Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

സംശയത്തിന്റെ നിഴലിൽ നിർത്തിയ മദ്യനയം; തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഴിക്കുള്ളിൽ; കസ്റ്റഡിയിലിരുന്നും ഭരണം തുടർന്നു; ഭാര്യ സുനിത വഴി സന്ദേശം എത്തിച്ചു; ഒടുവിൽ ആശ്വാസമായി ഇടക്കാല ജാമ്യം; ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ; ജൂൺ രണ്ട് മറക്കരുതെന്ന് ബിജെപി; ജയിലിൽ നിന്നും ജനമധ്യത്തിലേക്ക് കെജ്രിവാൾ

സംശയത്തിന്റെ നിഴലിൽ നിർത്തിയ മദ്യനയം; തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഴിക്കുള്ളിൽ; കസ്റ്റഡിയിലിരുന്നും ഭരണം തുടർന്നു; ഭാര്യ സുനിത വഴി സന്ദേശം എത്തിച്ചു; ഒടുവിൽ ആശ്വാസമായി ഇടക്കാല ജാമ്യം; ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ; ജൂൺ രണ്ട് മറക്കരുതെന്ന് ബിജെപി; ജയിലിൽ നിന്നും ജനമധ്യത്തിലേക്ക് കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ 'തിരിച്ചുവരവ്' വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ മുന്നണി സഖ്യം ഉറ്റുനോക്കുന്നത്. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഡൽഹി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലേക്ക് കടക്കാനിരിക്കെ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത് ആം ആദ്മി പാർട്ടിക്ക് വലിയ നേട്ടമായിരിക്കുകയാണ്. കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. ആം ആദ്മി പാർട്ടിക്കും ഇന്ത്യ മുന്നണിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ ആശ്വാസം നൽകുന്നതാണ് സുപ്രീംകോടതി നടപടി.

കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിൽ പ്രതികരണവുമായി ഭരണപക്ഷവും പ്രതിപക്ഷവും രംഗത്ത് വന്നുകഴിഞ്ഞു. കേജ്‌രിവാളിനു ജാമ്യം ലഭിച്ചതിനെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം സ്വാഗതം ചെയ്തപ്പോൾ, ജൂൺ രണ്ടിന് കെജ്‌രിവാൾ ജയിലിലേക്കു തന്നെ മടങ്ങണമെന്ന് ഓർമിപ്പിച്ച് ബിജെപിയും രംഗത്തെത്തി. കെജ്രിവാളിനു ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്രസർക്കാരും ഇ.ഡിയും ശക്തമായി എതിർത്തെങ്കിലും, 21 ദിവസത്തെ ജാമ്യം അനുവദിക്കുന്നതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

തിഹാർ ജയിലിന് അകത്തേക്കു കയറിയ ഡൽഹി മുഖ്യമന്ത്രിയായല്ല, മറിച്ച് ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ അമരക്കാരനായാണു 50 ദിവസത്തെ ജയിൽ വാസത്തിനുശേഷം അരവിന്ദ് കേജ്രിവാൾ പുറത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കരുതെന്ന വ്യവസ്ഥയിലാണു സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി മദ്യനയ അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിനുശേഷമാണ് ഇ.ഡി കേജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഈ കാലതാമസം എന്തിനായിരുന്നെന്നും കോടതി ചോദിച്ചിട്ടുണ്ട്. വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടെങ്കിലും ജൂൺ 2നു തന്നെ ജയിലിലേക്കു മടങ്ങണമെന്നാണു കേജ്രിവാളിനോടു കോടതി നിർദ്ദേശിച്ചത്.

അരവിന്ദ് കേജ്രിവാൾ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങുന്നതോടെ ഡൽഹി, പഞ്ചാബ് ലോക്‌സഭ തിരഞ്ഞെടുപ്പു പ്രചാരണം വരും ദിവസങ്ങളിൽ തിളച്ചുമറിയും. മെയ്‌ 25നാണ് ഡൽഹിയിലെ വോട്ടെടുപ്പ്. ജൂൺ ഒന്നിനാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ നാളെയും മറ്റന്നാളും ഡൽഹിയിൽ പ്രചാരണത്തിനിറങ്ങുണ്ട്. കേജ്രിവാളിന്റെ ജാമ്യ വിവരം അറിഞ്ഞയുടൻ ഭഗവന്ത് മാൻ ഡൽഹിയിലേക്കു തിരിച്ചിട്ടുണ്ട്.

അഴിക്കുള്ളിലാക്കിയ മദ്യനയം

മദ്യവിൽപ്പന സ്വകാര്യവത്കരിച്ച ഡൽഹിയിലെ എ.എ.പി. സർക്കാരിന്റെ മദ്യനയമാണ് കേസിന്റെ അടിസ്ഥാനം. മദ്യക്കമ്പനികളിൽനിന്ന് കൈക്കൂലി വാങ്ങി എ.എ.പി. നേതാക്കൾ അഴിമതി നടത്തിയെന്നാണ് കേസ്. വിവാദമായതോടെ സർക്കാർ നയം പിൻവലിച്ചിരുന്നു. ലെഫ്. ഗവർണറുടെ ശുപാർശയിൽ ആദ്യം സിബിഐ. കേസെടുത്തു. പിന്നാലെ ഇ.ഡി.യും രംഗത്തിറങ്ങുകയായിരുന്നു.

മദ്യനയത്തിൽ ഇളവുലഭിക്കാൻ ബി.ആർ.എസ്. നേതാവ് കെ. കവിത ആം ആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ നൽകിയെന്നാണ് ഏറ്റവുമൊടുവിൽ ഇ.ഡി. നിലപാട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ഇ.ഡി. ആരോപിക്കുന്നു. ലഭിച്ച പണം ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

മാർച്ച് 21 - വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സുരക്ഷാ സന്നാഹങ്ങളുമായെത്തിയ ഇ.ഡി.യുടെ എട്ടംഗസംഘം കെജ്രിവാളിന്റെ ഡൽഹിയിലെ ഫ്‌ളാഗ് സ്റ്റാഫ് റോഡിലുള്ള ഔദ്യോഗികവസതിയിൽ എത്തിയത്. ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റുൾപ്പെടെയുള്ള നടപടികളിൽനിന്ന് സംരക്ഷണംതേടി കെജ്രിവാൾ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടപെടാതിരുന്നതിനു പിന്നാലെയാണ് നടപടി. ചോദ്യംചെയ്യലിനെത്താനുള്ള ഒമ്പതാമത്തെ സമൻസിനും കെജ്രിവാൾ ഹാജരായിരുന്നില്ല. തുടർന്നായിരുന്നു ഇ.ഡിയുടെ നടപടി.

അറസ്റ്റിന് പിന്നാലെ ശക്തമായ പ്രതിഷേധങ്ങളായിരുന്നു ഡൽഹിയിൽ അരങ്ങേറിയത്. പ്രതിഷേധിച്ച മന്ത്രി അതിഷി അടക്കമുള്ള നേതാക്കളെ പൊലീസ് അറ്സ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജയിലിനകത്തായാലും പുറത്തായാലും തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നുവെന്നായിരുന്നു കെജ്രിവാൾ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാകുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

നിശബ്ദനാകാത്ത പോരാളി

കസ്റ്റഡിയിൽവെച്ചും കെജ്രിവാൾ ഭരണം തുടർന്നു. ഭാര്യ സുനിത വഴി ജനങ്ങളിലേക്ക് തന്റെ സന്ദേശം എത്തിച്ചുകൊണ്ടിരുന്നു. മൊഹല്ല ക്ലിനിക്കിലെ പ്രശ്‌നം പരിഹരിക്കാനുള്ള ഉത്തരവ്, ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട വിഷയം തുടങ്ങിയവയിൽ കെജ്രിവാൾ കസ്റ്റഡിയിലിരിക്കെ തീരുമാനങ്ങളെടുത്തു.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റോടെയാണ് ഭാര്യ സുനിത രംഗത്തെത്തുന്നത്. കെജ്രിവാളിന്റെ അഭാവത്തിൽ സുനിത ആം ആദ്മി പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. ഇന്ത്യ സഖ്യത്തിൽ സുനിത പ്രധാനഭാഗംതന്നെ ആയി. ആം ആദ്മി പാർട്ടിക്ക് പുതുജീവൻ നൽകിക്കൊണ്ട് ഡൽഹിയിൽ സുനിത നടത്തിയ കൂറ്റൻ റാലി പാർട്ടിക്കകത്തും പുറത്തും വൻ ചലനങ്ങളാണ് ഉണ്ടാക്കിയത്.

മാർച്ച് 21-ന് ഇ.ഡി. അറസ്റ്റ് ചെയ്ത കെജ്രിവാളിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28-ന് അവസാനിച്ചെങ്കിലും ഇ.ഡി.യുടെ ആവശ്യപ്രകാരം ഏപ്രിൽ ഒന്നുവരെ നീട്ടിക്കൊടുക്കുകയായിരുന്നു. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. എന്നാൽ, ഏപ്രിൽ ഒന്നുവരേയുള്ള കസ്റ്റഡിയേ സ്പെഷ്യൽ ജഡ്ജ് കാവേരി ബവേജ അനുവദിച്ചിരുന്നുള്ളൂ. ഏപ്രിൽ ഒന്നിനാണ് ഇ.ഡി. കസ്റ്റഡിയിലായിരുന്ന കെജ്രിവാളിനെ ജയിലിലേക്കയക്കുന്നത്. ഏപ്രിൽ 15 വരെ അദ്ദേഹത്തെ റിമാൻഡ് ചെയ്തു.

ഇതിനിടെ ജയിലിൽ വെച്ച് കെജ്രിവാളിനെ വധിക്കാനുള്ള ശ്രമം നടന്നതായി ആരോപണം ഉയർന്നു. കെജ്രിവാളിന് ഇൻസുലിൻ നൽകാതെ തിഹാർ ജയിൽ അധികൃതർ വധിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആം ആദ്മി പാർട്ടിയും ഭാര്യ സുനിതയും ആരോപിച്ചത്. തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് മുന്നൂറിനും മേലെ ആയതിന് പിന്നാലെ അദ്ദേഹത്തിന് ഇൻസുലിൻ നൽകാൻ ജയിൽ അധികൃതർ തയ്യാറാവുകയായിരുന്നു.

കെജ്രിവാളിന്റെ അറസ്റ്റോടെ യു.എസ്, ജർമനി അടക്കമുള്ള രാജ്യങ്ങൾ പ്രതികരണവുമായി രംഗത്തെത്തി. ഇത് കേന്ദ്ര സർക്കാരിനെ വെട്ടിലാക്കിയതോടെ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം അതൃപ്തി അറിയിച്ചിരുന്നു.

നീതിയുടെ വാതിൽ തുറന്ന നിയമപോരാട്ടം

കെജ്രിവാളിന് ജാമ്യം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ സുപ്രീം കോടതിയിൽ ചൂടേറിയ വാദമായിരുന്നു നടന്നത്. കെജ്രിവാളിന് തിരഞ്ഞെടുപ്പുപ്രചാരണത്തിനായി ഇടക്കാലജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കേന്ദ്ര സർക്കാരും ഇ.ഡി.യും സുപ്രീംകോടതിയിൽ പറഞ്ഞു. ആം ആദ്മിയിൽ (സാധാരണക്കാർ)നിന്ന് വ്യത്യസ്തനല്ല മുഖ്യമന്ത്രി. രാഷ്ട്രീയനേതാക്കൾക്ക് പ്രചാരണത്തിന് ജാമ്യംനൽകിയാൽ വിളവെടുപ്പുകാലത്ത് തടവുകാരായ കർഷകർക്കും അതേ ആനുകൂല്യം കൊടുക്കുമോയെന്നും കേന്ദ്രം ചോദിച്ചിരുന്നു.

എന്നാൽ, ഈ താരതമ്യം തെറ്റാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിളവെടുപ്പ് നാലുമാസം കൂടുമ്പോഴുണ്ടാകാം. പൊതുതിരഞ്ഞെടുപ്പ് അഞ്ചുവർഷത്തിലൊരിക്കലാണ്. മാത്രവുമല്ല, കെജ്‌രിവാൾ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയൊന്നുമല്ലെന്നും കോടതി പറഞ്ഞു.

കെജ്രിവാളിന്റെ അറസ്റ്റ് സാധൂകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഇ.ഡി.യോട് കടുത്ത ചോദ്യങ്ങളാണ് കോടതി ചൊവ്വാഴ്ച ഉന്നയിച്ചത്. അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ കെജ്രിവാളിന്റെ പേരുണ്ടായിരുന്നില്ലെന്ന് ഇ.ഡി.ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. എപ്പോഴാണ് ആദ്യമായി കെജ്രിവാളിന്റെ പേര് ഉയർന്നതെന്ന് കോടതി ആരാഞ്ഞു. ഇതേ കേസിൽ അറസ്റ്റിലായ ബി.ആർ.എസ്. നേതാവ് കെ. കവിതയുടെ മുൻ ഓഡിറ്റർ ബുച്ചി ബാബു 2023 ഫെബ്രുവരി 23-ന് നൽകിയ മൊഴിയിലാണ് ആദ്യമായി കെജ്രിവാളിന്റെ പേര് വന്നതെന്ന് രാജു അറിയിച്ചു.

അന്വേഷണം പുരോഗമിച്ചപ്പോഴാണ് കെജ്രിവാളിന്റെ പങ്ക് വ്യക്തമായത്. കെജ്രിവാൾ നൂറുകോടിരൂപ ചോദിച്ചതിന് തെളിവുണ്ടെന്ന് രാജു ചൂണ്ടിക്കാട്ടി. അറസ്റ്റ് ശരിയാണോ എന്നതുമാത്രമാണ് ഇപ്പോൾ പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 19-ാം വകുപ്പ് (അറസ്റ്റിനുള്ള അധികാരം) പ്രയോഗിക്കുന്നതിന് മാനദണ്ഡങ്ങളുണ്ടാക്കുമെന്നും കോടതി സൂചിപ്പിച്ചു.

തിരഞ്ഞെടുപ്പില്ലായിരുന്നെങ്കിൽ ഇടക്കാലജാമ്യം പരിഗണിക്കുകയേ ഇല്ലായിരുന്നുവെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത വ്യക്തമാക്കി. ഇതൊരു പ്രത്യേക സാഹചര്യമായതുകൊണ്ടുമാത്രമാണ് ഇടക്കാലജാമ്യം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ ശക്തമായെതിർത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം നൽകിയാൽ തെറ്റായ കീഴ്‌വഴക്കമാകും സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ ഒന്നുവരെയാണ് ഇപ്പോൾ ഇടക്കാലജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ന് രാത്രിതന്നെ കെജ്രിവാൾ പുറത്തിറങ്ങിയേക്കും. വരുംദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറും. ഇന്ത്യ മുന്നണിക്കും ആം ആദ്മി പാർട്ടിക്കും കെജ്രിവാളിന്റെ സാന്നിധ്യം നൽകുന്ന ഊർജ്ജം ചെറുതായിരിക്കില്ല.

എഎപിക്ക് ആഹ്ലാദം, ഇന്ത്യ സഖ്യത്തിന് പുതു ഊർജ്ജം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഡൽഹിയിലെ മദ്യനയ അഴിമതിക്കേസുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയിലഴിക്കുള്ളിലാക്കുമ്പോൾ പൊതുതിരഞ്ഞെടുപ്പ് ചിത്രം ആം ആദ്മി പാർട്ടിക്കും ഇന്ത്യ സഖ്യത്തിനും മുമ്പിൽ അവ്യക്തമായിരുന്നു. എന്നാൽ, അഴിക്കുള്ളിൽനിന്നുകൊണ്ട് ഭരണചക്രംതിരിച്ച കെജ്രിവാൾ തിരികെ എത്തുമ്പോൾ ഇന്ത്യ മുന്നണിക്കും ആം ആദ്മി പാർട്ടിക്കും ലഭിക്കുന്ന ഊർജ്ജം ചെറുതൊന്നുമല്ല. വരാനിരിക്കുന്ന പഞ്ചാബ്, ഹരിയാണ, ന്യൂഡൽഹി തിരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിയുടെ വേരോട്ടത്തിന് കെജ്രിവാളിന്റെ പ്രചാരണ പരിപാടികൾ ശക്തിപകരും എന്ന കാര്യത്തിൽ സംശയമില്ല.

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചത് യഥാർഥ അദ്ഭുതം തന്നെയാണെന്ന് എഎപി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ''40 ദിവസത്തിനുള്ളിൽ ഇടക്കാല ജാമ്യം ലഭിച്ചത് ഒരു അദ്ഭുതം തന്നെയാണ്. ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ഒരു മാറ്റം അനിവാര്യമാണെന്ന ദൈവത്തിന്റെ സന്ദേശമാണ് സുപ്രീം കോടതി വിധിയിലൂടെ തെളിയുന്നത്. ബജ്റങ്ബലിയുടെ അനുഗ്രഹം കെജ്‌രിവാളിനുണ്ട്. അദ്ദേഹം ഇന്നുതന്നെ ജയിലിനു പുറത്തിറങ്ങും. ഇത് ഒരു ചെറിയ കാര്യമല്ല. വലിയൊരു ദൗത്യവുമായാണ് അദ്ദേഹം ജയിലിൽനിന്ന് ഇറങ്ങുന്നത്'' എഎപി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

''തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രമാണ് കെജ്‌രിവാളിനു ജാമ്യം അനുവദിച്ചതെന്നത് സുപ്രീം കോടതിയുടെ വിധിയിൽത്തന്നെ സ്പഷ്ടമാണ്. ജൂൺ ഒന്നിനു ശേഷം അദ്ദേഹം ജയിലിലേക്കു തന്നെ മടങ്ങണം'' ബിജെപി നേതാവ് മഞ്ജീന്ദർ സിങ് സിർസ പ്രതികരിച്ചു.

കേജ്‌രിവാൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചു. ''കേജ്രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതിൽ ഞാൻ അതീവ സന്തുഷ്ടയാണ്. ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പുറത്തിറങ്ങുന്നത് വളരെയധികം സഹായകമായിരിക്കും' മമത ബാനർജി എക്‌സിൽ കുറിച്ചു.

'മാറ്റത്തിന്റെ വലിയ അടയാള'മാണ് കേജ്‌രിവാളിനു ലഭിച്ച ഇടക്കാല ജാമ്യമെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ആദിത്യ താക്കറെ പ്രതികരിച്ചു. ''കേജ്‌രിവാൾ സത്യം പറയുന്നതിനെയാണ് ബിജെപി എതിർക്കുന്നത്. അദ്ദേഹത്തിനും ഇന്ത്യ സഖ്യത്തിനും ഈ ഇടക്കാല ജാമ്യം വലിയ കരുത്തു പകരും. ഞങ്ങൾ ഈ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കും'' താക്കറെ പറഞ്ഞു. കേജ്‌രിവാളിനു ജാമ്യം ലഭിച്ചതിൽ സന്തുഷ്ടി പ്രകടിപ്പിച്ച കോൺഗ്രസ് വക്താവ് പവൻ ഖേര, ജയിലിലുള്ള ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചു.

ജാമ്യം ലഭിച്ചു നടപടികൾ പൂർത്തിയായാൽ അരവിന്ദ് കേജ്രിവാൾ പ്രചാരണത്തിന്റെ മുൻനിരയിലേക്കെത്തും. കേജ്രിവാൾ ജയിലിൽ കിടന്ന നാളുകളിൽ ഡൽഹി, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഭാര്യ സുനിത കേജ്രിവാൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയിരുന്നു. ഡൽഹിയിലെ 7 സീറ്റുകളിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ പ്രചാരണം നടത്തുന്ന ബിജെപിക്ക് കേജ്രിവാളിന്റെ ഇടക്കാലത്തേക്കുള്ള ഇറങ്ങിവരവ് വലിയ വെല്ലുവിളി ഉയർത്തും.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ കേജ്രിവാളിനു മാത്രമാണു വിലക്കുള്ളത്. കേജ്രിവാളിനെ മുൻനിർത്തി ആം ആദ്മി പാർട്ടിയും ഇന്ത്യാ മുന്നണിയും ബിജെപിക്കെതിരെ കേജ്രിവാളിന്റെ അറസ്റ്റും ജയിൽ വാസവും മൂർച്ചയേറിയ പ്രചാരണായുധമാക്കുമെന്നുറപ്പാണ്. വരും ദിവസങ്ങളിൽ ഡൽഹിയിൽ കേജ്രിവാളിനെ മുൻനിർത്തി ഇന്ത്യാസഖ്യത്തിന്റെ കൂറ്റൻ റാലികളും ഉണ്ടായേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP