Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

വലിപ്പവും ഉയരവും കുറവെന്ന് കരുതി ആളെ കുറച്ചുകാണേണ്ട; 10 അടി താഴ്ചയിലുള്ള ബോംബ് വരെ മണത്തെടുക്കും; മണിക്കൂറുകളോളം ക്ഷീണമില്ലാതെ പണിയെടുക്കും; തലസ്ഥാനത്ത് ഗവർണറുടെ പരിപാടിയിൽ എത്തിയ കുഞ്ഞൻ നായ താരമായപ്പോൾ

വലിപ്പവും ഉയരവും കുറവെന്ന് കരുതി ആളെ കുറച്ചുകാണേണ്ട; 10 അടി താഴ്ചയിലുള്ള ബോംബ് വരെ മണത്തെടുക്കും; മണിക്കൂറുകളോളം ക്ഷീണമില്ലാതെ പണിയെടുക്കും; തലസ്ഥാനത്ത് ഗവർണറുടെ പരിപാടിയിൽ എത്തിയ കുഞ്ഞൻ നായ താരമായപ്പോൾ

ശ്യാം എസ് ധരൻ

തിരുവനന്തപുരം: കേരള അക്കാദമി ഓഫ് സയൻസ് ഫെലോഷിപ്പ് വിതരണ ചടങ്ങ് തിരുവനന്തപുരത്ത് ഭക്‌നഗർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നപ്പോൾ പ്രധാന അതിഥി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആയിരുന്നു. ഗവർണർ എത്തുന്നതിനുമുമ്പ് ഓഡിറ്റോറിയവും പരിസരവും പൊലീസ് പരിശോധന നടത്തി. പരിശോധനയ്ക്ക് എത്തിയ കുഞ്ഞൻ നായ്ക്കുട്ടിയായിരുന്നു എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്.

ബെൽറ്റിന്റെ അറ്റത്ത് ഗാർഡിനേയും വലിച്ചുകൊണ്ട് വളരെ വേഗത്തിൽ മണം പിടിച്ച് പരിശോധന നടത്തുന്ന ഇത്തിരി കുഞ്ഞൻ കൗതുകമായി. ജാക്ക് റസൽ ട്ടറിയർ വർഗ്ഗത്തിൽപ്പെട്ട കടൽ കടന്നെത്തിയ കുഞ്ഞൻ നായ്ക്കളിൽ ഒരാളാണ് ഇത്. പേര് നിള. കേരള പൊലീസ് ഡോഗ്‌സ് സ്‌ക്വാഡിലെ ചുണക്കുട്ടികളിൽ ഒരാളാണ് ഇവൾ.

1800 കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ വേട്ടപ്പട്ടിയായി രൂപാന്തരപ്പെടുത്തിയെടുത്ത സ്‌പെഷ്യൽ ബ്രീഡ് ആണ്. ജാക്ക് റസൽ ടെറിയർ. വലിപ്പം വളരെ കുറവാണ് എന്നുള്ളതാണ് പ്രധാന പ്രത്യേകത. 8 കിലോയോളം മാത്രമാണ് മാക്‌സിമം ഭാരം വരിക. ഉയരവും വളരെ കുറവാണ്. എന്നാൽ മസിലുകൾക്ക് ശക്തി കൂടുതലാണ്‌. മണിക്കൂറുകളോളം ക്ഷീണമില്ലാതെ ജോലി ചെയ്യും. വലിപ്പം കുറവായതിനാൽ ചെറിയ ഇടുക്കുകളിലും കുഴികളിലും ഒക്കെ പരിശോധന നടത്താനാകും.

സ്‌നിഫർ ഡോഗ് ആയിട്ടാണ് പ്രധാനമായും ഇവരെ ഉപയോഗിക്കുന്നത്. ഇസ്രയേൽ സൈന്യത്തിന്റെയും യുഎസ് പൊലീസ് സേനയുടെയും അഭിമാന താരങ്ങളാണ് ഇവർ. സ്‌ഫോടക വസ്തുക്കളും ലഹരിവസ്തുക്കളും കണ്ടെത്തലാണ് പ്രധാന ജോലി. 10 അടി താഴ്ചയിലുള്ള ബോംബ് വരെ മണത്ത് കണ്ടെത്താൻ ഇവർക്ക് സാധിക്കും.

കേരള പൊലീസിന്റെ ഡോഗ്‌സ്‌കോഡ് കെ 9 നാല് ജാക്ക് റസൽ ട്ടറിയറാണ് ഉള്ളത്. തൃശ്ശൂർ പൊലീസ് അക്കാദമിയിലെ ഒമ്പതു മാസത്തിലെ സ്‌പെഷ്യൽ ട്രെയിനിങ്ങിനു ശേഷമാണ് ഇവരെ ഇറക്കിയിട്ടുള്ളത്. അതിൽ ഒരുവളാണ് സൈറ എന്ന് വിളിപ്പേരുള്ള നിള. ഇപ്പോൾ സ്‌കൂളിലുള്ള നാല് പേരും റഷ്യൻ വംശജരാണ്.

ഒരു സ്‌ക്വാഡിൽ രണ്ടുപേരാണ് ഉണ്ടാവുക, ഒരു ഹാൻഡ്ലറും അസിസ്റ്റന്റും. ഗവർണറുടെ പരിപാടിക്ക് ഇന്ന് നീള എത്തിയത് ശ്രീജിത്ത്, അരുൺ എന്നിവരോടൊപ്പമാണ്. ശ്രീജിത്തിന്റെ കമാൻഡുകൾ വളരെ കൃത്യമായി ആണ് നിള അനുസരിക്കുന്നത്. മണം പിടിക്കുകയും നിൽക്കുകയും ഇരിക്കുകയും സല്യൂട്ട് അടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഗവർണർ എത്തുന്നതിന് മുമ്പ് തന്നെ നിളയുടെ പരിശോധന കഴിഞ്ഞു.

ഭക്ഷണരീതികൾ സാധാരണ നായ്ക്കളെപ്പോലെ തന്നെയാണെന്നും വളരെ കുറച്ചു മാത്രം മതി എന്നുള്ളതും പ്രത്യേകതയാണ്. നല്ല പ്രതിരോധശേഷിയുള്ളതിനാൽ പെട്ടെന്ന് രോഗങ്ങൾ ഒന്നും പിടിക്കില്ല. പൊക്കം കുറവായതിനാൽ മണ്ണിനോട് ചേർന്ന് സഞ്ചരിക്കേണ്ടി വരുമ്പോൾ തൊലിപ്പുറത്തുള്ള അലർജിയാണ് സാധാരണ വരാറുള്ളത്. വാക്‌സിനേഷനുകളും സാധാരണ നായ്ക്കൾക്ക് പോലെ തന്നെയെന്നും ഡോഗ്‌സ് സ്‌ക്വാഡിലെ ഡോക്ടർ സുമൻ പറഞ്ഞു. 35,000 രൂപ മുതൽ വില വരും.

ഇന്ത്യയിൽ ആദ്യമായി കേരള പൊലീസ് ആണ് ഈ കുഞ്ഞൻ വിദേശിയെ ഡോഗ്‌സ് സ്‌ക്വാഡിൽ എത്തിക്കുന്നത്. എന്തായാലും ഇന്ന് പരിപാടിക്ക് എത്തിയവരുടെയെല്ലാം ശ്രദ്ധയും ചർച്ചയും കുറച്ചുനേരം ഈ കുഞ്ഞൻ നായ്ക്കുട്ടിയെ കുറിച്ചായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP