Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

കാൽമുട്ടിന് കൂടുതൽ സമ്മർദ്ദം; റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും പിന്മാറി; യുവതാരങ്ങളായ സിറ്റ്സിപാസും മെദ്വദേവും ക്വാർട്ടറിൽ നേർക്കുനേർ

കാൽമുട്ടിന് കൂടുതൽ സമ്മർദ്ദം; റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും പിന്മാറി; യുവതാരങ്ങളായ സിറ്റ്സിപാസും മെദ്വദേവും ക്വാർട്ടറിൽ നേർക്കുനേർ

സ്പോർട്സ് ഡെസ്ക്

പാരിസ്: മുൻ ലോക ഒന്നാം നമ്പർ താരവും സ്വിസ് ഇതിഹാസവുമായ റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്ന് പിന്മാറി. നാലാം റൗണ്ടിൽ ഒമ്പതാം സീഡ് മതിയോ ബെരെറ്റിനിയുമായിട്ടുള്ള മത്സരത്തിന് മുമ്പാണ് ഫെഡറർ ടൂർണമെന്റിൽ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കിയത്. കാൽമുട്ടിന് രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാലും ഒരു വർഷത്തെ വിശ്രമം ആവശ്യമായതിനാലുമാണ് പിൻവാങ്ങുന്നതെന്ന് ഫെഡറർ ട്വീറ്റിൽ പറയുന്നു.

ഇന്നലെ ജർമനിയുടെ ഡൊമിനിക് കോഫറിനെതിരായ മത്സരത്തിന് ശേഷം ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ഫെഡറർ സൂചിപ്പിച്ചിരുന്നു. മെഡിക്കൽ സംഘത്തോട് ആലോചിച്ച ശേഷമാണ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് ഫെഡറർ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

 

''എല്ലാവരുമായി സംസാരിച്ച ശേഷമാണ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. മുട്ടിന് രണ്ട് ശസ്ത്രക്രിയ കഴിഞ്ഞ് ഏതാണ്ട് ഒരു വർഷത്തോളം പരിചരണത്തിലായിരുന്നു. അതുകൊണ്ടുതന്നെ ശരീരം പറയുന്നത് ശ്രദ്ധിക്കണം. ഫ്രഞ്ച് ഓപ്പണിൽ മൂന്ന് മത്സരങ്ങൾ ജയിക്കാൻ കഴിഞ്ഞത് വലിയനേട്ടമാണ്. കോർട്ടിലേക്ക് തിരിച്ചെത്തുകയെന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ല.'' ഫെഡറർ കുറിച്ചിട്ടു.

ഇന്നലെ മൂന്നാം റൗണ്ടിൽ ജർമനിയുടെ ഡൊമിനിക് കോഫറിനെതിരെ 7-6, 6-7, 7-6, 7-5നാണ് ഫെഡറർ ജയിച്ചത്. കാൽമുട്ടിലെ പരിക്ക് അലട്ടിയാൽ ടൂർണമെന്റിൽ തുടരാവില്ലെന്ന് ഫെഡറർ ഇന്നലെ പറഞ്ഞിരുന്നു. മൂന്ന് മണിക്കൂറും 35 മിനിറ്റുമാണ് മത്സരം നീണ്ടുനിന്നത്. കഴിഞ്ഞ 18 മാസത്തിന് ഇടയിലെ ഫെഡറർ കളിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ മത്സരം കൂടിയായിരുന്നിത്. 2020 ജനുവരി 30ന് ശേഷം ഫെഡറർ ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ കളിച്ചിരുന്നില്ല. 2015-ന് ശേഷം രണ്ടാം തവണ മാത്രമാണ് ഫെഡറർ റോളണ്ട് ഗാരോസിൽ റാക്കറ്റെടുത്തത്.

രണ്ട് മാസം കൂടി കഴിഞ്ഞാൽ 40 വയസ് പൂർത്തിയാവും ഫെഡറർക്ക്. വിംബിൾഡണിൽ പൂർണ കായികക്ഷമതയോടെ കളിക്കുകയാണ് ഫെഡററുടെ ലക്ഷ്യം. ഫ്രഞ്ച് ഓപ്പണിൽ കിരീടപ്പോരിന് താൻ യോഗ്യനല്ലെന്ന് ഫെഡറർ പറഞ്ഞിരുന്നു.

വിംബിൾഡണിന് വേണ്ടി താളം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഫ്രഞ്ച് ഓപ്പണിൽ കളിക്കുന്നതെന്ന് ഫെഡറർ വ്യക്തമാക്കിയിരുന്നു. നാലാം റൗണ്ടിൽ ഇറ്റലിയുടെ മാതിയോ ബരേറ്റിനിയായിരുന്നു ഫെഡററുടെ എതിരാളി. ഫെഡറർ പിന്മാറിയതോടെ താരത്തിന് വാക്ക്ഓവർ ലഭിക്കും.

അതിനിടെ യുവതാരങ്ങളായ സ്റ്റെഫാനോസ് സിറ്റ്സിപാസും ഡാനിൽ മെദ്വദേവും ക്വാർട്ടറിൽ പ്രവേശിച്ചു. വനിതകളിൽ അനസ്താസിയ പവ്ല്യുചെങ്കോവയും ക്വാർട്ടറിൽ കടന്നു.

12-ാം സീഡ് കരേനൊ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിറ്റ്സിപാസ് ക്വാർട്ടറിലെത്തിയത് 6-3, 6-2, 7-5നായിരുന്നു അഞ്ചാം സീഡായ സിറ്റ്സിപാസിന്റെ ജയം. ക്വാർട്ടറിൽ മെദ്വദേവാണ് ഗ്രീക്ക് താരത്തിന്റെ എതിരാളി. ചിലിയുടെ ക്രിസ്റ്റ്യൻ ഗാരിനെ തോൽപ്പിച്ചാണ് രണ്ടാം സീഡായ റഷ്യയുടെ മെദ്വദേവ് ക്വാർട്ടറിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മെദ്വദേവിന്റെ ജയം. സ്‌കോർ 2-6. 1-6, 7-5. ഇരുവരും മുമ്പ് ഏഴ് തവണ നേർക്കുനേർ വന്നപ്പോൾ ആറ് തവണയും മെദ്വദേവാണ് ജയിച്ചത്. ഒരു തവണ ജയം സിറ്റ്സിപാസിന്റെ കൂടെ നിന്നു.

വനിതാ വിഭാഗം സിംഗിൾസിൽ നിന്ന് ഒന്നാം സീഡ് ആഷ്‌ലി ബാർട്ടിയും കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഇടുപ്പിനേറ്റ പരിക്കിനെത്തുടർന്നാണ് രണ്ടാം റൗണ്ട് മത്സരത്തിനിടെ ബാർട്ടി പിന്മാറിയത്. പോളണ്ട് താരം മാഗ്ദ ലിന്നെറ്റെക്കെതിരെ 6-1, 2-2 എന്ന സ്‌കോറിൽ പിന്നിൽ നിൽക്കവെയാണ് ബാർട്ടി പരിക്കുമൂലം മത്സരം തുടരാനാവാതെ പിന്മാറിയത്.

മത്സരശേഷമുള വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാവില്ലെന്ന് വ്യക്തമാക്കി ആദ്യ റൗണ്ട് മത്സരത്തിനുശേഷം രണ്ടാം സീഡ് നവോമി ഒസാക്കയും പരിക്കിനെത്തുടർന്ന് ടൂർണമെന്റിന് തൊട്ടുമുമ്പ് മൂന്നാം സീഡ് സിമോണ ഹാലെപ്പും നേരത്തെ പിന്മാറിയതോടെ വനിതാ സിംഗിൾസിൽ ആദ്യ മൂന്ന് സീഡുകാരില്ലാതെയാണ് ഇത്തവണ വനിതാ സിംഗിൾസ് മത്സരങ്ങൾ നടക്കുന്നത്. 2019ൽ ഫ്രഞ്ച് ഓപ്പണിൽ ബാർട്ടി കിരീടം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP