Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

ഒരാണ്ടത്തെ ദർശന പുണ്യവുമായി ശബരിമലയിൽ ഇന്ന് മകര വിളക്ക്; ശരണം വിളികളുമായി ദിവ്യജ്യോതി ദർശനത്തിന് പർണശാല കെട്ടി കാത്തിരുന്ന് ഭക്തലക്ഷങ്ങൾ: ശബരിമലയിൽ ശക്തമായ സുരക്ഷ ക്രമീകരണം

ഒരാണ്ടത്തെ ദർശന പുണ്യവുമായി ശബരിമലയിൽ ഇന്ന് മകര വിളക്ക്; ശരണം വിളികളുമായി ദിവ്യജ്യോതി ദർശനത്തിന് പർണശാല കെട്ടി കാത്തിരുന്ന് ഭക്തലക്ഷങ്ങൾ: ശബരിമലയിൽ ശക്തമായ സുരക്ഷ ക്രമീകരണം

സ്വന്തം ലേഖകൻ

ശബരിമല: ഇന്ന് ലൊകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്ക് മകരവിളക്കിന്റെ പുണ്യം. ഭക്തിയുടെ കൊടുമുടിയിലാണ് അയ്യപ്പന്റെ പൂങ്കാവനമാകെ. തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെയും മകരസംക്രമസന്ധ്യയിൽ പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതിയെയും ദർശിക്കാൻ ശരണഘോഷങ്ങളുമായി ഭക്തലക്ഷങ്ങളാണ് ശബരിമലയിൽ എത്തിച്ചേർന്നിരിക്കുന്നത്. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ശബരിമലയിൽ എത്തുന്നതോടെ മകരവിളക്കിന്റെ പുണ്യം.

മകരവിളക്ക് ദിനമായ ഇന്ന് പുലർച്ചെ രണ്ടിന് നട തുറക്കും. 2.46ന് മകരസംക്രമ പൂജ. കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ് തേങ്ങയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം നടത്തും. വൈകിട്ട് അഞ്ചിനാണ് നടതുറക്കുക. 5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. 6.15ന് കൊടിമരച്ചുവട്ടിൽ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മെമ്പർമാരായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിക്കും.

ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിലേക്ക് ആനയിക്കും. 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന. തുടർന്ന് നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയുന്നതോടെ സർവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയുടെ പുണ്യ ദർശനം.രാത്രി മണിമണ്ഡപത്തിൽ കളമെഴുത്ത്. തുടർന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും.

18 വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. നെയ്യഭിഷേകം 19 വരെ മാത്രം. 19ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 20ന് രാത്രി 10ന് മാളികപ്പുറം സന്നിധിയിൽ വലിയ ഗുരുതി. 20ന് രാത്രി ഹരിവരാസനം വരെ ഭക്തർക്ക് ദർശനം. 21ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പസ്വാമിയെ യോഗനിദ്രയിലാക്കും. തുടർന്ന് ശ്രീ കോവിൽ നടയടയ്ക്കും.

മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണുള്ളത്. അതേസമയം, മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മകരസംക്രമ പൂജ പുലർച്ചെ 2.45ന് നടന്നു. സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന സമയത്തായിരുന്നു പൂജ.

മകരവിളക്ക് ദർശനത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പുല്ലുമേട്ടിലും ഒരുക്കങ്ങൾ പൂർത്തിയായി. പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എട്ടു ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 1400 പൊലീസുകാരെ ജില്ലയിൽ വിവിധ ഭാഗത്ത് സുരക്ഷക്കായി നിയോഗിക്കും. പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഇത്തവണയുണ്ടാകും. സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങൾ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ. മകര വിളക്ക് കണ്ട ശേഷം സന്നിധാനത്തേക്ക് പോകാൻ ഭക്തരെ അനുവദിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP