Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം; ഡിഫെൻസ് സെക്രട്ടറിയെ പുറത്താക്കി തെരേസ മെയ്‌; എന്റെ പിള്ളേരെ തൊട്ട് ഞാൻ സത്യം ചെയ്യുന്നു നിരപരാധിയാണ് എന്ന് പറഞ്ഞ് വില്യംസൺ; യുകെ മന്ത്രിസഭയിൽ വീണ്ടും അഴിച്ച് പണി

രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം; ഡിഫെൻസ് സെക്രട്ടറിയെ പുറത്താക്കി തെരേസ മെയ്‌; എന്റെ പിള്ളേരെ തൊട്ട് ഞാൻ സത്യം ചെയ്യുന്നു നിരപരാധിയാണ് എന്ന് പറഞ്ഞ് വില്യംസൺ; യുകെ മന്ത്രിസഭയിൽ വീണ്ടും അഴിച്ച് പണി

ഡിഫെൻസ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഗാവിൻ വില്യംസണിനെ പ്രധാനമന്ത്രി തെരേസ മെയ്‌ പുറത്താക്കി. ബ്രിട്ടന്റെ രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങൾ ചോർന്നതിനെ തുടർന്നാണ് വില്യംസണിന്റെ കസേര തെറിച്ചിരിക്കുന്നത്. യുകെയിലെ 5 ജി നെറ്റ് വർക്കിൽ ചൈനീസ് കമ്പനിയായ ഹ്വാവെയുടെ ഇടപെടലിനെ കുറിച്ചുള്ള ചർച്ചയുടെ വിവരങ്ങൾ ചോർന്നതിന് വില്യംസണാണ് ഉത്തരവാദിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ താൻ ഇക്കാര്യത്തിൽ തീർത്തും നിരപരാധിയാണെന്ന് തന്റെ പിളേളരെ തൊട്ട് സത്യം ചെയ്ത് വില്യംസൺ രംഗത്തെത്തിയിട്ടുമുണ്ട്. ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറി പെന്നി മോർഡണ്ടിനെയാണ് പുതിയ ഡിഫെൻസ് സെക്രട്ടറി സ്ഥാനത്ത് തെരേസ നിയമിച്ചിരിക്കുന്നത്.

ഇതോടെ ബ്രിട്ടനിലെ ആദ്യത്തെ വനിതാ ഡിഫെൻസ് സെക്രട്ടറിയെന്ന ബഹുമതിയും പെന്നിക്ക് സ്വന്തമായി. പെന്നി നേരത്തെ വഹിച്ചിരുന്ന ചുമതല മുൻ ആർമി ഓഫീസറും യാത്രാവിവരണമെഴുതുന്നയാളും ചാൾസ് രാജകുമാരന്റെ സുഹൃത്തുമായ റോറി സ്റ്റിയൂവർട്ട് ഏറ്റെടുക്കും. ചുരുക്കിപ്പറഞ്ഞാൽ തെരേസ മന്ത്രിസഭയിൽ അപ്രതീക്ഷിതമായി അഴിച്ച് പണിയുണ്ടായിരിക്കുകയാണ്. ഡിഫെൻസ് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്നതിനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാൽ വില്യംസണോട് മന്ത്രിസഭയിൽ നിന്നും വിട്ട് പോകാൻ തെരേസ ആവശ്യപ്പെട്ടുവെന്നാണ് ഡൗണിങ് സ്ട്രീറ്റ് വക്താവ് വിശദീകരണം നൽകിയിരിക്കുന്നത്.

ഒരു നാഷണൽ സെക്യൂരിറ്റി കൗൺസിൽ മീറ്റിംഗിൽ നിന്നുമുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് വില്യംസണുള്ള പങ്ക് ഒരു അന്വേഷണത്തിലൂടെ വെളിപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ഡിഫെൻസ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരിക്കുന്നതെന്നും ഡൗണിങ് സ്ട്രീറ്റ് വക്താവ് വെളിപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരിച്ച നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ എല്ലാ അംഗങ്ങളോടും തെരേസ നന്ദി പ്രകടിപ്പിക്കുന്നുവെന്നും വക്താവ് പറയുന്നു. എന്നാൽ ഇത്തരമൊരു ചോർച്ചയ്ക്ക് കാരണം താനോ തന്റെ ടീമിലോ ഉള്ളവരല്ലെന്നാണ് ബിബിസിയോട് വില്യംസൺ പ്രതികരിച്ചിരിക്കുന്നത്.

നാഷണൽ സെക്യൂരിറ്റി കൗൺസിൽ മീറ്റിങ് വിവരങ്ങൾ ചോർന്നുവെന്ന കാര്യം ഡെയിലി ടെലിഗ്രാഫ് പുറത്തുകൊണ്ടു വരുകയും തുടർന്ന് വൈറ്റ്ഹാൾ അന്വേഷണം നടക്കുകയും സത്യം വെളിച്ചത്ത് വരുകയുമായിരുന്നു.തെളിവുകളെല്ലാം തനിക്കെതിരെയായിട്ടും താൻ ഇക്കാര്യത്തിൽ തീർത്തും നിരപരാധിയാണെന്ന് മക്കളുടെ തലയിൽ തൊട്ട് സത്യം ചെയ്താണ് വില്യംസൺ രംഗത്തെത്തിയിരിക്കുന്നത്. തെരേസയെ പ്രധാനമന്ത്രി സ്ഥാനത്ത് നിലനിർത്തുന്നതിന് മുമ്പ് താനേറെ പ്രയത്നിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയാണ് ഇപ്പോൾ തന്നെ പുറത്താക്കിയിരിക്കുന്നതിലൂടെ തെരേസ പ്രകടിപ്പിച്ചിരിക്കുന്നതെന്നും വില്യംസൺ ആരോപിക്കുന്നു.

ഹ്വാവെയുമായി ബന്ധപ്പെട്ട് നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ തെരേസ എടുത്ത നിർണാകമായ തീരുമാനം ഡെയിലി ടെലിഗ്രാഫിന് ചോർന്നത് കഴിഞ്ഞ ആഴ്ച കടുത്ത വിവാദങ്ങൾക്കായിരുന്നു വഴിമരുന്നിട്ടത്.ഡിഫെൻസ് സെക്രട്ടറി സ്ഥാനത്തെത്തിയിരിക്കുന്ന പെന്നിയും പുതിയ ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറിയായി ചുമതലയേൽക്കുന്ന സ്റ്റ്യൂവർട്ടും മിലിട്ടറി പശ്ചാത്തലമുള്ളവരാണ്. പെന്നി മുമ്പ് റോയൽ നേവൽ റിസർവിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്നു. ഇതിന് മുമ്പ് ഹോം ഓഫീസിന്റെ ഉപദേശക ആയും അവർ പ്രവർത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP