Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

അദാനി എത്ര പണം ബിജെപിക്ക് ഇലക്ടറൽ ബോണ്ടായി നൽകി? മോദി സന്ദർശിച്ച രാജ്യങ്ങളിൽ നിന്നും അദാനി എത്ര കരാറുകൾ നേടി? എല്ലാം വെട്ടിപ്പിടിക്കാൻ ഒരു വ്യവസായിക്ക് എങ്ങനെ കഴിയുന്നു? മൂന്ന് ചോദ്യങ്ങളുമായി പാർലമെന്റിൽ കത്തിക്കയറി രാഹുൽ ഗാന്ധി; മോദി- അദാനി വിമാനയാത്രയുടെ ചിത്രവും ഉയർത്തിക്കാട്ടി; നേതാക്കൾക്കും അണികൾക്കും ആവേശമായി രാഹുലിന്റെ 'പുതിയ മുഖം'

അദാനി എത്ര പണം ബിജെപിക്ക് ഇലക്ടറൽ ബോണ്ടായി നൽകി? മോദി സന്ദർശിച്ച രാജ്യങ്ങളിൽ നിന്നും അദാനി എത്ര കരാറുകൾ നേടി? എല്ലാം വെട്ടിപ്പിടിക്കാൻ ഒരു വ്യവസായിക്ക് എങ്ങനെ കഴിയുന്നു? മൂന്ന് ചോദ്യങ്ങളുമായി പാർലമെന്റിൽ കത്തിക്കയറി രാഹുൽ ഗാന്ധി; മോദി- അദാനി വിമാനയാത്രയുടെ ചിത്രവും ഉയർത്തിക്കാട്ടി; നേതാക്കൾക്കും അണികൾക്കും ആവേശമായി രാഹുലിന്റെ 'പുതിയ മുഖം'

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധിക്ക് പുതിയമുഖം കൈവന്നു എന്നാണ് നേതാക്കളും അണികളും ഒരുപോലെ പറയുന്നത്. ഗൗതം അദാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം എല്ലാവർക്കും നന്നായി അറിയാവുന്ന കാര്യമാണെങ്കിലും ഈ ബന്ധം അദാനി എങ്ങനെയാണ് ബിസിനസ് വളർച്ചക്ക് ഉപയോഗിച്ചത് എന്ന് അക്കമിട്ട് നിരത്തുകയായിരുന്നു രാഹുൽ ഗാന്ധി ഇന്നലെ പാർലമെന്റിൽ. ഷാർപ്പായ ചോദ്യങ്ങളുമായി രാഹുൽ കോൺഗ്രസ് എംപിമാർക്കും ആവേശം നൽകി. മറ്റൊരു വ്യവസായിക്കും കിട്ടാത്ത പിന്തുണ സർക്കാറിൽ നിന്നും ലഭിക്കുന്നതിനെ കുറിച്ച് രാഹുൽ അക്കമട്ട് പറഞ്ഞു.

സർക്കാർ ഒത്താശയില്ലാതെ ഒരു വ്യവസായിക്ക് ചുരുങ്ങിയ കാലം കൊണ്ട് ലോകത്ത് രണ്ടാമത്തെ അതിസമ്പന്നനായി അപാരവളർച്ച നേടാനാവില്ല. പ്രധാനമന്ത്രിക്ക് അദ്ദേഹവുമായുള്ള ബന്ധം എന്താണെന്ന് രാജ്യം അറിയേണ്ടതുണ്ട് -രാഹുൽ സഭയിൽ പറഞ്ഞു. പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി സഭയിൽ ഉന്നയിച്ചത്. ഒരു ഘട്ടത്തിൽ അദാനി-മോദി ബന്ധത്തിന്റെ ചിത്രങ്ങളും രാഹുൽ ഉയർത്തിക്കാട്ടി.

1 ഗൗതം അദാനിയെ കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രതവണ വിദേശയാത്ര നടത്തി എത്രതവണ അദാനി പിന്നാലെ എത്തി മോദി സന്ദർശിച്ചുമടങ്ങിയ രാജ്യത്തേക്ക് പിന്നാലെ അദാനി പോയത് എത്രതവണ മോദിയുടെ സന്ദർശനശേഷം ഓരോ രാജ്യത്തുനിന്നും അദാനി എത്ര കരാറുകൾ നേടി

2 കഴിഞ്ഞ 20 വർഷത്തിനിടയിൽ അദാനി എത്ര പണം ബിജെപിക്ക് ഇലക്ടറൽ ബോണ്ടായും മറ്റും നൽകി

3 തുടങ്ങിവെക്കുന്ന ഒരു സംരംഭത്തിൽപോലും തോൽക്കാതെ എല്ലാം വെട്ടിപ്പിടിക്കാൻ ഒരു വ്യവസായിക്ക് എങ്ങനെ കഴിയുന്നു

പ്രധാനമന്ത്രി ഓരോ വിദേശയാത്ര നടത്തുമ്പോഴും അദാനിക്ക് പുതിയ കരാർ എന്നതാണ് ബിജെപി സർക്കാരിന്റെ വിദേശ നയം. മോദി എങ്ങോട്ടുപോകുമ്പോഴും അദാനി കൂടെ പോകുകയോ അവിടെയെത്തുകയോ ചെയ്യും. ബംഗ്ലാദേശിലും ശ്രീലങ്കയിലും ഇങ്ങനെ കരാറുകൾ കിട്ടി. ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ 90% അദാനിക്കാണു കിട്ടിയതെന്നതു നിഷേധിക്കാമോയെന്ന് ആരോപണങ്ങളിൽ പ്രതിഷേധിച്ച ഭരണപക്ഷ എംപിമാരോടു രാഹുൽ ചോദിച്ചു.

2014 ൽ ലോകസമ്പന്നരിൽ 609ാം സ്ഥാനത്തുണ്ടായിരുന്ന അദാനി 8 വർഷം കൊണ്ട് രണ്ടാമതെത്തിയതിനു പിന്നിൽ ഈ കൂട്ടുകെട്ടാണ്. അദാനി 5000 കോടി ഡോളറിന്റെ ഗ്രീൻ ഹൈഡ്രജൻ പദ്ധതി പ്രഖ്യാപിക്കുന്നതിനു പിന്നാലെ ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ ഗ്രീൻ ഹൈഡ്രജൻ മേഖലയിലെ നിക്ഷേപത്തിന് ഇളവുകൾ പ്രഖ്യാപിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ വ്യവസായി ബന്ധത്തെക്കുറിച്ച് ഹാർവഡ് സർവകലാശാലയ്ക്കു പഠനം നടത്താം. മോദിക്കു സ്വർണ മെഡലും കൊടുക്കാമെന്നു രാഹുൽ പരിഹസിച്ചു.

രാഹുൽ അക്കമിട്ട് പറഞ്ഞ കാര്യങ്ങൾ

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നകാലത്ത് തുടങ്ങിയതാണ് അദാനിബന്ധം. ഗുജറാത്ത് പുനരുദ്ധാന പരിപാടി പ്രഖ്യാപിച്ച മോദിക്ക് ഉറച്ച പിന്തുണ നൽകി വിശ്വസ്തവിധേയനായി അദാനി പിന്നിൽ നിന്നു. പിന്നീടങ്ങോട്ട് അദാനി വലിയ വ്യവസായവളർച്ച നേടുന്നതാണ് കണ്ടത്. 2014ൽ മോദി പ്രധാനമന്ത്രിയായതുതൊട്ടാണ് യഥാർഥ മാജിക്. ആഗോളവ്യവസായികളുടെ പട്ടികയിൽ 609 -ാം സ്ഥാനത്തു നിന്ന അദാനി എട്ടു വർഷം കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുകയറി. 2014നും 2022നുമിടയിലെ ചുരുങ്ങിയ കാലംകൊണ്ട് അദാനിയുടെ ആസ്തി 800 കോടി ഡോളറിൽനിന്ന് 14,000 കോടി ഡോളറായി പെരുകി.

അദാനിക്ക് വളർച്ചയും ലാഭവും നേടാൻ സർക്കാർ നയങ്ങളും ചട്ടങ്ങളും പൊളിച്ചെഴുതി. വൈദഗ്ധ്യമുള്ള കമ്പനികൾക്കല്ലാതെ വിമാനത്താവള നടത്തിപ്പ് നൽകില്ലെന്നചട്ടം അദാനിക്കുവേണ്ടി തിരുത്തി. ഈ രംഗത്ത് ഒരു പരിചയവും അവകാശപ്പെടാൻ കഴിയാത്ത അദാനിയുടെ പക്കലാണ് ഇന്ന് ലാഭകരമായ നിരവധി വിമാനത്താവളങ്ങൾ. മുംബൈ വിമാനത്താവളം തട്ടിയെടുത്തത് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചാണ്. വിമാനനിരക്കുകളിൽനിന്ന് 31 ശതമാനം വരുമാനവും അദാനിക്ക് കിട്ടുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

പ്രതിരോധരംഗത്ത് അദാനി ആരുമായിരുന്നില്ല. വൈദഗ്ധ്യവും ഇല്ല. എന്നാൽ, പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സിനെയും പിന്തള്ളി സേനക്കുവേണ്ട ഡ്രോണുകൾ നിർമ്മിക്കാനുള്ള കരാർ ഇപ്പോൾ അദാനിക്കാണ്. മോദി ഒരുവട്ടം ഇസ്രയേലിൽ പോയിവന്നശേഷം അവിടത്തെ വിമാനത്താവളങ്ങളുടെ വിപണിവിഹിതത്തിൽ 30 ശതമാനവും അദാനിക്കായി.

വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം അദാനിയുടെ വളർച്ചക്ക് ദുരുപയോഗിക്കുന്നു. ഇത് നമ്മുടെ വിദേശനയത്തിന് വിരുദ്ധമാണ്. ഇന്ത്യ-ബംഗ്ലാദേശ് വൈദ്യുതിവിതരണ കരാർ അദാനിക്കാണ്. കാറ്റിൽനിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി അദാനിക്ക് നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മർദംചെലുത്തിയെന്നാണ് ശ്രീലങ്കയിൽനിന്ന് ഉയർന്ന ആരോപണം.

പൊതുമേഖല സ്ഥാപനങ്ങൾ അദാനിയെ കൈയയച്ച് സഹായിക്കുന്നു. അദാനിയേയും കൂട്ടി മോദി ആസ്‌ട്രേലിയയിൽ പോയിവന്നശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 100 കോടി ഡോളറിന്റെ വായ്പയാണ് അദാനിക്ക് നൽകിയത്. നിക്ഷേപകരുടെ സഹസ്ര കോടികൾ എൽ.ഐ.സി അദാനിക്കമ്പനികളിൽ നിക്ഷേപിക്കുന്നു. ബാങ്ക് ഓഫ് ബറോഡ തുടങ്ങി നിരവധി ബാങ്കുകൾ അദാനി കമ്പനികൾക്ക് നിർലോഭം വായ്പ നൽകുന്നു. ഗ്രീൻ ഹൈഡ്രജന്റെയും മറ്റും പേരിലുള്ള പുതിയ ബജറ്റ് നിർദേശങ്ങളുടെ പ്രധാന ഗുണഭോക്താവ് അദാനിയാണ്.

ഷെൽ കമ്പനികളിലൂടെ അദാനി കമ്പനികളിലേക്ക് പണമെത്തുന്നത് ഹിൻഡൻബർഗ് റിപ്പോർട്ടിനു ശേഷവും അന്വേഷിക്കുന്നില്ല. മൊറീഷ്യസിൽനിന്നും മറ്റുമായി അദാനി കമ്പനികളിലേക്ക് ഒഴുകുന്ന നിക്ഷേപം ആരുടെ പണമാണെന്ന് സർക്കാർ അന്വേഷിക്കുന്നില്ല. ദേശസുരക്ഷ വിഷയമുള്ള തന്ത്രപ്രധാന മേഖലകളിൽ അടക്കം വലവിരിച്ച അദാനി കമ്പനികളിലേക്ക് പുറത്തുനിന്ന് എങ്ങനെ പണം വരുന്നു, ആരുടെ പണമാണ് എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നില്ല.

മോദിയുടെ മറുപടി ഇന്ന്

അതേസമയം ബജറ്റ് ചർച്ചകൾക്ക് മേലുള്ള മറുപടി ചർച്ചയിൽ ഇന്ന് പ്രധാനമന്ത്രി മറുപടി നൽകും. അദാനി വിഷയത്തിൽ പ്രക്ഷോഭത്തിലായിരുന്ന പ്രതിപക്ഷം രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ സഹകരിച്ചെങ്കിലും തുടർന്ന് ഭരണപക്ഷവുമായി നിരന്തരം കൊമ്പുകോർത്തിരുന്നു. നന്ദിപ്രമേയം അവതരിപ്പിച്ച ബിജെപി അംഗം സി.പി.ജോഷിയുടെ പ്രസംഗത്തിലെ പല പരാമർശങ്ങളും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

പ്രസംഗത്തിനിടെ ജോഷി 'സതി'യുമായി ബന്ധപ്പെട്ടു നടത്തിയ ചില പരാമർശങ്ങൾ സഭ നിർത്തിവയ്ക്കുന്നതിലേക്കെത്തിച്ചു. അരമണിക്കൂറോളം നിർത്തിവച്ച ശേഷം സ്പീക്കർ ജോഷിയെ ചേംബറിലേക്കു വിളിപ്പിച്ചു നിർദേശങ്ങൾ നൽകി. തുടർന്ന് സഭാനടപടികൾ പുനരാരംഭിച്ചു. എൻസിപിയുടെ സുപ്രിയ സുളെ, ഡിഎംകെയുടെ കനിമൊഴി, എ.രാജ എന്നിവർ ജോഷി പറയുന്നത് അസംബന്ധങ്ങളാണെന്നും സ്ത്രീവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണെന്നും ആരോപിച്ച് നടുത്തളത്തിലേക്കിറങ്ങി. പിന്നാലെ എല്ലാ യുപിഎ അംഗങ്ങളും കുതിച്ചെത്തി. രാജയും ടി.എൻ.പ്രതാപനും ട്രഷറി ബെഞ്ചുകളിലേക്ക് കൈ ചൂണ്ടി ആക്രോശിച്ച് കയറിയപ്പോൾ തടയാൻ ബിജെപി അംഗങ്ങളും എഴുന്നേറ്റു.

പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും സഹമന്ത്രി അർജുൻ റാം മേഘ്വാളും ചേർന്ന് ഇരുപക്ഷക്കാരെയും പിന്തിരിപ്പിച്ചു. ജോഷി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് മുതിർന്ന അംഗങ്ങൾ അദ്ദേഹത്തോട് ചോദിക്കുന്നുണ്ടായിരുന്നു. ചിലർ ജോഷിയെ അഭിനന്ദിക്കുകയും ചെയ്തു. പ്രതിപക്ഷാംഗങ്ങളെല്ലാം അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിലൂന്നിയാണ് പ്രസംഗിച്ചത്. അതിൽ ക്ഷുഭിതരായ ട്രഷറി അംഗങ്ങൾ നിരന്തരം ബഹളമുണ്ടാക്കി. രാഹുൽ ഗാന്ധിയും ടിഎംസി അംഗം മഹുവ മൊയ്ത്രയും കത്തിക്കയറിയതോടെ ബഹളം മൂർഛിച്ചു. ബിജെപിക്കു വേണ്ടി പ്രതിരോധമൊരുക്കിയ നിഷികാന്ത് ദുബെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും അദാനിയും ഒരുമിച്ചുള്ള ചിത്രമുയർത്തിയെങ്കിലും ചെയറിലുണ്ടായിരുന്ന എൻ.കെ.പ്രേമചന്ദ്രൻ തടഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP