Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

ടൂറിസ്റ്റ് ബസ് ഓട്ടത്തിനിടെ കൊക്കയിലേക്ക് തെന്നിനീങ്ങി; 50 യാത്രക്കാരെയും രക്ഷിച്ചത് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന്

ടൂറിസ്റ്റ് ബസ് ഓട്ടത്തിനിടെ കൊക്കയിലേക്ക് തെന്നിനീങ്ങി; 50 യാത്രക്കാരെയും രക്ഷിച്ചത് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന്

സ്വന്തം ലേഖകൻ

അടിമാലി: മൂന്നാർ കാണാൻ ബംഗളൂരുവിൽനിന്നെത്തിയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ഓട്ടത്തിനിടെ കൊക്കയിലേക്ക് തെന്നിനീങ്ങി. ബസിലുണ്ടായിരുന്ന അമ്പത് യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. കൊച്ചി-ധുനുഷ്‌കോടി ദേശീയപാതയിൽ ഇരുട്ടുകാനത്തിന് സമീപം മറ്റൊരു വാഹനത്തിന് വശംകൊടുക്കുന്നതിനിടെ പിൻചക്രങ്ങൾ കൊക്കയിലേക്ക് തെന്നിമാറിയാണ് അപകടം. എന്നാൽ ഭാഗ്യം കൊണ്ട് എല്ലാവരും രക്ഷപ്പെട്ടു. പിൻ ചക്രങ്ങൾ കതൊക്കയിലേക്ക് വീണെങ്കിലും ബാക്കി ഭാഗം റോഡിൽ തങ്ങിനിന്നതാണ് രക്ഷയായത്.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വിദ്യാർത്ഥികളെ കൂടാതെ അദ്ധ്യാപകരും ഡ്രൈവറും ക്ലീനറും അടക്കും 50 പേർ ബസിൽ ഉണ്ടായിരുന്നു. 200 അടിയോളം താഴ്ചയുള്ള കൊക്കയ്ക്കരികിലേക്കാണ് ബസ് തെന്നിമാറിയത്. കൊക്കയിലേക്ക് തങ്ങിനിന്ന ബസിൽനിന്ന് യാത്രക്കാർ ഇറങ്ങാൻ ശ്രമിച്ചപ്പോൾ വാഹനം വീണ്ടും താഴേക്ക് ചരിഞ്ഞത് പരിഭ്രാന്തി പരത്തി. തുടർന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ബസ് സമീപത്തെ മരത്തിൽ വടം ഉപയോഗിച്ച് കെട്ടിയാണ് യാത്രക്കാരെ പുറത്തിറക്കിയത്. അതുവരെ അദ്ധ്യാപകരും വിദ്യാർത്ഥികളും ധൈര്യപൂർവം ബസിൽ കഴിച്ചുകൂട്ടി.

പരിഭ്രാന്തരായ വിദ്യാർത്ഥികളെയും അദ്ധ്യാപകരേയും നാട്ടുകാർ ധൈര്യം നൽകി. കാക്കയിലേക്ക് തൂങ്ങിക്കിടന്ന വാഹനത്തിന്റെ പുറകുവശത്ത് ഇരുന്ന കുട്ടികളോട് ബസിന്റെ മുൻവശത്തേക്ക് വരുവാൻ നാട്ടുകാർ ആവശ്യപ്പെട്ടു. ആരും പുറത്തിറങ്ങരുതെന്നും അത് വാഹനത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെത്തുമെന്നും അവരെ പറഞ്ഞു മനസ്സിലാക്കി. ഇത് ബസിന്റെ സന്തുലിതാവസ്ഥ നിലനിർത്താനും കൊക്കയിലേക്ക് മറിയാതിരിക്കാനും സഹായിച്ചു.

തിനിടെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്‌നിരക്ഷാസേനയും എത്തി. അവരും നാട്ടുകാരും ചേർന്ന് വടം ഉപയോഗിച്ച് മരത്തിലേക്ക് ബസ് വലിച്ചുകെട്ടി. തുടർന്ന് വാഹനത്തിലേക്ക് റാമ്പ് ഘടിപ്പിച്ചു. അതിലൂടെ യാത്രക്കാർ പുറത്തിറങ്ങുകയും ചെയ്തു. രക്ഷാപ്രവർത്തനം അരമണിക്കൂറോളം നീണ്ടു. ബംഗളൂരുവിൽനിന്ന് 45 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരും അടക്കമുള്ള വിനോദ യാത്രാസംഘമാണ് മൂന്നാറിൽ എത്തിയത്. മൂന്നാർ കണ്ട് തിരിച്ചുപോകുംവഴിയാണ് അപകടം.

കൊക്കയിൽനിന്ന് വലിച്ചുകയറ്റിയ ബസിന് കാര്യമായ കേടുപാടുകളൊന്നും ഉണ്ടായില്ല. അതിനാൽ ഈ ബസിൽത്തന്നെ ഇവർ നാട്ടിലേക്ക് തിരിച്ചുപോയി. ഇവിടെ കുത്തനെയുള്ള താഴ്ചയാണ്. റോഡിന് വീതി കുറവായതാണ് പിൻ ടയർ കൊക്കയിലേക്ക് തെന്നിമാറാൻ കാരണം.

അടിമാലി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ രഞ്ജിത്ത്, ജോജി ജോൺ, ജോബിൻ ജോസ്, വി.യു. രാജേഷ്, ടി.യു. ഗിരീശൻ, ടി.ആർ. രാകേഷ്, സനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP