Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

മഴ മുന്നറിയിപ്പ്: തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി; വെടിക്കെട്ട് നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ

മഴ മുന്നറിയിപ്പ്:  തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി; വെടിക്കെട്ട് നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മഴ മുന്നറിയിപ്പിനെ തുടർന്ന് തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മഴ തുടരുന്നതിനാൽ വെടിക്കെട്ട് നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ അറിയിച്ചു. ഇന്ന് വൈകീട്ട് 6.30 നാണ് വെടിക്കെട്ട് നടത്താൻ ഇന്നലെ ധാരണയായിരുന്നു.

ഇനി എന്നാണ് വെടിക്കെട്ട് നടത്തുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്.

പൂരത്തിന്റെ ചടങ്ങുകൾ പൂർത്തിയായ പശ്ചാത്തലത്തിൽ പകൽ വെടിക്കെട്ടടക്കം മെയ് 11 ന് നടന്നിരുന്നു. മഴയൊഴിഞ്ഞ് നിന്ന സാഹചര്യത്തിലാണ് അന്ന് പകൽ വെടിക്കെട്ട് നടന്നത്. പാറമേക്കാവിന്റെ വെടിക്കെട്ടായിയിരുന്നു ആദ്യം. തുടർന്ന തിരുവമ്പാടിയുടെ വെടിക്കെട്ടും നടന്നു.

ഉച്ച തിരിഞ്ഞ് രണ്ടരയോടെ പകൽ വെടിക്കെട്ട് പൂർത്തിയായി. എന്നാൽ കനത്ത മഴയെ തുടർന്ന് ഏറെ ശ്രദ്ധയാകർഷിക്കാറുള്ള വൈകിട്ടത്തെ തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റിവെക്കേണ്ടി വരുകയായിരുന്നു.

പൂര പ്രേമികളുടെ കണ്ണും കാതും മനസ്സും നിറച്ച് ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകൾ മെയ് 11 ന് പൂർത്തിയായിരുന്നു. ദേശക്കാരുടെ പൂരമായിരുന്നു അന്ന് നടന്നത്. അന്നേ ദിവസം രാവിലെ 8 മണിയോടെ നായ്ക്കനാൽ പരിസരത്ത് നിന്നും തിരുവമ്പാടിയും മണികണ്ഠനാൽ പരിസരത്തുനിന്ന് പാറമേക്കാവിന്റെയും എഴുന്നെള്ളത്ത് ആരംഭിച്ചു.

പതിനഞ്ചാനകളുടെ അകമ്പടിയോടെ മേള കുലപതികളായ പെരുവനം കുട്ടൻ മാരാരും കിഴക്കൂട്ട് അനിയൻ മാരാരും പ്രമാണികളായ മേളത്തോടെയായിരുന്നു എഴുന്നെള്ളത്ത് നടന്നത്. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ചടങ്ങുകൾ പൂർത്തിയായത്.

തൃശ്ശൂർ പൂരം വെട്ടിക്കെട്ട് കാണാനുള്ള നിയന്ത്രണവും വലിയ തോതിൽ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു.

ഇവിടെ 144 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ടെന്നും ഇവയിൽ കയറരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായുള്ള മഴ തൃശ്ശൂർ നഗരത്തിൽ തോരാതെ പെയ്തത്. അതോടെയാണ് വെടിക്കെട്ട് നീണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP