Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം വൈദ്യുത കമ്പി ശരീരത്തിൽ ചുറ്റി ഷോക്കേൽപ്പിച്ചും അടുക്കളയിലെ ഗ്യാസ് സിലണ്ടർ തുറന്നു വെച്ചതും മരണമുറപ്പാക്കാൻ ; സംഭവം നടന്ന വീടിനടുത്ത് വാടകയ്ക്ക് വീടുനോക്കാൻ വന്നവർക്ക് പാചകവാതകത്തിന്റെ മണം അടിച്ചത് നിർണ്ണായകമായി; തട്ടിയെടുത്ത കാർ ഇനിയും കണ്ടെടുക്കാനുമായില്ല; മുഹമ്മദ് സാലിക്ക് ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിൽ അന്വേഷണം; താഴത്തങ്ങാടിയിലെ പട്ടാപ്പകൽ കൊല കവർച്ചാശ്രമത്തിനിടെയെന്ന് സംശയിച്ച് പൊലീസ്

തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം വൈദ്യുത കമ്പി ശരീരത്തിൽ ചുറ്റി ഷോക്കേൽപ്പിച്ചും അടുക്കളയിലെ ഗ്യാസ് സിലണ്ടർ തുറന്നു വെച്ചതും മരണമുറപ്പാക്കാൻ ; സംഭവം നടന്ന വീടിനടുത്ത് വാടകയ്ക്ക് വീടുനോക്കാൻ വന്നവർക്ക് പാചകവാതകത്തിന്റെ മണം അടിച്ചത് നിർണ്ണായകമായി; തട്ടിയെടുത്ത കാർ ഇനിയും കണ്ടെടുക്കാനുമായില്ല; മുഹമ്മദ് സാലിക്ക് ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിൽ അന്വേഷണം; താഴത്തങ്ങാടിയിലെ പട്ടാപ്പകൽ കൊല കവർച്ചാശ്രമത്തിനിടെയെന്ന് സംശയിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം:'മുഹമ്മദ് സാലിയുടെ വീടിനു പിന്നിലെ വീടു വാടകയ്ക്കു കൊടുക്കുന്നോ എന്നു ചോദിക്കാൻ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണു അവർ വീട്ടിലെത്തിയത്. ഗേറ്റ് തുറന്നിട്ട നിലയിലായിരുന്നു. മുറ്റത്തു കാർ കണ്ടില്ല. വീടിനുള്ളിൽനിന്നു പാചക വാതകത്തിന്റെ ഗന്ധം വരുന്നുണ്ടായിരുന്നു. വീട്ടുകാരെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. അഗ്‌നിരക്ഷാ സേനാംഗങ്ങളെ വിളിക്കാൻ ഇതോടെ അയൽവാസി തീരീമാനിച്ചു. അഞ്ചോടെ സേനാംഗങ്ങൾ എത്തി. വാതിൽ തള്ളിത്തുറന്നപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ഇരുവരും. രക്ഷാപ്രവർത്തകർ എത്തുമ്പോള്ഡ തന്നെ ഷീബ മരിച്ചിരുന്നു. അപ്പോൾ ഫയർഫോഴ്‌സ് എത്തിയതു കൊണ്ട് മാത്രം മുഹമ്മദ് സാലിക്കിന് ജീവൻ തിരികെ കിട്ടി. മുഹമ്മദ് സാലി സംസാരിക്കാൻ തുടങ്ങിയാൽ കേസിൽ നിർണ്ണായക തെളിവും കിട്ടും.

സംഭവം നടന്ന വീടിനടുത്ത് വാടകയ്ക്ക് വീടുനോക്കാൻ വന്നവർക്ക് പാചകവാതകത്തിന്റെ മണം അടിച്ചത് സംഭവം പുറംലോകം അറിയാനിടയാക്കി. ഗന്ധത്തിന്റെ ഉറവിടം ഇവരെ ഷാനി മൻസിലിലെത്തിച്ചു. വീട് അടഞ്ഞുകിടന്നതിനാൽ സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചു. അവർ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. മുൻവാതിൽ പൂട്ടിയിരുന്നതിനാൽ അതു തകർത്ത് അഗ്‌നിരക്ഷാസേന അകത്തുകയറി. ഗ്യാസ് സിലിൻഡർ മുന്നിലത്തെ മുറിയുടെ സമീപം കൊണ്ടുചെന്നുവെച്ച് പൂർണമായി തുറന്നുവിട്ട നിലയിലായിരുന്നു. പിൻവാതിൽ തുറന്നിട്ടിരുന്നത് പിന്നീട് കണ്ടെത്തി. അങ്ങനെയാണ് കൊലപാതകം പുറം ലോകം അറിയുന്നത്.

താഴത്തങ്ങാടിയിൽ റോഡരികിലെ വീട്ടിൽ പട്ടാപ്പകൽ നടന്ന കൊലപാതകം കവർച്ചാശ്രമത്തിനിടെയെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം. കൊല്ലപ്പെട്ട ഷീബയും മുഹമ്മദ് സാലിക്കും ഒറ്റയ്ക്കാണ് താമസമെന്ന് അറിയാവുന്നവരാകും അക്രമികൾ എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലേക്ക് കയറുന്ന വാതിലിനോടു ചേർന്നു തന്നെയാണ് ഷീബയുടെ മൃതദേഹം കണ്ടത്. വാതിൽ തുറന്നയുടൻ അക്രമി സംഘം ഇവരെ കീഴ്‌പ്പെടുത്തിയിരിക്കാമെന്നു പൊലീസ് പറയുന്നു. കസേരയും ടീപോയിയും തകർത്തിരുന്നു. അലമാര കുത്തിത്തുറക്കാൻ ശ്രമം നടത്തി. സാധനങ്ങൾ വലിച്ചു പുറത്തിട്ടുണ്ട്. എന്നാൽ വീട്ടിൽ നിന്ന് എന്തൊക്കെ മോഷണം പോയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. രാത്രിയായതിനാൽ പൊലീസ് വീട് സീൽ ചെയ്തു.

കാർ മോഷണം പോയതാണ് കവർച്ചയുടെ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. കാർ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ചെക്‌പോസ്റ്റുകളിലും അതിർത്തികളിലും പരിശോധന ശക്തമാക്കി. ഇവരുടെ വീടുമായി ബന്ധപ്പെട്ടവരെയും അന്വേഷിക്കുന്നുണ്ട്. തെളിവു നശിപ്പിക്കാനാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് കരുതുന്നു. അക്രമികളെ കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന മുഹമ്മദ് സാലിക്കിന്റെ ആരോഗ്യ നില വെല്ലുവിളിയാണ്. സാലി ആരോഗ്യം വീണ്ടെടുത്താൽ പ്രതികൾ കുടുങ്ങും. തിങ്കളാഴ്ച വൈകിട്ടോടെ സാലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാലിക്കിന്റെ സംസാരശേഷി തിരിച്ചു കിട്ടുന്നത് കേസിൽ നിർണായകമാകും. രാത്രി റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തി.

നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിൽ ടീ സ്റ്റാൾ നടത്തിയിരുന്ന സാലിക്ക്, തലയിലേക്കുള്ള ഞരമ്പിന്റെ തകരാറിനെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളും അലട്ടിയിരുന്നു. ഞരമ്പിന്റെ പ്രശ്‌നങ്ങളെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതോടെ ഒരു കണ്ണിന് പൂർണമായും മറ്റൊരു കണ്ണ് ഭാഗികമായും കാഴ്ച നഷ്ടപ്പെട്ടതിനാൽ സാലിക്ക് പുറത്തിറങ്ങാതായി. ഇതോടെ കടയുടെ ഉത്തരവാദിത്തം ഷീബ ഏറ്റെടുത്തു. ജീവനക്കാരെ നിർത്തിയാണ് കട നടത്തിയിരുന്നത്. മകൾ മസ്‌കറ്റിലാണുള്ളത്. ഇവർ നാട്ടിലേക്ക് എത്താൻ ശ്രമിക്കുന്നുണ്ട്. ഉടനെ വന്നാൽ തന്നെ ക്വാറന്റീനിൽ കഴിയെണമെന്നതും സാങ്കേതികമായ പ്രശ്‌നമാണെന്ന് ബന്ധുക്കൾ പറയുന്നു. കാസർകോട് സ്വദേശിയാണ് ഷാനിയുടെ ഭർത്താവ് സുധീർ. ബന്ധുക്കൾ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. 2007ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2014 മുതൽ ഷാനി ഭർത്താവിനൊപ്പം മസ്‌കത്തിൽ ആണ്.

തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം വൈദ്യുത കമ്പി ശരീരത്തിൽ ചുറ്റി ഷോക്കേൽപ്പിച്ചും അടുക്കളയിലെ ഗ്യാസ് സിലണ്ടർ തുറന്നു വെച്ചതും മരണമുറപ്പാക്കാൻ പ്രതികൾ നടത്തിയ കരുതിക്കൂട്ടിയ ശ്രമമെന്ന നിഗമനത്തിലാണ് പൊലീസ്. ഇരുവരെയും കൈകാലുകൾ കെട്ടിയിട്ട നിലയിലാണ് വീടിനുള്ളിൽ കണ്ടെത്തിയത്. രണ്ടുപേരുടെയും തലക്കാണ് പരിക്കേറ്റിരിക്കുന്നത്. മകൾ വിദേശത്തായതിനാൽ ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സാലി മുമ്പ് നാഗമ്പടത്ത് വഴിയോരക്കച്ചവടം നടത്തിയിരുന്നു. രാവിലെ 9 മണിയോടെയാണു കൊലപാതകമെന്നാണു നിഗമനം എന്നു ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് പറഞ്ഞു.

ഇരുവരുടെയും കൈകളിലും കാലുകളിലും ഇരുമ്പുകമ്പികെട്ടി വൈദ്യുതി ശരീരത്തിലേക്ക് കടത്തിവിട്ടു. സാലിയുടെ കാലിൽ ഇരുമ്പുദണ്ഡും കെട്ടിവെച്ചിരുന്നു. കാലിൽകെട്ടിയ കമ്പിയിൽനിന്ന് വയർ ബന്ധിപ്പിച്ച നിലയിലുമായിരുന്നു. കൈയുംകാലും കെട്ടിയിരുന്നു. ഷീബയുടെ കൈകാലുകൾ പുറകിലേയ്ക്കാണ് പിടിച്ചുകെട്ടിയിരുന്നത്. ഇരുവരുടെയും തലയ്ക്ക് അടിയേറ്റിട്ടുണ്ട്. വൻതോതിൽ രക്തം നഷ്ടമായിരുന്നു. സ്വീകരണമുറിയിലെ ടീപ്പോയ് അടിച്ചുതകർത്തു. ഫാനിന്റെ ഇതൾ ഒടിഞ്ഞിരുന്നു. വീട്ടിലെ ഫോറൻസിക് പരിശോധനയും നിർണ്ണായക തെളിവായി മാറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP