Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

അയർലൻഡും നോർവേയും സ്‌പെയിനും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതോടെ സമാധാന ചർച്ചകളിൽ അമേരിക്കയുടെ സ്വാധീനം ക്ഷയിക്കുന്നു; ഫലസ്തീൻകാർക്ക് യുഎസിന്റെ മധ്യസ്ഥ റോളിൽ അവിശ്വാസം; മൂന്നുയൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം ഇസ്രയേലിന് തിരിച്ചടി

അയർലൻഡും നോർവേയും സ്‌പെയിനും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതോടെ സമാധാന ചർച്ചകളിൽ അമേരിക്കയുടെ സ്വാധീനം ക്ഷയിക്കുന്നു; ഫലസ്തീൻകാർക്ക് യുഎസിന്റെ മധ്യസ്ഥ റോളിൽ അവിശ്വാസം; മൂന്നുയൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം ഇസ്രയേലിന് തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

ജറുസലേം: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് അയർലൻഡും, നോർവേയും, സ്‌പെയിനും. ഗസ്സയിൽ, ഇസ്രയേൽ-ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടുനിൽക്കുന്ന സമയത്താണ് തീരുമാനം. ഇതോടെ, അയർലൻഡിലേക്കും, നോർവേയിലേക്കും ഉള്ള അംബാസഡർമാരെ ഇസ്രയേൽ തിരിച്ചുവിളിച്ചു.

' അയർലൻഡിനും. നോർവേക്കും ഞാൻ വ്യക്തമായ സന്ദേശം നൽകുകയാണ്. ഇസ്രയേലിന്റെ പരമാധികാരത്തെയും, സുരക്ഷയെയും അപകടത്തിലാക്കുന്നവരോട് ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല'. ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാട്‌സ് പറഞ്ഞു. ഫലസ്തീനെ സ്വതന്ത്രരാജ്യമായി മെയ് 28 മുതൽ അംഗീകരിക്കുമെന്നാണ് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രഖ്യാപിച്ചത്. സ്പാനിഷ് ജനതയുടെ അഭിപ്രായം കണക്കിലെടുത്താണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.സ്‌പെയിനിനും ഇസ്രയേലിന്റെ മുന്നറിയിപ്പ് വന്നിട്ടുണ്ട്.

തങ്ങളുടെ തീരുമാനം ഇസ്രയേലിന് എതിരല്ലെന്നും സമാധാനത്തിന് വേണ്ടിയാണെന്നും സ്‌പെയിൻ പ്രതികരിച്ചു. തീരുമാനം ഫലസ്തീൻ സ്വാഗതം ചെയ്തു. ഐക്യരാഷ്ട്ര സഭയിലെ 140 രാജ്യങ്ങളാണ് ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുള്ളത്. മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ കൂടി ഈ കൂട്ടത്തിൽ ചേർന്നിരിക്കുകയാണ്. രക്ഷാകൗൺസിലിലെ അംഗങ്ങളായ അമേരിക്കയും ബ്രിട്ടനും ഇതുവരെ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല.

രണ്ട് രാഷ്ട്രമെന്നത് മാത്രമാണ് പ്രശ്‌നത്തിന് പരിഹാരമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. അങ്ങനെ പശ്ചിമേഷ്യയിൽ സമാധാനമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നാണ് നോർവെയുടെ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോയർ പറഞ്ഞത്.

എന്നാൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക, ഹമാസിനെ തകർക്കുക, ഹമാസ് ബന്ദികളാക്കിയവരെ നാട്ടിലെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻയ്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ വാറണ്ടുകൾ പുറപ്പെടുവിക്കാൻ സാഹചര്യം ഒരുങ്ങിയിരിക്കെയാണ് മൂന്നു രാജ്യങ്ങൾ ഫാലസ്തീനെ അംഗീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ദക്ഷിണാഫ്രിക്കയുടെ മുൻകൈയിൽ ഇസ്രയേലിന് എതിരെ അന്വേഷണം നടക്കുന്നുണ്ട്. മൂന്നുയൂറോപ്യൻ രാജ്യങ്ങൾ കൂടി ഫലസ്തീനെ അംഗീകരിക്കുകയെന്നാൽ നയതന്ത്രപരമായി ഇസ്രയേൽ കൂടുതൽ ഒറ്റപ്പെടുന്നുവെന്നാണ് അർഥം. നെതൻയ്യാഹു മന്ത്രിസഭയിൽ തന്നെ വിള്ളലുകൾ വലുതാകുകയാണ്. എത്രനാൾ സർക്കാർ അതിജീവിക്കുമെന്ന് കണ്ടറിയണം.

2024 ൽ സ്വീഡനാണ് ഇസ്രയേലിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യം. സ്വീഡനും, നോർവേയും, അയർലൻഡും, സ്‌പെയിനുമെല്ലാം ദീർഘനാളായി ഫലസ്തീൻകാരോട് അനുഭാവം പ്രകടിപ്പിക്കുന്നവരാണ്. യുകെയും ഫലസ്തീനെ അംഗീകരിക്കുന്നത് പരിഗണിക്കുമെന്ന് സൂചനകൾ നൽകി കഴിഞ്ഞു.

ഓസ്‌ലോ സാമാധാന ചർച്ചകളുടെയും, കരാറിന്റെയും കാലത്തിന് ശേഷം ഇസ്രയേൽ-ഫലസ്തീൻ സമാധാന പ്രക്രിയയിൽ അമേരിക്കയുടെ ആധിപത്യം ക്ഷയിച്ചുവെന്നാണ് 3 യൂറോപ്യൻ രാജ്യങ്ങളുടെ ഫലസ്തീൻ അംഗീകാര പ്രഖ്യാപനം സൂചിപ്പിക്കുന്നത്. യൂറോപ്പിലുടനീളം തങ്ങൾക്ക് പിന്തുണയാർജ്ജിക്കാൻ ഫലസ്തീൻ അധികൃതർ ശ്രമിച്ചുവരികയാണ്. ട്രംപിന്റെ കാലഘട്ടത്തിൽ എബ്രഹാം കരാർ വഴി ഫലസ്തീൻകാരെ പാർശ്വവത്കരിച്ചതായി പരാതികളുണ്ടായിരുന്നു. യുഎസ് ഏംബസി ജറുസലേമിലേക്ക് മാറ്റി ട്രംപ് തന്റെ മനസ്സിലിരിപ്പ് പ്രകടമാക്കുകയും ചെയ്തു. അതോടെ, അമേരിക്കയുടെ മേൽ ഫലസ്തീൻകാർക്ക് ആഴത്തിലുള്ള അവിശ്വാസമായി. അമേരിക്ക സത്യസന്ധമായി ഇടപെടുന്ന മധ്യസ്ഥനല്ല എന്ന തോന്നലും ഫലസ്തീൻകാരിൽ പ്രബലമായി. ദ്വിരാഷ്ട്ര പരിഹാര ശ്രമത്തിന്റെ ഭാഗമായി സൗദി അറേബ്യയെ പോലുള്ള രാജ്യങ്ങൾ, യുഎസും യൂറോപ്പും, ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP