Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ഫൈസലിന് ചികിത്സ വൈകിയെന്ന് സ്ഥിരീകരിച്ച് ബന്ധുക്കൾ; ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ വരരുത്; മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്ന് കുടുംബം; അട്ടപ്പാടിയിൽ പ്രതിഷേധം ശക്തം

ഫൈസലിന് ചികിത്സ വൈകിയെന്ന് സ്ഥിരീകരിച്ച് ബന്ധുക്കൾ; ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ വരരുത്; മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്ന് കുടുംബം; അട്ടപ്പാടിയിൽ പ്രതിഷേധം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് പരിക്കേറ്റ യുവാവ് ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ചികിത്സ നൽകാൻ വൈകിയെന്ന് സ്ഥിരീകരിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നിരുന്നു. പ്രത്യേകശ്രദ്ധ വേണ്ട അട്ടപ്പാടിയിൽ ആവർത്തിക്കുന്ന പിഴവിന് ആരോഗ്യമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ശേഷമാണ് ജോലിക്ക് പോകുംവഴി ഫൈസലോടിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ആദ്യം കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫൈസലിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഐസിയു സൗകര്യമുള്ള ആംബുലൻസ് ലഭ്യമല്ലായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെ ഐസിയു സൗകര്യമുള്ള രണ്ട് ആംബുലൻസുകളും രണ്ട് മാസത്തോളമായി കേടുപാടുകളെ തുടർന്ന് ഓടുന്നുണ്ടായിരുന്നില്ല. പിന്നീട് ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് എത്തിച്ചാണ് ഫൈസലിനെ മാറ്റിയത്. എന്നാൽ പോകുന്ന വഴിക്ക് തന്നെ മരണം സംഭവിക്കുകയായിരുന്നു.

ഫൈസലിനെ ആശുപത്രിയിൽ നിന്ന് മാറ്റാൻ മൂന്ന് മണിക്കൂറോളം വൈകിയത് ഇന്നലെ തന്നെ പരാതിക്ക് ഇടയാക്കിയിരുന്നു. ഇന്ന് ബന്ധുക്കൾ കൂടി ഇതേ പ്രശ്‌നമുന്നയിച്ച് പരാതിപ്പെടുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നാണ് കുടുംബം അറിയിക്കുന്നത്.

കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ഫൈസൽ ജീവിക്കുമായിരുന്നു, ഇനി ഒരു കുടുംബത്തിനും ഈ അവസ്ഥ വരരുത് എന്നാണ് കുടുംബം പറയുന്നത്. അതേസമയം ആംബുലൻസുകൾ ഓടാതെ കിടക്കുകയാണെങ്കിലും ഫൈസലിന് പരമാവധി ചികിത്സ നൽകിയെന്ന് കോട്ടത്തറ ആശുപത്രിയിലെ സൂപ്രണ്ട് അറിയിച്ചു. സൂപ്രണ്ടിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

ഇതിനിടെ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ അട്ടപ്പാടിയിൽ പ്രതിഷേധവും നടത്തി. പ്രത്യേകശ്രദ്ധ വേണ്ട അട്ടപ്പാടിയിൽ ആവർത്തിക്കുന്ന പിഴവിന് ആരോഗ്യമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നടപടികൾക്ക് ശേഷം ഫൈസലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനിൽകിയിട്ടുണ്ട്. 25 വയസായിരുന്നു ഫൈസലിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP