Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

തെരുവിൽ ചിത്രമെഴുതിയ മകന് പിറന്നാൾ സമ്മാനമായി ചിത്ര മതിൽ; അകാലത്തിൽ വേർപിരിഞ്ഞ ചിത്രകാരനായ അർജുനന്റെ ഓർമയ്ക്കായി അമ്മയുടെ സാക്ഷാത്കാരം; മാഞ്ഞുപോയത് ജനക്കൂട്ടത്തിനിടയിൽ വരച്ചുവിസ്മയം കൊള്ളിച്ച കലാകാരൻ

തെരുവിൽ ചിത്രമെഴുതിയ മകന് പിറന്നാൾ സമ്മാനമായി ചിത്ര മതിൽ; അകാലത്തിൽ വേർപിരിഞ്ഞ ചിത്രകാരനായ അർജുനന്റെ ഓർമയ്ക്കായി അമ്മയുടെ സാക്ഷാത്കാരം; മാഞ്ഞുപോയത് ജനക്കൂട്ടത്തിനിടയിൽ വരച്ചുവിസ്മയം കൊള്ളിച്ച കലാകാരൻ

അനീഷ് കുമാർ

കണ്ണൂർ : അകാലത്തിൽ വേർപിരിഞ്ഞ ചിത്രകാരനായ മകന്റെ ഓർമ്മയ്ക്കായി കണ്ണൂർ നഗരത്തിൽ സാധാരണക്കാർ നടന്നു പോകുന്ന നടപ്പാതയുടെ അരികിൽ ചിത്ര ചുമർ ഒരുക്കിയിരിക്കുകയാണ് കണ്ണൂരിലെ ഒരമ്മ. മകൻ അർജുൻ കെ.ദാസ് എന്ന യുവ ചിത്രകാരന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ് ഇവിടെ യാഥാർത്ഥ്യമാകുന്നത്.

കണ്ണീരോർമ്മയായി മാറിയ മകനുള്ള പിറന്നാൾ സമ്മാനം കൂടിയാണിത്. കണ്ണൂർ റെയിൽവെ സ്റ്റേഷന്റെ കിഴക്കെ കവാടത്തിന് സമീപമുള്ള പൊലിസ് സൊസെറ്റി ഹാളിന് ഓരത്തുള്ള നടപ്പാതയുടെ ചുമരിലാണ് അൻപതു മീറ്റർ കാൻവാസ് ഒരുക്കി ചിത്ര ചുമർ ഒരുക്കിയത്. പ്രമുഖ ചിത്രകാരന്മാർ ഒരുക്കിയ അർജുൻ കെ.ദാസിന്റെ രണ്ട് മുഖ ചിത്രങ്ങളും കണ്ണൂരിന്റെ ചരിത്രം വിളിച്ചോതുന്ന സെന്റ് ആഞ്ചലോ കോട്ടയും അറയ്ക്കൽ കൊട്ടാരവും തെയ്യങ്ങളും പറശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രവും ഏഴിമലയടക്കമുള്ള ദൃശ്യാവിഷ്‌ക്കാരങ്ങളാണ് ചിത്ര ചുമരിലുള്ളത്.

എൻ.ഐ.ഡി വിദ്യാർത്ഥി കൂടിയായിരുന്ന പയ്യന്നൂർ മാത്തിൽ സ്വദേശിയായ അർജുൻ തന്റെ സ്വപ്നങ്ങൾ ബാക്കി വെച്ച് 2015 ജൂൺ 20നാണ് ഒരു പൂവിതൾ അടർന്നു വീഴുന്നതു പോലെ ചായക്കൂട്ടുകൾ ബാക്കി വെച്ചു പൊലിഞ്ഞു പോയത്. ചിത്രകലാ പരിശീലനത്തിനായി ലാൻഡ് സ്‌കേപ്പ് ചെയ്യുന്നതിനായി സിക്കിമിൽ എത്തിയപ്പോഴാണ് തീസ്ഥാനദിയിൽ അർജുൻ മുങ്ങി മരിക്കുന്നത്. പയ്യന്നൂർ മാത്തിൽ സ്വദേശിനിയും അദ്ധ്യാപികയുമായ കരുണാദാസിന്റെയും ക്രൈംബ്രാഞ്ച് പൊലിസ് ഉദ്യോഗസ്ഥനായ മോഹൻദാസിന്റെയും മൂത്ത മകനാണ് അർജുൻ കെ.ദാസ്. സഹോദരി ആതിര കെ ദാസ് ചേട്ടന്റെ കലാവഴിയിലൂടെ സഞ്ചരിച്ച് എൻ.ഐ.ഡിയിൽ പോസ്റ്റ് ഗ്വാജ്വേഷൻ പഠനം പൂർത്തിയാക്കി ബാംഗ്‌ളൂരിൽ ഡിസൈനറായി ജോലി ചെയ്തു വരികയാണ്.

അമ്മയുടെ പ്രോത്സാഹനവും പ്രചോദനവും ഉൾക്കൊണ്ടു ബാല്യകാലം മുതൽ രണ്ടു പേരും വരകളുടെയും വർണങ്ങളുടെയും ലോകത്തായിരുന്നു. ചെറുപ്പം മുതൽ തന്നെ രണ്ടു പേരും ഒട്ടേറെ സമ്മാനങ്ങൾ വാരി കൂട്ടി. മകന്റെ അപ്രതീക്ഷിത വിയോഗം മാനസികമായി തളർത്തിയിരുന്നുവെങ്കിലും അർജുൻ സഞ്ചരിച്ച വർണങ്ങളുടെ ലോകത്തേക്ക് പോയി മകനെ വീണ്ടെടുക്കുകയായിരുന്നു കരുണാ ദാസ് ചെയ്തത്. ഹൃദയത്തിൽ കനലു പോലെ നീറുന്ന മകന്റെ ഓർമ്മകൾ കൊടാതിരിക്കാൻ ചിത്രവഴിയിലൂടെയായി ആ അമ്മയുടെ അതിജീവനയാത്ര. അവൻ കുഞ്ഞുന്നാൾ മുതൽ വരച്ച 25ൽ പരം ചിത്രങ്ങൾ കാഞ്ഞങ്ങാട് ലളിത കലാ അക്കാദമിയുടെ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് ഒട്ടേറെ പരിപാടികൾ മകന്റെ ഓർമ്മയ്ക്കായി നടത്തി. മകന്റെ പിറന്നാൾ ദിനത്തിൽ തർപ്പണം ചെയ്യുന്നതുപോലെ കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ചിത്ര ചുമരുകളുണ്ടാക്കി. ലളിതകലാ അക്കാദമിയുമായി സഹകരിച്ചു കുട്ടികൾക്കായി ചിത്രകലാ ക്യാംപുകൾ നടത്തി.

രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ആ ദേശത്തിന്റെ മഹത്വം സാധാരണക്കാരന് കാണാൻ ഉതകുന്ന വിധമുള്ള ചുമർ ചിത്രങ്ങൾ കൂട്ടുകാരോടൊത്ത് അർജുൻ വരച്ചിട്ടുണ്ട്. 2015ൽ കോഴിക്കോട് നഗത്തിലെ പാർക്കിലെ ചുമരിൽ വരച്ച സിറ്റി ഓഫ് സ്‌പെസ് എന്ന വാസ്‌ഗോഡ ഗാമയുടെ കാരിക്കേച്ചർ ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് അർജുന്റെ സുഹൃത്തുക്കൾ ചേർന്ന് അവന്റെ സ്മരണയ്ക്കായി കഴിഞ്ഞ വർഷം കോഴിക്കോട് സരോവരം പാർക്കിലും ചിത്രം ഒരുക്കിയിരുന്നു. ആ കരുത്തിന്റെ ആവേശത്തിലാണ് കണ്ണുരിലും അർജുൻ കെ. ദാസിന്റെ സ്മരണയ്ക്കായി സാധാരണക്കാർ നടന്നു പോകുന്ന വഴിയിൽ അവർക്ക് ആസ്വദിക്കുന്നതിനായി ചിത്ര ചുമർ ഒരുക്കിയതെന്ന് കരുണാ ദാസ് പറഞ്ഞു.

രാജ്യത്ത് മുഴുവൻ സഞ്ചരിച്ച് തെരുവുകളിൽ സാധാരണമനുഷ്യർക്ക് ആസ്വദിക്കുന്നതിനാണ് തന്റെ മകൻ ചിത്രങ്ങൾ വരച്ചത്. ഓരോ സ്ഥലങ്ങളുടെയും ഹൃദയ തുടിപ്പുകൾ തൊട്ടറിഞ്ഞ ചിത്രകാരനായിരുന്നു അർജുനെന്നും അമ്മ കരുണാ ദാസ് പറഞ്ഞു. ആസ്വാദകർ തന്നെ തേടിയെത്താൻ കാത്തു നിൽക്കാതെ തന്റെ സൃഷ്ടികൾ ജനക്കൂട്ടത്തിനിടയിൽ വരച്ചു അവരെ വിസ്മയം കൊള്ളിച്ച യുവചിത്ര കാരനായിരുന്നു അർജുൻ കെ. ദാസ്. തെരുവിന്റെ ചിത്രകാരന് കാലോചിതമായ ഓർമ്മയുടെ ഉപഹാരമാണ് കണ്ണൂർ നഗരത്തിലൊരുക്കിയത്.

എഴുത്തുകാരൻ ടി പത്മനാഭനാണ് അർജുന്റെ പിറന്നാൾ ദിനമായ മെയ് രണ്ടിന് വൈകുന്നേരം ചിത്ര ചുമർ ഉദ്ഘാടനം ചെയ്തത്. പിതാവ് മോഹൻദാസ് , അമ്മ കരുണാ ദാസ്, സഹോദരി ആതിര , ചിത്രകലാ നിരുപകൻ കെ.കെ മാരാർ, ചിത്രകലാ നിരുപകൻ കെ.കെ മാരാർ, ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ, കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി പി.പി സദാനന്ദൻ, എഴുത്തുകാരൻ നാരായണൻ കാവുമ്പായി, അർജുൻ കെ. ദാസിന്റെ സുഹൃത്തുക്കൾ, ചിത്രകാരന്മാർ എന്നിവർ പൊലിസ് സൊസെറ്റി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP