Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202220Thursday

'ഭീമന്റെ വഴി' പുതുവഴി; ലിപ്പ്‌ലോക്കും സെക്‌സ് ഡയലോഗുമായി കുഞ്ചാക്കോ ബോബന്റെ ഇമേജ് ബ്രേക്കിങ്ങ് ചിത്രം; പ്രതീക്ഷ കാത്ത് 'തമാശ'യുടെ സംവിധായകൻ; ചെമ്പൻ വിനോദിന് എഴുത്തുകാരൻ എന്ന നിലയിലും അംഗീകാരം; ഈ കൊച്ചു ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം

'ഭീമന്റെ വഴി' പുതുവഴി; ലിപ്പ്‌ലോക്കും സെക്‌സ് ഡയലോഗുമായി കുഞ്ചാക്കോ ബോബന്റെ ഇമേജ് ബ്രേക്കിങ്ങ് ചിത്രം; പ്രതീക്ഷ കാത്ത് 'തമാശ'യുടെ സംവിധായകൻ; ചെമ്പൻ വിനോദിന് എഴുത്തുകാരൻ എന്ന നിലയിലും അംഗീകാരം; ഈ കൊച്ചു ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം

എം റിജു

'ഏറ്റവും നല്ല കിക്ക് ഏതാണ്?'- റെയിൽവേ എൻജിനീയർ കന്നഡക്കാരി കിന്നരി ( മേഘ തോമസ്) ബിയറിടിച്ചു കൊണ്ടിരിക്കെ, ഭീമനോട് ( കുഞ്ചാക്കോ ബോബൻ) ചോദിക്കുന്നു. രണ്ടുപേർക്കും ഉള്ളിലൊരു ഒരിതുണ്ട്. ഭീമനു പക്ഷേ ഇമോഷൻസൊന്നുമില്ല. ഭീമന്റെ മറുപടിയും ആ ടൈപ്പായിരുന്നു. 'സെക്‌സ്.'-കിന്നരിയുടെ കണ്ണുകൾ പൂത്തു. അപ്പോൾ ഭീമൻ കൂട്ടിച്ചേർത്തു. സെക്‌സ് വിത്ത് ആൽക്കഹോൾ. കിന്നരി ഒന്നുകൂടി പൂത്തുലഞ്ഞു. അവൾ തിരുത്തി സെക്‌സ് വിത്ത് ലവ്

ഇത്തരം ഒരു ഡയലോഗും ലിപ്പ് ലോക്കുമൊക്കെ കടന്നുവരുന്നത് ഒരു കുഞ്ചാക്കോബോബൻ ചിത്രത്തിലാണ് എന്നോർക്കണം. 'തമാശ' എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടിയ അഷ്റഫ് ഹംസയുടെ സംവിധാനത്തിൽ, അങ്കമാലി ഡയറീസിനുശേഷം ചെമ്പൻ വിനോദ് എഴുതിയ, ജല്ലിക്കെട്ടിലൂടെ അവാർഡുകൾ നേടിയ ഗിരീഷ് ഗംഗാധരൻ കാമറ ചെയ്ത 'ഭീമന്റെ വഴി' എന്ന സിനിമ ഒരു പുതിയ പാതവെട്ടുകയാണ്.

തുടക്കത്തിൽ, അയൽപക്കത്തെ കുട്ടിയുമായി ഭീമൻ സെക്സ് ചെയ്യുന്നതൊക്കെ പറയുമ്പോൾ നമ്മൾക്ക് നാട്ടുനടപ്പിലുള്ള സിനിമാശീലം വച്ച് അവർ തമ്മിൽ പ്രണയമായിരിക്കും. കല്യാണം കഴിച്ചേക്കും എന്ന് തോന്നും. പക്ഷെ അവർ അതിനെ ഒരു എന്റർടൈന്മെന്റ് ആയിട്ടാണ് കാണുന്നത് എന്ന് പിന്നെ മനസിലാവും. സ്‌ക്രിപ്റ്റ് എഴുതിയ ചെമ്പൻ വിനോദ് വിവാഹപൂർവ ലൈംഗികതയെ സമീപിച്ചിരിക്കുന്ന രീതി മതിപ്പുളവാക്കും. സെക്സും വിവാഹവുമാലി യാതൊരു ബന്ധവുമില്ലെന്ന് ഈ ആധുനിക കാലത്തും മലയാളി മനസ്സിലാക്കിയിട്ടുണ്ടെന്ന് തോനുന്നില്ല.

ഒരു കൊച്ചു പ്രമേയത്തെ എത്ര വൃത്തിയിലും കൈയടക്കത്തിലുമാണ് ഈ ചിത്രം പറഞ്ഞിരിക്കുന്നത് എന്ന് നോക്കുക. മരക്കാർ പോലുള്ള ബ്രഹ്മാണ്ഡ ഹൈപ്പുകൾ ഉള്ള ചിത്രങ്ങൾക്കിടയിലും, കുളിർ തെന്നൽപോലെയുള്ള ഇത്തരം ചിത്രങ്ങൾ വലിയ ആശ്വാസമാണ്.

വഴിപ്രശ്നത്തിലൂടെ സമൂഹത്തിന്റെ ഇടവഴിയിലേക്ക്

നാട്ടുമ്പുറത്തെ ചെറിയൊരു വഴി പ്രശ്‌നം രസകരമായി അവതരിപ്പിക്കുകയാണങ്കിലും വികസനത്തിന്റെയും പുരോഗതിയുടേയും ശത്രുക്കളെ തുറന്നു കാട്ടുകയാണ് സംവിധായകൻ. കഥയിലെ നായകൻ സഞ്ജീവിനെ ഭീമൻ എന്നു വിളിക്കുന്നത് എന്തിനാണെന്ന് അറിയില്ല. അയൽപക്കത്തെ പെൺകുട്ടി അത് ഭീമനോട് ചോദിക്കുന്നുമുണ്ട്. അങ്കമാലി ഡയറീസിൽ നിന്ന് തികച്ചും വിഭിന്നമായൊരു അന്തരീക്ഷത്തിലേക്കാണ് തിരക്കഥാകൃത്ത് ചെമ്പൻ വിനോദ് കൂട്ടിക്കൊണ്ടുപോവുന്നത്. തൃശൂർ ജില്ലയിൽ കല്ലേറ്റുംകര എന്ന ഗ്രാമത്തിലെ സ്നേഹനഗർ എന്ന കോളനിയിലാണ് കഥനടക്കുന്നത്. റെയിൽവേ പാതയോട് ചേർന്നുകിടക്കുന്ന, നിരവധി വീടുകളുള്ള ഇവിടേക്ക് കഷ്ടിച്ച് ഒരു ബൈക്ക് പോകാൻ മാത്രം വീതിയുള്ള പൊതുവഴിയാണുള്ളത്. ഭീമന്, ഒരുദിവസം പെട്ടെന്ന് തന്റെ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വരുമ്പോഴാണ് പൊതുവഴിക്ക് വീതിയില്ലാത്തതിന്റെ ദുരിതം അയാൾക്ക് അനുഭവവേദ്യമാകുന്നത്. അങ്ങനെ നാട്ടുകാരെ സംഘടിപ്പിച്ച് സമിതി രൂപീകരിച്ച് പൊതുവഴി വീതികൂട്ടാൻ അയാൾ നടത്തുന്ന ശ്രമങ്ങളും നേരിടേണ്ടി വരുന്ന വെല്ലുവിളികളും പാരകളും തൊഴുത്തിൽക്കുത്തുകളും പ്രശ്നങ്ങളുമാണ് 'ഭീമന്റെ വഴി' എന്ന സിനിമ പറയുന്നത്.

പല സ്വഭാവമുള്ള, പല ഡിമാന്റുകൾ മുന്നോട്ടുവയ്ക്കുന്ന നാട്ടുകാരെ ഒന്നിപ്പിച്ച് ആ റോഡ് വെട്ടുക എന്നത് അത്ര എളുപ്പമല്ല. ഭീമനു മുന്നിലെ ഭഗീരഥപ്രയത്നമായി മാറുകയാണ് ആ റോഡ്. വഴി മുടക്കാൻ ശ്രമിക്കുന്ന മർക്കടന്മാർക്കെതിരായ ഭീമന്റെ പോരാട്ടമാണ് ഈ ചിത്രം.പുറമെകാണുന്ന വഴിപ്രശ്നത്തിലുപരി ഭീമന്റെ മനസ്സിൽ നടക്കുന്ന സംഘർഷങ്ങളും ചിത്രം പറയുന്നത്. ഇതിഹാസത്തിലെ ഭീമനെ പോലെ യഥാർഥ പ്രണയം തിരിച്ചറിയാൻ സജ്ഞീവ് എന്ന ഭീമനും സാധിക്കുന്നില്ല. ഹിഡിംബിയുടെ ഹൃദയം കാണാതെ പോകുന്ന സാക്ഷാൽ ഭീമനെ ഓർമ വരും അപ്പോൾ. ഹിഡിംബി നോക്കുമ്പോൾ ഭീമനേയും ഭീമൻ നോക്കുമ്പോൾ ദ്രൗപതിയേയും കാണുന്ന ഛായാമുഖിയും ഓർമ വരും.

കിന്നരിയെ പോലെ നഷ്ട പ്രണയവുമായി ബൈ പറഞ്ഞു പോകുവന്നവരല്ല ഭീമന്റെ വഴിയിലെ മറ്റു പെണ്ണുങ്ങൾ. വഴി മുടക്കിക്കിടക്കുന്ന മർക്കടന്മാർക്കു മുന്നിൽ, അന്തിച്ചു നിൽക്കുന്ന ഭീമന്റെ വഴി തുറന്നു കൊടുക്കുന്നത് പെണ്ണുങ്ങൾ തന്നെയാണ്. വഴി പ്രതീക്ഷയുടേയും പുരോഗതിയുടേയും അടയാളമാണ്. ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്തവരും പുരോഗതിയെ ഭയപ്പെടുന്നവരുമാണ് വഴി മുടക്കുന്നവർ. അത്തരം വഴിമുടക്കികളെക്കുറിച്ചാണ് ഭീമന്റെ വഴി പറയുന്നത്. പരമ്പരാഗത ലൈംഗിക പ്രണയ ചിഹ്നങ്ങളോട് പുറം തിരിഞ്ഞു നിൽക്കാൻ ഒരു പരിധിവരെ ശ്രമിക്കുന്ന ചിത്രമാണിത്.

്അയൽപക്കത്ത് ഒറ്റയ്‌ക്കൊരു കൊച്ചു വീട്ടിൽ കഴിയുന്ന സീതയുടെ നിശ്ശബ്ദ കാവൽക്കാരനായൊരു പുരുഷനുണ്ട്. ഈ കാവൽപ്പണിയല്ലാതെ, സിനിമയിൽ ആ കഥാപാത്രത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല ( ചെമ്പൻ വിനോദ്) മഹർഷി എന്നാണ് ആ കഥാപാത്രം അറിയപ്പെടുന്നത്. സീതയെ കല്യാണം കഴിച്ച് ഒരു കുടുംബമുണ്ടാക്കാൻ മഹർഷിക്ക് ആഗ്രഹമുണ്ട്. ഒരു നാൾ മഹർഷിയോട് സീത ചോദിക്കുന്നു. ങ്ങളെ ശരിക്കുള്ള പേര് എന്താ? രാവണൻ എന്നായിരുന്നു മഹർഷിയുടെ മറുപടി. ഇത്തരം ലക്ഷ്യവേധിയായ കൊച്ചു കൊച്ചു സംഭാഷണങ്ങളാണ് ചിത്രത്തിന്റെ കാതൽ. വഴി പ്രശ്‌നത്തിൽ ഇടപെടാൻ ഒരു മാന്യനെ തെരഞ്ഞു നടക്കുന്നുണ്ട് ഭീമനും കൂട്ടരും. നാട്ടിൽ ഏറ്റവും നല്ല കുപ്പായമിടുന്ന ഒരാളെയാണ് അവർ മാന്യനായി കണ്ടെത്തുന്നത്. ഒടുവിൽ ഏറ്റവും കൂതറ പരിപാടി ചെയ്യുന്നതും ഈ മാന്യനാണ്. അവിടെയൊക്കെ ചിത്രം ചിരിയും ചിന്തയും ഒരുപോലെ ഉണർത്തുന്നു.

കൊച്ചുതാരങ്ങൾപോലും മികച്ച പ്രകടനം

കാമ്പസിന്റെ ചോക്ക്ളേറ്റ് ഇമേജിൽനിന്നും, ജെന്റിൽമാൻ ഇമേജിലേക്ക് മാറ്റി, ടൈപ്പ് കഥാപാത്രങ്ങൾ ചെയ്ത് കരിയറിന്റെ നല്ലഭാഗവും ചെലവിടേണ്ടിവന്ന നടനാണ് കുഞ്ചാക്കോബോബൻ. മമ്മൂട്ടിക്ക്ശേഷം മലയാളത്തിന്റെ മോറൽ അംബാസിഡർ എന്ന പദവിയിലേക്ക് നീങ്ങുന്ന ഈ നടന്റെ ഇമേജ് ബ്രേക്കിങ്ങ് പ്രകടനമാണ് ഈ സിനിമയിലെ ഭീമൻ. മേക്കപ്പും കിടിലം. അടുത്തകാലത്തൊന്നും ഇത്രയും സുന്ദരനായി കുഞ്ചാക്കോബോബനെ ഒരു ചിത്രത്തിലും കണ്ടിട്ടില്ല.

പക്ഷേ ഭീമന്റെ വഴിയിലെ യഥാർഥതാരം ഇവർ ആരുമല്ല. എക്‌സിക്യൂട്ടീവ് വേഷങ്ങളിൽനിന്നു നാട്ടുമ്പുറത്തെ ഇടവഴിയിലേക്ക് ഇറങ്ങി വന്ന ജിനു ജോസഫാണ് ഈ ചിത്രത്തിലെ മാൻ ഓഫ് ദ മാച്ച്. കുനുഷ്ടുകളുടെ ഉസ്താദായ കൊസ്‌തേപ്പ് എന്ന നാട്ടുമ്പുറത്തുകാരനായി, കളർ ലുങ്കിയൊക്കെ ഉടുത്ത് ജിനു അങ്ങോട്ട് നിറഞ്ഞാടുകയാണ്. വാർഡ് കൗൺസിലറായി എത്തുന്ന ദിവ്യ എം. നായരും ജൂഡോ പരിശീലകയായ ചിന്നു ചാന്ദ്‌നിയുമാണ് മറ്റ് ശ്രദ്ധേയമായ രണ്ട് വേഷങ്ങൾ ചെയ്യുന്നത്. ഒപ്പം മേഘ തോമസാണ് കിന്നരിയും. എതാനും സീനുകളിൽ വരുന്ന സുരാജും നന്നായിട്ടുണ്ട്. കുടിയൻ ഓട്ടോ ഡ്രൈവർ ബിനു പപ്പുവിന്റെ വഴി മാറി നടത്തം തന്നെയാണ്. തന്റെ പിതാവ് കുതിരവട്ടം പപ്പുവുമായുള്ള താരതമ്യം ഭയന്നാണ് താൻ ഹാസ്യ വേഷങ്ങൾ ചെയ്യാത്തതെന്ന് ബിനു പപ്പു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പക്ഷേ ബിനുവിന് അഭിമാനിക്കാം. പിതാവിന്റെ പേര് അദ്ദേഹം ഒരിക്കലും മോശമാക്കിയിട്ടില്ല.

ഗിരീഷ് ഗംഗാധരന്റെ കാമറ, പതിവുപോലെ ഗ്രാമീണ പശ്ചാത്തത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന് വർണ ഭംഗി പകരുന്നുണ്ട്. നിസാം ഖാദിരിയാണ് എഡിറ്റിങ്. ജാൻ എ മൻ എന്ന ചിത്രത്തിലേതുപോലെ തിരക്കഥയാണ് ഈ ചിത്രത്തിലും ഹീറോ. പലതരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു നാട്ടിൻപ്പുറത്തെ ജീവിതത്തെ രസകരമായി തന്നെ വരച്ചിട്ടുണ്ട് ചെമ്പൻ വിനോദ്. ഓരോ കഥാപാത്രങ്ങളെയും കൃത്യമായി രജിസ്റ്റർ ചെയ്താണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ ചെമ്പന്റെ ആദ്യ സ്‌ക്രിപ്റ്റ് അങ്കമാലി ഡയറീസ് പോലെ സംഭവബഹുലമൊന്നും അല്ല ഭീമന്റെ വഴിയെന്നും പറയേണ്ടതാണ്.

ഒരു കൊച്ചുകഥയെ അധികം വലിച്ചുനീട്ടാതെ അവതരിപ്പിച്ചിരിക്കുന്നു എന്നത് തന്നെയാണ് പ്രധാന പ്ലസ് പോയിന്റ്. കൂടാതെ ആദ്യം മുതൽ അവസാനം വരെ രസച്ചരട് മുറിയാതെ ലൈവായി നിർത്തുന്നുമുണ്ട്.ത്രില്ലടിപ്പിക്കേണ്ടിടത്ത് ത്രില്ലടിപ്പിച്ചും ചിരിപ്പിക്കേണ്ടിടത്ത് കൃത്യമായി ചിരിപ്പിക്കുന്നുമുണ്ട് ഭീമന്റെ വഴി. കൃത്രിമത്വങ്ങളില്ലാത്ത കാഴ്ചകളാണ് ഭീമന്റെ വഴിയിലുള്ളത്. ആ ലാളിത്യം തന്നെയാണ് ചിത്രത്തിന്റെ സൗന്ദര്യവും.

വാൽക്കഷ്ണം: ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നല്ല സിനിമയെടുക്കാൻ ചലച്ചിത്ര പ്രവർത്തകർ തന്നെ ഒന്നിക്കുന്നുവെന്നതും നല്ലകാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP