Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരുത്തൻ സ്വയം ചെണ്ടകൊട്ടി പാടുന്നുവെന്നു പരിഹസിച്ച പിണറായി; പാർട്ടിക്കു മുകളിൽ വളരുന്ന പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു നേരെ ചാഞ്ഞാൽ മുറിച്ചു കളയണമെന്ന ലൈനിൽ അന്വേഷണം; ഒടുവിൽ എല്ലാ കുറ്റവും അമ്പാടിമുക്ക് സഖാക്കൾക്കും; വ്യക്തിപൂജാ വിവാദത്തിൽ പി ജയരാജന് ക്‌ളിൻ ചിറ്റ്; സിപിഎമ്മിൽ പിജെയ്ക്ക് കാര്യങ്ങൾ അനുകൂലമോ?

ഒരുത്തൻ സ്വയം ചെണ്ടകൊട്ടി പാടുന്നുവെന്നു പരിഹസിച്ച പിണറായി; പാർട്ടിക്കു മുകളിൽ വളരുന്ന പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു നേരെ ചാഞ്ഞാൽ മുറിച്ചു കളയണമെന്ന ലൈനിൽ അന്വേഷണം; ഒടുവിൽ എല്ലാ കുറ്റവും അമ്പാടിമുക്ക് സഖാക്കൾക്കും; വ്യക്തിപൂജാ വിവാദത്തിൽ പി ജയരാജന് ക്‌ളിൻ ചിറ്റ്; സിപിഎമ്മിൽ പിജെയ്ക്ക് കാര്യങ്ങൾ അനുകൂലമോ?

അനീഷ് കുമാർ

കണ്ണൂർ: വ്യക്തിപൂജാ വിവാദത്തിൽ പി.ജയരാജന് സിപിഎം കണ്ണുർ ജില്ലാ കമ്മിറ്റിയുടെ ക്‌ളിൻ ചിറ്റ്. വ്യക്തിപ്രഭാവം ഉയർത്തി കാട്ടാൻ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ ശ്രമിച്ചിട്ടില്ലെന്നാണ് സിപിഎം കണ്ണുർ ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ കണ്ടെത്തൽ. ആർ എസ് എസിൽ നിന്ന് സിപിഎമ്മിൽ എത്തിയ അമ്പാടി മുക്ക് സഖാക്കളാണ് എല്ലാത്തിനും പിന്നിലെന്നാണ് കണ്ടെത്തൽ.

സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പി.ജയരാജൻ തെറിക്കാനിടയായ കാരണങ്ങളിലൊന്ന് വ്യക്തി പുജാ വിവാദമായിരുന്നു. മയ്യിലിലെ ഒരു കലാ കൂട്ടായ്മയാണ് കണ്ണൂരിലെ ചെന്താരകമല്ലോ പി. ജയരാജൻ എന്ന വാഴ്‌ത്തിപ്പാട്ടുമായി സംഗീത ആൽബം പുറത്തിറക്കിയത്. ഇതു വിവാദമായതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ നിന്നും കടുത്ത വിമർശനമാണ് പി.ജയരാജൻ നേരിടേണ്ടി വന്നത്.പാർട്ടി കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ സംഘടനാ ചർച്ചയ്ക്കിടെ അതിരൂക്ഷമായ വിമർശനമാണ് പി.ജയരാജണതിരെ അഴിച്ചുവിട്ടത്.

ഒരുത്തൻ സ്വയം ചെണ്ടകൊട്ടി പാടുന്നുവെന്നു പരിഹസിച്ചാണ് പിണറായി ഈ വിഷയത്തിൽ തന്റെ അമർഷം വ്യക്തമാക്കിയത്. അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും എം.വി ഗോവിന്ദനും പി.ജയരാജൻ വ്യക്തി പൂജയിൽ അഭിരമിക്കുന്നുവെന്ന വിമർശനം ഉയർത്തിയിരുന്നു. ഇതെല്ലാം വെറും വിമർശനമാണെന്ന് തെളിയിക്കുകയാണ് അന്വേഷണ സമിതി റിപ്പോർട്ട്. തുടർഭരണം കിട്ടിയ സാഹചര്യത്തിൽ ജയരാജനുമായി ഒത്തുതീർപ്പിന് പിണറായി തയ്യാറാകുമെന്നതിന്റെ സൂചനയാണ് ഈ റിപ്പോർട്ട്.

പാർട്ടിക്കു മുകളിൽ വളരുന്ന പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു നേരെ ചാഞ്ഞാൽ മുറിച്ചുകളയണമെന്ന ലൈൻ അടിസ്ഥാനമാക്കിയാണ് ജയരാജനെ കണ്ണുർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. പിന്നീട് വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിപ്പിച്ച് തോൽപ്പിക്കുകയും ചെയ്തു. ഇതോടെ പി.ജയരാജൻ സിപിഎം സംസ്ഥാന സമിതിയംഗമായി ഒതുങ്ങുകയും ചെയ്തു.

വ്യക്തിപൂജാ വിവാദം അന്വേഷിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ കമ്മിറ്റി അന്വേഷിക്കുന്നതിനായി മുന്നു നേതാക്കളെ നിയോഗിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.ചന്ദ്രൻ ,എ.എൻ ഷംസീർ, ടി. ഐ മധുസൂദനൻ എന്നിവരാണ് വ്യക്തിപൂജാ വിവാദം അന്വേഷിച്ചത്. എന്നാൽ ഈ സമിതിക്ക് ജയരാജന് വ്യക്തിപൂജാവിവാദത്തിൽ പങ്കുണ്ടെന്ന് കണ്ടെത്താനായിട്ടല്ല. ജയരാജന്റെ അറിവോ സമ്മതമോ കൂടാതെയാണ് പഴയ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് മയ്യിലിലെ കലാ കൂട്ടായ്മ വീഡിയോ ആൽബം തയ്യാറാക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുണ്ട്.

ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പി.ജെ.ആർമിയുമായി ജയരാജന് യാതൊരു ബന്ധവുമില്ലെന്നും ഈ കൂട്ടായ്മയെ ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു. കണ്ണുർ നഗരത്തിലെ തളാപ്പ് അമ്പാടി മുക്കിൽ പിണറായി വിജയനെ അർജുനനായും ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് ഫ്‌ളക്‌സ് ബോർഡ് വെച്ചതിലും ജയരാജന് അറിവോ പങ്കോയില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം റിപ്പോർട്ട് ചർച്ച ചെയ്തിട്ടുണ്ട്.

ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാന്ന്. പാർട്ടിയിൽ പിണറായി കോപത്തിന് ഇരയായ പി.ജയരാജന് വലിയ ആശ്വാസമാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. വരുന്ന സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറിയറ്റംഗമായി മാറാനുള്ള സാധ്യത ഇതോടെ തെളിഞ്ഞിരിക്കുകയാണ് ഒരു കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവ വിശ്വസ്തരിലൊരാളായി അറിയപ്പെടുന്ന പി.ജയരാജൻ പിന്നീട് പിണറായി വിഭാഗത്തിൽ നിന്നും അകലുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP