ഇപ്പോഴും കോടതിയിലാണ്. പൊതുഖജനാവിൽനിന്ന് കോടികൾ ഇറക്കിയിട്ടും ഇതുവരെ ഒരു പ്രതിയെയും ശിക്ഷിക്കാൻ കഴിഞ്ഞിട്ടല്ല.

ശിക്ഷിക്കപ്പെട്ടത് പിള്ള മാത്രം

കേരളത്തിലെ അഴിമതിക്കേസുകളുടെ ചരിത്രം നോക്കിയാൽ അതിൽ കേരളാ കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണപ്പിള്ളയല്ലാതെ ഇന്നുവരെ ഒരു രാഷ്ട്രീയക്കാരനും ശിക്ഷക്കപ്പെട്ടിട്ടില്ല. ഇരുപത്തിയഞ്ചു വർഷത്തോളം നീണ്ട കേസിന് ഒടുവിയാണ് ഇടമലയാർ അഴിമതി കേസിൽ പിള്ള ശിക്ഷിക്കപ്പെടുന്നത്.

ഇടമലയാർ ടണൽ പരീക്ഷണാർഥം പ്രവർത്തിപ്പിച്ചപ്പോൾ 1985 ജൂലായ് 7ന് ചോർച്ച കണ്ടതിനെ തുടർന്ന് നിർമ്മാണത്തിൽ ക്രമക്കേടുകൾ ഉണ്ടായി എന്ന ആരോപണം ഉയർന്നു. പ്രതികളായ മുൻ മന്ത്രി ബാലകൃഷ്ണ പിള്ളയും മറ്റും ഇടമലയാർ ടണൽ നിർമ്മാണത്തിനു നൽകിയ ടെൻഡറിൽ ക്രമക്കേടുകൾ നടത്തി മൂന്നു കോടിയിൽപ്പരം രൂപ സർക്കാരിന് നഷ്ടമുണ്ടാക്കി എന്നും ഇതിനായി ഗൂഢാലോചനയും വിശ്വാസവഞ്ചനയും കാണിച്ചു എന്നുമായിരുന്നു വിജിലൻസ് കണ്ടെത്തൽ. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനായി അന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന കെ. സുകുമാരൻ അദ്ധ്യക്ഷനായി ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ചു. കമ്മീഷൻ 1988 ജൂൺ 10 ന് സർക്കാരിന് റിപ്പോർട്ട് നൽകി. കമ്മീഷന്റെ ശുപാർശയെ തുടർന്ന് പ്രത്യേക വിജിലൻസ് സംഘം രൂപീകരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ഇതിനായി കൊച്ചിയിൽ ഇടമലയാർ പ്രത്യേക കോടതിയും സ്ഥാപിച്ചു.

മന്ത്രിയായിരുന്ന പിള്ളയും മുൻ ബോർഡ് ചെയർമാന്മാരായിരുന്ന ഗണേശ പിള്ളയും രാമചന്ദ്രൻ നായരും അധികാര ദുർവിനിയോഗം നടത്തിയത് അന്വേഷിക്കാൻ കമ്മീഷൻ ശുപാർശ ചെയ്തു.പ്രത്യേക വിജിലൻസ് സംഘം 1990 ഡിസംബർ 14ന് കൊച്ചിയിലെ ഇടമലയാർ പ്രത്യേക കോടതിയിൽ 22 പേരെ പ്രതി ചേർത്ത് കുറ്റപത്രം നൽകി. പ്രാരംഭ വാദത്തിനുശേഷം അക്കാലത്ത് മരിച്ചുപോയവരെയും മറ്റു ചിലരെയും ഒഴിവാക്കി മുന്മന്ത്രി പിള്ള ഉൾപ്പെടെ 11 പ്രതികൾ ബാക്കിയായി.വിചാരണ ആരംഭിക്കാൻ നിരവധി തടസ്സങ്ങൾ ഉണ്ടായി. കുറ്റപത്രം റദ്ദാക്കാൻ പിള്ള ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയെയും സുപ്രീംകോടതിയെയുമൊക്കെ സമീപിച്ചു. ഭരണഘടനാ പ്രശ്‌നങ്ങളായിരുന്നു കൂടുതലും. ഒടുവിൽ തടസ്സങ്ങൾ നീങ്ങി 1997-ൽ വിചാരണ തുടങ്ങി.

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പല ഘട്ടങ്ങളിലായി ജൂനിയർ അഭിഭാഷകർ മുതൽ സുപ്രീം കോടതിയിലെ പ്രമുഖ ഭരണഘടനാ വിദഗ്ദ്ധരും നിയമജ്ഞരുമായ എഫ്.എസ്. നരിമാൻ, പി.പി. റാവു, ജി. രാമസ്വാമി, അൽത്താഫ് അഹമ്മദ് , കപിൽ സിബൽ തുടങ്ങിയ പ്രമുഖർ അണിനിരന്നു. ജസ്റ്റിസുമാരായ എസ്‌പി. ബറൂച്ച, ആർ .സി. ലഹോട്ടി, എം.ബി. ഷാ, ജെ.എസ്. വർമ, ബി.പി. ജീവൻ റെഡ്ഡി എന്നിവർ പലപ്പോഴായി വിധികൾ എഴുതി. ഈ കേസിൽ സുപ്രീംകോടതി ജഡ്ജിമാർ എഴുതിയ വിധികൾ നിരവധി നിയമഗ്രന്ഥങ്ങളിൽ സ്ഥാനംപിടിച്ചു.

ഈ കേസ്സിൽ മുൻ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പു മന്ത്രി ആർ ബാലകൃഷ്ണപിള്ള, വൈദ്യുതി ബോർഡ് മുൻ അധ്യക്ഷൻ ആർ. രാമഭദ്രൻനായർ, കരാറുകാരനായിരുന്ന പി. കെ. സജീവൻ എന്നിവർ കുറ്റക്കരെന്നു സുപ്രീം കോടതി കണ്ടെത്തി. ഇവർക്ക് ഒരു വർഷത്തെ തടവും 10000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. 2011 ഫെബ്രുവരി 18 കേസിലെ പ്രതികളായ ആർ.ബാലകൃഷ്ണപിള്ള പി.കെ. സജീവൻ എന്നിവർ ഇടമലയാർ പ്രത്യാക കോടതിയിൽ കീഴടങ്ങി. അന്ന് പിള്ളക്കെതിരെ ചന്ദ്രഹാസമിളക്കിയ അതേ ഇടതുമുന്നണിയുടെ ഭാഗമായി പിന്നെ പിള്ളമാറുന്നതും, കാബിനറ്റ് പദവിയുടെ മുന്നോക്ക കമ്മീഷൻ ചെയർമാൻ ആവുന്നതുമൊക്കെ കേരളം പിന്നീട് കണ്ടു.

കരുണാകരനെ കുടുക്കിയ ചാരക്കേസ്

രാജൻ കേസിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതും, കേരളം മുഴുവൻ കൊലപാതകിയെന്ന് വിളിക്കുകയം ചെയ്തിട്ടും, തിരിച്ചുവന്ന ചരിത്രമാണ് കെ കരുണാകരന് ഉള്ളത്. പക്ഷേ കോളിളക്കം സൃഷ്ടിച്ച ചാരക്കേസിൽ പ്രതിയായിട്ടില്ലെങ്കിലും, രാഷ്ട്രീയ ഗുഢാലോചനയിൽപെട്ട് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. തിരുവനന്തപുരം ഐ.എസ്.ആർ.ഒ യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം.

കുറ്റാരോപിതർക്കെതിരായ അതിരുവിട്ട മാധ്യമ വിചാരണയുടെ തെളിവായി ഇന്ന് ഈ കേസ് വിലയിരുത്തപ്പെടുന്നൂ. അന്ന് മനോരമയൊക്കെ മറിയം റഷീദക്കും, നമ്പിനാരായണനും എതിരെ എഴുതിയ നുണകൾക്ക് കൈയും കണക്കുമില്ല. കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടുവെങ്കിലും പിന്നീട് നടന്ന സിബിഐ. ആന്വേഷണത്തിൽ കേസ് എഴുതിത്ത്ത്തള്ളി. നമ്പി നാരായണന് പത്തുലക്ഷം രൂപ നഷ്ടപരിഹാരവും കൊടുക്കേണ്ടി വന്നു. ഇന്ത്യയിലെ ഒരു വിഖ്യാത ശാസ്ത്രജ്ഞനെ ചാരനാക്കി മാറ്റിയെതിന്റെ പാപക്കറയിൽനിന്ന് കൈകഴുകാൻ ആർക്കും കഴിയില്ല.

അന്ന് ഡിജിപിയായിരുന്നു രമൺശ്രീവാസ്തവയെ രക്ഷിക്കാൻ ശ്രമിച്ചു എന്നതിന്റെ പേരിൽ, മുഖ്യമന്ത്രി കെ കരുണാകരനെതിരെ സ്വന്തം പാർട്ടിക്കാർ ചാരക്കേസ് കുത്തിപ്പൊക്കി പ്രതിഛായ തകർത്തിരുന്നു. അന്ന് അതിന് നേതൃത്വം കൊടുത്ത ഉമ്മൻ ചാണ്ടി അടക്കമുള്ളവർ അതിലും വലിയ കേസുകളിൽ പിന്നീട് പെട്ടുവെന്നതും, കാലത്തിന്റെ കാവ്യനീതി.

33 തവണ മാറ്റിയ ലാവലിൻ

നാളിതുവരെയുള്ള കമ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ പിണറായി വിജയനെപ്പോലെ ഇത്രയും വലിയ ആരോപണം ഉണ്ടായ ഒരു പാർട്ടി സെക്രട്ടറി ഉണ്ടായിരുന്നില്ല. 650 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്നൊക്കെയായി ആരോപണങ്ങൾ. 2001-ൽ യു.ഡി.എഫ്. എംഎ‍ൽഎ.മാരുടെ ആരോപണമായി ഉയർന്ന്, പലതല അന്വേഷണത്തിലേക്കുമാറിയ കേസ് ഇന്നും തുടരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട കേസ് എന്ന നിലയിലാണ് ഇത് രാഷ്ട്രീയചർച്ചയ്ക്ക് ചൂടും ചൂരും പകരുന്നത്. 2016-ൽ നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ഉമ്മൻ ചാണ്ടി സർക്കാർ ലാവലിൻ കേസ് സി.ബി.ണ്ടഐ.യ്ക്ക് വിട്ടത്. ഒടുവിൽ സിബിഐ. അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അതിൽ ഒമ്പതാം പ്രതിയായി.

പക്ഷേ, 2013 നവംബറിൽ പിണറായി വിജയനെ സിബിഐ. പ്രത്യേക കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതിനെതിരേയുള്ള ഹർജിയാണ് പുതിയ കാലത്തെ രാഷ്ട്രീയായുധമായി മാറുന്നത്. ഈ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 33 തവണയാണ് മാറ്റിയത്. കേന്ദ്രവുമായുള്ള ഒത്തുകളിയുടെ പകർപ്പായിട്ടാണ് ലാവലിൻ കേസിനെ യു.ഡി.എഫ്. ഇന്ന് ഉപയോഗിക്കുന്നത്. പക്ഷേ, പതിറ്റാണ്ടിനിപ്പുറവും ലാവലിൻ കേസ് രാഷ്ട്രീയയുദ്ധത്തിൽ ആയുധമായി നിൽക്കുന്നുവെന്നതിനപ്പുറം ഒന്നും ഈ കേസിൽ സംഭവിച്ചിട്ടില്ല.

ഇപ്പോൾ ഇതിന്റെ കണക്ക് എടുത്താൽ പൊതുഖജനാവിൽനിന്ന് എത്രലക്ഷം രൂപയായിരിക്കും, ഈ കേസിനായി ചെലവിട്ടത്. എന്തുകൊണ്ടാണ് ഈ കേസ് 33 തവണ മാറ്റിവെച്ചത്. കോടതിപോലും ആരെയെങ്കിലും പേടിപ്പിക്കുന്നുണ്ടോ. ഇത്തരം ഗൗരവമായ വിഷയങ്ങൾ ലാവലിൻ കേസ് ഇപ്പോഴും ഉയർത്തുന്നുണ്ട്.

സോളാറും ബാർ കോഴയും

ഉമ്മൻ ചാണ്ടിക്ക് വ്യക്തിപരമായും അദ്ദേഹത്തിന്റെ സർക്കാരിനും യു.ഡി.എഫ്. നേതാക്കൾക്കും അലോസരംമാത്രമല്ല, ഉറക്കമില്ലാത്ത ദിനങ്ങളും സമ്മാനിച്ച കേസാണ് സോളാർ അഴിമതി. ഒരു അഴിമതിക്കേസ് എന്നതിനപ്പുറം ലൈംഗികാരോപണകഥകൾകൂടി ഉൾപ്പെട്ടതോടെ ഈ കേസ് സമീപകാല കേരളചരിത്രത്തിൽ ഏറ്റവും ചർച്ചയായ ഒന്നായി. 2016-ൽ യു.ഡി.എഫിൽനിന്ന് ഇടതുപക്ഷത്തേക്ക് അധികാരം മാറുന്നതിന്റെ ഒരു പ്രധാനഘടകം സോളാർക്കേസായിരുന്നു. പിന്നീടും ഈ കേസ് രാഷ്ട്രീയായുധമായി പിണറായി സർക്കാർ നന്നായി ഉപയോഗിച്ചു.

വേങ്ങര ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഉമ്മൻ ചാണ്ടിയെ പ്രതിയാക്കി കേസെടുക്കാൻ സർക്കാർ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിനുശേഷം ഒന്നും സംഭവിച്ചില്ല. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സോളാർകേസ് സർക്കാർ സിബിഐ. അന്വേഷണത്തിന് വിട്ടു. പ്രതിക്കൂട്ടിലായിരുന്ന യു.ഡി.എഫ്. നേതാക്കളെല്ലാം കുറ്റവിമുക്തരാകുന്നതാണ് സിബിഐ. അന്വേഷണത്തിനൊടുവിൽ ഉണ്ടായത്. ഇപ്പോൾ ആ കേസിന്റെ പിന്നണിയിൽനടന്ന കാര്യങ്ങൾ വെളിപ്പെടുത്തലായി പുറത്തുവരുന്ന ഘട്ടമാണ്. ഉമ്മൻ ചാണ്ടി രാജിവെക്കണമെന്ന ഒറ്റമുദ്രാവാക്യം ഉയർത്തി എൽ.ഡി.എഫ്. നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതോടെ പിൻവലിച്ചതിനുപിന്നിൽ ഒത്തുതീർപ്പ് നടന്നുവെന്നാണ് സിപിഐ. നേതാവ് സി ദിവാകരൻ വെളിപ്പെടുത്തിയത്. ജുഡീഷ്യൽ അന്വേഷണക്കമ്മിഷന്റെ പ്രവർത്തനത്തെപ്പോലും അദ്ദേഹം സംശയത്തിന്റെ നിഴലിൽനിർത്തി. കേസന്വേഷണത്തിൽ സംഭവിച്ച കാര്യങ്ങൾ മുൻ ഡി.ജി.പി. ഹേമചന്ദ്രനും വെളിപ്പെടുത്തി. സോളാർക്കേസ് അതിലെ അഴിമതി കണ്ടെത്തുന്നതിനെക്കാൾ രാഷ്ട്രീയനേട്ടത്തിനുള്ള ആയുധമാക്കിയെന്നതാണ് ഒടുവിൽ ബോധ്യപ്പെടുന്ന വസ്തുത.

ഇടതുപക്ഷം കത്തിച്ചുനിർത്തിയ ബാർകോഴക്കേസിൽ കേരള കോൺഗ്രസിന്റെ മുന്നണിമാറ്റത്തോടെ ആരോപണവിധേയർ വിശുദ്ധരാക്കപ്പെടുന്ന കാഴ്ചയും കേരളം കണ്ടു. ബാർ ലൈസൻസ് പുതുക്കുന്നതിന് കെ.എം. മാണി രണ്ടുകോടിരൂപ കോഴവാങ്ങിയെന്ന, ബാറുടമയായ ബിജു രമേശിന്റെ ആരോപണത്തെത്തുടർന്നാണ് ഈ കേസുണ്ടാകുന്നത്. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ഇടതുപക്ഷാംഗങ്ങൾ നിയമസഭയിൽ അതിക്രമംവരെനടത്തി. ഒട്ടേറെ നാശനഷ്ടം നിയമസഭയിലുണ്ടായി. അന്ന് യു.ഡി.എഫ്. അംഗങ്ങൾ ആൾക്കവചം തീർത്ത് മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിച്ചു. പക്ഷേ, ഹൈക്കോടതിയിൽനിന്നുണ്ടായ പരാമർശത്തെത്തുടർന്ന് മാണി മന്ത്രിസ്ഥാനം രാജിവെച്ചു. അദ്ദേഹം മരിച്ചതോടെ ആ കേസുതന്നെ അപ്രസക്തമായി. പിന്നാലെ മാണിയുടെ പാർട്ടിയായ കേരള കോൺഗ്രസ് ഇടതുപക്ഷത്തെത്തി. പഴയ ആരോപണങ്ങളൊന്നും പിന്നീട് ഇടതുപക്ഷം കേട്ടതായിപ്പോലും ഭാവിച്ചില്ല. അന്ന് നിയമസഭയിൽ അതിക്രമംനടത്തിയ എംഎ‍ൽഎ.മാർക്കെതിരേ യു.ഡി.എഫ്. സർക്കാർ നൽകിയ കേസ് പിൻവലിക്കണമെന്നാണ് ഇപ്പോൾ സർക്കാരിന്റെ ആവശ്യം. സുപ്രീംകോടതിവരെ ഈ ആവശ്യവുമായി സർക്കാർ പോയി. ഇത് സുപ്രീംകോടതി തള്ളിയതുകൊണ്ടുമാത്രമാണ് ഇപ്പോഴും ഈ കേസ് നിലനിൽക്കുന്നത്.

സഭ തല്ലിത്തകർത്ത കേസ് പിൻവലിക്കാൻ ശ്രമിക്കുന്ന സർക്കാർ, മറ്റൊരു കേസിൽ എംഎ‍ൽഎ.മാരെ പ്രതിയാക്കി കേസെടുക്കുന്ന കാഴ്ച രണ്ടാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായി. കഴിഞ്ഞ മാർച്ചിൽ സ്പീക്കർക്കെതിരേ അദ്ദേഹത്തിന്റെ ഓഫീസിനുമുമ്പിൽ യു.ഡി.എഫ്. അംഗങ്ങളുടെ പ്രതിഷേധം കൈയാങ്കളിയായതാണ് സംഭവം. ഇതിൽ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ ഏഴ് യു.ഡി.എഫ്. എംഎ‍ൽഎ.മാർ ഇപ്പോൾ കേസിൽ പ്രതികളാണ്. സംഘർഷത്തിൽ കൈയ്ക്ക് പൊട്ടലുണ്ടായ കെ.കെ. രമയുടെയടക്കം പരാതിയിൽ നടപടിയുണ്ടായിട്ടുമില്ല.

ആവിയായ ബന്ധു നിയമന വിവാദം

ഹിമാലയ ചിട്ടക്കമ്പനി ഉടമകളിൽനിന്ന് പണംവാങ്ങി എന്നുതുടങ്ങി ഒട്ടേറെ ആരോപണങ്ങളും അന്വേഷണങ്ങളും മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ ഉണ്ടായിരുന്നു. ഹിമാലയകേസ് വെറും ആരോപണം മാത്രമായിരുന്നുവെന്നാണ് വി എസ്. സർക്കാരിന്റെ കാലത്ത് 2008-ൽ വിജിലൻസ് കണ്ടെത്തിയത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തായിരുന്ന ചെന്നിത്തല, സർക്കാരിനെതിരേ അഴിമതിയാരോപണങ്ങളുടെ പെരുവെള്ളച്ചാട്ടമാണ് തുറന്നുവിട്ടത്. ഈ ഘട്ടത്തിൽ അദ്ദേഹത്തിനുനേരെ വന്നത് അഞ്ച് വിജിലൻസ് അന്വേഷണമാണ്. ഇ.പി. ജയരാജൻ മന്ത്രിയായിരുന്നപ്പോൾ ബന്ധുനിയമനം നടത്തിയതിൽ ആരോപണം കടുപ്പിച്ചതിന് പിന്നാലെയാണ് ഇതിലൊന്ന്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഒരുപൊതുമേഖലാസ്ഥാപനത്തിൽ ചെന്നിത്തലയുടെ ബന്ധുവിനെ എം.ഡി.യായി നിയമിച്ചുവെന്ന പരാതിയിലാണ് ഈ അന്വേഷണംവന്നത്. പിണറായി സർക്കാർ കൺസൾട്ടൻസി സർക്കാരാണെന്ന് ഉന്നയിച്ച് പി.ഡബ്ല്യ.സി.ക്കെതിരേ യുദ്ധം തുടങ്ങിയപ്പോൾ, യു.ഡി.എഫിന്റെ കാലത്ത് ഹരിപ്പാട് മെഡിക്കൽ കോളേജിന് കൺസൾട്ടൻസി നൽകിയതുമായി ബന്ധപ്പെട്ട് ചെന്നിത്തലയ്‌ക്കെതിരേ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള പ്രതിയുദ്ധമായാണ് അഞ്ച് അന്വേഷണവും ഉണ്ടായത്. പക്ഷേ ഇതിലൊന്നിലും ഒരു എഫ്.ഐ.ആർ.പോലും ഉണ്ടായില്ല. ചെന്നിത്തലക്ക് എതിരെ ഉന്നയിച്ചതെല്ലാം വ്യാജമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.

സ്വർണക്കടത്തും സ്വപ്നയും

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെവരെ പ്രതിക്കൂട്ടിൽ ആക്കുന്ന രീതിയിലുള്ള വിവാദമാണ് സ്വപ്ന സുരേഷ് നടത്തിപ്പോൾ കേരളം അക്ഷരാത്ഥത്തിൽ ഞെട്ടിത്തരിച്ചിരുന്നു. സ്വർണ്ണക്കടത്ത് ലൈഫ് മിഷൻ അഴിമതികളിലായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഐഎഎസ് അറസ്റ്റിലായപ്പോൾ, അടുത്തത് പിണറായി എന്നുപോലും വാർത്തകൾ വന്നു. പക്ഷേ മലപോലെ വന്നത് എലിപോലെ പോയി. ഒന്നും സംഭവിച്ചില്ല. രണ്ടുമാസം മുമ്പ് കൊടുത്ത ഒരു അഭിമുഖത്തിലും, സ്വപ്നാ സുരേഷ് പറയുന്നുണ്ട്, മുഖ്യമന്ത്രിയുടെ മകൾ വീണയും, ഭാര്യ കമലയും താനും ചേർന്ന് യുഎഇയിൽ വീണയുടെ ബിസിനസ് വികസിപ്പിക്കാനുള്ള ചർച്ചകൾ നടത്തിയെന്ന്. ഈ ഗുരുതരമായ ആരോപണങ്ങളിലൊന്നും ഒരു അന്വേഷണവും ഉണ്ടായിട്ടില്ല.

സ്വർണക്കടത്തുകേസ് തിളച്ചുനിൽക്കുകയും കേന്ദ്ര അന്വേഷണ ഏജൻസികൾ സർക്കാരിനെ സംശയത്തിന്റെ നിഴലിൽനിർത്തുകയും ചെയ്തഘട്ടത്തിലാണ് ബിജെപി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെപേരിൽ കേസുവരുന്നത്. കൊടകര കുഴൽപ്പണക്കേസിൽ സുരേന്ദ്രനെ ചോദ്യംചെയ്തത് എൽ.ഡി.എഫ്. പ്രവർത്തകർ രാഷ്ട്രീയപ്രചാരണമായി ഏറ്റെടുത്തു. പക്ഷേ, കുറ്റപത്രം വന്നപ്പോൾ സുരേന്ദ്രൻ പ്രതിയായില്ല, പകരം സാക്ഷിയായി. സാക്ഷി പ്രതിയാകാൻ ഏറെയൊന്നും കഴിയേണ്ടിവരില്ലെന്നായിരുന്ന നിയമസഭയിൽ ഇതേക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന. സാക്ഷി, സാക്ഷിയായിത്തന്നെ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ജനാധിപത്യ രാഷ്ട്രീയപ്പാർട്ടി നേതാവായ സി.കെ. ജാനുവിനെ എൻ.ഡി.എ. സ്ഥാനാർത്ഥിയാക്കാൻ 35 ലക്ഷം രൂപ നൽകിയെന്ന പരാതിയുണ്ടായി. ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനായിരുന്നു ഇതിലും ആരോപണവിധേയൻ. കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചു. ജെ.ആർ.പി. അധ്യക്ഷ സി.കെ. ജാനു, സംസ്ഥാന ട്രഷറർ പ്രസീത അഴിക്കോട് എന്നിവരുടെ ശബ്ദപരിശോധനവരെ നടത്തി. ഇതുവരെ ഈ കേസിലും ഒന്നും സംഭവിച്ചതായി കേരളം കേട്ടിട്ടില്ല.

ഇപ്പോൾ സതീശനും സുധാകരനും

ഇത്തരത്തിൽ കേസുകളുടെ പിറവിയും നിശ്ശബ്ദമായ ഒടുക്കവും ഇനിയും ഏറെ പറയാനാകും. ഇപ്പോൾ ഒടുവിലത്തേതാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും കെപിസിസി. പ്രസിഡന്റ് കെ. സുധാകരന്റെയുംപേരിലുള്ള കേസുകൾ. പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ 'പുനർജനി' പദ്ധതിയെക്കുറിച്ച് മൂന്നുവർഷംമുമ്പുയർന്ന പരാതിയിലാണ് സതീശനെതിരേ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തുതട്ടിപ്പ് കേസ് വരുന്നത് 20 മാസംമുമ്പാണ്. ഇതിലാണ് ഇപ്പോൾ സുധാകരനെ പ്രതിയാക്കിയിട്ടുള്ളത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിന്റെ പേരിൽ യു.ഡി.എഫ്. നടത്തിയ പ്രതിഷേധത്തിൽ പ്രസംഗിച്ചതിന് സുധാകരന്റെ പേരിൽ ഒരു കേസ് എടുത്തിരുന്നു. കലാപശ്രമമായിരുന്നു കുറ്റം. അത് ഹൈക്കോടതി സ്റ്റേചെയ്തതിനുപിന്നാലെയാണ് പുതിയ കേസ് വന്നിട്ടുള്ളത്.

സർക്കാർ ഒട്ടേറെ ആരോപണങ്ങൾ നേരിടുന്ന ഘട്ടത്തിലാണ് പരാതി പഴയതെങ്കിലും പുതിയതാക്കി എടുത്ത് പ്രതിപക്ഷനേതാക്കളുടെ പേരിൽ കേസുവരുന്നത്. ഇതിനൊപ്പം, മാധ്യമപ്രവർത്തകർക്കൂടി കേസുകളിൽ പ്രതിയാകുന്നു എന്ന മാറ്റവും ഇപ്പോഴുണ്ട്. ഈ കേസുകളുടെ ഗതിയും എന്താകുമെന്ന് കാലം വിലയിരുത്തും. കേരളത്തിലെ ഒരു പൊതുസ്ഥിതിവെച്ച്, പൊലീസ് ഫ്രെയിം ചെയ്യുന്ന മേജർ കേസുകൾ ഒന്നും തന്നെ കോടതിയിൽ തെളിയിക്കാൻ കഴിയില്ല എന്ന് വ്യക്തമാണ്. എന്നിട്ടും പൗരന്റെ നികുതിപ്പണം എടുത്ത് നമുക്ക് വീണ്ടും, വീണ്ടും കേസുകൾ എടുക്കാം.

വാൽക്കഷ്ണം: മുമ്പൊക്കെ രാഷ്ട്രീയ പ്രതിയോഗികളുടെ നേർക്കാണ് കേസുകൾ ഉപയോഗിക്കാറുണ്ടായിരുന്നത്. എന്നാൽ ഇന്ന് വാർത്തവായിച്ചത് മാധ്യമ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ട അവസ്ഥയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP