Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ മിഷിനുണ്ടെന്ന് കേരളം ചർച്ച ചെയ്തതും തൊടുപുഴയിലെ ബാറുടമയുടെ ശബ്ദരേഖയിൽ; ഒൻപത് വർഷം കഴിയുമ്പോൾ അതേ മുതലാളി വക വീണ്ടും ശബ്ദരേഖ; പ്രത്യക്ഷത്തിൽ ഇടതിന് പ്രതിസന്ധിയുണ്ടാകില്ലെങ്കിലും മദ്യനയത്തെ സംശയ നിഴലിലാക്കാൻ പുതിയ വിവാദം; വീണ്ടും ബാർ കോഴ ആളിക്കത്തും

മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ മിഷിനുണ്ടെന്ന് കേരളം ചർച്ച ചെയ്തതും തൊടുപുഴയിലെ ബാറുടമയുടെ ശബ്ദരേഖയിൽ; ഒൻപത് വർഷം കഴിയുമ്പോൾ അതേ മുതലാളി വക വീണ്ടും ശബ്ദരേഖ; പ്രത്യക്ഷത്തിൽ ഇടതിന് പ്രതിസന്ധിയുണ്ടാകില്ലെങ്കിലും മദ്യനയത്തെ സംശയ നിഴലിലാക്കാൻ പുതിയ വിവാദം; വീണ്ടും ബാർ കോഴ ആളിക്കത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീണ്ടും ബാർകോഴ ആരോപണം ഉയരുമ്പോൾ ചർച്ചയാകുന്നത് പഴയൊരു ശബ്ദരേഖ. യുഡിഎഫ് ഭരണകാലത്ത് ധനമന്ത്രിയായിരുന്ന കെ എം മാണിയെ വലച്ചതും ബാർ കോഴയായിരുന്നു. അന്ന് കെ.എം മാണിക്കു ബാറുടമകൾ പണം നൽകിയതിനു തെളിവുമായി ശബ്ദരേഖ പുറത്ത് വന്നിരുന്നു. പിന്നീട് ഈ കേസ് തന്നെ അപ്രസക്തമായി. അന്ന് മാണിക്കു കൊടുക്കാൻ തീരുമാനിച്ചിരുന്നതു 30 കോടി രൂപയാണെന്നു വെളിപ്പെടുത്തുന്ന ശബ്ദരേഖ ബാർ ഉടമ ഡോ. ബിജു രമേശ് പുറത്തു വിട്ടിരുന്നു. കൈക്കൂലി എണ്ണിത്തിട്ടപ്പെടുത്താൻ പാലായിലെ മാണിയുടെ വസതിയിൽ നോട്ട് എണ്ണൽ യന്ത്രമുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നു. ഈ ശബ്ദരേഖ ഏറെ ചർച്ചയായി. പക്ഷേ അന്വേഷണം എങ്ങും എത്തിയില്ല.

യുഡിഎഫ് ഭരണകാലത്ത് മാണിക്കു പണം നൽകിയതിനെക്കുറിച്ച് അനിമോൻ എന്ന ബാർ ഉടമ വിശദീകരിക്കുന്നതാണു ബിജു രമേശ് പുറത്തു വിട്ട ആ ശബ്ദരേഖയിലുണ്ടായിരുന്നത്. അഞ്ചു കോടി രൂപ മാണിക്കു വീട്ടിലെത്തി കൈമാറിയതായി അനിമോൻ പറയുന്നുണ്ട്. പുലർച്ചെ ഒരു മണിക്കാണു പെട്ടിയിലാക്കി പണം കൈമാറിയത്. കാര്യം ഏറ്റെന്നു മാണി പറഞ്ഞു. അപ്പോൾ ഉറപ്പു വേണമെന്നു മാണി ആവശ്യപ്പെട്ടു. പലിശയ്‌ക്കെടുത്ത പണമാണു കൈമാറിയതെന്നും അനിമോൻ പറയുന്നുണ്ട്. 30 കോടി രൂപ മാണിക്കു നൽകാൻ, ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചൈന സുനിൽ(സുനിൽ കുമാർ) അഞ്ചുകോടി രൂപ നൽകാമെന്നു പറഞ്ഞതായി ശബ്ദ രേഖയിലുണ്ടായിരുന്നു. ഈ ശബ്ദ രേഖയിലെ വിവരങ്ങളെല്ലാം മാണി നിഷേധിക്കുകയും ചെയ്തു.

ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾക്കു പ്രവർത്തനാനുമതി നൽകുന്നതിനു വേണ്ടിയാണു മാണി ആവശ്യപ്പെട്ടതനുസരിച്ചു 30 കോടി വാഗ്ദാനം ചെയ്തത് എന്നായിരുന്നു ആ ശബ്ദ രേഖ. 312 ബാറുകളും തുറക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് അഞ്ചുകോടി രൂപയുമായി അനിമോൻ മാണിയെക്കണ്ടു. രണ്ടു കോടി രൂപ നെടുമ്പാശേരിയിൽ കാറിൽവച്ച് കെ.എം. മാണിക്കു കൈമാറിയെന്നും ശബ്ദരേഖയിൽ പറയുന്നണ്ടായിരുന്നു. എലഗന്റ്സ് ബിനോയി, ജോമോൻ എന്നിവർക്കും ഇക്കാര്യം അറിയാം. കൊല്ലത്തെ സുനിൽ സ്വാമി എന്ന വ്യവസായിയിൽനിന്നാണു പണം കടം വാങ്ങിയതെന്ന് അനിമോൻ പറയുന്നു. പക്ഷേ അന്വേഷണങ്ങളിൽ ഇതിനൊന്നും തെളിവ് കിട്ടിയില്ലെന്നതാണ് കേസ് തന്നെ മാഞ്ഞു പോകാൻ കാരണം. എല്ലാവരും ഈ ശബ്ദരേഖയെ തള്ളി പറഞ്ഞു.

ഈ വിവാദത്തെ തുടർന്നാണ് ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പിളർന്നതും ഫെഡറേഷൻ ഓഫ് കേരളാ ഹോട്ടൽ അസോസിയേഷൻ ഉണ്ടായതും. ഇതിന്റെ നേതൃത്വം സുനിൽ കുമാറും ഏറ്റെടുത്തു. സംഘടനയുടെ വൈസ് പ്രസിഡന്റാണ് തൊടുപുഴക്കാരനായ അനിമോൻ. ഇതിനൊപ്പം ഇടുക്കി ജില്ലയുടെ ചുമതലക്കാരനും. ഏതായാലും സംഘടനയുടെ വെബ് സൈറ്റിൽ ഇടുക്കി ജില്ലാ ഭാരവാഹികളുടെ പേരു വിവരം ഇല്ല. എന്നാൽ അനിമോനെ സംസ്ഥാന വൈസ് പ്രസിഡന്റായി ഉൾപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഈ ശബ്ദരേഖ ഈ സംഘടനയ്ക്കും തലവേദനയായി മാറും. വിവാദത്തിൽ കരുതലോടെ മാത്രമേ സിപിഎം പ്രതികരിക്കൂ. സർക്കാരിന്റെ മനസ്സിലുള്ള മദ്യനയത്തെ പോലും ഈ ശബ്ദരേഖ ബാധിക്കാൻ സാധ്യത ഏറെയാണ്.

മാണിയുമായി ബന്ധപ്പെട്ട വിവാദ ശബ്ദ രേഖയിലും തങ്ങൾക്ക് ഇതിനുള്ള ഗുണം ലഭിക്കണമെന്നും പണം കൈമാറുമ്പോൾ അനിമോൻ പറയുന്നുണ്ട്. മാണിയുടെ വീട്ടിൽ നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്നും അനിമോൻ പറയുന്നതു ശബ്ദരേഖയിലണ്ട്. ആ വിവാദ കാലത്തുകൊച്ചി, പാലാരിവട്ടത്തെ ഹോട്ടലിൽ കഴിഞ്ഞ ഡിസംബർ 31-നു രണ്ടരമണിക്കൂർ നീണ്ട ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റെ 22 മിനിട്ട് ദൈർഘ്യമുള്ള ശബ്ദരേഖയാണ് ബിജു രമേശ് പുറത്തുവിട്ടതും ചർച്ചയായി മാറിയതും. ഇത് അസോസിയേഷനിൽ പിളർപ്പുണ്ടാക്കി. അങ്ങനെയാണ് ചൈനാ സുനിലിന്റെ നേതൃത്വത്തിൽ പുതിയ സംഘടനയുണ്ടാകുന്നത്.

2014 ഒക്ടോബർ 31നാണ് പൂട്ടിയ ബാറുകൾ തുറക്കാൻ ബാറുടമകളിൽനിന്ന് മന്ത്രി കെ.എം മാണി ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തൽ വരുന്നത്. വിവാദത്തെ തുടർന്ന് 2015 നവംബർ 10ന് മാണി രാജിവയ്ക്കുകയും ചെയ്തു. അങ്ങനെ മാണിയുടെ രാജിക്ക് കാരണമായവർ വീണ്ടും ബാർ കോഴയിലെ ശബ്ദരേഖയിൽ ഇടതു സർക്കാരിനും തലവേദനയാകുന്നു. എന്നാൽ ഇവിടെ മന്ത്രിമാരുടെ പേരൊന്നും പറയുന്നില്ല. അതുകൊണ്ട് ഇടതു സർക്കാരിന് പ്രത്യക്ഷത്തിൽ ഈ വിവാദം വലിയ തലവേദനയുണ്ടാക്കില്ല. മദ്യനയം ബാർ മുതലാളിമാർക്ക് അനുകൂലമായി മാറ്റുന്നതിന് ഓരോ ഹോട്ടലും രണ്ടരലക്ഷം രൂപവീതം നൽകണമെന്നാണ് അനിമോന്റെ പുതിയ ശബ്ദരേഖ.

വ്യാഴാഴ്ച ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ എറണാകുളത്തുചേർന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്നനിലയിൽ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമെന്നനിലയിലാണ് ആരോപണം പുറത്തുവന്നത്. സംഘടനയുടെ ഇടുക്കി ജില്ലാ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രത്യക്ഷപ്പെട്ടത്. നേരത്തേതന്നെ ഒരു ബാർ ഹോട്ടലുകാരിൽനിന്ന് രണ്ടരലക്ഷം രൂപവീതം പിരിക്കാൻ സംഘടന തീരുമാനിച്ചിരുന്നു. എന്നാൽ, പലരും പിരിവുനൽകിയില്ല. ഇതേത്തുടർന്നാണ് അംഗങ്ങൾ പിരിവുനൽകണമെന്ന സംഘടനയുടെ കർശനനിർദ്ദേശം നേതാവ് ഗ്രൂപ്പിലിട്ടത്.

ടൂറിസംമേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദ്ദേശം ഇതിനകംതന്നെ സർക്കാരിനുമുന്നിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസംചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം നൽകിയ ശുപാർശകളിലൊന്നാണിത്. സംസ്ഥാനത്ത് 900-ത്തിനടുത്ത് ബാറുകളാണുള്ളത്. ഭൂരിഭാഗം പേരും പിരിവുനൽകിയാൽത്തന്നെ ഭീമമായ കോഴയാണ് മദ്യനയത്തിൽ ഇളവുവരുത്തുന്നതിനു പിന്നിൽ നടക്കുന്നതെന്ന് പുതിയ ശബ്ദരേഖ തെളിയിക്കുന്നു. ഇത് പ്രതിപക്ഷം ആളികത്തിക്കുമെന്ന് ഉറപ്പാണ്.

ശബ്ദരേഖയിൽനിന്ന്

ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്തകാലത്ത് തുടങ്ങിയ പുതിയ എക്‌സൈസ് പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP