Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

25 കോടി കോഴ കിട്ടിയില്ലെങ്കിൽ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അകത്തുകിടക്കും; ക്രൂയിസ് കപ്പൽ മയക്കുമരുന്ന് കേസിലെ ഹീറോ സമീർ വാങ്കഡയെ വില്ലനാക്കി സിബിഐയുടെ എഫ്‌ഐആർ; വാങ്കഡെ ഭീഷണിപ്പെടുത്തിയത് സാക്ഷാൽ ഷാരൂഖ് ഖാന്റെ കുടുംബത്തെ

25 കോടി കോഴ കിട്ടിയില്ലെങ്കിൽ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അകത്തുകിടക്കും; ക്രൂയിസ് കപ്പൽ മയക്കുമരുന്ന് കേസിലെ ഹീറോ സമീർ വാങ്കഡയെ വില്ലനാക്കി സിബിഐയുടെ എഫ്‌ഐആർ; വാങ്കഡെ ഭീഷണിപ്പെടുത്തിയത് സാക്ഷാൽ ഷാരൂഖ് ഖാന്റെ കുടുംബത്തെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: 25 കോടി രൂപ കൈമടക്ക് തന്നില്ലെങ്കിൽ, മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഷാരൂഖ് ഖാന്റെ കുടുംബത്തെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ മുംബൈയിലെ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഭീഷണിപ്പെടുത്തിയെന്ന് സിബിഐ. ഒരുകാലത്ത് വീരപരിവേഷമുണ്ടായിരുന്ന വാങ്കഡെ ഇപ്പോൾ അഴിമതി, പെരുമാറ്റദൂഷ്യ ആരോപണങ്ങൾ നേരിടുകയാണ്.

സിബിഐ ഫയൽ ചെയ്തിരിക്കുന്ന എഫ്‌ഐആറിൽ വാങ്കഡെയുടെ വിദേശ യാത്രകളും, വിലകൂടിയ വാച്ചുകൾ വാങ്ങിയതുമൊക്കെ പരാമർശിക്കുന്നുണ്ട്. വാങ്കഡെയുടെയും, എൻസിബി മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ആഷിഷ് രഞ്ജന്റെയും, പ്രഖ്യാപിത വരുമാനവുമായി പൊരുത്തപ്പെടുന്നതല്ല അവർ ആർജ്ജിച്ച സ്വത്തുക്കളെന്നാണ് സിബിഐയുടെ ആരോപണം. വാങ്കഡെയ്ക്ക് തന്റെ വിദേശ യാത്രകൾ കൃത്യമായി വിശദീകരിക്കാനായില്ല. ഈ യാത്രകളിലെ ചെലവുകളും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എഫ്‌ഐആറിൽ വാങ്കഡെയെ കൂടാതെ, എൻസിബി മുൻ ഉദ്യോഗസ്ഥരായ വിശ്വ വിജയ് സിങ്, ആഷിഷ് രഞ്ജൻ, എന്നിവരും, ആര്യൻ ഖാൻ കേസിലെ സാക്ഷിയായ കെ പി ഗോസാവിയും കൂട്ടാളി സാൻവിൽ ഡിസൂസയും പ്രതികളാണ്. ക്രൂയിസ് കപ്പൽ കേസിലെ സാക്ഷിയായ കെ പി ഗോസാവി, ആര്യൻ ഖാന്റെ ഒപ്പം എടുത്ത സെൽഫി ചോദ്യങ്ങൾ ഉയർത്തിയിരുന്നു. എൻസിബിയിൽ ജോലിയില്ലാത്ത വ്യക്തിക്ക് പ്രതിയുടെ അടുത്തുപോകാൻ കഴിഞ്ഞത് എങ്ങനെ എന്ന ചോദ്യമാണ് മുഖ്യമായി ഉയർന്നത്. കപ്പലിലെ റെയ്്ഡിന് ശേഷം പ്രതികളുമായി ബന്ധപ്പെടാനും, എൻസിബി ഓഫീസിൽ വരാനും ഗോസാവിക്ക് കഴിഞ്ഞത്, സ്വതന്ത്ര സാക്ഷി എന്ന മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് സിബിഐ പറയുന്നു.

ആര്യൻ ഖാന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി 25 കോടിയാണ് ആദ്യം ചോദിച്ചതെങ്കിലും, പിന്നീട് 18 കോടിയിൽ ഒത്തുതീർപ്പായി. അഡ്വാൻസായി 50 ലക്ഷം കെ പി ഗോസാവിക്കും കൂട്ടാളിക്കും കിട്ടി. പിന്നീട് ഈ തുകയുടെ ഒരുഭാഗം അവർ ഷാരൂഖിന്റെ കുടുംബത്തിന് തിരിച്ചുനൽകുകയും ചെയ്തു. എൻസിബി മുംബൈ ഓഫീസിലേക്ക് പ്രതികളെ കൊണ്ടുപോകുന്നത് ഗോസാവിയാണെന്ന് വരുത്തി തീർക്കാൻ വിശ്വവിജയ് സിങ്ങിനെ വാങ്കഡെ അനുവദിച്ചുവെന്നും സിബിഐ ആരോപിക്കുന്നു.

വാങ്കഡയെക്ക് എതിരെയുള്ള ആരോപണങ്ങളെല്ലാം നേരത്തെ മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും, എൻസിപി നേതാവും, അഴിമതി ആരോപണങ്ങളുടെ പേരിൽ ജയിലിൽ കഴിയുന്ന ആളുമായ നവാബ് മാലിക്ക് ഉന്നയിച്ചിരുന്നവയാണ്.

ദേശസ്‌നേഹിയായതിനാൽ വേട്ടയാടുന്നെന്ന് വാങ്കഡെ

ദേശസ്‌നേഹിയായതിനാലാണ് ശിക്ഷിക്കപ്പെട്ടതെന്ന് സമീർ വാങ്കഡെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സിബിഐ വീട്ടിൽ 13 മണിക്കൂർ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ക്രൂയിസ് ഷിപ്പിലെ ലഹരി പാർട്ടിക്കിടെ നടത്തിയ അറസ്റ്റാണ് വാങ്കഡെ വാർത്തകളിൽ ഇടംപിടിക്കാൻ കാരണം. അന്ന് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനേയും അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം സിബിഐ എന്റെ വീട് റെയ്ഡ് ചെയ്തു. 12 മണിക്കൂറിലധികം സമയമാണ് അവർ പരിശോധന നടത്തിയത്. വീട്ടിൽ നിന്നും 18,000 രൂപയും വസ്തു സംബന്ധമായ നാല് രേഖകളുമാണ് കണ്ടെടുത്തത്. ഇത് ഞാൻ സർവീസിൽ കയറുന്നതിന് മുമ്പ് സ്വന്തമാക്കിയതാണെന്ന് വാങ്കഡെ പറഞ്ഞു. ദേശസ്‌നേഹിയായതിന് ലഭിച്ച ശിക്ഷയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആറോളം ഉദ്യോഗസ്ഥർ അന്ധേരിയിലെ എന്റെ പിതാവിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഏഴ് പേരടങ്ങുന്ന മറ്റൊരു സിബിഐ സംഘം ബന്ധുക്കളുടെ വീട്ടിലാണ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

2021 ൽ മുംബൈ തീരത്തിനോട് ചേർന്ന് നങ്കൂരമിട്ടിരുന്ന കേർഡീലിയ ക്രൂയിസ് കപ്പൽ റെയ്ഡിൽ ആര്യൻ ഖാനെയും മറ്റുള്ളവരെയും പിടികൂടുമ്പോൾ, സമീർ വാങ്കഡെയായിരുന്നു നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുംബൈ മേഖലാ മേധാവി. നാല് ആഴ്്ച ജയിലിൽ കിടന്ന ആര്യൻ ഖാനെ തെളിവില്ലാത്തതിന് തുടർന്ന് 2022 മെയിൽ എൻസിബി വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ വാങ്കഡെയെ ചെന്നൈയിൽ ടാക്സ് പേയർ സർവീസ് ഡയറക്ടറേറ്റിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.

സിബിഐ വാങ്കഡെയെ വേട്ടയാടുന്നോ?

കോർഡീലിയ ക്രൂയിസ് കപ്പൽ മയക്കുമരുന്ന് കേസിൽ വെറുതെ വിടുന്നതിന് ആര്യൻ ഖാനിൽ നിന്ന് 25 കോടി ചോദിച്ചുവെന്നാണ് വാങ്കഡയെക്ക് എതിരായ ആരോപണം. മാത്രമല്ല, അഡ്വാൻസായി 50 ലക്ഷം കോഴ വാങ്ങിയെന്നും ആരോപണമുണ്ട്. ഇന്ത്യൻ റവന്യു സർവീസ് ഓഫീസറായ വാങ്കഡയെക്കും, ചില വിദേശ പൗരന്മാർക്കും എതിരെ അഴിമതി നിരോധന നിയമപ്രകാരമാണ് സിബിഐ എഫ്ഐആർ ഇട്ടിരിക്കുന്നത്.

ആര്യൻ ഖാനെ അറസ്റ്റ് ചെയ്യുമ്പോൾ, വിശ്വ വിജയ് സിങ് അടക്കം ഏതാനും ഓഫീസർമാരെ നയിച്ചുകൊണ്ടാണ് കോർഡീലിയ കപ്പൽ വാങ്കഡെ റെയ്ഡ് ചെയ്തത്. 2021 ഒക്ടോബർ രണ്ടിന് രാത്രിയായിരുന്നു റെയ്ഡ്. അന്നത്തെ റെയ്ഡിൽ, 13 ഗ്രാം കൊക്കെയിൻ, 5 ഗ്രാം മെഫെഡ്രോൺ, 21 ഗ്രാം മരിജ്വാന, എംഡിഎംഎയുടെ 22 ഗുളികകൾ, 1.33 ലക്ഷം രൂപ എന്നിവയാണ് കണ്ടെടുത്തത്. ആര്യൻ ഖാൻ അടക്കം 17 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബർ 28 ന് ആര്യനെ ബോംബെ ഹൈക്കോടചി ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് കേസ് അന്വേഷിച്ച മറ്റൊരു എൻസിബി ടീം മതിയായ തെളിവില്ലെന്ന് പറഞ്ഞ് ആര്യനെതിരെ കുറ്റപത്രം ഫയൽ ചെയ്തില്ല. കഴിഞ്ഞാഴ്ച വിശ്വ വിജയ് സിങ്ങിനെ എൻസിബി സർവീസിൽ നിന്നും പുറത്താക്കിയിരുന്നു. 2022 ഏപ്രിലിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന സിങ്ങിനെ പിന്നീട് പുറത്താക്കുകയായിരുന്നു. കോർഡീലിയ കപ്പൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ വസതിയിൽ തിരച്ചിൽ നടത്താൻ പോയ സംഘത്തെ നയിച്ചതും വിശ്വ വിജയ് സിങ്ങായിരുന്നു.

കപ്പലിൽ നടന്ന റെയ്ഡിൽ പല ക്രമക്കേടുകളും നടന്നുവെന്നും ക്രൈം റെക്കോഡുള്ള സാക്ഷികളെ ഉപയോഗിച്ചെന്നും എൻസിബിയുടെ മുംബൈ ടീമിന് എതിരെ ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് നടത്തിയ വിജിലൻസ് അന്വേഷണത്തിന്റെ ഫലമായി ഏഴ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്തു. സമീർ വാങ്കഡെ അഴിമതിയിലൂടെ സ്വത്തുക്കൾ സമ്പാദിച്ചതായും വിജിലൻസ് റിപ്പോർട്ടിലുണ്ടായിരുന്നു.

സെലിബ്രിറ്റികളെ വിറപ്പിച്ച ഓഫീസർ

ഐ.ആർ.എസിലെ 2008 ബാച്ച് ഉദ്യോഗസ്ഥനാണ് വാങ്കഡെ. എയർ ഇന്റലിജൻസ് യൂണിറ്റിന്റെ ഡപ്യൂട്ടി കമ്മീഷണറായും കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായും എൻഐഎയിൽ അഡിഷണൽ എസ്‌പിയായും ഡിആർഐ ജോയിന്റ് ഡയറക്ടറായും ജോലി ചെയ്ത ശേഷമാണ് അദ്ദേഹം എൻസിബിയിൽ എത്തുന്നത്. മികച്ച സേവനത്തിനുള്ള ആഭ്യന്തരമന്ത്രിയുടെ മെഡൽ ലഭിച്ചിരുന്നു. മുംബൈ ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കു പിന്നാലെ എൻസിബിയിൽ വാങ്കഡെയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി നൽകുകയും ചെയ്തു.

മലയാളികൾക്ക് പരിചിതനായ ഋഷിരാജ് സിംഗിനെ പോലെ ഏതൊരു പദവിയിൽ ഇരുന്നാലും ചെയ്യുന്ന പണി വൃത്തിയായി ചെയ്യുക എന്നതാണ് സമീർ വാങ്കഡെയുടെ ശൈലി. മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുന്നതിനിടെ നികുതി വെട്ടിപ്പ് കേസുകളിൽ അദ്ദേഹം ശരിക്കും പുലിയായിരുന്നു. മുഖം നോക്കാതെ വാങ്കഡെ നടപടി സ്വീകരിച്ചപ്പോൾ സെലിബ്രിറ്റികൾ അടക്കമുള്ള വമ്പന്മാർ കുടുങ്ങി.

വിദേശ രാജ്യങ്ങളിൽനിന്ന് കൊണ്ടുവരുന്ന സാധനങ്ങൾക്ക് കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനൽകിയിരുന്നില്ല വാങ്കഡെ. 2013ൽ മുംബൈ വിമാനത്താവളത്തിൽവെച്ച് ഗായകൻ മിക സിങ്ങിനെ വിദേശ കറൻസിയുമായി പിടികൂടിയ സംഭവം അടക്കം വാങ്കഡെയും കാർക്കശ്യത്തിന്റെ തെളിവായി മാറി. 2011ലെ ക്രിക്കറ്റ് ലോകകപ്പ് സ്വർണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തിൽനിന്ന് വിട്ടുനൽകിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്. മഹാരാഷ്ട്ര സർവീസ് ടാക്സ് വിഭാഗത്തിൽ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യവേ നികുതി അടയ്ക്കാത്തതിന് സെലിബ്രിറ്റികൾ ഉൾപ്പെടെ രണ്ടായിരത്തിലേറെ പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു അദ്ദേഹം.

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച കേസിന് പിന്നാലെ ബോളിവുഡും ലഹരി മാഫിയയും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന അന്വേഷണം നടന്നത് വാങ്കഡെയുടെ നേതൃത്വത്തിലാണ്. ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലിഖാൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്തു. ബിജെപിക്ക് വേണ്ടിയാണ് വാങ്കഡെ കളത്തിൽ ഇറങ്ങിയതെന്ന ആരോപണം അന്ന് തന്നെ ശക്തമായിരുന്നു.

വാങ്കഡെയുടെ നേതൃത്വത്തിലുള്ള എൻസിബി സംഘം 17,000 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയതെന്നാണ് കണക്കുകൾ. ഒക്ടോബർ 2ന് മുംബൈ തീരത്തുനിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെയാണ് വാങ്കഡെ സൂപ്പർസ്റ്റാറായി മാറുന്നത്. വാങ്കഡെയും സംഘവും യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറിയ ശേഷം നടുക്കടലിലെത്തിയപ്പോൾ റെയ്ഡ് നടത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP