Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

അഫ്‌സൽ ഗുരു പറഞ്ഞതെല്ലാം ശരിയോ? ദേവീന്ദർ സിങ് 2005 ൽ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്തകളും ഇന്റലിജൻസിന്; പുറത്തായത് തീവ്രവാദികൾക്ക് പിസ്റ്റളും വയർലെസ് സെറ്റും കൈവശം വയ്ക്കാൻ അനുമതി നൽകുന്ന അതിവിചിത്ര ഉത്തരവ്; പരിശോധന കൂടാതെ ഭീകരർക്ക് സഞ്ചരിക്കാൻ കുറിപ്പെഴുതിയത് ഔദ്യോഗിക ലെറ്റർ പാഡിൽ; കാക്കിക്കുള്ളിലെ ഭീകരനെ കുടുക്കി കൂടുതൽ വിവരങ്ങൾ; പാർലമെന്റ് ആക്രമണത്തിൽ അഫ്‌സൽ ഗുരുവിനെ ഈ തീവ്രവാദ ഓഫീസർ കുടുക്കിയതോ?  

അഫ്‌സൽ ഗുരു പറഞ്ഞതെല്ലാം ശരിയോ? ദേവീന്ദർ സിങ് 2005 ൽ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്തകളും ഇന്റലിജൻസിന്; പുറത്തായത് തീവ്രവാദികൾക്ക് പിസ്റ്റളും വയർലെസ് സെറ്റും കൈവശം വയ്ക്കാൻ അനുമതി നൽകുന്ന അതിവിചിത്ര ഉത്തരവ്; പരിശോധന കൂടാതെ ഭീകരർക്ക് സഞ്ചരിക്കാൻ കുറിപ്പെഴുതിയത് ഔദ്യോഗിക ലെറ്റർ പാഡിൽ; കാക്കിക്കുള്ളിലെ ഭീകരനെ കുടുക്കി കൂടുതൽ വിവരങ്ങൾ; പാർലമെന്റ് ആക്രമണത്തിൽ അഫ്‌സൽ ഗുരുവിനെ ഈ തീവ്രവാദ ഓഫീസർ കുടുക്കിയതോ?   

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാശ്മീരിലെ സേനയുടെ കഥ പറഞ്ഞ മമ്മൂട്ടിയുടെ ജോഷി ചിത്രമാണ് നായർസാബ്. അതിർത്തിയിൽ ഭീകരത വിതയ്ക്കാൻ സേനയിലുള്ള നുഴഞ്ഞു കയറ്റക്കാർ നടത്തുന്ന കള്ളക്കളികൾ നിറഞ്ഞ സിനിമ. ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ്, ഗീത, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ സൈനിക പശ്ചാത്തലത്തിലുള്ള മലയാളചലച്ചിത്രത്തിലെ വില്ലൻ കഥപാത്രത്തെ വെല്ലുന്നതാണ് ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കശ്മീരിലെ ഡിവൈഎസ്‌പി ദേവീന്ദർ സിങിലെ ഒറ്റുകാരനും. ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

ദേവീന്ദർ സിങ് 2005 ൽ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്ത് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയതോടെയാണ് ഭീകരതയുടെ ചിത്രം കൂടുതൽ വ്യക്തമാകുന്നത്. കശ്മീരിൽനിന്ന് ഡൽഹിയിലേക്ക് നാല് ഭീകരർക്കും സുരക്ഷിതമായി യാത്രചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. ഈ കത്തിനെക്കുറിച്ചും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം നടത്തും. ഭീകരരെ സ്ഥിരമായി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കലായിരുന്നു ഈ പൊലീസിലെ ഭീകരന്റെ ജോലിയെന്നാണ് സൂചന. ദേവീന്ദർ സിങ് മറ്റു ഭീകരർക്കും സഹായം നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നതിനിടെയാണ് സുപ്രധാന കത്തിന്റെ വിവരം പുറത്തുവന്നിട്ടുള്ളത്. പാർലമെന്റ് ആക്രമണത്തിലും പുൽവാമ ഭീകരാക്രമണത്തിലും ദേവീന്ദറിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

2005 ജൂലായ് ഒന്നിന് ഗുരുഗ്രാം - ഡൽഹി അതിർത്തിയിൽനിന്ന് ഡൽഹി പൊലീസ് അറസ്റ്റുചെയ്ത നാല് ഭീകരർക്കുവേണ്ടി ദേവീന്ദർ സിങ് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. മിലിട്ടറി ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരർ പിടിയിലായത്. ആയുധങ്ങളും വെടിക്കോപ്പുകളും 50000 രൂപയുടെ കള്ളനോട്ടും അവരിൽനിന്ന് പിടിച്ചെടുത്തിരുന്നു. സക്വീബ് റഹ്മാനെന്ന മസൂദ്, ഹസി ഗുലാം മൊയ്നുദീൻ ദർ എന്നീ രണ്ടുപേർ അടക്കമുള്ളവരാണ് അന്ന് പിടിയിലായത്. പുൽവാമ സ്വദേശിയായ ദറിന് പിസ്റ്റളും വയർലെസ് സെറ്റും കൈവശംവെക്കാൻ അനുമതി നൽകുന്ന കത്താണ് അന്ന് ജമ്മു കസ്മീരിലെ ഡിഐഡി ഡെപ്യൂട്ടി എസ്‌പി ആയിരുന്ന ദേവീന്ദർ സിങ് നൽകിയത്. പരിശോധനകളൊന്നും നടത്താതെ ഇയാൾക്ക് സുരക്ഷിത യാത്രയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സിങ്ങിന്റെ ഔദ്യോഗിക ലെറ്റർപാഡിൽ എഴുതിയ കത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു.

ഈ ഭീകരരുടെ താമസ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഗ്രനേഡ് ലോഞ്ചറുകളും ഗ്രനേഡുകളും വയർലെസ് സെറ്റും എ.കെ 47 തോക്കും വെടിയുണ്ടകളും അടക്കമുള്ളവ കണ്ടെത്തിയിരുന്നു. ഭീകരർക്ക് സുരക്ഷിത യാത്രയൊരുക്കണമെന്ന് നിർദ്ദേശിക്കുന്ന കത്ത് താൻ നൽകിയിട്ടുണ്ടെന്ന് ദേവീന്ദർ സിങ് ഡൽഹി പൊലീസിനെയും അറിയിച്ചിരുന്നു. ഭീകരർക്ക് വയർലെസ് സെറ്റ് അടക്കമുള്ളവ കൈവശം വെക്കാൻ അനുമതി നൽകിക്കൊണ്ട് കത്തെഴുതിയ ദേവീന്ദർ സിങ്ങിന്റെ എല്ലാ ഇടപെടലുകളും പരിശോധിക്കാനാണ് നീക്കം. അതിനിടെ ദേവീന്ദർ സിങ്ങിനെ പൊലീസ് സേനയിൽനിന്ന് പുറത്താക്കാൻ നീക്കം. ഇതിനുള്ള അനുമതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്ന് കശ്മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു.

അനുമതി ലഭിച്ചശേഷമാകും പുറത്താക്കൽ നടപടി. ദേവീന്ദർ സിങ്ങിനെ സസ്പെൻഡ് ചെയ്തിരുന്നു. അതിനിടെ, വിവിധ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിൽ ദേവീന്ദർ സിങ് വെളിപ്പെടുത്തിയ കാര്യങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും കശ്മീർ ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. കുൽഗാമിലെ മിർ ബസാറിന് അടുത്തുനിന്നാണ് ദേവീന്ദർ സിങ് ഭീകരർക്കൊപ്പം അറസ്റ്റിലായത്. ഹിസ്ബുൾ മുജാഹിദീൻ ഭീകരരായ നവീദ് ബാവ, അൽത്താഫ് എന്നിവർക്കൊപ്പം സഞ്ചരിക്കവെയാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പിടിയിലായത്. ദേവീന്ദർ സിങ്ങിന് വിശിഷ്ട സേവനത്തിനുള്ള മെഡലുകളൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടില്ലെന്ന് കശ്മീർ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഹിസ്ബുൾ ഭീകരർക്ക് സഹായം നൽകി വരുന്നതായി സിങ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

അതിനിടെ ദേവീന്ദർ സിങ് കഴിഞ്ഞ ജൂണിലും ചണ്ഡീഗഡിലെത്തിയിരുന്നതായി വിവരം പുറത്തു വന്നിട്ടുണ്ട്. 3 ഹിസ്ബുൽ ഭീകരർ അദ്ദേഹത്തോടൊപ്പം താമസിക്കുകയും ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടതായി അറിയുന്നു. ദേവീന്ദറാണു കശ്മീരിൽ നിന്ന് ഇവരെ ചണ്ഡീഗഡിലെത്തിച്ചത്. കശ്മീരിൽ പിടിയിലായ ഹിസ്ബുൽ ഭീകരൻ നവീദ് ബാബുവിന്റെ സഹോദരനടക്കമുള്ളവർ ഇവരെ സന്ദർശിച്ചതായും വിവരമുണ്ട്. അവിടെ ഒരു അപ്പാർട്‌മെന്റിൽ 3-4 ദിവസം ഇവർ താമസിച്ചിരുന്നു. ശ്രീനഗറിലെ ഇന്ദിരാ നഗറിൽ ആർമി കേന്ദ്രത്തിനോടു ചേർന്നു നിർമ്മിക്കുന്ന കോടികൾ വിലമതിക്കുന്ന വീടിനു പുറമേ സന്നത് നഗറിലും ദേവീന്ദർ വീടുണ്ടാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടിയത് ശിവ്പുരയിലെ മൂന്നാമത്തെ വീട്ടിൽ നിന്നാണ്. ഇന്ദിരാനഗറിലെ പുതിയ വീട്ടിൽ നിന്ന് തൊട്ടടുത്തുള്ള സൈനിക കേന്ദ്രത്തിന്റെ മാപ്പും പിടികൂടിയിട്ടുണ്ട്.

അഫ്‌സൽ ഗുരു പറഞ്ഞത് ശരിയോ?

ജുമ്മു കാശ്മീരിൽ വെച്ച് കൊടും തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ ഡിഎസ്‌പി ദേവീന്ദർ സിംഗിന്റെ ഭീകരബന്ധം പുറത്തായതോടെ ചർച്ചയാകുന്നത് പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിനെ കുറിച്ചാണ്. പാർലമെന്റ് ആക്രമിച്ച ഭീകരവാദികളിൽ ഒരാളെ ഡൽഹിയിൽ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും ജമ്മു കശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദർ സിംഗാണെന്ന് മുമ്പ് തന്നെ അഫ്സൽ ഗുരു വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അഫ്സൽ ഗുരു മുമ്പ് തന്റെ അഭിഭാഷകന് കത്തു നൽകിയിരുന്നു. ഈ കത്ത് ശരിയാണെന്ന സംശയം സജീവമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

ദേവീന്ദർ സിംഗിനെതിരെ നേരത്തെ അഫ്സൽ ഗുരു തന്റെ അഭിഭാഷകന് അയച്ച കത്ത് നേരത്തെ പുറത്തുവന്നിരുന്നു. തന്നെ കുടുക്കിയത് ദേവീന്ദർ സിംഗാണെന്ന് കത്തിൽ അഫ്സൽ ഗുരു ആരോപിച്ചത്. അന്ന് തന്നെ ഈ വിവരം പുറത്തുവന്നിരുന്നതാണെങ്കിലും അന്വേഷണ ഏജൻസികൾ ഒരിക്കലും ഇത് അന്വേഷിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ അഫ്സൽ ഗുരുവിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായിരുന്ന അഡ്വ സുശീൽ കുമാർ അന്ന് പുറത്തുവിട്ട കത്തിൽ ദേവീന്ദർ സിംഗിനെ 'ദ്രാവീന്ദർ സിങ്' (Dravinder Singh) എന്നാണ് വിശേഷിപ്പിക്കുന്നത്. തനിക്ക് പാർലമെന്റിൽ ആക്രമണം നടത്തിയ വ്യക്തിയെ 2000-ത്തിന്റെ തുടക്കത്തിൽ പരിചയപ്പെടുത്തയത് ഇതേ ദേവീന്ദർ സിംഗാണെന്ന് അഫ്സൽ ഗുരു കത്തിൽ പറയുന്നു.

''എന്നെ ഒരു ദിവസം അൽത്താഫ് ദ്രാവീന്ദർ സിങ് (ഡിഎസ്‌പി) എന്ന ഓഫീസറുടെ അടുത്തേക്ക് കൊണ്ടുപോയി. ദ്രാവീന്ദർ സിംഗിന് വേണ്ടി ഒരു ജോലിയുണ്ടെന്നും അത് ചെയ്യണമെന്നും എന്നോട് പറഞ്ഞു. വലിയ പൊലീസുദ്യോഗസ്ഥനായതിനാൽ എനിക്ക് വേറെ വഴിയില്ലായിരുന്നു. ഡൽഹിയെ കുറിച്ച് നന്നായി അറിയാമെന്നതിനാൽ തനിക്കറിയാവുന്ന ഒരാളെ ഡൽയിലേക്ക് കൊണ്ടുപോകണമെന്നും അവിടെ ഒരു വീട് വാടകയ്ക്ക് എടുത്ത് നൽകണമെന്നും തന്നോട് ആവശ്യപ്പെടുയായിരുന്നു എന്നാണ് കത്തിൽ അഫ്സൽ ഗുരു പറയുന്നത്.

എനിക്കയാളെ മുമ്പ് പരിചയമുണ്ടായിരുന്നില്ല. അയാളുടെ രീതികളും ഭാഷയും കണ്ടപ്പോൾ അയാൾ കശ്മീരി അല്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷേ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. അയാളെ ഞാൻ ഡൽഹിയിലേക്ക് കൊണ്ടുപോയി. ഒരു ദിവസം അയാളെന്നോട് ഒരു കാർ വേണമെന്ന് പറഞ്ഞു. ഞാനയാളെ കരോൾ ബാഗിലേക്ക് കൊണ്ടുപോയി. അവിടന്ന് അയാളൊരു കാർ വാങ്ങി. ഡൽഹിയിൽ വച്ച് അയാളൊരുപാട് പേരെ കാണുമായിരുന്നു. അയാളുടെ പേര് മുഹമ്മദ് എന്നായിരുന്നു. ദേവീന്ദർ സിങ് ഇതിനിടയിൽ പല തവണ ഞങ്ങളെ (ഗുരുവിനെയും, അൽത്താഫിനെയും മുഹമ്മദിനെയും) വിളിക്കുമായിരുന്നു'', അഫ്സൽ ഗുരു വെളിപ്പെടുത്തിയിരുന്നു,

2001 ഡിസംബർ 13-ന് ഇന്ത്യയെ ഞെട്ടിച്ച പാർലമെന്റ് ആക്രമണം നടത്തിയവരിൽ ഒരാൾ ഈ മുഹമ്മദായിരുന്നു. ഇയാളെ സുരക്ഷാസേന പാർലമെന്റ് വളപ്പിൽ നിന്ന് തന്നെ വെടിവച്ച് കൊന്നു. അന്ന് ദേവീന്ദർ സിങ് അഫ്സൽ ഗുരുവിനെ വിളിച്ചുവെന്ന ആരോപണമോ മുഹമ്മദ് എവിടെ നിന്ന് വന്നു എന്നതോ അന്വേഷണസംഘം അന്വേഷിച്ചിരുന്നില്ല. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ രാജ്യത്ത് എതിർപ്പ് ശക്തമായിരുന്നു. പാർലമെന്റിൽ കാർഗിൽ ശവപ്പെട്ടി കുംഭകോണം ചർച്ച ചെയ്യുന്ന വേളയിലായിരുന്നു ഭീകരാക്രമണം നടന്നത്. അതുകൊണ്ട് തന്നെ ഇത് ഭരണതലത്തിൽ ആസൂത്രണം ചെയ്ത ആക്രമണം ആയിരുന്നു എന്ന ആക്ഷേപവും ഉയർന്നിരുന്നു.

പൊലീസിലെ കൊടു ഭീകരൻ

ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ അസീഫ് റാത്തർ, ലഷ്‌കറെ ത്വയിബ കമാൻഡർ നവീദ് ബാബു എന്നിവർക്കൊപ്പമാണ് ഡിഎസ്‌പി ദേവീന്ദർ സിംഗിനെ പിടികൂടിയത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിനെ കേസിൽ കുടുക്കിയെന്ന ആരോപണത്തിന് ശക്തി നൽകുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ

കാശ്മീരിലെ തീവ്രവാദികളെ ഇയാൾ സഹായിക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. അസീഫ് റാത്തറിനേയും നവീദ് ബാബുവിനെയും ഷോപിയാനിൽ നിന്ന് രക്ഷപ്പെടാൻ ദേവീന്ദർ സിങ് സഹായിക്കുന്നതിനിടെയാണ് പിടിയിലായത്. തീവ്രവാദികളെ സുരക്ഷിത താവളത്തിലേക്ക് കടത്തുകയായിരുന്നു ഇയാൾ. ഡിഐജി അതുൽ ഗോയലിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തുകയും പ്രത്യേക ഓപറേഷനിൽ പിടികൂടുകയുമായിരുന്നു. വിദേശ പ്രതിനിധികൾ കാശ്മീർ സന്ദർശിക്കാനെത്തിയപ്പോൾ അനുഗമിച്ച പൊലീസ് സംഘത്തിൽ ദേവീന്ദർ സിംഗുമുണ്ടായിരുന്നു. സിംഗിനും തീവ്രവാദികൾക്കും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.

ജമ്മുകാശ്മീർ പൊലീസിന്റെ ആന്റി ഹൈജാക്കിങ് സ്‌ക്വാഡിലെ അംഗമായിരുന്നു നേരത്തെ സിങ്. പിടിയിലാകുമ്പോൾ ശ്രീനഗർ വിമാനത്താവളത്തിലാണ് ജോലി. 1994 മുതൽ ജമ്മുകാശ്മീർ പൊലീസിലെ പ്രത്യേക ഓപ്പറേഷൻ വിഭാഗത്തിലെ അംഗമായിരുന്നു. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ പേരിൽ അതിവേഗം പ്രെമോഷനും കിട്ടിയിട്ടുണ്ട്. പരാതികൾ ഉയർന്നതിനെ തുടർന്ന് കുറച്ചു കാലം സസ്‌പെൻഷനിലായിരുന്നു ഇയാൾ. അതിന് ശേഷം ശ്രീനഗർ പൊലീസിന്റെ കൺട്രോൾ റൂമിലെത്തി. അവിടെ നിന്നാണ് അന്റി ഹൈജാക്കിങ് സ്‌ക്വാഡിന്റെ ഭാഗമായത്. പിന്നീട് വിമാനത്താവളത്തിലേക്കും മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP