Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

മാസ ശമ്പളം 30,000 രൂപ; 40 മുറികളുള്ള ബംഗ്ലാവിൽ താമസം; ആഡംബര ഫാംഹൗസിൽ പിറ്റ് ബുൾ അടക്കം നൂറിലധികം നായ്ക്കൾ, നായ്ക്കൾക്ക് ഭക്ഷണം ഉണ്ടാക്കാൻ രണ്ടര ലക്ഷത്തിന്റെ മെഷീൻ; ട്രക്കുകളും ഥാറും അടക്കം 10 വിലയേറിയ കാറുകൾ; ഭോപ്പാലിലെ വനിതാ എഞ്ചിനീയറുടെ കോടികളുടെ സ്വത്ത് കണ്ട് ഞെട്ടി ലോകായുക്ത

മാസ ശമ്പളം 30,000 രൂപ; 40 മുറികളുള്ള ബംഗ്ലാവിൽ താമസം; ആഡംബര ഫാംഹൗസിൽ പിറ്റ് ബുൾ അടക്കം നൂറിലധികം നായ്ക്കൾ, നായ്ക്കൾക്ക് ഭക്ഷണം ഉണ്ടാക്കാൻ രണ്ടര ലക്ഷത്തിന്റെ മെഷീൻ;  ട്രക്കുകളും ഥാറും അടക്കം 10 വിലയേറിയ കാറുകൾ; ഭോപ്പാലിലെ വനിതാ എഞ്ചിനീയറുടെ കോടികളുടെ സ്വത്ത് കണ്ട് ഞെട്ടി ലോകായുക്ത

മറുനാടൻ മലയാളി ബ്യൂറോ

 ഭോപ്പാൽ: കരാറിന് പണിയെടുക്കുന്ന വനിതാ എഞ്ചിനീയറുടെ കോടികളുടെ സ്വത്ത് കണ്ട് അന്തം വിട്ടിരിക്കുകയാണ് ഭോപ്പാലുകാർ. ഹേമ മീണയുടെ മാസ ശമ്പളം വെറും 30,000 രൂപ ആണെങ്കിൽ, ആസ്തി ഏഴുകോടിയോളം വരും. ലോകായുക്ത, ഹേമയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് കള്ളി വെളിച്ചത്തായത്. എങ്ങനെ തലകുത്തി മറിഞ്ഞാലും ഇത്രയും കോടികൾ ഹേമയ്ക്ക് നേരായ വഴിയിൽ സമ്പാദിക്കാനാവില്ലെന്ന് ലോകായുക്ത കണ്ടെത്തി.

വരുമാനത്തേക്കാൾ 232 ശതമാനം അധികമാണ് ആസ്തി. 30 ലക്ഷം രൂപ വിലവരുന്ന 98 ഇഞ്ച് ടിവി, പത്ത് ആഡംബര കാറുകൾ ഉൾപ്പടെ 20 കാറുകൾ, വിലയേറിയ നിരവധി വസ്തുക്കൾ എന്നിവ റെയ്ഡിൽ കണ്ടെത്തി. പത്തുവർഷത്തെ ജോലിക്കിടയിലാണ് ഹേമ മീണ ഏഴ് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചത്.

മധ്യപ്രദേശ് പൊലീസ് ഹൗസിങ് കോർപ്പറേഷനിൽ അസിസ്റ്റന്റ് എൻജിനിയറാണ് ഹേമ മീണ. സോളാർ പാനലുകൾ പരിശോധിക്കാനെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച മീണയുടെ വീട്ടിലെത്തിയത്. പരിശോധനയിൽ മുന്തിയ ഇനത്തിൽപ്പെട്ട 24 പശുക്കൾ, പത്ത് വിദേശ നായകൾ ഉൾപ്പടെ നൂറിലധികം നായകൾ, സമ്പൂർണ വയർലസ് കമ്യൂണിക്കേഷൻ സിസ്റ്റം, മൊബൈൽ ജാമറുകൾ എന്നിവ കണ്ടെത്തി. ഉദ്യോഗസ്ഥയ്ക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച റെയ്ഡ് നടത്തിയതെന്നും ലോകായുക്ത ഡിഎസ്‌പി സഞ്ജയ് ശുക്ല പറഞ്ഞു. ഭോപ്പാലിനടുത്തെ ബിൽഖിരിയിൽ 20,000 അടി ചതുരശ്ര അടിയിൽ നിർമ്മിച്ച 40 മുറികളുള്ള ബംഗ്ലാവിലാണ് മീണ താമസിച്ചിരുന്നത്.

ബിൽഖിരിയയിൽ ബംഗ്ലാവ്, ആഡംബര ഫാംഹൗസ്, ലക്ഷങ്ങളുടെ കാർഷിക ഉപകരണങ്ങൾ, ഡെയറി എന്നിവയ്‌ക്കൊപ്പം, കോടികളുടെ സർക്കാർ ഉപകരണങ്ങളും കണ്ടെത്തി. പിറ്റ് ബുൾ അടക്കം നൂറിലധികം വിലകൂടിയ നായ്ക്കൾ, നായ്ക്കൾക്ക് ഭക്ഷണം ഉണ്ടാക്കാൻ രണ്ടരലക്ഷത്തിന്റെ യന്ത്രം, 60-70 ഇനം പശുക്കൾ, ഇതെല്ലാം ഫാം ഹൗസിൽ ഉണ്ടായിരുന്ന. പോരാത്തതിന് വിലകൂടിയ സിഗരറ്റുകളും, മദ്യവും ഇഷ്ടം പോലെയുള്ള രണ്ടു റേവ് പാർട്ടി മുറികൾ. രണ്ടുട്രക്കുകളും, ടാങ്കറും, ഥാറും അടക്കം 10 വിലപിടിപ്പുള്ള വാഹനങ്ങളും കണ്ടെത്തി. വിലകൂടിയ ആഭരണങ്ങളും കണ്ടെത്തിയെങ്കിലും കണക്കെടുക്കുന്നതേയുള്ളു.

ഭൂമി വാങ്ങിച്ചുകൂട്ടുന്നതിലായിരുന്നു ഹേമയ്ക്ക് കമ്പം. ഭോപ്പാൽ, റെയിസൻ, വിദിഷ, ഇവിടങ്ങളില്ലാം രഹസ്യമായി അച്ഛന്റെ പേരിൽ ഭൂമി വാങ്ങിക്കൂട്ടി. പിതാവ് രാംസ്വരൂപ് മീണയുടെ പേരിൽ 20,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്ലോട്ട് വാങ്ങി ഒരുകോടി വിലമതിക്കുന്ന നിർമ്മാണവും കണ്ടെത്തി. ഭർത്താവിനെ ഉപേക്ഷിച്ച ഹേമയ്ക്ക് വകുപ്പിലെ ഒരു സീനിയർ എഞ്ചിനിയറുമായി അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു. മുമ്പ് ഒരുവട്ടം അന്വേഷണം വന്നെങ്കിലും, തന്റെ സ്വാധീനം ഉപയോഗിച്ച് അവർ അതുഒതുക്കിത്തീർക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP