Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

'ഈ സീസണിലും റൺവേട്ടക്കാർക്കായുള്ള ഓറഞ്ച് ക്യാപ് വിജയിച്ചു; പക്ഷേ അവരുടെ ഫ്രാഞ്ചൈസി തോറ്റു; വിരാട് കോലി ഒരു ട്രോഫി അർഹിക്കുന്നുണ്ട്; ആർസിബി വിട്ട് ആ ടീമിൽ ചേർന്ന് ഐപിഎൽ ട്രോഫി സ്വന്തമാക്കണം'; തുറന്നുപറഞ്ഞ് കെവിൻ പീറ്റേഴ്‌സൻ

'ഈ സീസണിലും റൺവേട്ടക്കാർക്കായുള്ള ഓറഞ്ച് ക്യാപ് വിജയിച്ചു; പക്ഷേ അവരുടെ ഫ്രാഞ്ചൈസി തോറ്റു; വിരാട് കോലി ഒരു ട്രോഫി അർഹിക്കുന്നുണ്ട്; ആർസിബി വിട്ട് ആ ടീമിൽ ചേർന്ന് ഐപിഎൽ ട്രോഫി സ്വന്തമാക്കണം'; തുറന്നുപറഞ്ഞ് കെവിൻ പീറ്റേഴ്‌സൻ

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: വിരാട് കോലി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്ലബ് വിട്ട് മറ്റൊരു ഫ്രാഞ്ചൈസിയിൽ ചേർന്ന് ഐപിഎൽ ട്രോഫി സ്വന്തമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൻ. ഐപിഎൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോടു തോറ്റ് ബെംഗളൂരു പുറത്തായതോടെയാണ് കെവിൻ പീറ്റേഴ്‌സൻ നിലപാടു വ്യക്തമാക്കിയത്. കായിക ലോകത്ത് പലരും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും പീറ്റേഴ്‌സൻ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു.

ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്, ഇനിയും അത് പറയും. സ്‌പോർട്‌സിലെ ഇതിഹാസങ്ങളെല്ലാം തങ്ങളുടെ ടീം വിട്ട് മറ്റു ടീമുകളിൽ പോയി വിജയം നേടിയവരാണ്. വിരാട് കോലി ഇത്തവണയും കഠിനമായി ശ്രമിച്ചു. പക്ഷെ അദ്ദേഹത്തിന് വീണ്ടുമൊരു ഓറഞ്ച് ക്യാപ് മാത്രമാണ് ലഭിച്ചത്. ടീമിനായി എല്ലാം കൊടുത്തിട്ടും ടീം പരാജയപ്പെട്ടു. കോലിയെന്ന ബ്രാൻഡിന്റെ മൂല്യവും അത് ടീമിന് നൽകുന്ന പരസ്യവുമെല്ലാം ഞാൻ മനസിലാക്കുന്നു. പക്ഷെ അതൊക്കെ പറയുമ്പോഴും വിരാട് കോലി ഒരു ഐപിഎൽ കിരീടം അർഹിക്കുന്നുണ്ട്. കിരീടം നേടാൻ കെൽപ്പുള്ള ഒരു ടീമിൽ അതിനായി അദ്ദേഹം കളിക്കേണ്ടിയിരിക്കുന്നു-പീറ്റേഴ്‌സൺ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ലിയോണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്ൻ തുടങ്ങിയ താരങ്ങളെപ്പോലെ കോലിയും പുതിയ ചക്രവാളം തേടി പോകേണ്ട സമയമായി. ഡൽഹിയിലാണ് വിരാട് കോലിയുടെ വേരുകൾ. അതുകൊണ്ടുതന്നെ ഡൽഹി ക്യാപിറ്റൽസ് അദ്ദേഹത്തിന് തെരഞ്ഞെടുക്കാവുന്ന മികച്ച ടീമാണ്. അവിടെയാണെങ്കിൽ കോലിക്ക് എന്നും വീട്ടിൽ പോയിവരികയും ചെയ്യാം. കോലിക്ക് ഡൽഹിയിൽ വീടുള്ള കാര്യം എനിക്കറിയാം. കുടുംബവുമൊത്ത് കൂടുതൽ സമയം ചെലവിടാനും ഇതിലൂടെ കോലിക്കാവും. കോലി ശരിക്കുമൊരു ഡൽഹി ബോയ് ആണ്. പിന്നെ എന്തുകൊണ്ട് തിരിച്ചുപോയിക്കൂടാ. ഡൽഹിയും ബെംഗലൂരുവിനെപ്പോലെ കിരീടം കൊതിക്കുന്നൊരു ടീമാണ്.

കോലി ഡൽഹി ക്യാപിറ്റൽസിൽ കളിക്കണമെന്നാണ് പീറ്റേഴ്‌സന്റെ ആഗ്രഹം. ഡൽഹി ഇതുവരെ ഐപിഎൽ ജയിച്ചിട്ടില്ലെങ്കിലും കോലിക്ക് അവിടെ കൂടുതൽ സാധ്യതകളുണ്ടാകുമെന്നാണ് പീറ്റേഴ്‌സന്റെ വാദം. ''വിരാട് കോലി ഡൽഹി ക്യാപിറ്റൽസിൽ ചേരണം. അതാണു കോലിക്കു പറ്റിയ ഇടം. അദ്ദേഹത്തിന്റെ കുടുംബം അവിടെയാണുള്ളത്. അങ്ങോട്ട് തിരിച്ചുപോകുന്നതിൽ എന്താണു കുഴപ്പമുള്ളത്.?''പീറ്റേഴ്‌സൻ വ്യക്തമാക്കി.

ഐപിഎൽ സീസണിൽ ബെംഗളൂരുവിനായി 15 മത്സരങ്ങളും കളിച്ച കോലി 741 റൺസാണ് ആകെ നേടിയത്. ഒരു സെഞ്ചറിയും അഞ്ച് അർധ സെഞ്ചറികളും നേടിയാണ് കോലി റൺവേട്ടയിൽ മുന്നിലെത്തിയത്. രണ്ടാമതുള്ള ചെന്നൈ താരം ഋതുരാജ് ഗെയ്ക്വാദിന് 583 റൺസ് മാത്രമാണുള്ളത്. രാജസ്ഥാന്റെ റിയാൻ പരാഗും (567 റൺസ്), ഹൈദരാബാദിന്റെ ട്രാവിസ് ഹെഡുമാണ് (533 റൺസ്) ടോപ് സ്‌കോറർമാരിൽ മൂന്നും നാലും സ്ഥാനങ്ങളിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP