Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അനുപമാ ചന്ദ്രൻ കേസിൽ സർക്കാർ ഭാഗത്തുണ്ടായത് ഗുരുതര വീഴ്‌ച്ച; സർക്കാറിന്റെ മേൽനോട്ട വീഴ്‌ച്ചയും ഉത്തരവാദിത്വമില്ലായ്മയും തുറന്ന് സമ്മതിക്കണമെന്ന് ഫാക്ട് ഫൈന്ഡിങ്ങ് റിപ്പോർട്ട്; നിയമം ദുരുപയോഗം ചെയ്ത മുഴുവൻ പേരെയും മാതൃകപരമായി ശിക്ഷിക്കണമെന്നും ഫാക്ട് ഫൈണ്ടിങ് സംഘം

അനുപമാ ചന്ദ്രൻ കേസിൽ സർക്കാർ ഭാഗത്തുണ്ടായത് ഗുരുതര വീഴ്‌ച്ച;  സർക്കാറിന്റെ മേൽനോട്ട വീഴ്‌ച്ചയും ഉത്തരവാദിത്വമില്ലായ്മയും തുറന്ന് സമ്മതിക്കണമെന്ന് ഫാക്ട് ഫൈന്ഡിങ്ങ് റിപ്പോർട്ട്; നിയമം ദുരുപയോഗം ചെയ്ത മുഴുവൻ പേരെയും മാതൃകപരമായി ശിക്ഷിക്കണമെന്നും ഫാക്ട് ഫൈണ്ടിങ് സംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ച അനുപമ ചന്ദ്രൻ കേസിൽ സർക്കാറിന്റെ വീഴ്‌ച്ചകൾ തുറന്നുകാട്ടി ഫാക്ട് ഫൈൻഡിങ്ങ് റിപ്പോർട്ട്.പ്രഫ നിവേദിതാ മേനോൻ, സിന്തിയാ സ്റ്റീഫൻ, ഏണാക്ഷീ ഗാംഗുലി, കല്ല്യാണീ മേനോൻ-സെൻ, അഡ്വ ജെ എം രുഗ്മ എന്നിവർ അടങ്ങിയ സംഘമാണ് ഫാക്ട് ഫൈണ്ടിങ് നടത്തിയത്.അത്യന്തം അപകടകരമായ ജനാധിപത്യവിരുദ്ധപ്രവണതകളാണ് ഈ കേസിൽ ദൃശ്യമായിരിക്കുന്നതെന്നും നിയമ നടപടിയിൽ വീഴ്‌ച്ച വരുത്തിയവരെ മാതൃകപരമായി ശിക്ഷിണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവർഷം കേരളത്തിലെ ജനാധിപത്യവിശ്വാസികളെ ഞെട്ടിച്ച അനുപമാ ചന്ദ്രൻ കേസ് -- സ്വന്തം സാമൂഹ്യ ദുരഭിമാനത്തെ സംരക്ഷിക്കാൻ അനുപമാ ചന്ദ്രൻ എന്ന യുവതിയുടെ മാതാപിതാക്കൾ സർക്കാരിന്റെ ശിശുക്ഷേമസംവിധാങ്ങൾ, പൊലീസ്, നിയമ സംവിധാനം, സിപിഎം പാർട്ടി ബന്ധങ്ങൾ എന്നിവയെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് മകളുടെ മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി അനധികൃതമായി ദത്തുകൊടുക്കാൻ തുനിഞ്ഞ സംഭവം - സ്വതന്ത്രമായി അന്വേഷിക്കാൻ കേരളത്തിനു പുറത്തു പ്രവർത്തിക്കുന്നവരും ആദരണീയരുമായ വ്യക്തികളുടെ പൗരസംഘം കഴിഞ്ഞ ഡിസംബർ മുതൽ ശ്രമം തുടങ്ങിയിരുന്നു.

അവരുടെ അന്വേഷണഫലമാണ് താഴെ ചേർത്തിരിക്കുന്ന റിപ്പോർട്ട്. അത്യന്തം അപകടകരമായ ജനാധിപത്യവിരുദ്ധപ്രവണതകളാണ് ഈ കേസിൽ ദൃശ്യമായിരിക്കുന്നതെന്ന് പ്രഫ നിവേദിതാ മേനോൻ, സിന്തിയാ സ്റ്റീഫൻ, ഏണാക്ഷീ ഗാംഗുലി, കല്ല്യാണീ മേനോൻ-സെൻ, അഡ്വ ജെ എം രുഗ്മ എന്നിവർ അടങ്ങിയ ഫാക്ട് ഫൈണ്ടിങ് സംഘം നിരീക്ഷിക്കുന്നു.

'കേരളസർക്കാരിനു മുന്നിൽ ഒറ്റ ധാർമ്മിക മാർഗമേ ബാക്കിയുള്ളൂ - തങ്ങളുടെ പക്ഷത്തു നിന്നുണ്ടായ മേൽനോട്ട വീഴ്ചയും ഉത്തരവാദിത്വമില്ലായ്മയും തുറന്നു സമ്മതിക്കുക, അനുപമയുടെ പരാതിയിന്മേലുണ്ടായ നീതിനിർവഹണവീഴ്ചകളെ ഉടൻ പരിഹരിക്കുക, നിയമത്തെ ദുരുപയോഗപ്പെടുത്തിയ മുഴുവൻ ആളുകളെയും മാതൃകാപരമായി ശിക്ഷിക്കുക, ഈ പ്രക്രിയയെ സുതാര്യമായി നിലനിർത്തുക.

ചൈൽഡ് വെൽഫയർ കമ്മിറ്റികളുടെ നിയമനത്തിലും നടത്തിപ്പിലും ഗുരുതര വീഴ്ചകൾ നടക്കുന്നതായി ഫാക്ട് ഫൈണ്ടിങ് കമ്മിറ്റി കാണുന്നു. സംസ്ഥാനതല കമ്മിറ്റി ജില്ലാതല റിവ്യൂകൾ നടത്താൻ ശ്രമിക്കുന്നത് സ്വാഗതാർഹമാണെന്നും, ഇവയിൽ സ്വതന്ത്രസിവിൽ സമൂഹ നിരീക്ഷകരുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും പറയുന്നു.

സംസ്ഥാനസമിതി പഞ്ചായത്ത് തലത്തിൽ നടത്താനിരിക്കുന്ന ബാലാവകാശ ബോധവത്ക്കരണ പ്രവർത്തനങ്ങളെയും ഫാക്ട് ഫൈണ്ടിങ് സംഘം സ്വാഗതം ചെയ്യുന്നു. ഈ മുൻകൈ ബാലാവകാശങ്ങൾ പ്രസക്തമായിരിക്കുന്ന എല്ലാ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതാണെന്നും ചൂണ്ടിക്കാണിക്കുന്നു.

അജിത്തിനെതിരെ ഉണ്ടായ ജാതീയ സൈബർ ആക്രമണത്തെ അതിശക്തമായി നേരിടണമെന്ന് ഫാക്ട് ഫൈണ്ടിങ് സമിതി അപേക്ഷിക്കുന്നു. ആരും ചോദിക്കില്ല എന്ന ധൈര്യത്തിൽ തങ്ങളുടെ ജാതീയവും ലിംഗപരവുമായ മർദ്ദകബോധത്തെ മടികൂടാതെ പ്രയോഗിച്ച, പ്രദർശിപ്പിച്ച, അനുപമയുടെ കൂടുംബാംഗങ്ങളും കാര്യമായിത്തന്നെ ശിക്ഷിക്കപ്പെടണം.

ഫാക്ട് ഫൈണ്ടിങ് സംഘത്തിന്റെ കണ്ടെത്തലുകളെ ആൽത്തിയാ സഹോദരീസംഘം കേരളത്തിലെ ജനാധിപത്യവാദികൾക്കു മുന്നിൽ വീണ്ടും അവതരിപ്പിക്കുന്നു. നിങ്ങൾ കണ്ണുതുറക്കാത്ത പക്ഷം ഇനിയുമിനിയും അനീതികൾ സ്ത്രീകളുടെയും കുട്ടികളുടെയും മേൽ കുമിഞ്ഞുകൂടുക തന്നെ ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP