Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അതിരുകളും ആകാശങ്ങളും

അതിരുകളും ആകാശങ്ങളും

ഷാജി ജേക്കബ്‌

രുപതാം നൂറ്റാണ്ടിൽ കമ്മ്യൂണിസവും ക്രിസ്തുമതവും തമ്മിലുണ്ടായതുപോലെ ഇത്രമേൽ പ്രശ്‌നഭരിതമായ ആശയസംഘർഷങ്ങളും സമന്വയങ്ങളും മറ്റേതെങ്കിലും രണ്ടു സ്ഥാപനങ്ങൾ തമ്മിലുണ്ടായിട്ടുണ്ടോ? സംശയമാണ്. യൂറോ-അമേരിക്കൻ ഭൗതിക-ആദ്ധ്യാത്മിക ചിന്തകളുടെ ഇരുധ്രുവങ്ങളെ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്ര വ്യവസ്ഥകളെന്ന നിലയിൽ മാത്രമല്ല ഈ സമ്മിശ്ര ബന്ധം നിലനിന്നിട്ടുള്ളത്. ആധുനികത, മുതലാളിത്തം, ദേശീയത, ജനാധിപത്യം, മതേതരത്വം, ശാസ്ത്രബോധം, വർഗരാഷട്രീയം, ചരിത്രവിജ്ഞാനീയം എന്നിങ്ങനെ പതിനെട്ടാം നൂറ്റാണ്ടിൽ ആരംഭിക്കുകയോ കരുത്താർജ്ജിക്കുകയോ ചെയ്യുന്ന പാശ്ചാത്യ നാഗരികതയുടെ വ്യവഹാര മണ്ഡലത്തിലെ മറ്റുപല ചിന്താപദ്ധതികൾക്കും തമ്മിലുള്ളതിനേക്കാൽ എത്രയോ തീവ്രതീഷ്ണമായ ആഴക്കടൽ വൈരുദ്ധ്യങ്ങളാണ് ഇവ തമ്മിലുടലെടുത്തത്! അതേസമയം തന്നെയാണ് നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ലാറ്റിനമേരിക്ക മുതൽ കേരളം വരെയുള്ള ഇടങ്ങളിൽ കീഴാള വിമോചനത്തിന്റെ പുതിയൊരു പ്രത്യയശാസ്ത്രവും പ്രയോഗരൂപവുമായി മാർക്‌സിസവും ക്രിസ്തുമതവും പരസ്പരം കൈകോർക്കുന്നതും.

രണ്ടാം ലോകം നിലനിന്ന 1917-1989 കാലം ഇതിലൊരു പ്രതിലോമഘട്ടവും വിപര്യയവും മാത്രമായിരുന്നു. അടിസ്ഥാനപരമായി കഴിഞ്ഞ നൂറ്റാണ്ടിലെ മനുഷ്യ ചരിത്രത്തിലും സംസ്‌കാരത്തിലും സ്ഥാനപ്പെടുത്തിയ ഏറ്റവും ശ്രദ്ധേയമായ ജ്ഞാനസ്‌നാനമായിരുന്നു. ഈ രണ്ടു ചിന്താപദ്ധതികൾ തമ്മിൽ ആശയതലത്തിലും പ്രായോഗിക തലത്തിലും രൂപംകൊണ്ട ഉഭയസ്വഭാവമുള്ള ബന്ധം. സാഹിത്യത്തിലും പ്രതിധ്വനിച്ചു, ഈ കാലം. മലയാളത്തിൽ ആധുനികതാ വാദത്തിന്റെ പ്രായോഗിക ഭാവുകത്വമായി സാഹിത്യം ഏറ്റെടുത്തത് കമ്യൂണിസത്തിനു നേർക്കുള്ള ജനാധിപത്യപരമായ പ്രതിഷേധവും പകരംവച്ച മാനവികതയുടെ പ്രതിബോധവുമായിരുന്നു. ആധുനികാനന്തരതയിലാകട്ടെ ഈ രാഷട്രീയം പുതിയ ലോകക്രമങ്ങളിലേയ്ക്കും കാലഭ്രമങ്ങളിലേയ്ക്കും പടർന്നു.

തൊണ്ണൂറുകളുടെ ഒടുവിൽ കഥയെഴുത്താരംഭിക്കുന്ന പി.ജെ.ജെ. ആന്റണി മലയാളത്തിൽ മേൽപറഞ്ഞ വിചാര പദ്ധതികളുടെ സംഘർഷവും സമന്വയവും ചരിത്രവൽക്കരിക്കുന്നതിൽ സവിശേഷശ്രദ്ധ പുലർത്തി. തീർച്ചയായും സക്കറിയയും സാറാജോസഫും ഉൾപ്പെടെയുള്ള ഒരു നിര എഴുത്തുകാർ ഈ ഭാവരാഷ്ട്രീയത്തിലിടപെടുകയും തങ്ങളുടെ ഒന്നിലധികം രചനകളിൽ ഈ അനുഭവ തലത്തെ സാമൂഹ്യവൽക്കരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ആന്റണി അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ആത്മാവിന്റെ ശരീരരൂപമാണ് മനുഷ്യജീവിതമെന്നു തിരിച്ചറിയുന്ന ഒരു പിതാവിന്റെ കടന്നുപോകലിന്റെ കഥ പറയുന്ന 'ജീവിതത്തെക്കുറിച്ച് ഒരു ഉപന്യാസം', ചരിത്രമായി വേഷം മാറി നിൽക്കുന്ന മതവും ആത്മീയതയും ഉള്ളിൽ പേറുന്ന വർഗ്ഗീയതയുടെ നരകാഗ്നി ജ്വലിക്കുന്ന 'ചരിത്രവും കല്പിതങ്ങളും', സൈബർ കാലത്തെ മതകാപട്യങ്ങളുടെ മറ നീങ്ങുന്ന 'അത്ഭുതങ്ങളുടെ രഹസ്യവാതിൽ', മതവിശ്വാസവും രാഷട്രീയ വിശ്വാസവും ഇടകലർന്ന കടലോര ജീവിതത്തിന്റെ ഭൂതവർത്തമാനങ്ങൾ സംഘർഷാത്മകമായി തിരയടിക്കുന്ന, 'ദൈവമേ,ദൈവമേ നീയെന്നെ കൈവിടാത്തതെ ന്തുകൊണ്ട്?', മിത്തിലും ചരിത്രത്തിലും മാറിമാറി ജീവിക്കുന്ന യേശു തങ്ങളുടെ മരിച്ചുപോയ മകനായി ദിവാകരനെയും ഉമയെയും തേടിവരുന്ന 'പുലരിത്തൂമഞ്ഞു തുള്ളിയിൽ' വിമോചന ദൈവശാസ്ത്രത്തിന്റെയും മതവിചാരണയുടെയും രാഷ്ട്രീയോർജ്ജം തുളുമ്പുന്ന 'ക്രിസ്തു സഹസ്രനാമം', മരണത്തെ മറികടക്കുന്ന മനുഷ്യപ്രജ്ഞയെ ദൈവം നേരിട്ടു വിലയിരുത്തുന്ന 'ഹാ! വിജിഗീഷു, മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്‌ത്താൻ' തുടങ്ങിയ കഥകളിൽ മർത്യജീവിതം മൂല്യനിർണ്ണയം ചെയ്യപ്പെടുന്നത്. ദൈവത്തിനും ആത്മാവിനും മുന്നിൽ വിറപൂണ്ടു നിൽക്കുന്ന മനുഷ്യരെയും ശരീരങ്ങളെയും മുൻനിർത്തിയാണ്.

വിശ്വാസിയാകട്ടെ, അവിശ്വാസിയാകട്ടെ, അവർ കടൽക്ഷോഭത്തിലിടിഞ്ഞൂർന്നു പോകുന്ന മണൽത്തിട്ട പോലെ തങ്ങളുടെ ആയുസ്സറ്റു പോകുന്നതിനു നിശ്ശബ്ദം സാക്ഷ്യം വഹിക്കുന്നു. ക്രിസ്തുമതത്തിൽ നിന്നുകൂടി പിറവികൊള്ളുന്ന ജീവിതമൂല്യങ്ങളിലുറച്ചുനിന്ന് ആന്റണി മുന്നോട്ടുവയ്ക്കുന്ന കമ്യൂണിസത്തിന്റെ ഭൂതവർത്തമാനങ്ങൾ തമ്മിലുള്ള പ്രത്യയശാസ്ത്ര സംഘർഷങ്ങളാണ് ഇനിയൊരുപറ്റം കഥകളിലുള്ളത്.

ആലപ്പുഴയുടെ കമ്യൂണിസ്റ്റ് ഭൂതവും ചരിത്രവും പുനർനിർമ്മിക്കുന്ന സ്വപ്നമായി കുന്തക്കാരൻ പത്രോസിന്റെ ജീവിതവും പരാജയവും മായികഭാവനയിൽ രേഖപ്പെടുത്തുന്ന, 'സ്റ്റാലിനിസ്റ്റുകൾ മടങ്ങിവരുന്നുണ്ട്', 'ഭ്രാതൃഹത്യ', എന്നീ കഥകളാണ് ഈ വിഭാഗത്തിലെ ശ്രദ്ധേയമായ ആദ്യകാല മാതൃകകൾ. പുന്നപ്ര വയലാറിനു ശേഷവും പാർട്ടിയുടെ വാരിക്കുന്തം നെഞ്ചിലേറ്റു വാങ്ങേണ്ടിവരുന്ന പത്രോസിന്റെ പരാജിത ജീവിതം യേശുവിന്റേതിനോടു സമീകരിക്കപ്പെടുന്നുണ്ട്. പുന്നപ്ര വയലാർ സ്മൃതിയിൽ നിന്നു തുടങ്ങുന്ന കാലവും ചരിത്രവും ജീവിതവും ആഗോളവൽക്കരണത്തോളം പിന്തുടരുന്ന ഒരു കമ്യൂണിസ്റ്റ് ആത്മകഥയാണ് 'ചരിത്രത്തിന്റെ അന്ത്യപ്രലോഭനം'. മതവും രാഷട്രീയവും സ്ഥലവും കാലവും സംലയിച്ച് വിപ്ലവത്തിന്റെ നിഷ്ഫലതയെക്കുറിച്ച് സൃഷ്ടിക്കുന്ന ചരിത്രാനുഭവമാണ്, 'പിതൃക്കളുടെ മുസോളിയ' ത്തിന് വലിയ അർത്ഥ സാധ്യതകൾ തുറന്നിടുന്നത്. കെട്ടുകഥകളുടെ സ്വർഗം നിർമ്മിച്ച ലെനിന്റെ ശവകുടീരം വിഡ്ഡിയായ പുണ്യാളന്റെ ഭദ്രാസനപ്പള്ളിപോലെ തന്നെ ചരിത്രത്തിൽ മാലിന്യമായി നിറയുന്നു. 'അഴിഞ്ഞ പൂവിനെ അതിനെ വിടർത്തിയ നിലം പിന്നെ ഓർക്കുന്നില്ല' എന്ന് കഥ മഹാനായ ലെനിന്റെ വിധി കുറിച്ചിടുന്നു. നർമ്മത്തിൽ കുതിർന്ന ഒരു ഇടത്‌വലതു കമ്യൂണിസ്റ്റ് വിഭജന കഥയാണ്, 'ഇടംവലം'. വാഗ്ഭടാനന്ദനിൽ നിന്നാരംഭിച്ച് കമ്യൂണിസത്തിലെത്തുന്ന ഒരു സമാന്തര രാഷട്രീയ ചരിത്രം 'ലൗജിഹാദ്' അവതരിപ്പിക്കുന്നു. ഹിംസയുടെ നിരർഥകതയിലേക്ക് കൂപ്പുകുത്തിവീണ ഇടതു തീവ്രവാദത്തിന്റെ ഇന്ത്യൻ അനുഭവങ്ങൾ കനുസന്യാൽ മുതൽ കെ. വേണു വരെയുള്ളവരെ മുൻനിർത്തി ആവിഷ്‌കരിക്കുന്നു 'ചിതയും കനലും'. ചരിത്രത്തിൽ കല്പിതങ്ങളായി മാറുന്ന ഇടതുപക്ഷ രാഷട്രീയത്തിന്റെ അടിപതറലുകൾ ചൂണ്ടിക്കാണിക്കുന്നു, ഈ കഥകളോരോന്നും. ഓർമ്മയായും അനുഭവമായും പ്രേതാത്മാക്കളുടെ പരകായ പ്രവേശമായുമൊക്കെ കമ്യൂണിസം ആന്റണിയുടെ കഥാലോകത്തിനുമേൽ ചിറകു വിടർത്തി നിൽക്കുന്നു. ചുടുകാടുകളിൽ നിന്ന് മുസോളിയങ്ങളിലേയ്ക്ക് വേദി മാറുമ്പോഴും വിപ്ലവകാരികളുടെ രക്തസാക്ഷ്യം ഒരു വലിയ നുണയായി കാലപത്രത്തിൽ എഴുതപ്പെടുന്നുവെന്ന് ഈ കഥകൾ അടിവരയിട്ടുപറയുന്നു. കമ്യൂണിസത്തെയും ക്രിസ്തുമതത്തെയും വിശ്വാസ മാർഗങ്ങളുടെ ധ്രുവാന്തരങ്ങളിൽ വേറിട്ടുപതിപ്പിക്കുകയല്ല, പ്രായേണ, അവ പുലർത്തിയ സംഘർഷങ്ങളുടെയും സമന്വയങ്ങളുടെയും സമ്മിശ്രധാരകളിൽ കണ്ടെത്തി ചരിത്രവൽക്കരിക്കുകയാണ് ആന്റണിയുടെ കലാസങ്കേതം.

ഇവിടെനിന്നു മുന്നോട്ടുപോയി ചരിത്രത്തെ ദേശീയതയുടെ പാഠരൂപങ്ങളിലേയ്ക്കു പരാവർത്തനം ചെയ്യുന്ന കഥകളിലാണ് പൊതുവെ തന്റെ കഥയെഴുത്തിന്റെ സമീപകാലം ആന്റണി നങ്കൂരമിട്ടു നിൽക്കുന്നതെന്നു തെളിയിക്കുന്നു, 'വെടിമരുന്നിന്റെ മണം'. ദേശീയതയെ പ്രശ്‌നവൽക്കരിക്കുന്ന രചനകളുടെ ഭാവാന്തരീക്ഷവും ആന്റണി ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലൊതുക്കുന്നില്ല. നാസിക്യാമ്പു മുതൽ ഇസ്ലാമിക രാഷട്രങ്ങളിലെ വധശിക്ഷ വരെ തീഷ്ണമായാവിഷ്‌കരിക്കുന്ന 'സകല വ്യജ്ഞനക്കടയിൽ രണ്ടു വിധവകൾ', നാസി ജർമ്മനിയുടെ ഭാഗധേയങ്ങൾ അരനൂറ്റാണ്ടിലൂടെ പരിണമിച്ചെത്തുന്ന സന്ദർഭങ്ങൾ ചിത്രീകരിക്കുന്ന 'ചരിത്രവും നിഷ്‌കളങ്കതയും', ചരിത്രം മിത്തായി മാറുമ്പോൾ കാലം കുഴ മറിഞ്ഞു പായുന്ന മാജിക്കൽ റിയലിസത്തിന്റെ ഒന്നാന്തരം മാതൃകകളിലൊന്നായി തീരുന്ന 'കാലദംശനം'. ലാലാലജ്പത്‌റായിയുടെ നിഷ്ഠൂരമായ ഹത്യയ്ക്കു പകരം വീട്ടുന്ന പഞ്ചാബിന്റെ പക, ഭഗത്സിംഗിന്റെ ബലിയിലൂടെ ചരിത്രവൽക്കരിക്കുന്ന 'ലാഹോർ 1928' , നാല് സോഷ്യൽ മീഡിയ സുഹൃത്തു ക്കൾ ബോഡോ, ഉൽഫാ കലാപകാരികളുടെ രാഷട്രീയം പങ്കുവയ്ക്കുന്ന 'ഡൽഹിയിലേയ്ക്കുള്ള വിമാനം' എന്നീ കഥകൾക്കുള്ളത് പ്രത്യക്ഷത്തിൽതന്നെ ചരിത്രത്തിന്റെ ഒരു ഖണ്ഡം കഥയായെഴുതുന്ന കലാസമീപനമാണ്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ലാഹോർ-1928 എന്ന കഥ നോക്കുക. ദേശീയ ചരിത്രത്തിലെ രക്തസ്‌നാതമായ ഒരധ്യായമാണ് ലാഹോർ 1928 പങ്കുവയ്ക്കുന്ന ഭഗത്സിംഗിന്റെ മരണാനുഭവങ്ങൾ. 1928 ഡിസംബർ 18 ന്, ലാലാലജ്പത്‌റായിയുടെ ചോരയ്ക്കു പകരം വീട്ടാൻ പഞ്ചാബിന്റെ വീര്യം മുഴുവൻ ഉറഞ്ഞുകൂടിയ ഒരു കൈത്തോക്കുമായി ഭഗത്സിങ് പൊലീസ് ഓഫീസർ സാണ്ടേഴ്‌സനെ കാത്തുനിന്നു. ഗ്രാമങ്ങളുടെ പട്ടിണിയും അഭയാർത്ഥികളുടെ അലച്ചിലും ഭരണകൂടത്തിന്റെയും ജന്മികളുടെയും കിരാതത്വങ്ങളും വിപ്ലവകാരിയാക്കിയ ഭഗത്സിംഗിന് ലാലായുടെ മരണം ഒരർത്ഥത്തിലും താങ്ങാനായില്ല. അഹിംസയുടെ പ്രവാചകൻ അയാളെ തീരെ ആകർഷിച്ചില്ല. ലാഹോറിൽ ഒരു ജനതയുടെ ആത്മാഭിമാനത്തിന് ചോരകൊണ്ടു തിലകക്കുറി തൊട്ടപ്പോൾ ഭഗത്സിംഗും രാജ്ഗുരുവും ചഞ്ചലരായില്ല. ജാതിയോ, മതമോ, വർഗ്ഗമോ, വംശമോ ആയിരുന്നില്ല അവരുടെ പിന്നിലും മുന്നിലും. കൊല്ലപ്പെടാത്തതുകൊണ്ടുമാത്രം രക്ഷപെടാനുറച്ച അവർ വേഷപ്രച്ഛന്നരായി കൽക്കത്തയിലേയ്ക്കു തിരിച്ചു. എങ്കിലും 1931 മാർച്ച് 23 ന് ബ്രിട്ടീഷ് ഭരണകൂടം ഭഗത്സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തീവ്രവാദികളായി മുദ്രകുത്തി വധിച്ചു.ചന്ദ്രശേഖര ആസാദ് മുൻപുതന്നെ ഏറ്റുമുട്ടലിൽ പിടികൊടുക്കാതെ സ്വയം വെടിവച്ചു മരിച്ചിരുന്നു.

കഥ, ഈ കാലത്തേയ്ക്കു സഞ്ചരിക്കുന്നില്ല. 1928 ഡിസംബർ പതിനേഴും പതിനെട്ടും മാത്രമേ കഥയിലുള്ളൂ. പക്ഷേ കൽക്കത്തയിലേയ്ക്കുള്ള യാത്രയിൽ, ഭഗത്സിങ് തന്റെ ഭാവിയും ഗാന്ധിജിയുടെ രാഷട്രീയവും നേർക്കുനേർ ഏറ്റുമുട്ടുന്നതും തീവണ്ടിപ്പാളങ്ങൾ പോലെ സമാന്തരമായി മുന്നോട്ടുപോകുന്നതും കാണുന്നുണ്ട്. 'തീവണ്ടി ഒരു വളവു തിരിയുകയായിരുന്നു. ഒന്നാം ക്ലാസ് കൂപ്പെയുടെ ജാലകത്തിലൂടെ ഭഗത്സിംഗിന് മുൻപിൽ നീളുന്ന റെയിൽപാളങ്ങൾ കാണാം. നിഷ്‌കാമിയായ വിപ്ലവകാരി തന്റെ നിണസാക്ഷിത്വത്തെ പാളങ്ങളുടെ അതിദൂരത്തിൽ കണ്ടു. ചതിയന്മാരും ഒറ്റുകാരും രാജ്യ ദ്രോഹികളും കാത്തു നിൽക്കുന്ന ഇടത്താവളങ്ങൾ. അതിനുമപ്പുറം, അതിവിശ്വസ്തനായ ഒരാൾ ആദർശ പ്രണയത്തിന്റ കൊടുംഭ്രമത്തിൽ തന്നെ തള്ളിപ്പറയുന്നതും ഭഗത്സിങ് കണ്ടിരിക്കുമോ?.' മലയാള കഥയുടെ സമീപകാല ചരിത്രത്തിൽ ഇതിനേക്കാൾ ഭാവോജ്വലമായ ഒരു കഥാന്ത്യം കണ്ടിട്ടില്ല.

ഭഗത്സിംഗും കൂട്ടരും കൽക്കത്തയിലേയ്ക്കുപോയ തീവണ്ടി അവിടെ യാത്ര അവസാനിപ്പിച്ചില്ല. ദേശീയത, അതിന്റെ ഗർഭത്തിലനുഭവിച്ച ചരിത്രവേദനകളുടെ ഈ ഘട്ടം ഒരു വൃത്തവും പല മനുഷ്യായുസ്സും പൂർത്തിയാക്കി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അശാന്തിയായി പുകയുന്ന ദിനരാത്രങ്ങളിലേയ്ക്കത് അവരെയുംകൊണ്ട് സഞ്ചരിച്ചിരിക്കണം. ഡൽഹിയിലേയ്ക്കുള്ള വിമാനം എന്ന കഥയിൽ ആന്റണി ആ ചരിത്രമാണ് പറയുന്നത്. 'വെടിമരുന്നിന്റെ മണ'മുൾപ്പെടെ ഈ സമാഹാരത്തിലെ പല കഥകളും ഈ ചരിത്രത്തിന്റെ ബാക്കിയാണ്. അഴിഞ്ഞ പൂവിനെ, അതിനെ വിടർത്തിയ നിലം പിന്നെ ഓർക്കുമോ? എന്നുചോദിച്ച കാലത്തു നിന്ന് അഴിഞ്ഞുപോകേണ്ട അതിർത്തികളിലേയ്ക്കു ചുവടുമാറ്റുന്ന രചനകൾ.

ഒരു സിനിമയിലെ വേഷത്തെചൊല്ലി ദീപികപദുക്കോണിന്റെ കോലം കത്തിക്കുകയും അവർക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്യുന്ന ഭ്രാന്തുപിടിച്ച ജനക്കൂട്ടങ്ങൾ ദീപികയെയും പിതാവ് പ്രകാശ് പദുക്കോണിനെയും കണ്ട ഓർമ്മയിലേയ്ക്കു നീങ്ങുന്നു. ഒരു കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്ന കാലം. അവരുടെ ജപ്പാൻ പ്രതിനിധി ഇഷിക്കാവയെയും മകൾ മാരിക്കോയെയും മൂന്നാർ കാണിക്കാൻ കൊണ്ടുപോയ സമയത്ത് അതേ ഹോട്ടലിൽ യാദൃച്ഛികമായി താമസിക്കാനെത്തിയതായിരുന്നു ബാഡ്മിന്റൺ രാജാവും രാജകുമാരിയും. ഇഷിക്കാവയും മാരിക്കോയും പദുക്കോണിന്റെ കഥയിലും കളിയിലും വിസ്മിതരായി, ഒപ്പം ദുഃഖിതരും. കാരണം, നാഗസാക്കി, ഹിരോഷിമ വിസ്‌ഫോടനങ്ങളിൽ അണുബാധയേറ്റവരായിരുന്നു ഇഷിക്കാവയും ഭാര്യയും. അതിന്റെ ഇരയായി പിറന്നവളാണ് മാരിക്കോ. ബാഡ്മിന്റൺ അവൾക്കും ഹരമായിരുന്നു. പക്ഷെ മൂന്നുവിരലുകൾ മാത്രമുള്ള കൈകൊണ്ട് എത്ര നന്നായി കളിക്കും? വംശീയതയുടെയും ദേശീയതകളുടെയും ഇരകളായി മാറുന്ന മനുഷ്യരുടെ വിധിയെക്കുറിച്ചാണ് ഈ കഥ. പ്രത്യക്ഷ ഹിംസകൾക്കൊപ്പംതന്നെ പ്രസക്തമാകുന്ന പരോക്ഷവും പ്രതീകാത്മകവുമായ ഹിംസകളെക്കുറിച്ച്. 'വാഗാപോയിന്റ്' എന്ന കഥ നോക്കൂ.

ദുബായിലെ ലേബർക്യാമ്പിൽ സൂരജ് എന്ന ദിവാകരന് പത്താൻകാരനായ അബാസിൻഖാനുമായുണ്ടാകുന്ന ആത്മ ബന്ധത്തിന്റെയും തമ്മിൽ പിരിഞ്ഞ് പതിറ്റാണ്ടുകൾക്കുശേഷം അയാളെ കാണാൻ വാഗാപോയിന്റിലെത്തുന്നതിന്റെയും ആഖ്യാനമാണ് കഥ. തന്റെ വേരു പറിച്ചെറിഞ്ഞ അതിർത്തിക്കിപ്പുറത്തെത്തുന്നവരെ കാണാൻ എല്ലാവർഷവും അബാസിൻഖാൻ മക്കളെയും കൂട്ടി വാഗാപോയിന്റിലെത്തും എന്നയാൾ പറഞ്ഞിരുന്നത് മനസ്സിൽ വച്ചാണ് ദിവാകരൻ അതിർത്തിയിൽ എത്തുന്നത്. ചരിത്രാതീത കാലംതൊട്ട് മനുഷ്യർ നിർബാധം സഞ്ചരിച്ച പൊതുവഴിയായിരുന്നു പാക്കിസ്ഥാനിലേയ്ക്കുണ്ടായിരുന്നത്. 1947-ൽ ആ ലോകവും കാലവും അവസാനിച്ചു. ലേബർ ക്യാമ്പിൽ ഇന്ത്യയിലും പാക്കിസ്ഥാനിലും നിന്നുള്ള തൊഴിലാളികൾ ചേരിതിരിഞ്ഞ് നിശബ്ദ യുദ്ധം നടത്തിയപ്പോൾ അതിർത്തിഗാന്ധിയായി അബാസിൻഖാൻ. ഉരുക്കുകോട്ടപോലെ രാഷട്രങ്ങളെ വേർതിരിച്ചു നിൽക്കുന്നു വാഗാപോയിന്റ്. അബാസിന്റെ വാക്കുകൾ. 'ഇടയ്ക്കു സമയം കിട്ടുമ്പോൾ ഞാനും കുടുംബവുമായി വാഗാപോയിന്റിലെ അതിർത്തി കവാടം കാണാൻ പോകും. കുട്ടികൾക്ക് ഒരു വിനോദം. പരദേശികൾക്ക് ഒരു കാഴ്ച. അതിനുമപ്പുറം വാഗ ഒരു സങ്കടമാണ്. ദൂരക്കാഴ്ച കുറഞ്ഞിരുന്ന പൂർവ്വികരുടെ ഒരു കൈപ്പിഴ. അതിനുമപ്പുറം പട്ടാളക്കാരുടെ അലർച്ചയും മെയ്യഭ്യാസവും ഒന്നും എന്നെ തൊടാറില്ല'. മതം ചരിത്രത്തെയും സംസ്‌കാരത്തെയും വിഴുങ്ങി ദേശീയതയെ നിർണ്ണയിക്കുന്ന കാലത്തിന്റെ കടന്നുപോക്ക് കൊതിക്കുന്ന മറ്റൊരു കഥ.

'റിപ്പബ്‌ളിക്ക്' എന്ന കഥയും ഡൽഹിയിേലയ്ക്കുള്ള വിമാനത്തിന്റെ നേരിട്ടുതന്നെയുള്ള തുടർച്ചയാണെന്നു പറയാം. ദിബ്രുഗഡിന്റെയും ബ്രഹ്മപുത്രയുടെയും വടക്കുകിഴക്കൻ ഇന്ത്യയുടെയും ശ്വാസകോശം മിടിക്കുന്ന രചന. ആനന്ദ് പോളികാർപോസ് ജെ.എൻ.യുവിൽ വിദ്യാർത്ഥിയായിരുന്ന മാലതിമഹാപാത്രയെ സ്വന്തമാക്കി. മൂന്നുമക്കൾ. ഡൽഹിയിൽ ജീവിതം. പിന്നീടാണ് ഗുവഹതിയിലേയ്ക്കുള്ള നിയോഗം. കാലം കൂലംകുത്തിയൊഴുകി. മക്കൾ മുതിർന്നു. തമ്മിൽ ചേരാൻ മതവും ജാതിയും ഭാഷയും ദേശവും വംശവും വർഗ്ഗവും മറന്നവരുടെ മക്കൾ മതചിഹ്നങ്ങൾ ശരീരത്തിലണിഞ്ഞ് വെളിച്ചപ്പാടുകളായി മാലതി മരിച്ചു. ഒടുവിൽ ഡൽഹിയിൽ മകന്റെ ഫ്‌ളാറ്റിൽ അഭയാർത്ഥിയായി ആനന്ദ്. അവിടെ ജോലിക്കുവരുന്ന ദളിത് സ്ത്രീയുടെ കുഞ്ഞിനെ ജാതി പറഞ്ഞ് പുറത്തിരുത്തുന്നു മരുമകൾ. ആ കുഞ്ഞിനോട് ആനന്ദിനു തോന്നുന്ന വാത്സല്യത്തിന്റെ ദയയിൽ അയാളുടെ പ്രാണൻ പഞ്ചഭൂതങ്ങളുടെ കൂടുവിട്ട് പറന്നു. ജാതിയുടെയും ബ്രാഹ്മണ്യത്തിന്റെയും ചരിത്രാനുഭവങ്ങൾ ഒരു രാഷ്ട്രത്തിന്റെ ആത്മാവിനെ വിഴുങ്ങിയ കാലത്തിന്റെ ഇങ്ങേത്തലയ്ക്കൽ ഒരു വൃദ്ധൻ തന്റെ ആത്മാവിൽ സംഗീതം പോലെ ഉയരുന്ന മർത്യസ്‌നേഹത്തിന്റെ മന്ത്രം കേൾക്കുന്നു. ഈ പുസ്തകത്തിലെന്നല്ല ആന്റണിയുടെ കഥാജീവിതത്തിലെതന്നെ ഏറ്റവും രാഷട്രീയ തീവ്രമായ രചനകളിലൊന്നാണിത്. ദേശീയതയ്ക്കുവേണ്ടിയുള്ള ഭ്രാന്തുകൾ എത്രമേൽ അർത്ഥശൂന്യമാണെന്നും മനുഷ്യൻ എത്രമഹത്തായ പദമാണെന്നും ജാതിയും മതവും വംശവും ഭാഷയും ദേശവും സൃഷ്ടിക്കുന്ന അതിർത്തികൾ അഴിഞ്ഞുപോകുക തന്നെവേണമെന്നും വിചാരിക്കുന്ന കഥ. റിപ്പബ്‌ളിക്കിന്റെ അവസാന ഭാഗം വായിക്കൂ. ആന്റണിയുടെ ആഖ്യാനത്തിന്റെ സൗന്ദര്യ രാഷ്ട്രീയം തിരിച്ചറിയാം.

'ഇപ്പോൾ ദയാമയി ഭിത്തിയിൽ ചാരി നിലത്തിരുന്ന അയാളുടെ ബ്രേക്ക്ഫാസ്റ്റ് ട്രേയിൽ നിന്നും ഒന്നൊന്നായി തിന്നുകയാണ്. ആനന്ദ് പൊളികാർപോസ് ഫ്‌ളാസ്‌കിൽ നിന്നും ചൂടുചായ പകർന്ന് ആ പെൺകുഞ്ഞിന്റെ മുന്നിൽവച്ചു. മുറിയിലെ എയർകണ്ടീഷന്റെ ഇളം തണുപ്പിൽ ആ കൊച്ചുപെൺകുട്ടി ആഹ്ലാദവതിയായി ഭക്ഷണം കഴിക്കുന്നത് അയാൾ തൃപ്തിയോടെ കാണുകയായിരുന്നു. വളരെ കാലങ്ങൾക്കുശേഷം അന്യരെ തൃപ്തരാക്കുന്നതിലെ ആനന്ദം അയാളിൽ നിറഞ്ഞു. റിമോട്ടിൽ ഞെക്കി ടെലിവിഷനിൽ ഒരു ഹിന്ദി കാർട്ടൂൺ ചാനൽ അയാൾ ദയാമയിക്കായി ട്യൂൺ ചെയ്തു. അതിനുശേഷം പതിവ് കാഴ്ചകളിലേയ്ക്കു മടങ്ങി. ദയാമയി വാപൊത്തി കുലുങ്ങിച്ചിരിക്കുന്നത് അയാൾ കാണാതെ കേട്ടു. 'ഇന്ത്യാഗേറ്റിനരികിൽ റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സൽ തുടങ്ങി. മുഴക്കമുള്ള കമാന്റുകൾ ഉച്ചഭാഷിണിയിലൂടെ ജാലകച്ചില്ലുകൾ തുളച്ച് ആ മുറിയിലേയ്ക്കു കടക്കുന്നുണ്ടായിരുന്നു. സൈനിക ബാൻഡിന്റെ ബേസ്ഡ്രമ്മും അനേകം ബ്യൂഗിളുകളും സൈഡ്ഡ്രമ്മുകളെ നിസ്സബ്ദരാക്കി. ബാഗ് പൈപ്പുകൾ ഉണർന്നപ്പോൾ അയാൾ കാതുകൾ കൂർപ്പിച്ചു. കവചിത വാഹനങ്ങളും കൂറ്റൻപീരങ്കികളും മെല്ലെ മുരണ്ട് നീങ്ങാൻ തുടങ്ങി. ഇടയ്‌ക്കെപ്പോഴോ കണ്ണോരങ്ങളിലൂടെ ദയാമയി ഉറക്കത്തിലേയ്ക്കു ചായുന്നത് അയാൾ കണ്ടു. ബെഡ്ഡിൽ നിന്നും ഒരു തലയണയും പുതപ്പും വിരിച്ച് അയാൾ ദയാമയിയെ മെല്ലെ ചരിച്ച് അതിൽ കിടത്തി. റിപ്പബ്ലിക് ഡേ പരേഡ് റിഹേഴ്‌സൽ ചെയ്യുന്നതിന്റെ ശബ്ദഘോഷം പെരുകാൻ തുടങ്ങി. അപ്പോൾ ഇന്ത്യാഗേറ്റിലേയ്ക്കു വരുന്ന നെടുമ്പാതകളെ ഒന്നൊന്നായി ആനന്ദ് പൊളികാർപോസ് ഓർത്തെടുത്തു. അശോക റോഡ്, അക്‌ബർമാർഗ്, ഷാജഹാൻ റോഡ്, ഡോക്ടർ സക്കീർ ഹുസൈൻ മാർഗ്, ബാലഗംഗാധരതിലക്മാർഗ്, കോപ്പർനിക്കസ് മാർഗ്, കസ്തൂർബാ മാർഗ്, പണ്ഡിറ്റ് ജവഹർലാൽ.......... അത്രയും ഓർമ്മിച്ചെടുത്തപ്പോൾ അയാൾ പൊടുന്നനെ ആയാസപ്പെട്ടു. നെഞ്ചിൽ ഒരു പ്രാവ് കുറുകി.

ഇടംതോളിൽ നിന്നും ഒരു വേദന മെല്ലെ കൈത്തണ്ടയിലേയ്ക്കു നൂണ്ടുകയറാൻ തുടങ്ങി. തന്റെ പ്രാണനിൽ ആരോ കൊളുത്തിട്ടതായി ആനന്ദ് പൊളികാർപോസ് അറിഞ്ഞു. ഇനി അധികനേരം ഉണ്ടാവില്ല. പഞ്ചഭൂതങ്ങളുടെ കൂടുവിട്ട് പ്രാണപ്പക്ഷി ആകാശങ്ങളുടെ തുറവി തേടുകയാണ്. ഇതൊരു ഭാഗ്യപ്പെട്ട കടന്നുപോകലാണ്. നിർമലയായ ഒരു മനുഷ്യജീവി അരികിലുണ്ടല്ലോ. ദയാമയി ഉറക്കത്തിൽ മന്ദഹസിക്കുന്നതും അന്നേരം അയാൾക്കു കാണാനായി. അനന്യമായയൊരു ലാഘവത്വം അയാളെ തഴുകി. പരേഡ് ഇന്ത്യാ ഗേറ്റ് വളഞ്ഞ് രാഷ്ട്രപതിഭവനിലേയ്ക്കു നീങ്ങാൻ തുടങ്ങിയിരുന്നു. ബേസ് ഡ്രമ്മുകളുടെ മുഴക്കം രുദ്രമായി'. നീലിമയെന്ന കൂടപ്പിറപ്പിനെ വിട്ടു ലോകസന്ദർശനത്തിനിറങ്ങിയ കരുണൻ കണ്ടതും ഹിംസകളുടെ ദേശാന്തരക്കാഴ്ചകളായിരുന്നു. മനുഷ്യൻ നടത്തിയ ഹിംസകളും പ്രകൃതി വിതച്ച ഹിംസകളും ഒരുപോലെ സൃഷ്ടിച്ച അനുഭവങ്ങളുടെ വെള്ളിടികൾ നാട് എന്നതിന്റെ അർഥരാഹിത്യത്തെക്കുറിച്ചെഴുതപ്പെട്ട കഥ. പിതൃഹത്യകളുടെ രണ്ടു മാനങ്ങളെ കുറിച്ചുള്ള ഒരു ക്രിസ്ത്യൻ അലിഗറിയാണ് 'ഫ്രാൻസിസ് പാപ്പ വധിക്കപ്പെടുമോ?' എന്ന കഥ. (മോറിസ് വെസ്റ്റിന്റെ 'ഡെവിൾസ് അഡ്വക്കേറ്റ്' വിവർത്തനം ചെയ്തിട്ടുണ്ട് പി.ജെ.ജെ. ആന്റണി). അപ്പനെ കൊല്ലാൻ തോക്കു നിറച്ചുകാത്തിരിക്കുകയാണ് മകൻ. കത്തോലിക്കാ സഭയ്ക്കുള്ളിൽ സൃഷ്ടിച്ച വിപ്ലവങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പയ്ക്കു നേരെയും ഭീഷണി ഉയർത്തിയിരിക്കുന്നു. ഒരു പള്ളിമേടയിൽ ബിയർഗ്ലാസുകളുമായിരുന്നു സംസാരിക്കുന്ന രണ്ടു യുവ പുരോഹിതരുടെ ദൃക്‌സാക്ഷിത്വവും സംഭാഷണവുമാണ് ഈ രചന. ഒരാൾ സഭയ്ക്കു പുറത്തേയ്ക്കുള്ള വഴി തെരഞ്ഞെടുത്തുകഴിഞ്ഞു. അപരനാകട്ടെ ക്രിസ്തുവിന്റെയും മാർക്‌സിന്റെയും വഴികൾ ഒന്നിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. 'ഉപേക്ഷിച്ചാലും നീങ്ങിപ്പോകാത്തതാണ് പൗരോഹിത്യത്തിന്റെ തീത്തൈലമിട്ട മുദ്ര. ഒരിക്കൽ പൗരോഹിത്യം സ്വീകരിച്ചാൽ എന്നും പുരോഹിതൻതന്നെ. വൈകിയാണ് ഞാൻ സെമിനാരിയിലെത്തിയത്. തൊഴിൽ തേടിയും തൊഴിലെടുത്തും ഇത്തിരി ചുറ്റി. ബാംഗ്ലൂരും ദുബായും ന്യൂസിലാന്റും. എല്ലാത്തരം അനുഭവങ്ങളും എനിക്കുണ്ട്. എന്നിട്ടും അത്യുന്നതന്റെ കൂട്ടുകാരനും പുരോഹിതനുമാകുന്നതിന്റെ ആനന്ദം എന്നെ പ്രലോഭിപ്പിച്ചുകൊണ്ടേയിരുന്നു. അതിപ്പോഴുമുണ്ട്. അതു തീരുമ്പോൾ ഞാനും തീരും. നിന്നെപ്പോലെ പുസ്തകങ്ങളിൽ ആഴ്ന്നുപോകുന്ന ശീലം എനിക്കില്ല. കുറച്ചു മനുഷ്യർ ചുറ്റുമുണ്ടായാൽ മതി. മൃതിയെ അതിലംഘിച്ച് ഉത്ഥിതനായ യേശു എന്റെ പ്രീയ പ്രതീകമാണ്. ഒടുങ്ങാത്ത പ്രത്യാശയുടെ പ്രതീകം. സകലവും ഒടുങ്ങിപ്പോയാലും സ്‌നേഹവും ത്യാഗവും മരണത്തെ തോൽപിച്ച് താങ്ങും തണലുമാകുമെന്ന പ്രത്യാശ. ഞാൻ ഇവിടെത്തന്നെയുണ്ടാകും. ഈ ഇടവകയിൽ അല്ലെങ്കിൽ മറ്റൊരു ഓണംകേറാമൂലയിൽ.'

വിമോചന ദൈവശാസ്ത്രത്തിന്റെ നാട്ടിൽ നിന്നെത്തിയ ആദ്യമാർപ്പാപ്പ അയാൾക്കതിനുള്ള പ്രതീക്ഷ നൽകുന്നുണ്ട്. മകൻ അപ്പനെ കൊന്ന വെടിയൊച്ച അവർകേട്ടു. വത്തിക്കാനിൽ നിന്ന് ഒരു വെടിയൊച്ച മുഴങ്ങുമോ എന്ന് കാലം ചെവിവട്ടം പിടിക്കുന്നു. ആയുധങ്ങളുടെയും ഹിംസകളുടെയും മറ്റൊരു പുരാണമാണ് 'ആയുധ ഇടപാടുകൾ'. പവിത്രനും മെറ്റിൽഡയ്ക്കും മക്കൾ അരുണും ആൽബിയും. കളിപ്പാട്ടങ്ങൾ കുട്ടികളിൽ സൃഷ്ടിക്കുന്ന ഹിംസാത്മക വ്യക്തിത്വത്തിന്റെ ആഴങ്ങള്ളക്കുന്ന മാരകരചന. ആയുധകളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്കു കളിപ്പാട്ടമായി മാത്രം നിലനിൽക്കുന്നില്ല എന്നു തിരിച്ചറിയാൻ പവിത്രൻ വൈകി. കായേൻ ഹാബേലിനെ കൊന്നപോലെ അരുൺ ആൽബിയെ വധിച്ചു. പ്രതീകാത്മക ഹിംസ പ്രത്യക്ഷഹിംസയ്ക്കു വഴിമാറുന്ന മറ്റൊരു രചന. തളർന്നുവീണ മെറ്റിൽഡ പതിറ്റാണ്ടുകൾ കിടക്കവിട്ടെണീറ്റില്ല. ചോര, ചോരയ്‌ക്കെതിരെ വാളുയർത്തിയതിന്റെ നടുക്കംവിട്ട് അവർ ഉണർന്നുമില്ല. ഹിംസയുടെ ബീജഗണിതമാണ് 'പാപപുണ്യങ്ങളുടെ വിചാരിപ്പുകാരനാകാൻ നീ ആര്?' എന്ന കഥയും. ഒരു റിയലിസ്റ്റിക് ഭാവന. പൂച്ചകളെ വാഹനങ്ങൾക്കു കൊലയ്ക്കു കൊടുക്കാൻ റോഡിൽ ചോറുവിളമ്പുന്ന മനുഷ്യരുടെയും ഒരു പൂച്ചക്കുടുംബത്തെ രക്ഷിക്കാൻ വാഹനം നിർത്തി റോഡിലിറങ്ങിയ വിജുമനോഹരന്റെയും കഥ. അയാളെ ഇരുട്ടിൽ പാഞ്ഞുവന്ന വാഹനങ്ങൾ നക്കിയെടുത്തു. വീട്ടിൽ അത്താഴത്തിന് അയാളെയും കാത്തിരിക്കുകയാണ് ഒന്നുമറിയാത്ത ഭാര്യയും മക്കളും. ഗൾഫുകാരൻ എന്ന കഥയും സമാനമായ ഒരു അതിഭാവനയാകുന്നു ഗൾഫിൽ നിന്നെത്തുന്ന മലയാളിക്ക് നാട്ടിലുണ്ടാകുന്ന തിക്താനുഭവങ്ങളുടെ വന്യവും ഭ്രാന്തവുമായ ആവിഷ്‌കാരം. മതവിശ്വാസവും രാഷ്ട്രീയ പ്രത്യയ ശാസ്ത്രവും തമ്മിലിടഞ്ഞും കോർത്തും സൃഷ്ടിക്കുന്ന അസ്തിത്വത്തിന്റെ ചരിത്രാനുഭവങ്ങളെ പ്രത്യക്ഷവൽക്കരിക്കുകയായിരുന്നു പൊതുവെ തന്റെ മുൻകാല കഥകളിൽ ആന്റണിയെങ്കിൽ, ദേശീയതയുടെയും അതിരുകളുടെയും ദൃശ്യവും അദൃശ്യവുമായ ഭൂപടങ്ങളിലേയ്ക്ക് അവയെ മാറ്റി വരയ്ക്കുന്ന രചനകളാണ് 'വെടിമരുന്നിന്റെ മണ' ത്തിലെ ശ്രദ്ധേയമായ കഥകളുൾപ്പെടെയുള്ള സമീപകാല രചനകൾ പലതും. സമകാല ലോക ക്രമത്തിൽ, വിശേഷിച്ചും സോവ്യറ്റനന്തര ലോകക്രമത്തിൽ, ദേശീയതകളോളം ഹിംസാത്മകവും മനുഷ്യവിരുദ്ധവുമായ മറ്റൊരു പ്രത്യയശാസ്ത്രം ബാഹ്യവും ആഭ്യന്തരവുമായ ചരിത്ര ജീവിത സന്ദർഭങ്ങളിലില്ല എന്നു സ്ഥാപിക്കുന്നു ഇവ. അഴിഞ്ഞുപോകേണ്ട അതിർത്തികളെക്കുറിച്ചുള്ള വിലാപങ്ങളുടെയും നിറഞ്ഞുതൂവേണ്ട ആകാശങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളുടെയും പുസ്തകമായി മാറുന്നു, അതുവഴി ഈ കഥാസമാഹാരം.

വെടിമരുന്നിന്റെ മണം
പി.ജെ.ജെ. ആന്റണി
ലോഗോസ് ബുക്‌സ്
2019, വില : 100 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP