Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ഇടതുപക്ഷത്തെങ്കിലും ബാലകൃഷ്ണ പിള്ളയെ വിടാതെ വീണ്ടും വി എസ്; വാളകം കേസിലെ അദ്ധ്യാപക ദമ്പതികളെ ദ്രോഹിക്കുന്നു; ഹൈക്കോടതി ഉത്തരവു നടപ്പാക്കാതെ വെല്ലുവിളിക്കുന്നു; ഇടപെടൽ ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്തെഴുതി

ഇടതുപക്ഷത്തെങ്കിലും ബാലകൃഷ്ണ പിള്ളയെ വിടാതെ വീണ്ടും വി എസ്; വാളകം കേസിലെ അദ്ധ്യാപക ദമ്പതികളെ ദ്രോഹിക്കുന്നു; ഹൈക്കോടതി ഉത്തരവു നടപ്പാക്കാതെ വെല്ലുവിളിക്കുന്നു; ഇടപെടൽ ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്തെഴുതി

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. വാളകം കേസിൽ അദ്ധ്യാപക ദമ്പതികളെ സ്‌കൂൾ മാനേജർ കൂടിയായ ആർ ബാലകൃഷ്ണപിള്ള ദ്രോഹിക്കുന്നതിന് എതിരെയാണു വി എസ് രംഗത്തെത്തിയിരിക്കുന്നത്.

ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രിക്കു കത്തെഴുതുകയും ചെയ്തു.

വാളകം ആർവിവിഎച്ച്എസ്എസ് ഹെഡ്‌മിസ്ട്രസ് കെ ആർ ഗീതയെയും അവരുടെ ഭർത്താവും സ്‌കൂളിലെ അദ്ധ്യാപകനുമായ ആർ കൃഷ്ണകുമാറിനെയും സ്‌കൂൾ മാനേജരായ ആർ ബാലകൃഷ്ണപിള്ള അകാരണമായി ദ്രോഹിക്കുകയാണെന്നു കാട്ടിയാണു വി എസ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പരാതി നൽകിയത്.

ഗീതയെ അകാരണമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ് ആർ ബാലകൃഷ്ണപിള്ള. ഇവരെ 14 ദിവസത്തിനകം തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇത് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് അനുസരിക്കാനും മാനേജർ ബാലകൃഷ്ണപിള്ള തയ്യാറായിട്ടില്ല.

കൃഷ്ണകുമാറിന്റെ ബിരുദം വ്യാജമാണെന്ന കള്ളക്കഥയുണ്ടാക്കി അദ്ദേഹത്തിനു മെമോ നൽകിയിരിക്കുകയാണിപ്പോൾ. കേരളാ കോൺഗ്രസ് (ബി) നേതാവെന്ന നിലയിലും മുന്മന്ത്രിയെന്ന നിലയിലുമുള്ള സ്വാധീനം ഉപയോഗിച്ചാണ് ബാലകൃഷ്ണപിള്ള പാവപ്പെട്ട അദ്ധ്യാപക ദമ്പതികളെയും അവരുടെ കുടുംബത്തെയും നശിപ്പിക്കാൻ ശ്രമിക്കുന്നത്.

കൃഷ്ണകുമാറിനെ അദ്ധ്യാപകനായി നിയമിച്ചത് ബാലകൃഷ്ണപിള്ള തന്നെയാണ്. 1992ലായിരുന്നു കൃഷ്ണകുമാറിന്റെ നിയമനം. പിന്നീട് 2011ൽ കൃഷ്ണകുമാറിന്റെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി മാനേജരുടെ ഒത്താശയോടെ വിജിലൻസിൽ പരാതി നൽകി. എന്നാൽ, വിജിലൻസ് ഇതന്വേഷിച്ച് കൃഷ്ണകുമാറിന്റെ സർട്ടിഫിക്കറ്റ് കുറ്റമറ്റതാണെന്ന് ബോധ്യപ്പെട്ടതാണ്. എന്നിട്ട് ഇപ്പോൾ വീണ്ടും വ്യാജ പരാതി ഉന്നയിച്ച് കൃഷ്ണകുമാറിനെയും കുടുംബത്തെയും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്.

നേരത്തെ കൃഷ്ണകുമാറിനെ മലദ്വാരത്തിൽ കമ്പിപ്പാര കുത്തിക്കയറ്റി കൊലപ്പെടുത്താൻ ശ്രമമുണ്ടായി. ഇതിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കൃഷ്ണകുമാർ ഇപ്പോഴും പൂർണ ആരോഗ്യവാനല്ല. എന്നിട്ടും അദ്ദേഹത്തെ ജോലി ചെയ്യാനും ജീവിക്കാനും അനുവദിക്കില്ലെന്ന വാശിയിലാണ് സ്‌കൂൾ മാനേജർ ആർ ബാലകൃഷ്ണപിള്ള ദ്രോഹിച്ചുകൊണ്ടിരിക്കുന്നതെന്നും വി എസ് പരാതിയിൽ പറയുന്നു.

മനുഷ്യത്വരഹിതമായ ഈ പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെട്ട് അദ്ധ്യാപക ദമ്പതികളുടെ ജോലി ഉറപ്പുവരുത്താനും കുടുംബത്തിന് സംരക്ഷണം നൽകാനും ആവശ്യമായ നടപടിയെടുക്കണമെന്നാണു വി എസിന്റെ ആവശ്യം.

പ്രതികരിക്കുന്നില്ലെന്നു ബാലകൃഷ്ണ പിള്ള

വാളകം സംഭവവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവു വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്കയച്ച കത്തിനോടു പ്രതികരിക്കാൻ ഇല്ലെന്ന് ആർ ബാലകൃഷ്ണപിള്ള. രാഷ്ട്രീയ കാര്യങ്ങളിൽ മാത്രമേ പ്രതികരിക്കുകയുള്ളു. ഈ വിഷയത്തിൽ താൻ പ്രതികരിക്കുന്നില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP