Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

തിരുവല്ലം ഉണ്ണിക്കിനി വിചാരണക്കാലം; പേരൂർക്കട മോഷണക്കേസിൽ ഉണ്ണിയെ വിചാരണ ചെയ്യാൻ ഉത്തരവ്; ജാമ്യത്തിലിറങ്ങി നാല് മാസം തിരുവല്ലം ഉണ്ണി പൊലീസിനും നാട്ടുകാർക്കും സമ്മാനിച്ചത് ഉറക്കമില്ലാത്ത നാളുകൾ; നടത്തിയത് 52 മോഷണങ്ങൾ

തിരുവല്ലം ഉണ്ണിക്കിനി വിചാരണക്കാലം; പേരൂർക്കട മോഷണക്കേസിൽ ഉണ്ണിയെ വിചാരണ ചെയ്യാൻ ഉത്തരവ്; ജാമ്യത്തിലിറങ്ങി നാല് മാസം തിരുവല്ലം ഉണ്ണി പൊലീസിനും നാട്ടുകാർക്കും സമ്മാനിച്ചത് ഉറക്കമില്ലാത്ത നാളുകൾ; നടത്തിയത് 52 മോഷണങ്ങൾ

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: കമ്പിപ്പാരയും ഹെൽമെറ്റും ധരിച്ച് സി സി റ്റി വി ഹാർഡ് ഡിസ്‌കടക്കം മോഷ്ടിച്ച് 52 മോഷണങ്ങളിലൂടെ പൊലീസിനും നാട്ടുകാർക്കും ഉറക്കമില്ലാത്ത നാളുകൾ സമ്മാനിച്ച അനവധി മോഷണക്കേസുകളിലൂടെ പൊലീസിനെ വട്ടംചുറ്റിച്ച് കുപ്രസിദ്ധനായ പ്രതി തിരുവല്ലം ഉണ്ണിയെ പേരൂർക്കട മോഷണക്കേസിൽ വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. മോഷണ മുതലാണെന്ന് അറിഞ്ഞു കൊണ്ട് വഞ്ചനാപരമായി തൊണ്ടി വകകൾ വാങ്ങിയതിന് തലസ്ഥാന ജില്ലാ നിവാസികളായ രാജീവ്, സുധീർ എന്നിവരെ രണ്ടും മൂന്നും കൂട്ടുപ്രതികളാക്കി ഉണ്ണിക്കൊപ്പം വിചാരണ ചെയ്യാനും മജിസ്‌ട്രേട്ട് ശ്വേതാ ശശികുമാർ ഉത്തരവിട്ടു.

2019 മാർച്ചിൽ ജാമ്യത്തിലിറങ്ങിയ ശേഷം ജൂൺ 15 വരെയുള്ള നാല് മാസത്തിനിടെ 52 മോഷണങ്ങൾ ചെയ്തുവെന്നാണ് കേസ്. തിരുവല്ലം മേനിലം കീഴേപാലറകുന്ന് വീട്ടിൽ 'തിരുവല്ലം ഉണ്ണി ' എന്ന പേരിലറിയപ്പെടുന്ന ഉണ്ണികൃഷ്‌നും (49) കൂട്ടാളികളെയുമാണ് വിചാരണ ചെയ്യുന്നത്. 2019 ജൂൺ വരെ കുറച്ച് നാളുകളായി ഉണ്ണി ജയിലിലായിരുന്നു. അതിനു നാല് മാസം മുമ്പാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. പിന്നീടങ്ങോട്ട് പൊലീസിനും നാട്ടുകാർക്കും ഉറക്കമില്ലാത്ത നാളുകളായിരുന്നു. നാല് മാസം ഉണ്ണി കയറിഇറങ്ങിയത് 52 സ്ഥലങ്ങളിലായിരുന്നു..

മോഷണത്തിനായി ഒരു സ്ഥലം തെരഞ്ഞെടുത്താൽ അർദ്ധരാത്രി ഓട്ടോയുമായി അവിടെയെത്തി ഓട്ടോ സുരക്ഷിതമായി പാർക്ക് ചെയ്തശേഷം കമ്പിപാരയും ഹെൽമറ്റുമായാണ് ഇയാൾ മോഷണത്തിനിറങ്ങുന്നത്. ഒറ്റ രാത്രിയിൽ പരമാവധി സ്ഥലങ്ങളിൽ മോഷണം നടത്തുന്നതാണ് രീതി. മോഷണത്തിന് മുമ്പായി സിസിടിവി ഹാർഡ് ഡിസ്‌ക്കുകൾ ഇയാൾ മോഷ്ടിക്കും. 2019 ജൂൺ 7 ന് അമ്പലത്തറ മിൽമ സഹകരണ സംഘത്തിൽ നിന്നും 6 ലക്ഷം കവർന്നതും ഇയാളാണെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

കാട്ടാക്കട, മലയിൻകീഴ്, ഉരൂട്ടമ്പലം, വീരണകാവ്, പൂങ്കുളം തുടങ്ങിയ പ്രദേശങ്ങളിൽ വൻ മോഷണ പരമ്പര നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ഷാഡോ പൊലീസ് അതിവിദഗ്ദമായാണ് 2019 ജൂൺ 15 ന് കീഴടക്കിയത്. ഇയാൾ അക്കാലയളവിൽ പൂഴനാട് ചാനൽ പാലത്തിന് സമീപം വിഷ്ണുഭവനിലാണ് താമസിച്ചിരുന്നത്. പൊലീസിന് തന്റെ വിവരങ്ങൾ കൈമാറുന്നുവെന്ന് വിശ്വസിച്ചിരുന്ന ഇയാൾ വിരോധം നിമിത്തം ഇയാൾ താമസിച്ചിരുന്ന വീടിന് സമീപത്തെ അയൽവാസികളുടെ കിണറുകളിൽ വിഷം കലക്കിയതിനെ തുടർന്ന് ആര്യങ്കോട് പൊലീസ് എടുത്ത കേസ്സിലും, മറ്റ് ചില മോഷണക്കേസ്സിലുൾപ്പെട്ടും ജയിലിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങി നാല് മാസത്തിനിടെയാണ് ഇയാൾ ഇത്രയധികം മോഷണം നടത്തിയത്. സ്‌പെയർപാർട്‌സ് കടയിൽ നടത്തിയ മോഷണക്കേസിൽ ഇയാളുടെ ഭാര്യയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഹോട്ടലുകളും പെട്ടിക്കടകളുമായിരുന്നു ഇയാൾ ഏറ്റവും കൂടുതൽ മോഷണം നടത്തിയിട്ടുള്ളത്. മഹാദേവ ലോട്ടറിക്കട പൊളിച്ചതും ഉൾപ്പെടെയുള്ള കേസുകളും മലയിൻകീഴ് കുളക്കോട് കല്യാണി റസ്റ്റോറന്റിന് മുൻവശം പൂട്ട് പൊളിച്ച് ഇരുപത്തി അയ്യായിരം രൂപയും സി.സി.ടി.വി ഹാർഡ് ഡിസ്‌ക്കും മോഷ്ടിച്ചത്, മലയിൻകീഴ് ആൽത്തറ സുമാ ദേവി ഓട്ടോമൊബൈൽസ് ഉപകരണങ്ങളും പണവും കവർന്നത്, തൊട്ടടുത്തുള്ള വീടിന്റെ ഓട് പൊളിച്ചിറങ്ങി ഒരു ലക്ഷം വിലയുള്ള ക്യാമറ മോഷണം നടത്തിയതുൾപ്പെടെ കാട്ടാക്കട മുതിയാവിള ജംഗ്ഷന് സമീപം ശീകുമാറിന്റെ മസ്‌ക്കറ്റ് ബേക്കറി പൊളിച്ച് ഇരുപത്തിനാലായിരം രൂപയും ഹാർഡ് ഡിസ്‌കും മറ്റും മോഷണം നടത്തിയതും, മുതിയാവിള അൽഫോസാമ്മ ഹോട്ടൽ പൊളിച്ചതും, മുതിയാവിള അച്ചൂസ് ചിക്കൻ സെന്റർ പൊളിച്ച് കോഴികളും ക്യാഷും കവർന്ന കേസ്സ് എന്നിങ്ങനെ നിരവധി കേസുകൾക്ക് തുമ്പുണ്ടായ ആശ്വാസത്തിലാണ് പൊലീസ്.

തിരുവനന്തപുരം റൂറൽ ഭാഗങ്ങളിൽ നടന്നതിന് സമാനമായ രീതിയിൽ തിരുവനന്തപുരം സിറ്റിയിൽ പൂങ്കുളത്തും അമ്പലത്തറയിലും മോഷണം റിപ്പോർട്ട് ചെയ്തപ്പോൾ സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗരുഡിൻ ഐപിഎസ്, ഡപ്പ്യൂട്ടി കമ്മീഷണർ ആദിത്യ ഐപിഎസ് എന്നിവർ ചേർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് എസിപി പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ഷാഡോ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലം ഉണ്ണി വലയിലായത്. എസിപി പ്രമോദ് കുമാർ, ഫോർട്ട് എ സി പ്രതാപൻ നായർ, വിഴിഞ്ഞം സി ഐ പ്രവീൺ, എസ് ഐ മാരായ സജി, രഞ്ജിത്ത്, ഷാഡോ എ എസ് ഐമാരായ യശോധരൻ, അരുൺകമാർ, ഷാഡോ ടീം അംഗങ്ങൾ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്കിയത്.

2021 ഫെബ്രുവരി 22 നും കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ ഷാഡോ പൊലീസ് കാട്ടാക്കടയിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുമാസമായി റൂറൽ ഷാഡോ പൊലീസ് നിരീക്ഷണം നടത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ഉണ്ണിയെ ഓടിച്ച് പിടികൂടിയത്. ലക്ഷക്കണക്കിന് രൂപയുടെ മോഷണ വസ്തുക്കളും ഒളിത്താവളത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സാധനങ്ങൾ ഒളിപ്പിച്ചിരുന്നത്. വീട്ടിൽ നിന്നും ടാബ്, നാണയത്തുട്ടുകൾ, മൊബൈൽ, 2000 റബർ ഷീറ്റുകൾ, കാർ സ്റ്റീരിയോ, ടയറുകൾ, ബാറ്ററി ഇൻവേർട്ടർ, സ്റ്റേഷനറി ഫാൻസി ഉത്പന്നങ്ങൾ, എയർ ഹോൺ, കല്ല്യാണ സാരികൾ, ഷർട്ടുകൾ, ഉരുളി, മാസ്‌ക്, പാചകവാതക സിലിണ്ടറുകൾ, ചെരുപ്പുകൾ, മോഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ, ടേപ് റെക്കാഡർ, മൂന്ന് കന്നാസുകളിൽ 100 ലിറ്റർ ഡീസൽ എന്നിവ കണ്ടെത്തി. കൂടാതെ ഇൻഡിക്ക, സുമോ, ഓട്ടോ റിക്ഷ എന്നീ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനങ്ങൾ ഇയാളുടെ ഭാര്യയുടെ പേരിലാണുള്ളത്. കൂടുതൽ അന്വേഷണത്തിന് പ്രതിയെ പാറശ്ശാല പൊലീസിന് കൈമാറിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP