Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

അനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; ജലവിഭവ വകുപ്പ് പുതുതായി നിർമ്മിക്കാൻ ഉദേശിക്കുന്ന ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നു; പുതിയ നിർമ്മാണം ഇപ്പോഴത്തെ അണക്കെട്ടിന് 366 മീറ്റർ താഴെയായി; കേരളത്തിന് മുന്നിൽ നിരവധി വെല്ലുവിളികളും

അനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; ജലവിഭവ വകുപ്പ് പുതുതായി നിർമ്മിക്കാൻ ഉദേശിക്കുന്ന ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നു; പുതിയ നിർമ്മാണം ഇപ്പോഴത്തെ അണക്കെട്ടിന് 366 മീറ്റർ താഴെയായി; കേരളത്തിന് മുന്നിൽ നിരവധി വെല്ലുവിളികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷയെ സംബന്ധിച്ച് നിരവധി ചർച്ചകൾ നടക്കുമ്പോൾ കേരളം പുതിയ ഡാം എങ്ങനെ പണിയാം എന്നതിനെ ചൊല്ലിയും ചർച്ചകൾ നടക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ ഇതിനായി വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഈ പ്രവർത്തനങ്ങൾ അണിയറയിൽ നടക്കുമ്പോഴും മുല്ലപെരിയാറിൽ അണക്കെട്ടു നിർമ്മിക്കാൻ തമിഴ്‌നാട് അനുമതി നൽകണം എന്നതാണ് കേരളത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. തമിഴകത്തെ രാഷ്ട്രീയ പ്രശ്‌നം കൂടിയാണ് ഇതെന്നതിനാൽ അവർ ഇതിന് സമ്മതിക്കില്ലെന്നത് ഏതാണ്ട് ഉറപ്പാണ്. എങ്കിലും ശുഭപ്രതീക്ഷയോടെ അണിയറയിൽ കാര്യങ്ങൾ നടക്കുന്നുണ്ട്.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമ്മിക്കാൻ തമിഴ്‌നാട് അനുമതി നൽകിയാൽ കേരളം 3 വർഷത്തിനുള്ളിൽ ഡാം പണിയാനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതു മുന്നിൽ കണ്ടാണ് സംസ്ഥാന ജലവിഭവ വകുപ്പ് പുതുതായി നിർമ്മിക്കാൻ ഉദേശിക്കുന്ന ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നത്.

ഇടുക്കി ജില്ലയിൽ കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 366 മീറ്റർ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഈ പ്രദേശം. ഇവിടെ അണക്കെട്ട് നിർമ്മിക്കുമ്പോൾ പെരിയാർ വന്യജീവി സങ്കേതത്തിന്റെയു കുറച്ചുഭാഗം വെള്ളത്തിന് അടിയിലാകും.

പുതിയ അണക്കെട്ടിൽ വെള്ളം നിറച്ച് സുരക്ഷാപരിശോധന നടത്തിയശേഷം, പഴയ ഡാം പൊളിക്കാനാണ് (ഡീകമ്മിഷൻ) ആലോചന. ഡീകമ്മിഷൻ ചെയ്യുമ്പോൾ അടിഞ്ഞു കൂടുന്ന അവശിഷ്ടങ്ങളുടെ കണക്കും തയാറാക്കും. വനമേഖലയായതിനാൽ ഇതു അടിയന്തരമായി നീക്കം ചെയ്യാൻ കർമപദ്ധതിയും തയാറാക്കും. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമ്മിക്കണമെങ്കിൽ തമിഴ്‌നാടിന്റെ അനുമതി വാങ്ങണമെന്നാണു സുപ്രീംകോടതി നിർദ്ദേശം.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി പുതിയ ഡാം നിർമ്മിക്കാൻ തമിഴ്‌നാട് തയാറായാൽ, അണക്കെട്ടു നിർമ്മിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണു കേരളത്തിന്റെ നീക്കം. തമിഴ്‌നാട് സർക്കാർ അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. അതേസമയം പുതിയ അണക്കെട്ട് എന്ന വാദം എളുപ്പത്തിൽ നടക്കുന്ന കാര്യമാണ്. പാരിസ്ഥിതിക അനുമതി അടക്കമുള്ള കാര്യങ്ങൾ സംസ്ഥാനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്.

പുതിയ അണക്കെട്ടു നിർമ്മിക്കുന്നതിനു മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം പൂർത്തിയാക്കി അംഗീകാരത്തിനായി നൽകണം. കരാർ ഏജൻസിയായ ഹൈദരാബാദിലെ പ്രഗതി ലാബ്‌സ് ആൻഡ് കൺസൽറ്റൻസ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് പഠനം നടത്താൻ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. വർഷ കാലം, വർഷ കാലത്തിനു മുൻപുള്ള സാഹചര്യം, ശിശിര കാലം എന്നിവ മുല്ലപ്പെരിയാർ മേഖലയിലെ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നിവയാണ് പരിസ്ഥിതി ആഘാത പഠന വിധേയമാക്കുന്ന വിഷയങ്ങൾ. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ അണക്കെട്ട് നിർമ്മാണത്തെക്കുറിച്ച് തീരുമാനമെടുക്കുക.

ഡിപിആർ തയാറാക്കിയ ശേഷം, അണക്കെട്ടു സംബന്ധിച്ച സ്ഥലത്തിന്റെ വിവരങ്ങൾ, പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തുടങ്ങിയവ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കണം. വനം പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടിയാൽ അന്തിമ അനുമതിക്കായി കേന്ദ്ര ജലകമ്മിഷന് നൽകണം. ഈ കടമ്പയെല്ലാം കഴിഞ്ഞാലും ഡാം നിർമ്മാണത്തിനായി വൻതുകയും കണ്ടെത്തേണ്ടി വരുമെന്നതാണ് കേരളത്തിന് മുന്നിലെ പ്രശ്‌നം.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ചർച്ച ഡിസംബറിൽ ചെന്നൈയിൽ നടത്തുമെന്നത് പ്രതീക്ഷകൾക്ക് വക നൽകുന്ന കാര്യമാണ്. അണക്കെട്ട് ബലപ്പെടുത്തൽ, ജലനിരപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, തമിഴ്‌നാട് മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ എസ്.ദുരൈമുരുഗൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്ന് അറിയിച്ച് എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

വെള്ളമുയരുന്നു, മുല്ലപ്പെരിയാർ നാളെ തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിൽ വെള്ളം ഉയരുന്നതോടെ ഡാം നാളെ തുറക്കാനാണ് ശ്രമം. നാളെ രാവിലെ 7ന് തുറക്കുമെന്നു തമിഴ്‌നാട് കേരളത്തെ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി 9ന് 137.80 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താൽമാത്രം തുറക്കുന്ന കാര്യം പുനഃപരിശോധിച്ചേക്കും.

സെക്കൻഡിൽ 3800 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തു. മഴ കനത്താൽ നീരൊഴുക്കു വർധിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് അണക്കെട്ടിൽ 127 അടിയായിരുന്നു ജലനിരപ്പ്.

അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാൻ മുന്നൊരുക്കങ്ങൾ പൂർത്തിയായെന്നും സർക്കാർ സജ്ജമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് അറിയിക്കണമെന്നു കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാറിൽ നിന്നു വെള്ളം തുറന്നുവിട്ടാൽ പെരിയാർ നദിയിലൂടെ ഇടുക്കി അണക്കെട്ടിലേക്കാണ് എത്തുക.

അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വ്യത്യാസപ്പെടുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ തീരുമാനം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സമിതിയിൽ കേരളം എതിർപ്പറിയിച്ചെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അറിയിച്ചു. സമിതിയുടെ തീരുമാനത്തിൽ കേരളത്തിന്റെ പ്രതികരണം കോടതി തേടി. കേസ് ഇന്ന് ഉച്ചയ്ക്ക് 2ന് വീണ്ടും പരിഗണിക്കും. കേരളം, തമിഴ്‌നാട് പ്രതിനിധികളും കേന്ദ്ര ജല കമ്മിഷൻ അംഗവും ഉൾപ്പെടുന്ന സമിതിക്കാണ് മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ മേൽനോട്ടച്ചുമതല. ഒക്ടോബർ 20 മുതൽ 31 വരെ ജലനിരപ്പ് 138 അടിയാണ് നിശ്ചയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP