Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്

പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ രണ്ടാമതും വിവാഹിതയാകുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്
അഡ്വ. പി എ മുഹമ്മദ് റിയാസ് ആണ് വരൻ. ഈ മാസം 15 നാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും. നേരത്തേ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞിരുന്നു.15 ന് തിരുവനന്തപുരത്ത് വച്ചാകും വിവാഹം എന്നാണ് വിവരം.

മാർച്ചിലാണ് വിവാഹം തീരുമാനിച്ചിരുന്നത്. ലോക്ക് ഡൗൺ കാരണം വിവാഹം നടന്നില്ല. മേയിൽ ഇവർ തിരുവനന്തപുരം രജിസ്റ്റർ ഓഫീസ് വഴി ഓൺലൈനിൽ ഒപ്പിട്ടു നൽകിയിരുന്നു. ഈ പതിനഞ്ചിന് ഇവർ രജിസ്റ്റർ ഓഫീസിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങും. ബംഗളൂർ ആസ്ഥാനമായ ഐടി കമ്പനിയായ എക്‌സാലോജിക് സോല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റ ഡയറക്ടർ ആണ് വീണ. മുൻപ് വിവാഹം കഴിച്ചിരുന്ന ശ്രീകാര്യം സ്വദേശി സുനീഷുമായുള്ള വിവാഹബന്ധം വീണ വേർപ്പെടുത്തിയിരുന്നു.

പിണറായി വിജയന്റെയും കമല വിജയന്റെയും ഇളയമകളാണ് വീണ. കേരളം സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തിൽ കത്തി നിൽക്കുന്ന കാലത്ത് കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ ചേർന്ന് വീണ പഠിച്ചത് വലിയ വിവാദമായിരുന്നു. കോവിഡിനിടയിൽ കേരളത്തിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയ സ്പ്രിങ്കളർ വിവാദത്തിലും വീണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. വീണയുടെ കമ്പനിയാണ് കരാറിന് ഇടനിന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

കർക്കശക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനിലെ കരുതലേറെയുള്ള പിതാവിനെ കുറിച്ച് കേരളത്തോട് സംസാരിച്ചത് വീണയാണ്. മുഖ്യമന്ത്രിയായി പിണറായി വിജയൻ ചുമതലയേറ്റ ശേഷം മാധ്യമങ്ങൾക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് നിത്യവും ഫോൺ ചെയ്ത് പഠിക്കാനായി നേരത്തേ വിളിച്ചെഴുന്നേൽപ്പിക്കുന്ന അച്ഛനെ കുറിച്ച് വീണ പറഞ്ഞത്. അച്ഛന് എല്ലാ പിറന്നാളിനും വെളുത്ത മുണ്ടും ഷർട്ടും സമ്മാനിക്കുന്ന മകൾ. പിണറായിയുടെ രജനീകാന്ത് ആരാധനയെ കുറിച്ചും വെളിപ്പെടുത്തിയത് വീണയാണ്. ഏതു പ്രതിസന്ധിയെയും കരുത്തോടെ നേരിടുന്ന വീട്ടുകാര്യങ്ങൾ കൃത്യമായി അന്വേഷിക്കുന്ന സ്‌നേഹനിധിയാണ് വീണക്ക് പിണറായി വിജയൻ.

മുഹമ്മദ് റിയാസിന്റെയും രണ്ടാം വിവാഹം ആണിത്. പട്ടാമ്പി സ്വദേശിയായ ഡോക്ടർ സമീഹ സെയ്തലവിയെയാണ് മുഹമ്മദ് റിയാസ് വിവാഹം കഴിച്ചിരുന്നത്. ഈ വിവാഹബന്ധം റിയാസും വേർപ്പെടുത്തിയിരുന്നു. രണ്ടു വർഷമായി വീണയും റിയാസും തമ്മിൽ അടുപ്പമായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഇവർ തമ്മിൽ ഗൗരവമായ അടുപ്പം രൂപപ്പെട്ടതിനെ തുടർന്നാണ് വിവാഹബന്ധത്തിനുള്ള ആലോചനകൾ മുഴുകിയത്. സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കും എന്നാണ് മുഹമ്മദ്‌ റിയാസ് മറുനാടനോട് പ്രതികരിച്ചത്.

 വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന നേതാവാണ് മുഹമ്മദ് റിയാസ്. 2009 ൽ കോഴിക്കോട് ലോക്സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്നു.  ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ 2002 ലായിരുന്നു മുഹമ്മദ് റിയാസിന്റെ ആദ്യ വിവാഹം. ഡോക്ടർ ആയിരുന്ന സമീഹയായിരുന്നു ഭാര്യ. രണ്ട് മക്കളുണ്ട്. പിന്നീട് 2016ൽവിവാഹമോചനം നേടുകയായിരുന്നു. വീണയും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.

ചാനൽ ചർച്ചകളിലെ സജീവ മുഖമായ മുഹമ്മദ് റിയാസ് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന പി.എം.അബ്ദുൾ ഖാദറിന്റെ മകനാണ്. അഭിഭാഷകനാണ്. കോഴിക്കോട് സ്വദേശിയായ റിയാസ് സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ എസ് എഫ് ഐയിലെ സജീവ അംഗമായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ എസ്എഫ് ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളേജിൽ എസ്എഫ് ഐയുടെ സംഘടനാ രംഗത്ത് റിയാസ് എന്ന പേര് ഉയരുന്ന അതേ കാലത്ത് നഗരത്തിലെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്നു അബ്ദുൾ ഖാദർ. എസ്എഫ് ഐ- പൊലീസ് സംഘട്ടനങ്ങളിൽ നിന്ന് മാറിനിൽക്കാൻ റിയാസിന് പക്ഷേ അതൊരു തടസ്സമായിരുന്നില്ല. വിപ്ലവ വീര്യം തലയ്ക്കുപിടിച്ച ആ നേതാവ് പലതവണ പൊലീസ് ലാത്തിയുടെ ചൂടറിഞ്ഞിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ വ്യക്തിയാണ് റിയാസ്. പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് മഹാരാഷ്ട്രയിലും ഡൽഹിയിലും വെച്ച് റിയാസ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 

എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ പി എ മുഹമ്മദ് റിയാസ് 2009ൽ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. എംകെ രാഘവനാണ് മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തിയത്. 2017ലാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാകുന്നത്. ഡിവൈഎഫ്ഐ കോട്ടൂളി യൂനിറ്റ് സെക്രട്ടറിയായാണു യുവജനപ്രസ്ഥാനത്തിലെത്തുന്നത്. 2016ൽ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി.

 വീണ സോഫ്റ്റ് വെയർ എൻജിനീയറാണ്. നിലവിൽ ബെംഗളൂരു ആസ്ഥാനമായി ഒരു സ്റ്റാർട്ടപ്പ് കമ്ബനി നടത്തുന്ന വീണ എട്ടു വർഷത്തോളം ഒറാക്കിളിലാണ് ജോലി ചെയ്തിരുന്നത്. അതിനുമുൻപ് പ്രമുഖ വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ടെക്സോഫ്റ്റിന്റെ സിഇഒയായും പ്രവർത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP