Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജലകാമനകൾ

ജലകാമനകൾ

ഷാജി ജേക്കബ്‌

കഴിയിൽനിന്ന് മാർക്കേസിലേക്ക് ജീവിതകാമനകളുടെ കളിവള്ളം തുഴഞ്ഞെത്തിയ കുട്ടനാടൻ ലാബിറിന്തിന്റെ ഒരു ഭാവനാഭൂപടം സങ്കല്പിക്കൂ. എസ്. ഹരീഷിന്റെ 'മീശ'യാണ് അവിടത്തെ ക്ലാസിക്ക്. സോഷ്യൽ റിയലിസത്തിൽനിന്ന് മാജിക്കൽ റിയലിസത്തിലേക്കും സാമൂഹ്യരാഷ്ട്രീയത്തിൽനിന്ന് ജൈവരാഷ്ട്രീയത്തിലേക്കും മുങ്ങാംകുഴിയിട്ടെത്തിയ മലയാളഭാവനയുടെ ഇങ്ങേയറ്റം. 'മീശ'ക്കുശേഷം എഴുതപ്പെട്ട ഷനോജ് ആർ. ചന്ദ്രന്റെ അഞ്ചു ചെറുകഥകൾ വായിക്കൂ. സാമൂഹ്യശാസ്ത്രപരമെന്നതിനെക്കാൾ ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമെന്നതിനെക്കാൾ ജീവശാസ്ത്രപരമായും കുട്ടനാടിന്റെ ലാവണ്യഭൂമികയിൽ രൂപംകൊണ്ട മലയാളത്തിലെ മികച്ച ചെറുകഥകളാണ് ഇവയോരോന്നും.

1998 തൊട്ടുള്ള കാൽനൂറ്റാണ്ട് കാലംകൊണ്ട് ആകെ ഏഴ് കഥകളാണ് ഷനോജ് എഴുതിയിട്ടുള്ളത്. 98ലും 2005ലും എഴുതിയ തരക്കേടില്ലാത്ത രണ്ടു കഥകൾ കഴിഞ്ഞാൽ പിന്നെ 'മീന്റെ വാലേൽ പൂമാല' (2020), 'അരയന്നം', 'ആമ്പൽപ്പാടത്തെ ചങ്ങാടം' (2021), 'കാലൊടിഞ്ഞ പുണ്യാളൻ', 'കുളിപ്പുരയിലെ രഹസ്യം' (2022) എന്നീ രചനകൾ വരുന്നു. കോവിഡ് കാലത്തെഴുതപ്പെട്ട ഈ അഞ്ചു കഥകളും കാമനാഭരിതമായ മാർക്കേസിയൻ ജീവിതഭാവനയുടെയും നിയോറിയലിസ്റ്റിക് സിനിമാറ്റിക് കഥനകലയുടെയും  ഇരട്ട എഞ്ചിൻ ഘടിപ്പിച്ച കുട്ടനാടൻ ഭാവലോകത്തിന്റെ രാഷ്ട്രീയപാഠങ്ങളാണ്.

അപ്രതീക്ഷിതത്വങ്ങൾകൊണ്ടു നെയ്ത മാന്ത്രികയാഥാർഥ്യങ്ങൾ. അടിപടലം കത്തിക്കാളുന്ന ജഡജീവിതങ്ങളുടെ ദൃശ്യവാങ്മയങ്ങൾ. ആകാംക്ഷകളൊന്നടങ്കം അകംപുറം കുടഞ്ഞിടുന്ന ആദ്യ വാക്യങ്ങൾ. ജന്മാന്തരവൈരുധ്യങ്ങൾ പേറുന്ന ആസക്തലോകങ്ങൾ. ചരിത്രമാകട്ടെ, മിത്താകട്ടെ, നഷ്ടകാലങ്ങളെക്കുറിച്ചുള്ള ധർമ്മസങ്കടങ്ങൾ.... പരിണാമഗുപ്തിയെക്കാൾ കഥപറച്ചിലിന്റെ കലയിൽ ക്വാണ്ടം ജംപ് നടത്തിയ മാർക്കേസിയൻ കഥാഭാവനയുടെ മാരകസമവാക്യങ്ങൾ പലതും അതിസമർഥമായി സ്വാംശീകരിക്കുന്നു, ഷനോജ്. (അല്ലെങ്കിൽതന്നെ ആധുനികാനന്തര മലയാളഭാവനയിൽ മാർക്കേസിയൻ പ്രലോഭനങ്ങൾ മറികടക്കാൻ കഴിഞ്ഞ ഏത് കഥാകൃത്തുണ്ട്, നോവലിസ്റ്റുണ്ട്? സക്കറിയയും മാധവനും അയ്യപ്പനും ഉണ്ണിയും സുഭാഷും സെബാസ്റ്റ്യനും സന്തോഷ്‌കുമാറും ഹരീഷും മുതൽ വിനോയിയും ഷനോജും വരെ, ഒരൊറ്റയാളില്ല എന്നതാണ് വസ്തുത.)

ഷനോജിന്റെ കഥകളുടെ രണ്ടാം ഭാവുകത്വസന്ധി സിനിമയുടേതാണ്. സമീപകാല മലയാളചെറുകഥയിലെ സിനിമാറ്റിക് ആഖ്യാനകലയുടെ അടിസ്ഥാന സ്വഭാവങ്ങളെക്കുറിച്ച് മുൻപും പലതവണ സൂചിപ്പിച്ചിട്ടുണ്ട്. എം ടി, പത്മരാജൻ തലമുറയിൽനിന്ന് കഥയും സിനിമയും ഒരേസമയം നടത്തിയ വലിയ കുതിപ്പിന്റെ കാലമാണല്ലോ 2010 തൊട്ടുള്ളത്. സീനുകളും സീക്വൻസുകളുമായുള്ള രംഗാവതരണങ്ങൾ, ദൃശ്യബിംബങ്ങളുടെയും രംഗപാഠങ്ങളുടെയും തുടർസന്നിവേശങ്ങൾ, തിരക്കാഴ്ചയുടെ ആവേഗങ്ങളുല്പാദിപ്പിക്കുന്ന ഭാഷണകല, സ്ഥല, കാലക്രമങ്ങൾ റദ്ദാക്കുന്ന നവ-റിയലിസ്റ്റിക് സിനിമയുടെ ആഖ്യാനഘടന, സാഹിതീയതയെ സാമാന്യതകൊണ്ടും സൗന്ദര്യാത്മകതയെ സ്വാഭാവികതകൊണ്ടും പ്രതീതിവൽക്കരിക്കുന്ന കഥനരീതി, ജാർഗണുകളുടെ കുത്തൊഴുക്ക് എന്ന മിക്ക നവകഥാകൃത്തുക്കൾക്കും സംഭവിക്കുന്ന ഭാവനാദുരന്തം സാകൂതം മറികടക്കുന്ന ഭാവബലം  എന്നിവയൊക്കെ ഈ അഞ്ചു കഥകൾക്കും ഒരുപോലെ ബാധകമാണ്.

          'മീന്റെ വാലേൽ പൂമാല' എന്ന കഥ നോക്കുക. ഒരു വൈകുന്നേരം, കൊച്ചിയിൽ മെട്രൊ റെയിൽ നിർമ്മാണത്തൊഴിലാളിയായ ബിജു, പണിസ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ച ബംഗാളിതൊഴിലാളിയുടെ മകൾ വിനീതയെയുംകൊണ്ട് വീട്ടിലെത്തുന്നു. പാടവരമ്പത്ത്, ഒന്നര സെന്റിൽ മൂന്നെണ്ണം വീതമുള്ള ഒറ്റമുറിക്കുടിലുകളുടെ കോളനിയിലാണ് ദളിതരായ ബിജുവും മാതാപിതാക്കൾ ദാസനും നളിനിയും താമസിക്കുന്നത്. മകനും ഭാര്യക്കും ആദ്യരാത്രിയാഘോഷിക്കാൻ ഒറ്റമുറിവീട് വിട്ടുകൊടുത്ത് ദാസനും നളിനിയും റോഡിലേക്കിറങ്ങി. അന്നുപകൽ അയൽക്കാർക്ക് നടത്തിയ ചെറിയ വിവാഹവിരുന്നുസൽക്കാരത്തിനിടയിൽ, എന്നോ പുറപ്പെട്ട് മറ്റു മക്കളുടെ കൂടെ താമസിക്കാൻ പോയ ദാസന്റെ തള്ള തിരിച്ചുവരികയും കുഴഞ്ഞുവീണു ചാവുകയും ചെയ്തിരുന്നു. ശവം സംസ്‌കരിക്കാൻ ദളിതർക്ക് ശ്മശാനമില്ലാത്തതിനാൽ വധൂവരന്മാർ എത്തുന്നതിനു മുൻപ് സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രേംകുമാറിന്റെ നേതൃത്വത്തിൽ തള്ളയെ അവർ കുടിലിനുള്ളിൽതന്നെ കുഴികുത്തി അടക്കി. തള്ളയുടെ കൂന് നിവർത്താൻ കഴിയാത്തതുമൂലം ഉയർന്നുനിന്ന മൺതിട്ട ദീർഘചതുരത്തിലുള്ള ഒരു കട്ടിലാക്കി മാറ്റി, പ്രേംകുമാർ. അതിന്മേലാണ് ബിജുവും വിനീതയും പാവിരിച്ച് ആദ്യരാത്രി ആഘോഷിക്കുന്നത്.

ജീവിതവും മരണവും തമ്മിലുള്ള അതിർവരമ്പ് എത്രമേൽ നേർത്തതും ദുർബ്ബലവുമാണെന്നു തെളിയിക്കുക മാത്രമല്ല ഈ കഥ ചെയ്യുന്നത്. അടുപ്പുകല്ലു പൊളിച്ചുണ്ടാക്കിയ തള്ളയുടെ ശവക്കൂനക്കു മുകളിൽ കൊച്ചുമക്കൾക്ക് രതി നടത്തേണ്ടിവരുന്ന നരനിന്ദ്യതയുടെ പാരമ്യം ഒരുവശത്ത്. മക്കൾക്ക് മണിയറയൊരുക്കാൻ ആദ്യം തെരുവും പിന്നെ പൊലീസ് സ്റ്റേഷൻ ലോക്കപ്പും കിടപ്പറയാക്കേണ്ടിവരുന്ന ദാസന്റെയും നളിനിയുടെയും ധർമ്മസങ്കടം മറുവശത്ത്. പ്രണയവും രതിയും ദാരിദ്ര്യവും ആഹ്ലാദങ്ങളും മിത്തുകളും പാട്ടുകളും കൂടിക്കുഴയുന്ന മാനുഷികദുരന്തങ്ങൾക്കപ്പുറം ജാതികേരളം ഭൂപരിഷ്‌ക്കരണത്തിന്റെ കരണത്തു നൽകുന്ന ചരിത്രപരമായ ഒരടിയുമാണ് ഈ കഥ. സിവി ശ്രീരാമന്റെ പൊന്തന്മാടക്കും ഇ. സന്തോഷ്‌കുമാറിന്റെ ഒരാൾക്ക് എത്ര മണ്ണുവേണം എന്ന കഥയ്ക്കുമുണ്ടായ ഇരുതലമൂർച്ചയുള്ള തുടർച്ച. പാർട്ടിയുടെ കൊടിമരത്തിൽ മുറുകെപ്പിടിച്ചാണ് നളിനി പൊലീസുകാരോട് സധൈര്യം സംസാരിക്കുന്നത്. അതേസമയംതന്നെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ഒന്നരസെന്റ് കോളനിയിലെ ഒറ്റമുറിക്കുടിലിനുള്ളിൽ ശവം കുഴിച്ചിടാൻ ദാസനെ പ്രേരിപ്പിക്കുന്നത്. ഇതിനപ്പുറം എന്തു രാഷ്ട്രീയവൈരുധ്യമാണ്, എന്തു നൈതികസന്ദേഹമാണ് ഭൂപരിഷ്‌ക്കരണത്തെ മഹാവിപ്ലവമായി കൊണ്ടാടുന്ന ഭരണകൂടത്തിനും പ്രസ്ഥാനത്തിനും നേർക്ക് ഉന്നയിക്കാൻ കഴിയുക!

''സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി പ്രേംകുമാർ കമ്യൂണിറ്റി സെന്ററിൽ പത്രം വായിച്ച് ഇരിപ്പുണ്ടായിരുന്നു. ബിജു പെങ്കൊച്ചിനെയും കൊണ്ട് എത്തുമ്പോഴേക്കും കോളനിയിലോട്ട് നടക്കാൻ തോളത്ത് വെള്ള ഷർട്ടും കരുതിയാണ് അയാളിരുന്നത്. കൂനിത്തള്ള ചത്തൂന്നറിഞ്ഞപ്പോൾ പ്രേംകുമാർ ഷർട്ടെടുത്തിട്ട് എടുപിടീന്ന് സ്ഥലത്ത് വന്നു. അയാൾ ദാസനെ മാറ്റിനിർത്തി.

''നോക്കണം... ശവമടക്ക് നേരത്തെ നടത്തണം... ഇന്നല്ലേ ചെറുക്കൻ ഒരു പെങ്കൊച്ചിനേം കൊണ്ട് വരുന്നേ...''

          ''അതാ നല്ലത്... അല്ലേൽ അവളെന്റെ കഥ മുഴുവൻ പറയും''.

          ദാസൻ നളിനിയെ നോക്കി വിമ്മിട്ടപ്പെട്ടു.

          ശവമടക്കാൻ സ്ഥലമാണ് പ്രശ്‌നം.

          ''തിണ്ണയിൽനിന്ന് മൂത്രമൊഴിച്ചാൽ അപ്പുറത്തെ അടുക്കളയിൽ വീഴും. പിന്നെവിടാ ശവമടക്കാൻ മണ്ണ്''. കൂട്ടത്തിലൊരാൾ ചോദിച്ചു.

          സാധാരണ ആ കോളനിക്കാർ ചെയ്യുന്നതുപോലെ മുറിയിൽ കുഴി കുഴിച്ച് ശവം അടക്കാൻ തെല്ലുനേരത്തെ ചർച്ചയ്ക്ക് ശേഷം തീരുമാനമായി.

          ''ചെറുക്കനും പെണ്ണും ഇന്ന് കെടക്കണ്ട മുറിയാ... മണം വരരുത് കേട്ടോ...'' എന്നു മാത്രം നളിനി പറഞ്ഞു.

          യുദ്ധകാലാടിസ്ഥാനത്തിൽ മുറിയിലെ അടുപ്പുപൊളിച്ച് കുനിത്തള്ളയ്ക്ക് കുഴിയുണ്ടാക്കി. എത്ര കുഴിച്ചിട്ടും അവരുടെ കൂന് പൊങ്ങി നിന്നു. കൂന് നികത്തി മൂടിയപ്പോൾ തറ നിരപ്പിൽനിന്ന് കുറച്ച് പൊങ്ങി നിന്നു. പ്രേംകുമാറിന് അപ്പോൾ ഒരു ആശയം തോന്നി. അയാൾ ഉയർന്നു വന്നിടം കൂടുതൽ മണ്ണിട്ട് ഒരു ദീർഘചതുരമാക്കി.

          പിന്നെ തെല്ലു മാറി ആ ദീർഘചതുരത്തെ നോക്കി പറഞ്ഞു: ''ഇപ്പോൾ ഒരു കട്ടിൽ പൊലീല്ലേ...!''

          ''ശരിയാണല്ലോ!'' എല്ലാവരും പറഞ്ഞു. ''ഒരു കട്ടിൽപോലെയുണ്ട്''.

          ''അതേന്നെ... പിള്ളാരുടെ മണിയറ!'' പ്രേംകുമാർ ചിരിച്ചു.

          മണം വരാതിരിക്കാൻ ആ മൺകട്ടിലിലേക്ക് പാ വിരിച്ച് മൂന്നാല് നിശാഗന്ധിപ്പൂക്കൾ ദാസനും നളിനിയും വിതറി.

          രാത്രിയിൽ റോഡിന് കുറുകെ ഇഴഞ്ഞുപോകുന്ന മൂർഖനെ നോക്കി ദാസൻ ചിരിച്ചു പറഞ്ഞു: ''ഇപ്പോ കുനിത്തള്ളേടെ മേലേ കിടന്ന് പിള്ളാര് കെട്ടി മറിയുകാരിക്കും...''.''

രതിജീവിതത്തിന്റെ തിളച്ചുമറിയുന്ന കാമനാപ്രവാഹത്തിൽ ഒരു ശവം സൃഷ്ടിക്കുന്ന അവിശ്വസനീയമായ മരവിപ്പുകളുടെ കഥയാണ് 'ആമ്പൽപ്പാടത്തെ ചങ്ങാടം'. ചെറുപ്പത്തിൽ ക്ലീറ്റസും ജോർജുകുട്ടിയും അന്നയെ പ്രണയിച്ചു. പക്ഷെ അന്ന ജോർജിനെയല്ല തെരഞ്ഞെടുത്തത്. ആമ്പൽപ്പാടത്തിനു നടുവിൽ വച്ച് ക്ലീറ്റസും അന്നയും തങ്ങളുടെ പ്രണയം പ്രഖ്യാപിച്ചു. പിന്നീട് അവർ വിവാഹിതരായി. എങ്കിലും ജോർജുകുട്ടിയെ അന്ന നിരാശനാക്കിയില്ല. ക്ലീറ്റസ് ജോലികഴിഞ്ഞെത്താതിരുന്ന ഒരു മഴക്കാലരാത്രിയിൽ അന്ന ജോർജുകുട്ടിയെ വിളിച്ചുവരുത്തി. ക്ലീറ്റസ് പതിവായി പുഴകടക്കാനുണ്ടാക്കി മറുകരയിൽ കെട്ടിയിട്ടിരിക്കുന്ന ചങ്ങാടത്തിൽ, ഇരുട്ടിൽ, അപ്പോൾ മഴവെള്ളത്തിൽ ഒഴുകിവന്ന ഒരു മരം കൂടി കൂട്ടിക്കെട്ടി ജോർജുകുട്ടി പുഴകടന്ന് അന്നയെ പ്രാപിച്ചു. വെളുപ്പിനെ തിരിച്ചുപോവുകയും ചെയ്തു. തലേന്ന് എടത്വാപാലത്തിൽനിന്ന്  ചാടി ആത്മഹത്യ ചെയ്ത ക്ലീറ്റസിനുവേണ്ടി തിരച്ചിൽ നടന്നിട്ടും ശവം കിട്ടിയില്ല. മൂന്നാം ദിവസമാണ് ക്ലീറ്റസിന്റെ ശരീരം അയാളുടെതന്നെ ചങ്ങാടത്തിനടിയിൽ കെട്ടിവച്ചിരിക്കുന്നത് നാട്ടുകാർ കണ്ടെത്തുന്നത്. ഇരുട്ടിൽ, ക്ലീറ്റസിന്റെ ശവം ചങ്ങാടമാക്കിയാണ് താൻ അന്നയെ പ്രാപിക്കാൻ പമ്പയാർ കടന്നതെന്നറിഞ്ഞ ജോർജുകുട്ടി ഞെട്ടിവിറച്ചു. അന്നക്കാകട്ടെ, ക്ലീറ്റസും ജോർജുകുട്ടിയും തമ്മിൽ ഒരു ശവപ്പെട്ടിയുടെ അകലം മാത്രമേ തോന്നിയുള്ളു. രണ്ടും ശവങ്ങൾ. ഒന്നിനിപ്പോഴും ജീവനുണ്ട് എന്നു മാത്രം.

          പമ്പയുടെ ജലഭൂപടം ഒന്നാകെ നിവർത്തിയിട്ട് പ്രണയമില്ലാത്ത കാമത്തെയും കാമമില്ലാത്ത പ്രണയത്തെയും കുറിച്ചെഴുതിയ അതിഗംഭീരമായ ഒരാഖ്യാനമായി മാറുന്നു ഈ കഥ. പൂക്കൾക്കുള്ളിലെ പ്രണയത്തിൽനിന്ന് പൂക്കൾക്കുള്ളിലെ ശവത്തിലേക്കും യാത്രയിലുള്ള ശവമാകലിൽനിന്ന് ശവത്തിനു മുകളിലെ യാത്രയിലേക്കും ദിശതിരിയുന്ന മനുഷ്യാസ്തിത്വത്തിന്റെ കുലംകുത്തിയൊഴുകലുകൾ. ഓരോ അണുമാത്രയിലും അഴുകുന്ന ജഡമാണ് രതിമേളത്തിൽ പുളയ്ക്കുന്ന ഓരോ ശരീരവുമെന്ന് അടിവരയിട്ടു പറയുന്ന കഥ. ആദ്യകഥയിലെന്നപോലെതന്നെ, ഇറച്ചിതീറ്റയും ശവമഴുകലും ഒന്നിച്ചു സംഭവിക്കുന്ന മനുഷ്യാവസ്ഥയുടെ വിപര്യയങ്ങളെ കടങ്കഥയായെഴുതുകയാണ് 'ആമ്പൽപ്പാടത്തെ ചങ്ങാട'വും. ഒരാൾക്കു പുഴകടക്കാനുള്ള ചങ്ങാടമാകുക എന്നതിൽ കവിഞ്ഞ മൂല്യമൊന്നും മറ്റൊരാൾക്കില്ല. ജീവിച്ചിരിക്കുമ്പോഴായാലും മരിച്ചിട്ടായാലും. ഓർത്താൽ ഉള്ളുകിടുക്കുന്ന ജീവിതഭാവനകൊണ്ട് ഷനോജ് ഈ ചെറുകഥയിൽ സൃഷ്ടിക്കുന്ന കലാഘാതം ചെറുതല്ല. വായിക്കൂ:

''പിറ്റേന്ന് മഴയൊന്ന് അടങ്ങിയെങ്കിലും ഇപ്പോ പെയ്യുമെന്ന മട്ടിൽ പമ്പയാറിന്റെ മേലെ കരിമ്പടം പുതച്ച് കിടക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് തുന്നിക്കെട്ടിയ ക്ലീറ്റസിന്റെ ശരീരം മൊബൈൽ മോർച്ചറിയിൽ വീട്ടുതിണ്ണയിൽ കിടക്കുന്നത് കാണാൻ ജോർജുകുട്ടി ടോമിയുടെ കടത്തിൽ അക്കരയ്ക്കിറങ്ങി. മരണം ആത്മഹത്യയെന്ന് അന്വേഷണത്തിൽ മനസ്സിലായെങ്കിലും ജഡത്തിനോട് അപമര്യാദയോടെയും ക്രൂരമായും പെരുമാറിയ ജോർജുകുട്ടിയെ കൊണ്ടുപോകാൻ ബാഹുലേയൻ എസ് ഐയും മിന്നൽ പൊലീസ് ബോട്ടിൽ വന്നിറങ്ങി. ചടങ്ങ് തീരും വരെ കാത്തിരിക്കാൻ അയാൾ തീരുമാനിച്ചു.

അടക്കിന് ദൂരേന്നു വന്ന ബന്ധുക്കൾക്ക് ചിറയിൽ പന്തലിട്ട് അപ്പവും താറാവിറച്ചിയും വിളമ്പുന്നുണ്ടായിരുന്നു. ഒരു പകൽ മുഴുവൻ വിശന്നിരുന്ന അന്നയെ ആരോ അവിടേക്ക് കൂട്ടിക്കൊണ്ടു വന്നു. പന്തലിന്റെ മൂലയ്ക്ക് ഒറ്റയ്ക്ക് ഇറച്ചിയിൽ അപ്പം മുക്കി അവൾ രുചിക്കവേ സംസാരിക്കാൻ ഇതാണ് നല് സമയമെന്ന് കരുതി ജോർജുകുട്ടി അന്നയ്ക്കരികിലേക്ക് ചെന്നു. അവൾക്കിത്തിരി അപ്പുറം കസേരയിട്ട് കുഞ്ഞോമാച്ചാ എനിക്കും ഒരപ്പം തായെന്ന് പറഞ്ഞു.

അപ്പോൾ അന്ന ആഹാ ജോർജുകുട്ടി ഉണ്ടാരുന്നോയെന്ന് ഒരപരിചിതനോടെന്ന വണ്ണം ചോദിച്ചു.

അപ്പോൾ ജോർജുകുട്ടി ഒന്നുകൂടി അവൾക്കരികിലേക്ക് നീങ്ങിയിരുന്നു.

''പൂക്കൾ കൊണ്ട് മൂടിയ മൊബൈൽ മോർച്ചറിയിലെ ക്ലീറ്റസിനെ കണ്ടോ.... ആമ്പൽപ്പാടത്തെ ചങ്ങാടം പോലെയിരിക്കുന്നു''. അന്ന പറഞ്ഞു.

          ആ കാലം ഓർക്കുമ്പോൾ അവൾ പ്രണയം പൂത്തപോലെയായി.

          പെട്ടെന്ന് ജോർജുകുട്ടി ഞാൻ അറിഞ്ഞുകൊണ്ടല്ല എന്ന് അവൾക്കരികിൽ കുശുകുശുത്തു.

          ''ഓ അതൊന്നും സാരമില്ലെന്നേ.'' അന്ന പറഞ്ഞു.

          ''പ്രേമം നീരുവറ്റിയാൽ എല്ലാരും ശവങ്ങളാ. ജീവിച്ചിരിക്കുമ്പോ തന്നെ''.

          ''ഇപ്പോൾ ജോർജുകുട്ടിയെ എനിക്ക് മൊബൈൽ മോർച്ചറിയിൽ കിടത്തിയിട്ടില്ലെന്നേയുള്ളൂ''.

          ഇതും പറഞ്ഞ് അവൾ മൊബൈൽ മോർച്ചറിക്കരികിൽ ചെന്ന് നിലത്തിരുന്നു. കൈത്തലം ആ ചില്ലുപേടകത്തിലമർത്തി മൃതദേഹത്തിന്റെ തണുപ്പനുഭവിച്ചു''.

          'അരയന്നം' ഒരാഭിചാരത്തിന്റെ കഥയാണ്. ബാർബർ അഭിലാഷിന് എസ്‌ഐ. ളൂബിയുടെ പെങ്ങൾ എൽസമ്മയെ പ്രണയിക്കണം, പ്രാപിക്കണം, പറ്റുമെങ്കിൽ കല്യാണവും കഴിക്കണം. അവൻ കൂട്ടുകാരനും ദുർമ്മന്ത്രവാദിയുമായ കുര്യന്റെ സഹായം തേടി. ഒഴുകുന്ന വെള്ളത്തിൽ വെളുത്തവാവ് ദിവസം താറാവിടുന്ന മുട്ടയിൽ എൽസമ്മയുടെ മുടിനാരുകൾ നട്ടുമുളപ്പിച്ച് അവളെ വശത്താക്കാനുള്ള വിദ്യ കുര്യൻ ഉപദേശിച്ചു. കോവിഡ് കാലത്തും കടതുറന്ന് തന്റെയും മകന്റെയും മുടിവെട്ടാൻ ളൂബി നിർബന്ധിച്ച ദിവസങ്ങളിൽ എൽസമ്മയും കൂടെ വന്നു. കുട്ടിയുടെ മുടി കൊഴിയൽ പരിഹരിക്കാൻ എൽസമ്മയുടെ മുടികൊണ്ട് ഒരു പണിയുണ്ട് എന്നു സൂചിപ്പിച്ച് അവളുടെ മുടി അഭിലാഷ് തന്ത്രപൂർവം കൈക്കലാക്കി, ആഭിചാരം തുടങ്ങി. ഫേസ്‌ബുക്കിലുണ്ടാക്കിയ വ്യാജ പ്രൊഫൈലിൽനിന്ന് എൽസമ്മക്ക് നിരന്തരം സന്ദേശമയച്ച് അവളെ വശത്താക്കിയെങ്കിലും പ്രണയവിഭ്രമത്തിൽ സ്വന്തം പ്രൊഫൈലിൽനിന്ന് അയാൾ അവൾക്കു മെസേജ് അയച്ചതോടെ ളൂബി കാര്യമറിയുന്നു. രണ്ടു തലമുറ മുൻപ്, ളൂബിയുടെ മുത്തശ്ശിയുമായി അഭിലാഷിന്റെ മുത്തശ്ശൻ ബന്ധമുണ്ടാക്കിയതും അക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്താനെത്തിയ ളൂബിയുടെ മുത്തശ്ശൻ ചാണ്ടിത്തൊമ്മൻ എസ്‌ഐയെ അഭിലാഷിന്റെ മുത്തശ്ശൻ ബാർബർ അംബരൻ കഴുത്തറുത്തു കൊന്നതും ആരും മറന്നിട്ടില്ല. പകയും വെറുപ്പുംകൊണ്ട് പൊറുതിമുട്ടിയ ളൂബി അഭിലാഷിന്റെ കടയിലെത്തി അവനെക്കൊണ്ട് തന്റെ ഗുഹ്യഭാഗം വടിപ്പിക്കുന്നു. അതിനിടയിൽ ആഭിചാരം തെറ്റിയെന്നപോലെ എൽസമ്മക്ക് കാൻസർ സ്ഥിരീകരിക്കുന്നു. അവളെ കാണാനെത്തിയ അഭിലാഷിനെ ളൂബി തടഞ്ഞില്ല. അഭിലാഷിനോട് എൽസമ്മ ചോദിക്കുന്നു: 'എവിടാ പാളിയത്? അന്ന് വെളുത്തവാവ് തന്നെ ആയിരുന്നില്ലേ?'. അഭിലാഷ് പറഞ്ഞു: 'ആയിരുന്നു. പക്ഷെ മനസ്സിൽ കറുത്തവാവായിരുന്നു. പ്രേമിക്കുമ്പോൾ അധീരനാവരുത്. മനസ് കറുത്തിരിക്കും. അതാ പറ്റിയത്'.

         

'ആമ്പൽപ്പാടത്തെ ചങ്ങാട'ത്തിലും സംഭവിച്ചതിതാണ്. പ്രണയത്തിൽ അധീരരായിരുന്നു ക്ലീറ്റസും ജോർജുകുട്ടിയും. അന്നയാകട്ടെ അതിധീരയും. ഷനോജിന്റെ മിക്ക കഥകളിലും ഈവിധം പ്രണയഭീരുക്കളായ ആണുങ്ങളെ കാണാം. ഒളിക്കാമത്തിലാണവരുടെ സംതൃപ്തി. കാമാസക്തരായിരിക്കുമ്പോഴും അവർ പ്രണയത്തിൽ ചഞ്ചലരാണ്. സ്വാഭാവികമായും അവരുടെ പ്രണയങ്ങൾ കറുത്തവാവ്‌പോലെ ഇരുണ്ടുപോകുന്നു. ഷനോജിന്റെ പെണ്ണുങ്ങളങ്ങനെയല്ല. അതുകൊണ്ടവർ തങ്ങളുടെ ശരീരമഴുകിയിട്ടും ആത്മാവഴുകാതെ സൂക്ഷിച്ചു. പുരുഷന്മാരാകട്ടെ ആത്മാവഴുകിയ ശരീരങ്ങളുമായി ജീവിച്ചു. ശവജീവിതങ്ങൾ.

          ശവ-രതി ദ്വന്ദ്വംകൊണ്ട് ഈ കഥാകൃത്ത് സൃഷ്ടിക്കുന്ന മാജിക്കിന്റെ കുറെക്കൂടി മികച്ച മാതൃക കാണണമെങ്കിൽ 'കുളിക്കടവിലെ രഹസ്യം' വായിക്കണം. 'കാലൊടിഞ്ഞ പുണ്യാളൻ' എന്ന രചനക്കൊപ്പം 2022ൽ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ചെറുകഥകളിലൊന്നാണ് 'കുളിക്കടവിലെ രഹസ്യം'. '2022ലെ മലയാളകഥാകൃത്ത്' എന്നൊരാളെ ചൂണ്ടിക്കാണിക്കാൻ കഴിയുമെങ്കിൽ അത് ഷനോജ് ചന്ദ്രൻ ആയിരിക്കും എന്നുറപ്പിച്ചു പറയാൻ കഴിയുന്നത് ഈ രണ്ടു കഥകൾകൊണ്ടാണ്.

         

പമ്പയാറ്റിലെ നൂറ്റാണ്ടുപഴക്കമുള്ള ഒരു കുളിക്കടവിൽ ആളൊഴിഞ്ഞ നട്ടുച്ചകളിൽ നടക്കുന്ന പ്രബിതയുടെ കുളി കാണാൻ എതിർവശത്തുള്ള കൈതക്കാടിനകത്ത് വള്ളമൊളിപ്പിച്ച് മീൻവല വീശുന്ന ഷൈജുവിന്റെ കഥയാണിത്. ഒപ്പം കരുമാടിക്കുട്ടന്റെ മിത്ത് കൂട്ടിക്കെട്ടിയ ഒരു ഉപകഥയുമുണ്ട്. കുട്ടനാടിന്റെ ബുദ്ധപാരമ്പര്യത്തെക്കുറിച്ചുള്ള ഒരു അർധചരിത്രം. ഷൈജുവിന്റെ പിറവിയിൽ, ഗർഭപാത്രത്തിൽ കൂടെയുണ്ടായിരുന്ന ഇരട്ടക്കുട്ടി ചാപിള്ളയായിപ്പോയ ആഘാതത്തിൽ തുടങ്ങിയതാണ് കരുമാടിക്കുട്ടന്റെ മറുപാതി തേടിയുള്ള അവന്റെ അച്ഛന്റെ പ്രയാണം. അയാൾക്ക് അത് കണ്ടെത്താനായില്ല. അസമയത്തു കുളിക്കാൻപോയ അമ്മയെ കഴുന്നാ കടിച്ചുതാഴ്‌ത്തി പമ്പയാറ്റിൽ മുക്കിക്കൊന്ന കാലത്ത് ഷൈജു കുട്ടിയാണ്. വർഷങ്ങൾക്കുശേഷം കഴുന്നാകളുടെ ആക്രമണം മൂലം ആളുകൾ പുഴയിലിറങ്ങാത്ത കാലത്ത് അതു വകവയ്ക്കാതെ കുളിക്കാനെത്തിയ പ്രബിതയെ കാത്തിരുന്നതും സമാനമായ ഒരു ദുരന്തമായിരുന്നു. അങ്ങേക്കരയിലെ കൈതക്കാട്ടിൽ വള്ളത്തിൽ ഒളിച്ചുനിന്ന് പ്രബിതയുടെ കുളി കണ്ട ഷൈജുവിന്റെ അപ്രതീക്ഷിതമായ ഒരിളക്കത്തിൽ വള്ളം മറിഞ്ഞു. ആ ശബ്ദവും വെള്ളത്തിന്റെ ഇളക്കവും പ്രബിതയുടെ കുളിക്കടവിലെ കൽക്കെട്ടിനിടയിൽ പതുങ്ങിയിരുന്ന ഒരു കഴുന്നായെ ഭയപ്പെടുത്തി. അത് പുറത്തുവന്ന് പ്രബിതയെ ആക്രമിച്ച് അവളുടെ ഒരു മുല കടിച്ചുപറിച്ചു. അതിനിടയിൽ പ്രബിത ഷൈജുവിനെ കാണുകയും ചെയ്തിരുന്നു. രക്തത്തിൽ കുളിച്ച് കൽപ്പടവിൽ തളർന്നുവീണ പ്രബിതയെ രക്ഷിക്കാൻ കഴിയാതെ കുറ്റബോധവും ഭയവും മൂലം ഷൈജു സ്ഥലംവിട്ടു. എങ്കിലും അയാൾ പഞ്ചായത്ത് മെമ്പറെ ഫോൺ ചെയ്ത് കുളക്കടവിൽനിന്ന് ഒരു നിലവിളി കേട്ടതായി പറഞ്ഞതോടെ ആളുകളെത്തി പ്രബിതയെ ആശുപത്രിയിൽ എത്തിച്ചു. ബോധം തിരിച്ചുകിട്ടാതെതന്നെ അവൾ മരിക്കുകയും ചെയ്തു.

          പ്രബിതയെ കൊന്ന കഴുന്നായെ പിടിക്കാൻ കുളിക്കടവിൽ വലവീശിയ ഷൈജുവിനെ കാത്തിരുന്നത് വലിയൊരു വിസ്മയമായിരുന്നു. കടവിലെ ഏറ്റവും താഴത്തെ പടവിൽ ഉടക്കിയ വല വലിച്ചുയർത്താൻ ഷൈജുവിനു കഴിഞ്ഞില്ല. കരുമാടിക്കുട്ടന്റെ അർധപകുതിയായിരുന്നു അത്. അത്, അതിന്റെ ഒറ്റക്കൈകൊണ്ട് ഷൈജുവിന്റെ വല വലിച്ചുതാഴ്‌ത്തിക്കൊണ്ടിരുന്നു!

         

ജീവിതകാമനകളുടെ അസാമാന്യവും അപ്രതീക്ഷിതവുമായ ഗതിമാറിയൊഴുക്കുകളിൽ മനുഷ്യരുടെ വിധി എഴുതപ്പെട്ടിരിക്കുന്നതിന്റെ ഒന്നാന്തരം പാഠമാതൃകയാകുന്നു, 'കുളിക്കടവിലെ രഹസ്യം. മിത്തും ചരിത്രവും ഒന്നായി കലങ്ങിച്ചേരുന്ന കഥ. സ്വപ്നവും യാഥാർഥ്യവും ഇഴപിരിഞ്ഞിണചേരുന്ന ഭാവന. പമ്പ, അതിന്റെ ജലജീവിതം കൊണ്ട് കുട്ടനാടിന്റെ ഐതിഹ്യങ്ങളെ പുനർവിഭാവനം ചെയ്യുന്ന രചന. കാമം പുഴുപോലെ ഇഴയുന്ന മനസ്സിന്റെയും പുഴുക്കൾ കാമംപോലെ നുരയുന്ന ഉടലിന്റെയും അർഥാന്തരങ്ങളെക്കുറിച്ചുള്ള അതിഗംഭീരമായ ആഖ്യാനകലയിലൂടെ ഈ കഥ സൃഷ്ടിക്കുന്ന മുഴക്കം ഒന്നു വേറെതന്നെയാണ്. പ്രബിതയുടെ ശവം കുളിപ്പിക്കുന്ന രംഗം വായിക്കൂ. ശവ-രതി ഭാവനയുടെ നരകതീർത്ഥംപോലൊരു ഭാഗമാണിത്.

          ''പ്രബിതയെ കുളിപ്പിക്കാനെടുക്കുമ്പോൾ അവളുടെ നഗ്‌നത ഷൈജു ഒന്നൂടെ മനസ്സിലോർത്തു. അപ്പോൾ പമ്പയുടെ തണുത്ത ഐസ് ജലം വീണ പോലെ മനസ് കുളിർന്ന് വിറച്ചു. ഭയങ്കരമായ ആശ്വാസത്താൽ അവൻ ദീർഘനിശ്വാസം വിട്ടു.

പ്രബിതയെ കുളിപ്പിക്കാൻ പതിച്ചി കുളിപ്പുരയിലേക്ക് കേറി. (പഴയ പതിച്ചി മരിച്ചുപോയിരുന്നു. ഇതവരുടെ ഒരു അകന്ന ബന്ധുവാണ്). പതിച്ചിയെ സഹായിക്കാനും പിന്നെ പ്രബിതയുടെ നഗ്‌നത കാണാനുമായി ചില പെണ്ണുങ്ങളുമുണ്ടായിരുന്നു. പതിച്ചി പ്രബിതയെ തേച്ചു കുളിപ്പിക്കാൻ കൊണ്ടു വന്ന, ദർഭ മുറിച്ചതും കറുകപ്പുല്ലു ചതച്ചതും എള്ളും ഉണക്കലരിയും നെല്ലും പാത്രത്തിൽ പാതി പമ്പയാറിട്ട് കുഴച്ചു. കുളിപ്പുരയുടെ കല്ലിൽ രണ്ട് തിരിയിട്ട വിളക്ക് കത്തിച്ചു.

          പ്രബിതയെ അവർ മൂന്നാം പടിയിൽ കിടത്തി. വസ്ത്രം അഴിച്ചു മാറ്റി. അവളുടെ മരിച്ചു പോയ തുടകളും കഴുത്തും പുക്കിളും നോക്കി പെണ്ണുങ്ങൾ അത്ഭുതത്തോടെ നിന്നു. മുറിഞ്ഞു പോയ മുലയിൽ രണ്ടാം മുലയുടെ വലിപ്പം സങ്കൽപിച്ച് അവർ അവളുടെ സൗന്ദര്യത്തിൽ അസൂയ പൂണ്ടു.

          ഉരുക്കു വെളിച്ചെണ്ണ പ്രബിതയുടെ ശരീരം മുഴുവൻ തേച്ചുപിടിപ്പിച്ചു. തലയിൽ എണ്ണ കോരിയൊഴിച്ചു. മൂന്നാം കൽപ്പടവിൽ എത്തി നോക്കുന്ന ജലം അവളെ സ്പർശിച്ചും പിൻവാങ്ങിയും അവസാനത്തെ കുളി അനുഭവിച്ചു. മീൻ കുഞ്ഞുങ്ങളും പൂഞ്ഞുണ്ണാന്മാരും ചെറുരോമങ്ങളെ ഉരുമ്മി ഗന്ധം ശ്വസിച്ചു.

          എണ്ണ പുക്കിളിൽ വിരൽ ഇട്ടിളക്കുമ്പോൾ പതിച്ചി അടുത്തു നിന്ന പെണ്ണിനോട് സ്വകാര്യം പറഞ്ഞു ''ചീഞ്ഞിട്ടുണ്ട്.''

          ''ആണോ?'' അവർ ആകുലത അഭിനയിച്ച് ചോദിച്ചു.

          ''അതെ. സൂക്ഷിച്ചില്ലെങ്കിൽ വിരൽ അകത്ത് കേറിപ്പോയേനെ'' പതിച്ചി ചിരിച്ചു.

          ''മണമുണ്ട്.'' രണ്ടാമത്തവൾ പിൻതാങ്ങി.

          ശവത്തിന്റെയും മീനിന്റെയും ഉളുമ്പുനാറ്റം കുളിപ്പുരയിലെ അയയിൽ തുള്ളി ഇറ്റിച്ച് കിടന്നു.

          പടിയിൽ കിടക്കുന്ന പ്രബിതയുടെ ശരീരത്തിൽ പതിച്ചി പമ്പയുടെ തണുത്ത ജലം ആദ്യം ചെറുങ്ങനെ ഒഴിച്ചു.

          ''പതിയെ ഒഴിക്ക്. അവൾക്ക് തണുക്കും.'' ആരോ പറഞ്ഞു. തണുക്കുന്നപോലെ പ്രബിതയുടെ തുടയിടുക്കുകൾ പൊടുന്നനെ അടുത്തു.

          ഒന്നു രണ്ടു പ്രാവശ്യം കൈകൊണ്ട് വെള്ളം ചിതറിയതിന് ശേഷം അവർ ദേഹത്തിലേക്ക് കോരിയൊഴിച്ചു തുടങ്ങി.

          മലർന്നുകിടന്ന അവളുടെ ചുണ്ടിൽ ജലം ഇറ്റിച്ചു. അത് ഉള്ളിലേക്കു പോയി. ശരീരം നനഞ്ഞു കുതിർന്നു. ദർഭയും കറുകപ്പുല്ലും എള്ളും നെല്ലും ഉണക്കലരിയും കുഴച്ച മിശ്രിതം മലർത്തിയും കമിഴ്‌ത്തിയും വാരിത്തേച്ച് എണ്ണ മുഴുവൻ കഴുകിക്കളഞ്ഞു. പിന്നെ മണം മാറാൻ അവളെ സന്തൂർ സോപ്പ് തേച്ചു. കാൽവിരൽ മുതൽ നെറ്റി വരെ പതപ്പിച്ചു. പിന്നെ കമിഴ്‌ത്തിക്കിടത്തി ജലമൊഴിച്ച് സോപ്പ് തേച്ച് സന്തൂർമണം പുറത്തേക്ക് വരെ വരുത്തി. തലയിൽ താളിയിട്ട് കഴുകി. കുളിപ്പുരയുടെ നാലാം പടിയിലേക്ക് ചെരിച്ചിറക്കി അവളെ പൂർണമായും പമ്പയിൽ മുക്കി. പിന്നെയും രണ്ടാം പടിയിലേക്കെടുത്ത് തോർത്തി. അമർത്തിയാൽ ശരീരത്തിലേക്ക് കൈയിറങ്ങുമെന്ന് തോന്നിയതിനാൽ ഉണങ്ങിയ തോർത്തുകൊണ്ട് ഒപ്പിഒപ്പി അവസാന ജലത്തുള്ളിയെയും നീക്കി. പെർഫ്യൂമും പൗഡറും മേനി മുഴുവൻ വിതറി. കസവ് എംബ്രോയ്ഡറിയും പൂക്കളുമുള്ള സാരി ഉടുപ്പിച്ചു. അവൾ സൗന്ദര്യമുള്ള ഒരു വെള്ളി ആറ്റുവാളയായി.

          കുളി അവസാനിപ്പിച്ച് പതിച്ചി പുറത്തേക്ക് വിളിച്ചുപറഞ്ഞു.

          ''കുളി കഴിഞ്ഞു. ആണുങ്ങൾ അകത്തേക്ക് വാ. ശവമെടുക്ക്''.

          ഷൈജു എന്നോട് പറഞ്ഞു:

          ''വൈകിട്ട് നീ വരണം. കേസും മൈരുമൊക്കെ ഊമ്പാൻ പറ. ഞാനിന്ന് കഴുന്നയെ പിടിക്കും''.              ഞങ്ങൾ നേരെ പൂപ്പള്ളി ബിവറേജസിൽ പോയി ഒരു സെലിബ്രേഷൻ റം വാങ്ങി മടങ്ങി വന്നു''.

          ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥ ഇപ്പറഞ്ഞതൊന്നുമല്ല. അത് 'കാലൊടിഞ്ഞ പുണ്യാളൻ' തന്നെയാണ്. കുട്ടനാടിന്റെ ചരിത്രവും മിത്തും മാത്രമല്ല മനുഷ്യജീവിതത്തിന്റെ സന്ദിഗ്ദ്ധതകളിലൂടെ നിലംതൊടാതെ പായുന്ന കാലവും കാമനകളും ജലഭൂപടമായി വിന്യസിക്കപ്പെടുന്ന രചന.

         

രണ്ടു നൂറ്റാണ്ടുമുൻപ് കടപ്രയിൽ സാവിയോ പുണ്യാളന്റെ ദിവ്യദർശനം നടന്ന സ്ഥലത്ത് പമ്പയിൽനിന്നു ചെളികുത്തിയുയർത്തിയുണ്ടാക്കിയ കരയിൽ പണിത പള്ളിയിൽ പ്രതിഷ്ഠിക്കാൻ കൊല്ലത്തെ വെളുത്തപുണ്യാളൻ പള്ളിയുടെ മച്ചിൽ കിടന്നിരുന്ന കാലൊടിഞ്ഞ സ്വരൂപം കടപ്രക്കാർ ചോദിച്ചുവാങ്ങി. 'കാലൊടിഞ്ഞ പുണ്യാളന് നമ്മുടെ വേദന മനസ്സിലാകും' എന്ന വിശ്വാസമായിരുന്നു ആ പ്രതിമതന്നെ വാങ്ങാനും പ്രതിഷ്ഠിക്കാനുമുള്ള തീരുമാനമെടുക്കാൻ കടപ്രക്കാരെ പ്രേരിപ്പിച്ചത്. വേദനയെക്കുറിച്ചുള്ള അസാധാരണമായ ഒരു കാല-കലാ തത്വമായി വികസിക്കുകയാണ് തുടർന്നങ്ങോട്ട് ഈ കഥ. ഈയൊരു ഭാവബന്ധംതന്നെയാണ് 'കാലൊടിഞ്ഞ പുണ്യാള'നെ മലയാള കഥാചരിത്രത്തിൽ സ്ഥാനപ്പെടുത്തുന്നതും.

          പുണ്യാളന്റെ പ്രതിമ കടപ്രക്കാർ വള്ളത്തിൽ കയറ്റിയതോടെ ഇടിവെട്ടും മിന്നലുമുണ്ടായി. രാത്രി പകൽപോലെ വെളുത്തു. കൊല്ലംകാർക്കു മനസ്സിലായി, തങ്ങളുടെ പുണ്യാളനാണ് യാത്രയായതെന്ന്. അവർ കടപ്രക്കാർക്കു പിന്നാലെ പാഞ്ഞെങ്കിലും പുണ്യാളനും കൂട്ടരും നാടുവിട്ടു കഴിഞ്ഞിരുന്നു.

          കടപ്രപള്ളിയിൽനിന്ന് പുണ്യാളന്റെ വിഗ്രഹം തിരിച്ചുപിടിക്കാൻ കൊല്ലംകാർ സകല തന്ത്രവും പയറ്റി. പക്ഷെ ഒന്നും നടപ്പായില്ല. ഒടുവിൽ, എല്ലാ വർഷവും പുണ്യാളന്റെ പ്രതിമ എഴുന്നള്ളിക്കുന്ന പത്തുദിവസങ്ങളിൽ എട്ടാമിടം കൊല്ലംകാർക്ക് എഴുന്നള്ളിപ്പിനുള്ള അവകാശം നൽകി പ്രശ്‌നം ഒത്തുതീർപ്പാക്കി. 'ഐതിഹ്യങ്ങളിൽ ഇടപെട്ട് സാഹസങ്ങൾ പ്രവർത്തിക്കുന്ന ഒരു ഗൂഢസംഘം' കൊല്ലത്തു നിലനിൽക്കുന്നുണ്ട്. അതിൽ അംഗമാണ് കട്ടച്ചിറക്കാരൻ പീറ്റർ. കടപ്രപള്ളിയിൽ പെരുന്നാളുകൂടാൻ ഇക്കുറി കൊല്ലംകാർക്കൊപ്പം സംഘമായെത്തിയ പീറ്ററാണ് പുണ്യാളൻ കഴിഞ്ഞാൽ പിന്നെ ഈ കഥയിലെ മുഖ്യകഥാപാത്രം.

         

അരയന്നം, കുളിക്കടവ് തുടങ്ങിയ മുൻകഥകളിലെന്നപോലെ ഈ കഥയിലുമുണ്ട് ഹൃദയസ്പർശിയായ ഒരു ഉപകഥ. പീറ്ററിനും ഭാര്യ ആൻസമ്മക്കും ഒന്നരവയസ്സുള്ള മകനെ നഷ്ടമായ കഥ. പിള്ളാരെപ്പിടുത്തക്കാർ കുട്ടികളെ തട്ടിയെടുത്ത് കയ്യും കാലും തല്ലിയൊടിച്ചും കണ്ണുകുത്തിപ്പൊട്ടിച്ചും ഭിക്ഷാടകരാക്കി മാറ്റി പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കും എത്തിക്കുന്ന കാലമായിരുന്നു അത്. അഷ്ടമുടിക്കായൽക്കരയിലെ വീട്ടിൽനിന്ന് നിമിഷാർധംകൊണ്ട് തങ്ങളുടെ കൺമുന്നിലുണ്ടായിരുന്ന കുഞ്ഞിനെ ഒരാൾ തട്ടിക്കൊണ്ടുപോയ അന്നു തുടങ്ങിയതാണ് പീറ്ററിന്റെ അന്വേഷണം. കടപ്രപള്ളിയിൽ അയാൾ എത്തുന്നത് പത്തുവർഷം കഴിഞ്ഞാണ്. അന്നുവരെ കൊല്ലംകാർ എങ്ങനെയെല്ലാം ശ്രമിച്ചിട്ടും സാധിക്കാത്ത കാര്യം അയാൾ സാധിച്ചു. പുണ്യാളന്റെ വിഗ്രഹം ജനക്കൂട്ടത്തിനു നടുവിൽനിന്നുതന്നെ മോഷ്ടിച്ച് ടർക്കിയിൽ പൊതിഞ്ഞ് തന്റെ കുഞ്ഞാണെന്ന് ബോട്ടുകാരോട് പറഞ്ഞ് അയാൾ പള്ളുരുത്തിയിലേക്കു യാത്രതിരിച്ചു. അവിടെയിറങ്ങി ഒരു ബാറിൽ കയറി മദ്യപിക്കുന്നതിനിടെ അയാൾ പ്രതിമ മോഷ്ടിച്ച വിവരം അവിടെ മദ്യപിക്കുന്ന ചിലർ മനസ്സിലാക്കുന്നു. ബോട്ടിൽവച്ച് ത്രേസ്യാ എന്ന സ്ത്രീയുമായുണ്ടായ സംഭാഷണത്തിനൊടുവിൽ അവർക്കും മനസ്സിലാകുന്നുണ്ട് പീറ്ററിന്റെ മടിയിലുള്ളത് സ്വന്തം കുഞ്ഞല്ല, പുണ്യാളനാണെന്ന്. ബാറിൽവച്ച് കുടിയൻ ടോമിയുമായും പൊലീസെത്തി അറസ്റ്റുചെയ്ത് ജയിലിലടച്ചശേഷം സഹതടവുകാരനുമായും പീറ്റർ നടത്തുന്ന സംഭാഷണങ്ങളിൽ, തന്റെയും ഭാര്യയുടെയും ജീവിതത്തിൽ പത്തുവർഷം മുൻപുണ്ടായ മഹാസങ്കടത്തെക്കുറിച്ച് അയാൾ സൂചിപ്പിക്കുന്നു. കാലൊടിഞ്ഞ പുണ്യാളനെത്തേടിവന്ന പീറ്റർ, തന്റെ കയ്യിലുള്ളത് ഒടിഞ്ഞ കാൽ നന്നാക്കിയ പുണ്യാളനാണെന്നറിയുന്നതോടെ അത് ഉപേക്ഷിക്കാൻ തീരുമാനിച്ചാണ് യഥാർഥത്തിൽ ബാറിൽ കയറിയത്. വേദനിക്കുന്നവരും വേദനതീർന്നവനും തമ്മിൽ വ്യത്യാസമുണ്ട് എന്നയാൾ മനസ്സിലാക്കുന്നു. പുണ്യാളനായാലും മനുഷ്യനായാലും. താൻ വേദന തീരാത്തവനാണ്. ഒടിഞ്ഞ കാൽ നന്നാക്കിയതോടെ വേദന തീർന്നവനും വേദനയുള്ളവരെ മനസ്സിലാകാത്തവനുമായ പുണ്യാളനെ ഇനി തനിക്കാവശ്യമില്ല എന്നയാൾ തീരുമാനിക്കുന്നു. മനുഷ്യന്റെ ഏറ്റവും വലിയ വേദന, നഷ്ടപ്പെടുന്ന വസ്തുക്കൾ, അവ നഷ്ടപ്പെട്ട കാലത്തോടൊപ്പം ഒരിക്കലും തിരിച്ചുകിട്ടുന്നില്ല എന്നതാണ്. വസ്തു തിരിച്ചുലഭിച്ചാലും ആ കാലം തിരിച്ചുകിട്ടുകയില്ലല്ലോ. ഒന്നരവയസ്സുള്ള മകനെ തനിക്കും ആൻസമ്മക്കും തിരിച്ചുകിട്ടാത്തതുപോലെ. വാക്കിൽനിന്നടർന്നുപോയ വസ്തുവിന്റെ ദുഃഖമാണ് എന്ന് കഥ സൂചിപ്പിക്കുന്നു. ബാറിൽവച്ച് പീറ്റർ മറ്റു കുടിയന്മാരോട് നടത്തിയ സംസാരം ടോമി പൊലീസിനോട് പറയുന്നതിപ്രകാരമാണ്:

          ''അപ്പോൾ ബാറിന്റെ വിൽപനസ്ഥലത്തെ വട്ടമേശയിൽ നീളമുള്ള കറങ്ങും കസേരയിൽ ഇരുന്ന ആൾ - പീറ്റർ - കസേര കറക്കി തിരിഞ്ഞ് ഞങ്ങളോടായി സൗഹൃദം പങ്കിട്ടു. എന്നിട്ട് ഏതാണ്ട് ഈ വിധം സംസാരം ആരംഭിച്ചു.

          ''അഥവാ കൊല്ലംകാരാണ് പുണ്യാളനെ എടുത്തു കൊണ്ടു പോയതെന്ന് കരുതുക. രണ്ടു നൂറ്റാണ്ടുമുമ്പ് വെളുത്ത പുണ്യാളൻപള്ളിയിലെ മച്ചിൽ മൂന്ന് പുണ്യാളന്മാർക്ക് നടുവിലുണ്ടായ ശൂന്യത ഇപ്പോൾ ഈ ചെയ്തി കൊണ്ട് നികത്താൻ കഴിയുമോ?''

          ഞാനാണോ അതോ ആ പറയുന്നയാളാണോ കൂടുതൽ ഫിറ്റെന്ന സംശയത്തിലായി ഞാൻ. അതിനാൽ നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് ഞാൻ പറഞ്ഞു.

          അപ്പോൾ പീറ്റർ പറഞ്ഞു. ''നിങ്ങളുടെ ഇരുപത്തിയൊന്നാം വയസിൽ ഒരു പതിനെട്ടുകാരിയെ പ്രേമിച്ചു. മത്തു പിടിച്ചതും ലഹരിയാർന്നതുമായ പ്രേമത്തിനൊടുവിൽ അവൾ നിങ്ങളെ ഉപേക്ഷിച്ച് മറ്റൊരാളുടെ ഭാര്യയായെന്നും കരുതുക''.

          ഞാനപ്പോൾ ബോധത്തിലേക്ക് കണ്ണു തുറക്കാൻ എന്റെ കണ്ണു തിരുമ്മി. ഇവൻ എന്റെ കഥ തന്നെയാണല്ലോ പറയുന്നതെന്ന് ഞാൻ അതിശയിച്ചു.

          അവൻ തുടർന്നു ''വർഷങ്ങൾക്കുശേഷം അവളുടെ അമ്പതാം വയസ്സിൽ അവൾ തിരിച്ചുവന്നാൽ അവൾ പഴയ അവളായിരിക്കുമോ. ഇരുപത്തിയൊന്നാം വയസ്സിൽ അവൾ നിങ്ങളിൽ സൃഷ്ടിച്ച ശൂന്യത അതുകൊണ്ട് നികരുമോ''.

          ഹോ എന്നൊരു ശബ്ദം ഞങ്ങൾക്കിടയിൽ ഉയർന്നു. ഇവൻ ഏത് ബ്രാൻഡാണ് കഴിച്ചതെന്ന് വിൽപനക്കാരനോട് രഹസ്യമായി ചോദിക്കണമെന്ന് ആ നിമിഷം ഒരു കുടിയൻ എന്റെ ചെവിയിൽ നിശ്ചയിച്ചു.

          പീറ്റർ പറഞ്ഞു. ''ഇരുപത്തൊന്നുകാരനായ നിങ്ങൾക്കാണ് പ്രണയിയെ നഷ്ടമായത്. അന്നത്തെ നിങ്ങളല്ലല്ലോ അമ്പത്തി മൂന്നാം വയസ്സിലെ നിങ്ങൾ. പതിനെട്ടാം വയസ്സിലെ അവളല്ല. അമ്പതാം വയസ്സിലെ അവളും. അനുഭവങ്ങൾകൊണ്ടും ചിന്തകൊണ്ടും പുതിയ രണ്ടുപേരാണ്. അവർക്കെങ്ങനെ പഴയ രണ്ടു പേരുടെ പ്രണയത്തിന്റെ തുടർച്ച സാധ്യമാകും''.

         

മദ്യം മനുഷ്യനെക്കൊണ്ട് സാമാന്യബോധമില്ലാത്ത വർത്തമാനം പറയിക്കുമെന്ന് എനിക്കൊന്നൂടെ മനസ്സിലായ സമയമാണത്. ഡിഅഡിക്ഷൻ സെന്ററിൽ അടുത്തയാഴ്ച പോകുന്ന കാര്യം ഭാര്യയെ ഓർമ്മിപ്പിക്കണമെന്ന് ഞാൻ ഒന്നൂടെ ഉറപ്പിച്ചു. എങ്കിലും അയാളുടെ വർത്തമാനത്തിൽ എന്തോ സങ്കടം മദ്യലഹരിക്ക് മറികടക്കാൻ കഴിയാത്ത കടമ്പയായി ബോധം കെടാതെ നിൽക്കുന്നതായി തോന്നിയതിനാൽ സമയം കളയാൻ ബാക്കി കൂടി കേൾക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

          പീറ്റർ തുടർന്നു.

          ''പുണ്യാളനിൽനിന്ന് ഞാൻ മനസ്സിലാക്കുന്ന കാര്യമാണത്. നഷ്ടമായ ഒരു നിമിഷത്തെ മറ്റൊരു നിമിഷംകൊണ്ട് നികത്താൻ കഴിയില്ല. അതുകൊണ്ട് നിമിഷങ്ങൾ നഷ്ടമാകാതിരിക്കാനാണ് നോക്കേണ്ടത്. ഓരോ നിമിഷവും''.'

          പീറ്റർ ഒരു തുള്ളി മദ്യം നാവിലേക്ക് ഇറ്റിച്ച് കണ്ണടച്ച് നുണഞ്ഞുപറഞ്ഞു.

          ''ഓരോ നിമിഷവും ഓരോ തുള്ളി മദ്യമെന്ന വണ്ണം നുണഞ്ഞ് കടന്നുപോകണം. അപ്പോ പിന്നെ പിൽക്കാലത്ത് സങ്കടപ്പെടേണ്ടി വരില്ല''.

          ഇതൊക്കെ പലയിടത്തും ഞങ്ങൾ കേട്ടിട്ടുള്ളതാണെന്ന് ഞാനോർത്തു. പക്ഷേ ബാറിൽ വെച്ച് ഇത് ആദ്യമായാണ് കേൾക്കുന്നത്.

          'ആൻസമ്മയുടെ കുഞ്ഞ് അവളുടെ ഇരുപത്തി രണ്ടാം വയസ്സിൽ അവൾക്ക് നഷ്ടമായി. നോക്കണം ഒന്നര വയസ്സുള്ള കുഞ്ഞ്. മുപ്പത്തിരണ്ടാം വയസ്സിൽ അവളുടെ മുന്നിൽ ഒരു പത്തു വയസ്സുകാരൻ വന്ന് നിൽക്കുന്നു. അതെങ്ങനെ പകരമാകും. അവൾക്ക് നഷ്ടമായത് ഒന്നര വയസ്സുള്ള കുഞ്ഞിനെയാണ്. അവന് നഷ്ടമായത് ഇരുപത്തിരണ്ട് വയസുള്ള അമ്മയെയും. എങ്ങനെ വന്നാലും രണ്ടു പേർക്കും അവർക്ക് നഷ്ടമായത് ലഭിക്കില്ല.

          പീറ്റർ സങ്കടത്തോടെ പൊട്ടിച്ചിരിച്ചു. എന്തൊരു സങ്കടമാണത്. മനുഷ്യന്റെ ധർമസങ്കടം അതല്ലാതെ മറ്റെന്താണ്''.

          കഥയെഴുത്തിന്റെ കലയിൽ ഷനോജിനുള്ള കയ്യടക്കം തെളിയിക്കുന്ന നിരവധി ഘടകങ്ങളിലൊന്ന് ധ്വനിസാന്ദ്രമായ ഒറ്റവരിവാര്യങ്ങളാണ്.

          ''പുണ്യാളൻ ഇരുന്നിടത്ത് പുണ്യാളനില്ല.

          വാക്കിൽ നിന്നടർന്നു പോയ വസ്തുവിനെ പോലെ അവിടെ ശൂന്യം''.

          ''വേദനിക്കുന്നവനും വേദന തീർന്നവനും തമ്മിൽ വ്യത്യാസമുണ്ട്. രണ്ടും രണ്ടു പേരാണ്''.

          ''മഴ കൊള്ളാതെ തന്നെ അന്ന നനഞ്ഞു നിൽക്കുകയായിരുന്നു''.

          ''പ്രേമം നീരുവറ്റിയാൽ എല്ലാവരും ശവങ്ങളാ. ജീവിച്ചിരിക്കുമ്പോ തന്നെ''.

          ''പെട്ടെന്ന് തുള്ളിക്കൊരുകുടമെന്ന പോൽ മഴ പെയ്യാൻ തുടങ്ങിയതിനാൽ ചോര നിറമായ പമ്പയാറിൽ രക്തത്തുള്ളി നൃത്തം വെക്കാൻ തുടങ്ങി''.

          ''വെളുത്തവാവ് സ്ഫുടം ചെയ്‌തെടുത്തപോലെ ഒരു താറാം മുട്ട''.

          ''തലച്ചോറിനുള്ളിൽ കാരമുള്ളുപോലെ പ്രേമവും കാമവും കനക്കുന്ന വിദ്യയാണ്''.

          നിസ്സംശയം പറയാം, മലയാളചെറുകഥയുടെ കലാപരവും പ്രത്യയശാസ്ത്രപരവുമായ ഭാവുകത്വചരിത്രത്തിന്റെ ഇങ്ങേയറ്റത്താണ് ഈ അഞ്ചുകഥകളും നിലകൊള്ളുന്നത്. തമ്മിൽ വേർപെടുത്താനാവാത്ത വാക്കും വസ്തുവും പോലെ ജലവും ജീവിതവും ഒരൊറ്റവ്യവസ്ഥയായി നിലനിൽക്കുന്ന കുട്ടനാടിന്റെ കാമനാഭൂപടമാണ് ഈ കഥകളുടെ ഭാവഭൂമിക. കുട്ടനാട്ടിലെ സകല ചരാചരജീവബന്ധങ്ങളും ഇവയിലുണ്ട്. മൂർത്തമായിത്തന്നെ. ജലമുക്തമായ ഒരനുഭവവും കുട്ടനാട്ടുകാർക്കില്ല. കുട്ടനാട്ടുകാരുടെ ഒരനുഭവവും ജലമുക്തമല്ല എന്നു തെളിയിക്കുന്നു, 'മീന്റെ വാലേൽ' മുതൽ 'പുണ്യാളൻ' വരെയുള്ള അഞ്ചുകഥകളുടെയും ആഖ്യാനകല. ഉപകഥകളിലൂടെയോ അല്ലാതെയോ കൊളോണിയൽ ചരിത്രങ്ങളും മിത്തുകളും സൃഷ്ടിക്കുന്ന ഭൂതകാലത്തിന്റെ ഉഭയസ്വരൂപം ഈ കഥകളുടെ അടിപ്പടവായി പ്രവർത്തിക്കുന്നു. പ്രത്യക്ഷവും പരോക്ഷവുമായ രാഷ്ട്രീയവും അധികാരവും ഉപരിഘടനകളായും. എല്ലാ കഥകളും ഒരാണിന്റെ ജീവിതത്തിലേക്കാണ് കാമറ തിരിക്കുന്നത്. പക്ഷെ തുല്യനിലയിൽതന്നെ ഓരോ പെണ്ണും അതിൽ കർതൃപദവി കൈവരിച്ചു കടന്നുവരും.

          'മീന്റെ വാലേൽ പൂമാല', 'അരയന്നം', 'ആമ്പൽപ്പാടത്തെ ചങ്ങാടം', 'കുളിക്കടവിലെ രഹസ്യം', 'കാലൊടിഞ്ഞ പുണ്യാളൻ' എന്നീ അഞ്ചു കഥകളിലും പൊലീസ്, ഭരണകൂടത്തിന്റെ അധീക്ഷണരൂപകങ്ങളായി സന്നിഹിതമാകുന്നു. 'അരയന്ന'ത്തിലാകട്ടെ തലമുറകളിൽനിന്നു തലമുറകളിലേക്കു നീളുന്ന കാമായനങ്ങളുടെയും ജാതിവെറിയുടെയും വാഹകർതന്നെ ഒരു പൊലീസ് കുടുംബമാണ്. പകയും ഹിംസയും കരിനിഴൽപോലെ വീണുകിടക്കുന്ന ജലരാശിക്കു മുകളിലാണ് ഈ കഥകളോരോന്നിലും നരജീവിതത്തിന്റെ രക്തോത്സവം നടക്കുന്നത്. ആഭിചാരങ്ങളുടെയും ആസക്തികളുടെയും ചതികളുടെയും ഹത്യകളുടെയും നരകപടങ്ങൾ അവരുടെ നിയോഗങ്ങളായി മാറുകയും ചെയ്യുന്നു.

കഥയിൽനിന്ന്

''അക്കാലത്തുകൊല്ലം കട്ടച്ചിറയടക്കമുള്ള തുരുത്തുകളിലും അഷ്ടമുടിയുടെ തീരങ്ങളിലും പിള്ളാരെപ്പിടുത്തക്കാർ വരുമായിരുന്നു. മുഷിഞ്ഞ വസ്ത്രവും നനഞ്ഞൊട്ടിയ വയറും കൈയിലെ അലുമിനിയം കിണ്ണവുമായി പിള്ളാരെപ്പിടുത്തക്കാർ ഭിക്ഷ ചോദിക്കാൻ വരും. കായൽതീരത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കിടയിലൂടെയും വീട്ടുമിറ്റങ്ങളിൽ ഒറ്റയ്ക്കും കൂട്ടമായും ഇരിക്കുന്ന കുഞ്ഞുങ്ങൾക്കുമിടയിലൂടെയും പിള്ളാരെപ്പിടുത്തക്കാർ ഓരോ വീട്ടുവാതിൽക്കലും മുട്ടി എന്തേലും തരണേ എന്ന് പറയും. ദയ തോന്നുന്ന വീട്ടമ്മമാർ പാൽ നൽകിക്കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ തൽക്കാലം വീട്ടുതിണ്ണയിൽ പുൽപ്പായയിൽ കിടത്തി അകത്തേക്ക് പോകും. പിള്ളാരെപ്പിടുത്തക്കാർക്ക് നൽകാൻ നാഴിയിൽ നിറച്ച് അരിയോ നെല്ലോ അല്ലേൽ ഒരു കിണ്ണം ചോറോ ആയി മടങ്ങി വരും.

          ''ആ സമയം പുറത്തുകിടക്കുന്ന കുഞ്ഞോ?''

          ത്രേസി ഭയപ്പാടോടെ ഒന്ന് ആഞ്ഞ് പീറ്ററിനോട് ചോദിച്ചു.

          പിള്ളാരെപ്പിടുത്തക്കാർക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണ്. അവരുടെ കൈയിൽ പഴയ പോത്തണ്ടി മുട്ടായി, ഏഴ് നിറമുള്ള പോപ്പിൻസ്, പാലൈസ് എന്നിവ കാണും. മയക്കി അവർക്ക് പിന്നാലെ പോകാൻ തോന്നിക്കുന്ന കാന്തം പോലത്തെ മധുരങ്ങൾ മുഷിഞ്ഞ സഞ്ചിയിൽ നിറച്ചാണ് പിള്ളാരെപ്പിടുത്തക്കാർ വാതിൽക്കൽ നിൽക്കുക. അമ്മമാരുടെ ഒരു നോട്ടപ്പിശകിൽ മധുരം വായിലെത്തിയാൽ കുഞ്ഞുങ്ങൾ പിള്ളാരെപ്പിടുത്തക്കാരുടെ പിന്നാലെ പോകും. അഷ്ടമുടി കടക്കാൻ കഴിഞ്ഞാൽ കുഞ്ഞുങ്ങൾ പിള്ളാരെപ്പിടുത്തക്കാരുടേതാകും.

         

അവർ കുഞ്ഞുങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിക്കും. കാലും കൈയുമൊടിച്ച് വികലാംഗരാക്കും. പള്ളിപ്പെരുന്നാളുകൾക്ക് ഭിക്ഷ തെണ്ടിക്കാൻ റോഡിന്മേൽ കൊണ്ടു കിടത്തും. എത്ര കുഞ്ഞുങ്ങളാണെന്നോ അക്കാലത്ത് പിള്ളാരെപ്പിടുത്തക്കാരുടെ വലയിൽ കുടുങ്ങി അഷ്ടമുടിക്ക് അക്കരേക്ക് കൊല്ലത്തൂന്ന് ഒരുപ്പോക്ക് പോയത്.

          ഇത് പറഞ്ഞപാടെ പീറ്റർ പുണ്യാളനെ മടീന്നെടുത്ത് നെഞ്ചിൽ ഒന്നൂടെ കനത്തിൽ അടക്കിപ്പിടിച്ചു. ശ്വാസം വേഗത്തിലാക്കി. അയാളെ ആശ്വസിപ്പിക്കാനെന്നവണ്ണം ത്രേസി ഇടതു കൈ അയാളുടെ തുടയിൽ വെച്ചു. അയാൾ പറഞ്ഞു.

          ഞാനന്ന് അഷ്ടമുടിയിൽ മീൻപിടുത്തമാണ്. കായലിൽ മുങ്ങിപ്പൊങ്ങുമ്പോഴൊക്കെയും വീട്ടുവാതിൽക്കലെ എന്റെ ഒന്നര വയസുള്ള കുഞ്ഞിനെയും എന്റെ ആൻസമ്മയെയും കാണാം. അതിങ്ങനെയായിരുന്നു. ഒന്നു കുഞ്ഞിനെ കാണും. എന്നിട്ട് ജലത്തിന്റെ ആഴത്തിലേക്ക് ഞാൻ ഊളിയിടും. കുമിളകൾക്കു പിന്നാലെ ജലത്തിന് മേലേക്ക് പൊങ്ങി വരുമ്പോൾ കുഞ്ഞു ചിരിക്കുന്നത് നോക്കി ഞാനും ചിരിക്കും. അവന്റെ സന്തോഷനൃത്തത്തിൽ വെള്ളം തട്ടിത്തെറിപ്പിച്ച് മനസ് നിറഞ്ഞ് പിന്നേം മുങ്ങും. പൊങ്ങുമ്പോൾ പിന്നേം അവനെ കാണും. ഇങ്ങനെ.

          ഒരു മുങ്ങലിന്റെ മുമ്പുള്ള ഇടവേള. താഴെ മുട്ടാത്ത ജലത്തിൽ പക്ഷിച്ചിറകുകൾപോലെ കൈകാലുകൾ ഇളക്കിക്കൊണ്ട് ഞാൻ അവനെയും ആൻസമ്മയെയും നോക്കിച്ചിരിക്കുകയാണ്. ഞാൻ രണ്ടാമതും മുങ്ങി നിവർന്നു. അപ്പോൾ കരയിൽ കാണാവുന്നത് പഴകിയ വസ്ത്രം ധരിച്ച ഒരാൾ എന്റെ വീട്ടുമുറ്റത്തേക്ക് കയറി വരുന്നതാണ്. ആൻസമ്മ കുഞ്ഞിന്റെ കൂടെയുണ്ടല്ലോ. ആൻസമ്മയോട് അയാൾ എന്തോ പറയുകയാണ്. കുഞ്ഞ് അയാളെ നോക്കി കൗതുകത്തോടെ ചിരിക്കുകയാണ്. അത് ഭിക്ഷ യാചിച്ചു വന്ന ഒരു പിള്ളാരെപ്പിടുത്തക്കാരനാണെന്ന് ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി. ഞാനാ വിവരം കണ്ണുകളിലൂടെ ആൻസമ്മയോട് അതീവ രഹസ്യമായി പങ്കുവെച്ചു..

          കാലങ്ങളായി അഷ്ടമുടിയുടെ തീരത്ത് കാണാതെ പോയ കുഞ്ഞുങ്ങൾ എവിടെയെന്ന് കണ്ടെത്താനുള്ള അസുലഭ സൗഭാഗ്യം ഞങ്ങളെ തേടിയെത്തിയതായി എനിക്ക് മനസ്സിലായി. പിള്ളാരെപ്പിടുത്തക്കാരുടെ സംഘത്തിൽപ്പെട്ടവനാണ് എന്റെ വീട്ടുമുറ്റത്ത് നിൽക്കുന്നതെങ്കിൽ നിമിഷത്തിൽ അത് വെളിവാകും. അതെങ്ങനെയെന്ന് വച്ചാൽ ഭിക്ഷ എടുക്കാൻ ആൻസമ്മ അകത്തേക്ക് പോകുമ്പോൾ ഞാൻ ജലത്തിൽനിന്ന് മുങ്ങി നിവരും. മിറ്റത്തെ മനുഷ്യരില്ലാത്ത മൗനം മുതലാക്കി കുഞ്ഞിനെ കൊണ്ടുപോകാൻ പിള്ളാരെപ്പിടുത്തക്കാരൻ തുനിഞ്ഞാൽ കായലിൽ കിടക്കുന്ന ഞാനത് കാണും. ബാക്കി ഞാൻ പറയേണ്ടല്ലോ.

          അവൾ അകത്തേക്കു പോയപ്പോൾ കായലിലെ സന്ധ്യയിൽ കണ്ണു കൂർപ്പിച്ച് പിള്ളാരെപ്പിടുത്തക്കാരനെ നോക്കി വെള്ളം അനക്കാതെയും ഓളം വരാതെന്നും ഞാൻ നിന്നു. പിള്ളാരെപ്പിടുത്തക്കാരൻ കുഞ്ഞിന്റെ അരികിലേക്ക് നടന്നു ചെന്നു.

          അയാൾ അവന്റെ കവിളിൽ വാത്സല്യത്തോടെ പിടിച്ചു. എന്റെ കുഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു.

          ഒന്നു രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ ആൻസമ്മ അകത്തുനിന്നും മടങ്ങിവന്നു. അയാൾ നീട്ടിയ അലൂമിനിയം കിണ്ണത്തിൽ അരി നിറച്ചു നൽകി അവൾ എത്തിയ ആശ്വാസത്തിൽ ഞാൻ അടുത്ത മുങ്ങ് മുങ്ങി.

          ഇപ്പോൾ കുഞ്ഞിന്റെ അടുത്ത് അവളുണ്ട്.

          വെള്ളത്തിനടിയിൽ ശ്വാസം മുട്ടി ഞാനും.

          കുറച്ചു നേരം ജലത്തിന്റെ ആഴത്തിൽ പായലും ചെടിയും മീനും കണ്ടും സ്ഫടികം പോലത്തെ വെളിച്ചത്തിൽ കണ്ണു മിഴിച്ച് നോക്കിയും രുചിയുള്ള വെള്ളം കുടിച്ചും ശ്വാസം പൊട്ടി ത്തെറിക്കുന്നതിന്റെ അതിരുവരെയെത്തി ഇപ്പോ ചാകുമെന്ന തോന്നൽ വന്ന നിമിഷത്തിന്റെ അങ്ങേത്തലയ്ക്കൽ വെച്ച് ഞാൻ മുകളിലേക്കുയർന്നു. വെള്ളം തട്ടിത്തെറിപ്പിച്ച് മുകളിലേക്ക് പൊങ്ങി.

          ആഞ്ഞ് ശ്വാസം വലിച്ചു.

          മിറ്റത്ത് കുഞ്ഞില്ല.

          അടുത്ത നിമിഷത്തിൽ വീടിന്റെ അകത്തുനിന്നും ആൻസമ്മ വെളിയിലേക്കിറങ്ങി വന്നു.

          കുഞ്ഞേന്ന് വിളിച്ചു.

          ഞാനുമപ്പോൾ കുഞ്ഞേന്ന് വിളിച്ചു.

          കുഞ്ഞിനെ നിങ്ങൾ നോക്കുന്നില്ലാരുന്നോന്ന് ആൻസമ്മ വിളിച്ചുചോദിച്ചു.

          നിന്റെ കൈയിൽ ഇരിക്കുന്നത് കണ്ടല്ലേ ഞാൻ മുങ്ങിയതെന്ന് ഞാനും ചോദിച്ചു.

          ഞാൻ നീന്തി കരയ്ക്കു കയറി. തീരത്തും തുരുത്തിലും മുഴുവൻ കരഞ്ഞുകൊണ്ട് പിള്ളാരെപ്പിടുത്തക്കാരനെയും കുഞ്ഞിനെയും തിരഞ്ഞു. ഞാനും അവളും പാതിരാകഴിഞ്ഞും ഭ്രാന്ത് പിടിച്ച് ഓടി. തുരുത്തിലെ മനുഷ്യർ മുഴുവൻ ഞങ്ങൾക്കൊപ്പം പാഞ്ഞു. കര മുഴുവൻ നോക്കിയതു പോരാഞ്ഞ് വെള്ളത്തിൽ കഴുക്കോൽ കുത്തിയും നോക്കി. എന്റെ കുഞ്ഞിന്റെ പൊടിയില്ല.

          നീ വന്നു കഴിഞ്ഞാണല്ലോ ഞാൻ മുങ്ങിയത്. ഞാൻ ആൻസമ്മയോട് ദേഷ്യപ്പെട്ടു.

          നിങ്ങൾ പൊങ്ങിക്കഴിഞ്ഞാണ് ഞാൻ അകത്തേക്ക് പോയത്. അവൾ തളർന്നു പറഞ്ഞു.

          ഒരു നോട്ടപ്പിശകിൽ ധാരണയില്ലായ്മയിൽ ഞങ്ങൾക്കിടയിൽനിന്നും സന്തോഷം അടർന്നുപോയി. ഒന്ന് ശ്രദ്ധ തെറ്റിയാൽ നമുക്ക് നഷ്ടമാകുന്നതെന്താണെന്ന് നോക്കിക്കേ. അശ്രദ്ധ യുടെ കൂടെയുണ്ട് നമ്മുടെ ദുഃഖം. ഒരു നിമിഷംപോലും ശ്രദ്ധയില്ലാതെ പോകരുത്.

          തെല്ലുനേരം പീറ്റർ ഇരുട്ടിലേക്ക് നോക്കി എന്റെ കുഞ്ഞെന്ന് വിതുമ്പി പുണ്യാളന്റെ നെറ്റിയിൽ ചുംബിച്ചു.

          ''പിന്നെ കുഞ്ഞിനെ തിരക്കി എങ്ങും പോയില്ലേ. എന്തേലും വിവരമുണ്ടായോ''.

          ത്രേസിക്കും സങ്കടം വന്നു.

          ''പിള്ളാരെപ്പിടുത്തക്കാർ സാധാരണ കടപ്രാ സാവിയോ പുണ്യാളന്റെ പെരുന്നാളിന് വരാറുണ്ട്''.

പീറ്റർ പറഞ്ഞു: ''അക്കൂട്ടത്തിൽ പൊള്ളിച്ചും കൈയും കാലുമൊടിച്ചും കണ്ണുപൊട്ടന്മാരുമാക്കി മാറ്റിയ കുഞ്ഞുങ്ങളെയും അവർ കൊണ്ടിരുത്തും. പള്ളിപ്പാലം മുഴുവനും കടപ്രാ ബോട്ട് ജെട്ടി വരെയും ഭിക്ഷ ചോദിക്കുന്ന  കുഞ്ഞുങ്ങളെയും പിള്ളാരെപ്പിടുത്തക്കാരെയും കാണാം''.

          ''തൊട്ടടുത്ത വർഷം അക്കൂട്ടത്തിൽ എന്റെ കുഞ്ഞുണ്ടോ എന്ന് തിരക്കി കട്ടച്ചിറയിൽനിന്ന് ഞാൻ തീർത്ഥാടനത്തിന് വന്നു. അവനെ കണ്ടില്ല. പിന്നെ എല്ലാ വർഷവും ഞാൻ വരാറുണ്ട്''.

          ഒന്ന് ശ്വാസം ആഞ്ഞു വലിച്ച് പീറ്റർ പറഞ്ഞു.

          പത്താം വർഷം ഒരു പത്തു പതിനൊന്നു വയസ്സുള്ള പയ്യനെ കണ്ടപ്പോൾ എനിക്ക് എന്റെ കുഞ്ഞിനെപ്പോലെ തോന്നി.

          സെന്റ് ജോർജ് ഓഫ്‌സെറ്റ് പ്രസിനു മുന്നിൽ അന്നുണ്ടായിരുന്ന എസ് ടി ഡി ബൂത്തിൽനിന്ന് ഞാൻ ആൻസമ്മയെ വിളിച്ചു.

          ''ദേണ്ടേടീ നമ്മുടെ കുഞ്ഞ് എന്നോട് പിച്ച ചോദിക്കുന്നു''.

          ''ആണോ?''

          അവൾ കരഞ്ഞു. ''അവനെ തോളിലിട്ടോണ്ട് പെട്ടെന്നിങ്ങു വാ....''

          ''തോളിലിടാനോ അവന് പത്ത് പതിനൊന്നു വയസായി. ആണൊരുത്തനായി''.

          ''അതെങ്ങനെ?'' അവൾ കരച്ചിൽ നിർത്തി.

          ''നമ്മുടെ കുഞ്ഞിന് ഒന്നര വയസല്ലേയുള്ളൂ....''

          ''പത്തു വർഷമായില്ലേ ആൻസമ്മേ അവനെ കാണാതായിട്ട്....''

          ''ഒന്നര വയസ്സുള്ള കുഞ്ഞിനെയാണ് എനിക്കു പോയത്. എനിക്കവനെ വേണം''. ആൻസമ്മ എന്നോട് കട്ടായം പറഞ്ഞു.

          അതോടുകൂടി എന്റെ അന്വേഷണം അവസാനിപ്പിച്ചു. അവളുടെ ആ പറച്ചിൽ ജീവിതത്തിൽ എന്തെങ്കിലും സാഹസികമായ കാര്യം ചെയ്താലേ നമ്മൾ അടയാളപ്പെടൂ എന്ന ഒരു തോന്നലിൽ എന്നെക്കൊണ്ടെത്തിച്ചു. എന്തുകൊണ്ടാണ് അങ്ങനെ തോന്നിയതെന്നു വച്ചാൽ അങ്ങനെ എനിക്കങ്ങ് തോന്നി. ഐതിഹ്യങ്ങളിൽ ഇടപെടുന്ന സാഹസികകാര്യങ്ങളിൽ ഏർപ്പെടുന്ന ഒരു ഗൂഢസംഘത്തിൽ ഞാനംഗമായി.'' 

കാലൊടിഞ്ഞ പുണ്യാളൻ
ഷനോജ് ആർ. ചന്ദ്രൻ
ഡി.സി. ബുക്‌സ്
2022, 180 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP