Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജർമൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാക്കാം എന്ന കള്ളവാഗ്ദാനം; വടക്കാഞ്ചേരി സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയ കേസ്; കെ പി യോഹന്നാന്റെ സഹോദരനും, നിരണം പഞ്ചായത്ത് പ്രസിഡന്റുമായ കെ പി പുന്നൂസ് വീണ്ടും അറസ്റ്റിൽ; രണ്ടാമതും റിമാൻഡിലായത് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ

ജർമൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാക്കാം എന്ന കള്ളവാഗ്ദാനം; വടക്കാഞ്ചേരി സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയ കേസ്; കെ പി യോഹന്നാന്റെ സഹോദരനും, നിരണം പഞ്ചായത്ത് പ്രസിഡന്റുമായ കെ പി പുന്നൂസ് വീണ്ടും അറസ്റ്റിൽ; രണ്ടാമതും റിമാൻഡിലായത് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നിരണം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവും, ബിലീവേഴ്സ് ചർച്ച് ബിഷപ്പ് കെപി യോഹന്നാന്റെ സഹോദരനുമായ കെ പി പുന്നൂസ് (80) വീണ്ടും അറസ്റ്റിൽ. ജർമ്മൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാക്കാമെന്ന് പറഞ്ഞ്, വിദേശത്തുള്ള മകന്റെ സുഹൃത്തായ വടക്കാഞ്ചേരി മംഗലം സ്വദേശിയിൽ നിന്നും 50 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇന്ന് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം പുതുപ്പള്ളി സ്വദേശിയിൽ നിന്നും എംബിബിഎസിന് പ്രവേശനം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതിന് കഴിഞ്ഞ വ്യാഴാഴ്ച കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.എന്നാൽ വടക്കാഞ്ചേരി പൊലീസിൽ ലഭിച്ച പരാതിയിൽ ചൊവ്വാഴ്ച രാവിലെ വീണ്ടും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

കെപി പുന്നൂസ് നേരത്തെ കള്ളപ്പണവുമായും കുടുങ്ങിയ ചരിത്രമുണ്ട്. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിൽ മകൾക്ക് സീറ്റ് വാങ്ങിനൽകാമെന്ന് പറഞ്ഞ് കോട്ടയം പുതുപ്പള്ളി സ്വദേശിയിൽനിന്ന് 25 ലക്ഷം തട്ടിയെന്നാണ് കേസ്. കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് പൊലീസ് പുന്നൂസിനെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ വാങ്ങി കബളിപ്പിക്കുകയായിപരുന്നുവെന്നാണ് പരാതി. കഴിഞ്ഞ നവംബർ 15ന് പുന്നൂസ് ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് തവണകളായി പരാതിക്കാരൻ പണം കൈമാറി എന്ന് പരാതിയിൽ പറയുന്നു. എന്നാൽ എം.ബി.ബി.എസിന് സീറ്റ് ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്തില്ല. തുടർന്നായിരുന്നു ഇയാൾ പരാതി നൽകിയത്.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജായ ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റലിന്റെ ട്രസ്റ്റ് അംഗമാണ് കെ.പി. പുന്നൂസ്. ഈ പദവി ഉപയോഗിച്ചാണ് പണം വാങ്ങുകയും സീറ്റ് ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തതും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച് കെ.പി. പുന്നൂസ് പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് പുറമെ മറ്റു ചില പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ 14 ദിവസത്തേക്ക് കോട്ടയം ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റലിൽ സ്പോട്ട് അഡ്‌മിഷനിൽ എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിച്ചെടുക്കുകയായിരുന്നു പുന്നൂസ്. പുന്നൂസ് പറഞ്ഞതിൻ പ്രകാരം മധ്യവയസ്‌കൻ പലതവണയായി 25 ലക്ഷം രൂപ ഇയാൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ പുന്നൂസ് ഇയാളുടെ മകൾക്ക് എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാതിരിക്കുകയും, പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അപ്പർകുട്ടനാട്ടിലെ ശരാശരിയിൽ താഴെ സാമ്പത്തിക നിലയുണ്ടായിരുന്ന സാധാരണ കുടുംബത്തിൽ നിന്നും അരനൂറ്റാണ്ടു കൊണ്ട് ശതകോടികളുടെ ആസ്തിയുള്ള വിശ്വാസസാമ്രാജ്യത്തിലേക്കുള്ള കടപ്പിലാരിൽ പുന്നൂസ് യോഹന്നാൻ എന്ന കെ.പി. യോഹന്നാന്റെ വളർച്ച അമ്പരിപ്പിക്കുന്നതാണ്. മെഡിക്കൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി കേരളത്തിൽ മാത്രം ശതകോടികളുടെ ആസ്തിയാണ് ബിലീവേഴ്‌സ് ചർച്ചിനുള്ളത്. യോഹന്നാന്റെ കീഴിലുള്ള ഗോസ്പൽ ഏഷ്യയ്ക്ക് വിദേശരാജ്യങ്ങളിലും ആസ്തിയുണ്ട്. ഈ പ്രസ്ഥാാനത്തിൽ സഹോദരനായ പുന്നൂസിനും സ്വാധീന ശക്തിയുണ്ട്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്. മാർത്തോമ്മാ വിശ്വാസികളായ കുടുംബം അക്കാലത്ത് പ്രദേശത്ത് വ്യാപകമായ താറാവ് കൃഷിയിലേർപ്പെട്ടുവരികയായിരുന്നു. യൗവനകാലത്ത് ഡബ്ലു.എ ക്രിസ്വെൽ എന്ന വിദേശിക്കൊപ്പം അമേരിക്കയിൽ വൈദിക പഠനത്തിന് പോയതോടെയാണ് യോഹന്നാൻ ആത്മീയ രംഗത്തേക്ക് തിരിഞ്ഞത്. ജർമൻ സ്വദേശിയായ ഗസാലയെ 1974 ൽ വിവാഹം ചെയ്തു.

തിരുവല്ല സബ് രജിസ്ട്രാർ ആഫീസിൽ 1980 ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമാണ് യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന. തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി ചാക്കോ, കെ.പി.യോഹന്നാൻ, കെ.പി.മാത്യു എന്ന മൂന്ന് സഹോദരന്മാരാൽ രൂപീകൃതമായി ഒരു പൊതു മതപര ധർമ്മസ്ഥാപനമായിട്ടാണ് ഈ ട്രസ്റ്റ് പ്രവർത്തിച്ചു വന്നത്.

ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യ എന്നറിയപ്പെട്ട ഈ സംഘടന 1991ൽ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലേക്ക് രൂപാന്തരപ്പെട്ടു. തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ബിലീവേഴ്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ കോളേജാണ് സ്ഥാപനങ്ങളിൽ പ്രധാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP