Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ഷാജൻ സ്‌കറിയയെ കള്ളപ്പരാതി നൽകി കുടുക്കാൻ പി വി അൻവർ; വാർത്ത റിപ്പോർട്ട് ചെയ്തതിന് അഖില നന്ദകുമാറിന് എതിരെ കേസ്; വാർത്ത അവതരിപ്പിച്ചതിന് അബ്‌ജോദ് വർഗീസിനെ ചോദ്യം ചെയ്യൽ; മാധ്യമവേട്ടക്കെതിരെ കോഴിക്കോട്ട് ജനകീയ പ്രതിഷേധം നാളെ; പകപോക്കൽ ഇടപതുപക്ഷ നയമോ എന്ന് ചീഫ് എഡിറ്റേഴ്‌സ് ഗിൽഡ്

ഷാജൻ സ്‌കറിയയെ കള്ളപ്പരാതി നൽകി കുടുക്കാൻ പി വി അൻവർ; വാർത്ത റിപ്പോർട്ട് ചെയ്തതിന് അഖില നന്ദകുമാറിന് എതിരെ കേസ്; വാർത്ത അവതരിപ്പിച്ചതിന് അബ്‌ജോദ് വർഗീസിനെ ചോദ്യം ചെയ്യൽ; മാധ്യമവേട്ടക്കെതിരെ കോഴിക്കോട്ട് ജനകീയ പ്രതിഷേധം നാളെ; പകപോക്കൽ ഇടപതുപക്ഷ നയമോ എന്ന് ചീഫ് എഡിറ്റേഴ്‌സ് ഗിൽഡ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാധ്യമ പ്രവർത്തകർക്കു നേരെ അടിക്കടി പൊലീസും അധികാരത്തിന്റെ പിൻബലത്തോടെ സംഘടിത രാഷ്ട്രീയ ശക്തികളും നടത്തുന്ന ജനാധിപത്യവിരുദ്ധമായ കടന്നുകയറ്റത്തിനെതിരെ കോഴിക്കോട്ട് ജനകീയ പ്രതിഷേധമൊരുക്കുന്നു. ഫോറം ഫോർ മീഡിയ ഫ്രീഡം സംഘടിപ്പിക്കുന്ന സർക്കാരിന്റെ മാധ്യമ വേട്ടയ്ക്കെതിരായ സംവാദ സദസ്സ് നാളെ (ജൂൺ 14) വൈകിട്ട് അഞ്ചിന് ഹോട്ടൽ അളകാപുരിയിൽ നടക്കും. പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

ചലച്ചിത്ര നടൻ ജോയ് മാത്യു, പ്രഭാഷകനും എഴുത്തുകാരനുമായ എ.പി.അഹമ്മദ്, മുതിർന്ന മാധ്യമ പ്രവർത്തകരായ ബാലകൃഷ്ണൻ ടി, എൻ പി ചേക്കുട്ടി, എ സജീവൻ തുടങ്ങിയവർ പ്രസംഗിക്കും. മറുനാടൻ ടിവി തലവൻ ഷാജൻ സ്‌കറിയയെ ഭീഷണിപ്പെടുത്താനും നാടുനീളെ പരാതികൾ നൽകി കുടുക്കാനും ഭരണകക്ഷി എംഎ‍ൽഎയായ പി.വി.അൻവർ രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ വാർത്തകൾ നൽകിയതിനുള്ള പ്രതികാരമായി ഷാജനെതിരെ ജനവികാരം സൃഷ്ടിക്കാൻ വളഞ്ഞ വഴി തേടുകയാണ് ജനപ്രതിനിധി.

ഷാജനെതിരെ പരാതിയുള്ളവരെ ഒരു ചരടിൽ കോർത്ത് അവർക്കു സൗജന്യ നിയമസഹായം നൽകി മുൻപോട്ടു പോകുമെന്ന് അൻവർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഭരണത്തിന്റെ തണലിലാണ് എംഎ‍ൽഎയുടെ വഴിവിട്ട നീക്കങ്ങളെന്നു ഭരണകേന്ദ്രവുമായി ബന്ധപ്പെട്ടവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.

സമാനമാണ് ഏഷ്യാനെറ്റ് ന്യൂസ് എറണാകുളം റിപ്പോർട്ടർ അഖില നന്ദകമാറിന് ഉണ്ടായിരിക്കുന്ന അനുഭവം. വാർത്ത റിപ്പോർട്ട് ചെയ്തതിനു ഈ മാധ്യമപ്രവർത്തയ്ക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. അറസ്റ്റോ മറ്റു പൊലീസ് നടപടികളോ നേരിടേണ്ടിവരുമെന്ന ഭീഷണി നിലനിൽക്കുകയും ചെയ്യുന്നു. വാർത്ത സംബന്ധിച്ചു പരാതി ഉയർന്നതിന് ഏഷ്യാനെറ്റ് വാർത്താ അവതാരകൻ അബ്ജോദ് വർഗീസിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു ചോദ്യംചെയ്യുന്ന ഞെട്ടിക്കുന്ന പ്രവർത്തനവും കേരള പൊലീസ് നടത്തിയിരിക്കുകയാണ്.

അൽപദിവസം മുൻപാണ് എലത്തൂർ ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ ദൃശ്യങ്ങൾ പകർത്തി റിപ്പോർട്ട് ചെയ്തതിന് മാതൃഭൂമി ടിവി റിപ്പോർട്ടർ, ക്യാമറാമാൻ, കാർ ഡ്രൈവർ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്തു കേസെടുത്തത്. മാധ്യമപ്രവർത്തകരുടെ തൊഴിൽസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിക്കടി ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണു പ്രതിഷേധമുയരുന്നത്. ഒറ്റപ്പെട്ട പ്രതികരണങ്ങൾ സംഘടിത ശബ്ദമായി ഉയർത്താനുള്ള കൂട്ടായ്മയാണ് ഫോറം ഫോർ മീഡിയ ഫ്രീഡം ഒരുക്കുന്നത്.

പകപോക്കൽ ഇടപതുപക്ഷ നയമോ എന്ന് ചീഫ് എഡിറ്റേഴ്‌സ് ഗിൽഡ്

മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെയുള്ള ഇടതുപക്ഷ സർക്കാരിന്റെ നീക്കം ലജ്ജാകരമാണെന്നും ഭീരുത്വമാണെന്നും ഓൺലൈൻ മാധ്യമ മാനേജ്‌മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്‌സ് ഗിൽഡ് പ്രതികരിച്ചു. കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി പൂട്ടിക്കുമെന്നും മാനേജിങ് എഡിറ്റർ ഷാജൻ സ്‌കറിയായെ തെരുവിൽ നേരിടുമെന്നും ജനാധിപത്യ കേരളത്തിലെ ഒരു എംഎ‍ൽഎ തുടർച്ചയായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എസ്.എഫ്.ഐ നേതാക്കളുടെ തട്ടിപ്പുകൾ തെളിവ് സഹിതം തൽസമയം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കള്ളക്കേസെടുത്തതാണ് മറ്റൊരു സംഭവം.

സിപിഎമ്മിന് തങ്ങളെ വിമർശിക്കുന്ന മാധ്യമങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയാണ് തുടർച്ചയായ ഈ സംഭവങ്ങളിൽ നിന്നും മനസ്സിലാക്കുന്നത്. മാധ്യമങ്ങളുടെ വായമൂടിക്കെട്ടുവാനുള്ള ഈ സംഘടിത നീക്കം അത്യന്തം ആപൽക്കരമാണ്. ഉദ്യോഗസ്ഥ - ഭരണതലത്തിലെ അഴിമതികൾ വ്യക്തമായ തെളിവുകളോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ തെറ്റുണ്ടെങ്കിൽ നിയമപരമായി നേരിടണം. എന്നാൽ അതിനു തുനിയാതെ നിയമം കയ്യിലെടുക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. പൊലീസിനെ ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയാണ്. ഈ നില തുടർന്നാൽ കേരളം ഉത്തരകൊറിയക്ക് സമമാകുമെന്നതിൽ സംശയമില്ല.

ഇടതുപക്ഷ സർക്കാരിൽ പങ്കാളികളായ ഘടക കക്ഷികൾ തങ്ങളുടെ മൗനം വെടിഞ്ഞ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കണം. സിപിഐയും കേരളാ കോൺഗ്രസ് ജോസ് കെ.മാണിയും ഇതിനു തയ്യാറാകണം. രാഷ്ട്രീയ പാർട്ടികളുടെ പ്രസ്താവനകളും സമ്മേളനങ്ങളും മാത്രം റിപ്പോർട്ട് ചെയ്യുന്നതല്ല മാധ്യമങ്ങളുടെ ജോലി. അഴിമതിയും അനീതിയും കണ്ടാൽ അത് ജനങ്ങളിലേക്ക് എത്തിക്കുക എന്ന വലിയ കടമകൂടി മാധ്യമങ്ങൾക്കുണ്ട്. തങ്ങൾക്ക് അനുകൂലമായ വാർത്തകൾ മാത്രമേ നൽകാവൂ എന്ന് വാശിപിടിക്കുന്നത് നല്ലതല്ല. രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ നിയന്ത്രണത്തിലുള്ള പത്രങ്ങളും ചാനലുകളും നിലവിലുള്ളപ്പോൾ മറ്റുള്ള സ്വതന്ത്ര മാധ്യമങ്ങളുടെമേൽ കുതിര കയറുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. വാർത്തകളെ ഭയക്കുന്നത് ഭീരുക്കളാണ്.

മാധ്യമ സ്ഥാപനങ്ങൾ പൂട്ടിക്കുവാനും മാധ്യമ പ്രവർത്തകരെ കള്ളക്കേസിലൂടെ കുടുക്കുവാനുമാണ് ഇനിയും നീക്കമെങ്കിൽ ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകും. ഇക്കാര്യത്തിൽ മുഴുവൻ കേരളത്തിലെ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഒന്നിച്ചു നീങ്ങണം. ഇത്തരമൊരു നീക്കമുണ്ടായാൽ പൂർണ്ണ പിന്തുണ നൽകുമെന്ന് ഓൺലൈൻ മീഡിയാ ചീഫ് എഡിറ്റേഴ്‌സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറൽ സെക്രട്ടറി ജോസ് എം.ജോർജ്ജ് (കേരളാ ന്യുസ്), ട്രഷറർ വിനോദ് അലക്‌സാണ്ടർ (വി.സ്‌കയർ ടി.വി), വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യൻ (ഡെയിലി ഇന്ത്യൻ ഹെറാൾഡ്), എമിൽ ജോൺ (കേരളാ പൊളിറ്റിക്‌സ്), സെക്രട്ടറി രവീന്ദ്രൻ ബി.വി (കവർ‌സ്റ്റോറി), എസ്.ശ്രീജിത്ത് (റൗണ്ടപ്പ് കേരള), എക്‌സിക്യുട്ടീവ് അംഗങ്ങളായ സജിത്ത് ഹിലാരി (സജിത്ത് ഹിലാരി (ന്യുസ് ലൈൻ കേരളാ 24), അജിത ജെയ്‌ഷോർ (മിഷൻ ന്യൂസ്) എന്നിവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP