Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

പ്രതീക്ഷിക്കുന്നതിലും പല മടങ്ങാകാം കൊറോണയുടെ പ്രഹരശേഷി; ന്യുയോർക്ക് നഗരവാസികളിൽ 25% പേർക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ടാകാം; ഇറ്റലിയിൽ രോഗബാധിതരിൽ 0.85% മരണമടയും; ന്യുയോർക്കിൽ 0.5% ആളുകളും; കൊറോണയെ കുറിച്ചുള്ള ഞെട്ടിക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്

പ്രതീക്ഷിക്കുന്നതിലും പല മടങ്ങാകാം കൊറോണയുടെ പ്രഹരശേഷി; ന്യുയോർക്ക് നഗരവാസികളിൽ 25% പേർക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ടാകാം; ഇറ്റലിയിൽ രോഗബാധിതരിൽ 0.85% മരണമടയും; ന്യുയോർക്കിൽ 0.5% ആളുകളും; കൊറോണയെ കുറിച്ചുള്ള ഞെട്ടിക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലോക ചരിത്രത്തിലെ മറ്റേതൊരു മഹാവ്യാധിയേക്കാൾ ഏറെ പടർന്ന് പിടിച്ച ഒന്നാണ് കൊറോണ. വ്യാപനത്തിന്റെ കാര്യത്തിൽ മുമ്പനായിരുന്നെങ്കിലും, മനുഷ്യരെ കൊല്ലുന്ന കാര്യത്തിൽ മറ്റ് വ്യാധികളെക്കാൾ ഏറെ പുറകിലായിരിക്കും കൊറോണ എന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തൽ. രോഗബാധിതരിൽ 0.1% ആളുകൾക്ക് മാത്രമായിരിക്കും മരണം സംഭവിക്കുക എന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ഇതിനെ എതിർക്കുന്നവർ പറഞ്ഞിരുന്നത് 0.2% പേർ വരെ മരണപ്പെടാം എന്നായിരുന്നു. അതിനപ്പുറത്തേക്കുള്ള പ്രഹര ശേഷി ഈ കുഞ്ഞൻ വൈറസിനില്ലെന്നായിരുന്നു പൊതുവേയുള്ള കണക്കുകൂട്ടലുകൾ.

എന്നാൽ ഇറ്റലിയിൽ നിന്നുള്ള മരണ സംഖ്യയുടെ അടിസ്ഥാനത്തിൽ ബെർക്കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നടത്തിയ പുതിയ പഠനങ്ങൾ വെളിവാക്കുന്നത് ഇറ്റലിയിലെ മരണ നിരക്ക് രോഗബാധിതരുടെ 0.85 ശതമാനം വരെ പോകുമെന്നാണ്. ഇതേ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ന്യുയോർക്കിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇവർ പ്രവചിക്കുന്നത് നഗരത്തിലെ രോഗബാധിതരിൽഏകദേശം 0.5% പേർ മരിക്കുമെന്നാണ്.അതായത്, ഇതുവരെ പ്രതീക്ഷിച്ചിരുന്നതിന്റെ അഞ്ചിരട്ടി ആളുകൾ മരിക്കുമെന്ന്.

കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏതൊരു രാജ്യത്തിലെ കണക്കെടുത്താലും, അത് യഥാർത്ഥ സംഖ്യയുമായി പൊരുത്തപ്പെടുന്നതല്ല എന്ന് കാണാം. ആശുപത്രികളിൽ ചികിത്സിക്കപ്പെട്ടിരുന്നവരുടെ കണക്കുകൾ മാത്രമാണ് മിക്ക രാജ്യങ്ങളുടേയും ഔദ്യോഗിക പട്ടികയിൽ വരുകയുള്ളു. ചിലയിടങ്ങളിൽ കെയർ ഹോമുകളിലേയും നഴ്സിങ് ഹോമുകളിലേയും മരണങ്ങളും ഈ പട്ടികയിൽ ചേർക്കുന്നുണ്ട്. അപ്പോഴും, ചികിത്സ ലഭിക്കാതെ മരിച്ചവർ, വീടുകളിലും മറ്റ് സ്വകാര്യ ഇടങ്ങളിലും ക്വാറന്റൈനിൽ ഇരിക്കുമ്പോൾ മരിച്ചവർ, രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കാതെ, എന്നാൽ കോവിഡ് മൂലം മരണമടഞ്ഞവർ എന്നിങ്ങനെ നിരവധിപേർ ഈ പട്ടികയിൽ വരുന്നില്ല.

ഈ ഒരു കുറവ് പരിഹരിക്കുവാൻ, ഇറ്റലിയിലെ അധിക മരണങ്ങളുടെ കണക്കെടുക്കുകയായിരുന്നു ഗവേഷകർ ചെയ്തത്. അതായത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടന്ന മരണങ്ങളിൽ നിന്നും അധികമായി ഈ വർഷം നടന്ന മരണങ്ങളുടെ കണക്കുകൾ. ഔദ്യോഗിക രേഖകൾ പ്രകാരം കോവിഡ് മരണമായി സ്ഥിരീകരിക്കപ്പെട്ട മരണങ്ങളും ഇതിൽ ഉൾപ്പെടും. ഈ വിവരത്തെ അടിസ്ഥാനമാക്കിയായിരുന്നു പഠനം നടത്തിയത്.

ഇതുവരെ മറ്റൊരു ഗവേഷക സംഘം ഈ കണ്ടെത്തൽ പുനപരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ലെങ്കിലും, പ്രീപ്രിന്റ് രൂപത്തിൽ ഓൺലൈനിൽ പോസ്റ്റ് ചെയ്ത് ഈ റിപ്പോർട്ട് പറയുന്നത്, നിങ്ങൾ 65 വയസ്സിന് താഴെയാണെങ്കിൽ പോലും കൊറോണ ബാധിച്ചാൽ മരണമടയുന്നതിനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ്. അമേരിക്ക, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ, കൊറോണ ബാധിതരുടെ എണ്ണം കൂടുതൽ കൃത്യമായി മനസ്സിലാക്കുന്നതിനായി ആന്റിബോഡി പരിശോധന ആരംഭിച്ച ഘട്ടത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.

എഫ്. ഡി. എ അംഗീകരിച്ച ആന്റിബോഡി കിറ്റുകൾ 95% കൃത്യമായ ഫലം നൽകുന്നു എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ സംസ്ഥാന ഭരണകൂടങ്ങളും ചില തദ്ദേശീയ ഭരണകൂടങ്ങളും ഉപയോഗിക്കുന്ന കിറ്റുകൾ അത്ര കൃത്യമായ ഫലമല്ല നൽകുന്നത് എന്നും പറയപ്പെടുന്നു. നേരത്തേ ന്യുയോർക്കിൽ ആന്റിബോഡി പരിശോധനക്ക് വിധേയരാക്കിയ 7,500 പേരിൽ 15 ശതമാനം പേർക്കും കോവിഡ് ബാധയുള്ളതായി കണ്ടെത്തിയിരുന്നു. ഒരു വ്യക്തിയുടെ ശരീരത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള പ്രതിരോധ കോശങ്ങൾ വികസിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതാണ് ഈ പരിശോധന.

രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്ന അമേരിക്കയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 56,649 ആണ്. അതായത് രോഗബാധിതരിൽ ഏകദേശം 5.7% പേർ മരണമടഞ്ഞു എന്നർത്ഥം. ഇതേ രീതിയിൽ നോക്കുമ്പോൾ ഇറ്റലിയിലെ മരണ നിരക്ക് ഏകദേശം 14.1% ആണ്. അതായത് അമേരിക്കയുടെ മൂന്നിരട്ടി. എന്നാൽ വ്യാപകമായ പരിശോധനയിലൂടെ കൂടുതൽ രോഗികളെ കണ്ടെത്തുമ്പോൾ ഈ നിരക്ക് കുറയുവാൻ ഇടയുണ്ട്. വ്യാപകമായ പരിശോധനകൾക്കൊപ്പം തന്നെ, ആശുപത്രികൾക്ക് പുറത്ത് മരിച്ച കൊറോണ രോഗികളുടെ എണ്ണം കൂടി എടുത്താലെ കൃത്യമായ മരണ നിരക്ക് കണ്ടെത്താനാകുകയുള്ളു.

ന്യുയോർക്കിൽ വ്യാപകമായി നടത്തിയ ആന്റിബോഡി പരിശോധനയിൽ ഏകദേശം 15% പേർ രോഗബാധിതരാണെന്ന് തെളിഞ്ഞപ്പോൾ, ജർമ്മനിയിലെ ഹീൻസ്ബർഗ് ജില്ലയിലെ ഒരു പട്ടണത്തിൽ നടത്തിയ പരിശോധനയിൽ ഏകദേശം 14% പേർക്കാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. അതുപോലെ തന്നെ ഇനിയും ലോക്ക്ഡൗൺ നടപ്പാക്കാത്ത സ്വീഡനിലെ തലസ്ഥാന നഗരിയായ സ്റ്റോക്ക്ഹോമിലെ രക്തദാന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഏകദേശം 11 ശതമാനം പേക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP