Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സി.പി.എം നേതൃത്വത്തിനെതിരെ കാടടച്ച് നടത്തിയ കുമ്മനത്തിന്റെ ജനരക്ഷാ യാത്ര ഗുണം ചെയ്തത് സിപിഎമ്മിന് തന്നെ; സിപിഎമ്മും ബിജെപിയും തമ്മിൽ തല്ലുന്നത് കണ്ട് രസിച്ചിരുന്ന യുഡിഎഫിന്റെ കാൽക്കീഴിലെ വോട്ട് ചോർന്നു; സംഘപരിവാറിനെ പ്രതിരോധിക്കാൻ സിപിഎമ്മിനേ കഴിയൂ എന്ന തോന്നൽ മുസ്ലിം സമൂഹത്തിൽ ശക്തമാകുന്നു; ലീഗ് കോട്ടയിൽ പോലും വിള്ളൽ വീഴ്‌ത്തി ഇടത് പാർട്ടിക്ക് മുസ്ലിം ബെൽറ്റിൽ വിശ്വാസ്യത കൂടി

സി.പി.എം നേതൃത്വത്തിനെതിരെ കാടടച്ച് നടത്തിയ കുമ്മനത്തിന്റെ ജനരക്ഷാ യാത്ര ഗുണം ചെയ്തത് സിപിഎമ്മിന് തന്നെ; സിപിഎമ്മും ബിജെപിയും തമ്മിൽ തല്ലുന്നത് കണ്ട് രസിച്ചിരുന്ന യുഡിഎഫിന്റെ കാൽക്കീഴിലെ വോട്ട് ചോർന്നു; സംഘപരിവാറിനെ പ്രതിരോധിക്കാൻ സിപിഎമ്മിനേ കഴിയൂ എന്ന തോന്നൽ മുസ്ലിം സമൂഹത്തിൽ ശക്തമാകുന്നു; ലീഗ് കോട്ടയിൽ പോലും വിള്ളൽ വീഴ്‌ത്തി ഇടത് പാർട്ടിക്ക് മുസ്ലിം ബെൽറ്റിൽ വിശ്വാസ്യത കൂടി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വേങ്ങര തെരഞ്ഞെടുപ്പ് തെളിയിക്കുന്നത് എന്താണ്? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതിനെ കുറച്ചു കൂടി സുവ്യക്തവും സജീവവുമാക്കുന്ന അന്തർധാര. മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ഇനി രക്ഷ സിപിഎമ്മും ഇടതു പാർട്ടികളും മാത്രമേയുള്ളൂവെന്ന പ്രഖ്യാപനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ട്രന്റ് മുസ്ലിം ന്യൂനപക്ഷ പ്രദേശത്ത് മാത്രമായിരുന്നുവെങ്കിൽ കുമ്മനത്തിന്റേയും അമിത് ഷായെ ഇറക്കിയുള്ള കാടിളക്കി ജാഥ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് സിപിഎമ്മിനുള്ള വിശ്വാസ്യത കൂടിയെന്ന് തെളിയിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശം എക്കാലത്തും ലീഗിനൊപ്പമായിരുന്നു. ലീഗ് കോട്ടയിൽ ഇക്കുറി വലിയ വിള്ളൽ വീണിരിക്കുകയാണ്. വേങ്ങരയിലെ ഫലം സൂക്ഷ്മമായി വീക്ഷിച്ചാൽ സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ കൃത്യമായി കുറിക്കു കൊണ്ടുവെന്ന് വേണം കരുതാൻ.

വേങ്ങരയിൽ ഇടതുപക്ഷത്തിന് സ്വാധീനം കൂടിയെന്ന് വി എസ് അച്യുതാനന്ദനും വേങ്ങര ഉപതിരഞ്ഞെടുപ്പിലെ ഫലം ആത്മവിശ്വാസം വർധിപ്പിക്കുന്നതാണെന്നും യുഡിഎഫ് രാഷ്ട്രീയമായി പരാജയപ്പെട്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത് ഈ വിലയിരുത്തിലന്റെ സാഹചര്യത്തിലാണ്. 'കേരളത്തിൽ യുഡിഎഫിന്റെ ഒന്നാമത്തെ മണ്ഡലമാണ് വേങ്ങര. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം 140ാമത്തെ മണ്ഡലങ്ങളിൽ ഒന്നുമാത്രമാണ് ഇത്. വേങ്ങരയിൽ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി ഇടിഞ്ഞു. എൽഡിഎഫിന് കടന്നു ചെല്ലാൻ സാധിക്കാത്ത മേഖലകളിൽ പോലും എൽഡിഎഫ് സ്ഥാനാർത്ഥി പി പി ബഷീറിന് നല്ല മുന്നേറ്റം കാഴ്‌ച്ചവെക്കാനായി. കേരളത്തിൽ യുഡിഎഫിന് ഭാവിയില്ലെന്ന് കാണിക്കുന്ന വിധിയാണ് പുറത്തുവന്നത് .യുഡിഎഫ് രാഷ്ട്രീയമായും സംഘടനാപരമായും തകർന്നുവെന്നതിന് തെളിവാണ് ഫലം. യുഡിഎഫിന്റെ ജയം സാങ്കേതികം മാത്രമാണ്, രാഷ്ട്രീയമായി ഇത് കനത്ത പരാജയമാണ്'', കോടിയേരി ബാലകൃഷ്ണൻ വിലയിരുത്തിയത് ഇങ്ങനെയാണ്. പുതിയ ആത്മവിശ്വാസം സിപിഎമ്മിന് കിട്ടുന്നതിന്റെ സൂചനയാണ് ഇത്. ലീഗ് കോട്ടകൾ ചുവപ്പിക്കാനുള്ള സി.പി.എം ശ്രമങ്ങൾക്ക് വേങ്ങര കരുത്ത് പകരും.

ജനരക്ഷാ യാത്ര ചൂടുപിടിപ്പിച്ച രാഷ്ട്രീയാന്തരീക്ഷത്തിലാണ് വേങ്ങരയിൽ നിയമഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷവും ബിജെപിയും നേർക്കുനേർ നിന്ന സാഹചര്യം. ഇവിടെ കോൺഗ്രസ് നിശബ്ദമായിരുന്നു. ബിജെപിയുടെ യാത്രയിൽ അമിത് ഷാ എത്തി ദേശീയ തലത്തിൽ കളം പിടിച്ചു. വലിയ ചർച്ചയുമായി. ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം ആളിക്കത്തിച്ച് ബിജെപി മുന്നേറുമ്പോൾ അതിന് ജിഹാദികളിൽ നിന്നുള്ള രക്ഷയെന്ന മുദ്രാവാക്യമെത്തി. ഇതിന് പ്രതിരോധിക്കാൻ കോൺഗ്രസ് എത്തിയില്ല. മറുഭാഗത്ത് ബിജെപിയും സിപിഎമ്മും വാക്കുകളാൽ പോര് നടത്തി. അമിത് ഷായും സിപിഎമ്മിനെ കടന്നാക്രമിച്ചു. ഉരുളയ്ക്കുപേരി പോലെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയും നൽകി. ന്യൂനപക്ഷ സംരക്ഷണത്തിന് സിപിഎമ്മാണ് മികച്ചതെന്ന് പിണറായി ആവർത്തിച്ചു പറഞ്ഞു. ഇതിലൊക്കെ കോൺഗ്രസിന് മറുപടിയുണ്ടായില്ല. അതുകൊണ്ട് കൂടിയാണ് വേങ്ങരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെഎൻഎ ഖാദറിന്റെ ഭൂരിപക്ഷം പകുതിയോളം ഇടിഞ്ഞത് സിപിഎമ്മിന് ഏറെ സന്തോഷിക്കാൻ വക നൽകുന്നത്.

2016ൽ കുഞ്ഞാലിക്കുട്ടിക്ക് 38057 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചപ്പോൾ കെഎൻഎ ഖാദറിന് ഇത്തവണ ലഭിച്ചത് 23310 വോട്ടുകളുടെ ഭൂരിപക്ഷം മാത്രം. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവവും മണ്ഡലത്തിലുള്ള സ്വാധീനവും അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തിന് നിർണായകമായിരുന്നെന്ന് ലീഗ് നേതൃത്വം പറയുന്നു. പക്ഷേ സത്യം അതിനുമപ്പുറമാണ്. ലീഗിലെ വോട്ട് ചോരൽ തന്നെയാണ് ഖാദറിന് തുണയായത്. ഈ വോട്ടെല്ലാം ഇടതു പക്ഷത്തിന് കിട്ടുകയും ചെയ്തു. ബിജെപി കേരള രക്ഷാ യാത്ര അടക്കമുള്ള പരിപാടികളുമായി മൂന്നോട്ടുപോകുന്നതിനിടയിലാണ് വേങ്ങരയിൽ വോട്ടെടുപ്പ് നടന്നത്. കേരളത്തിൽ ഇടതുപക്ഷത്തിന് ബദൽ എന്ന നിലയിൽ ഉയർന്നുവരാനുള്ള ബിജെപിയുടെ ശ്രമം ഇതോടെ ചർച്ചയായി. അമിത് ഷായും യോഗി ആദിത്യനാഥും അടക്കമുള്ള നേതാക്കൾ ദേശീയതലത്തിൽത്തെന്നെ സിപിഎമ്മിനെ കടന്നാക്രമിച്ചു നിറഞ്ഞു. കണ്ണൂരിലെ ഇടതുപക്ഷ ആക്രമമായിരുന്നു പിണറായിയെ പ്രതിക്കൂട്ടിലാക്കാൻ ബിജെപി ഉയർത്തിയത്. ബിജെപിയുടെ ഈ പ്രചരണം വേങ്ങരയിൽ ന്യൂനപക്ഷത്തെ സിപിഎമ്മിന് അനുകൂലമാക്കി.

കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന് സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അമിത് ഷാ ശക്തമായി വിമർശിച്ചു. കേരളത്തിലെ ആരോഗ്യ രംഗം മെച്ചപ്പെടുത്താൻ ഉത്തർപ്രദേശിനെ മാതൃകയാക്കണമെന്ന് യോഗി ആദിത്യനാഥ് പ്രസംഗിച്ചു. ഇതിനെതിരെ പിണറായി വിജയനും കോടിയേരിയും അടക്കമുള്ളവർ തിരിച്ചടിച്ചു. ഇങ്ങനെ വാദപ്രതിവാദങ്ങൾ ശക്തമായി. ഇതെല്ലാം ന്യൂനപക്ഷത്തെ സ്വാധീനിച്ചു. ഇതാണ് വേങ്ങരയിലും പ്രതിഫലിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ വിജയം നേടിയെങ്കിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ തിരിച്ചടി തന്നെയാണ് ലീഗ് സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് 2016ൽ ലഭിച്ച ഭൂരിപക്ഷത്തിന്റെ പകുതി മാത്രമാണ് ഖാദറിന് ലഭിക്കുകയുണ്ടായത്. 70.77 ശതമാനം പോളിങ് നടന്ന 2016ലെ തെരഞ്ഞെടുപ്പിൽ 38,057 വോട്ടിന്റെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചിരുന്നു. എന്നാൽ ആ ഭൂരിപക്ഷത്തിൽ 14,747 ന്റെ കുറവാണ് യുഡിഎഫിനുണ്ടായിരിക്കുന്നത്. 23,310 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഖാദറിനു ലഭിച്ചത്.

എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിൽ വലിയ നേട്ടമാണുണ്ടാക്കാനായത്. 7793 വോട്ടാണ് അധികമായി എൽഡിഎഫ് സ്ഥാനാർത്ഥി പിപി ബഷീറിന് ലഭിച്ചത്. 34,124 വോട്ട് 2016ൽ എൽഡിഎഫിന് ലഭിച്ചു. അതിൽ നിന്നും 41,917 വോട്ടിലേക്കാണ് ബഷീർ മുന്നേറിയത്. മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിലെ വേങ്ങര കണക്കുകൾ പരിശോധിക്കുമ്പോഴും യുഡിഎഫിന് തിരിച്ചടി തന്നെയാണ്. ഉപതെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ 67.76 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 40,520വോട്ടുകളുടെ ഭൂരിപക്ഷം. അതിന്റെ നേർപകുതിയോളം മാത്രമാണ് കെഎൻഎ ഖാദറിനുള്ളത്.17,210 വോട്ടിന്റെ കുറവാണുണ്ടായത്. മതേതര കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുകയും കേന്ദ്രസർക്കാരിന്റെ വർഗ്ഗീയ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെ എൽഡിഎഫ് നടത്തിയ ശക്തമായ പ്രചരണങ്ങളും വേങ്ങരയിലെ ജനങ്ങൾ വിശ്വാസത്തിലെടുത്തു എന്ന് തന്നെയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നതെന്ന് സി.പി.എം പറയുന്നു.

ബിജെപിയുടെ ജനരക്ഷാ യാത്രയുടെ ഭാഗമായി കേന്ദ്ര നേതാക്കൾ അടക്കം എത്തി പ്രചരണങ്ങൾ നടത്തിയെങ്കിലും എസ്ഡിപിഐക്കും പിറകിൽ നാലാം സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർത്ഥി ജനചന്ദ്രൻ പിന്തള്ളപ്പെടുകയായിരുന്നു. 5728 വോട്ടുകൾ മാത്രമാണ് ജനചന്ദ്രന് ലഭിച്ചത്. ഇതും സി.പി.എം തീർത്ത പ്രതിരോധത്തിന്റെ ഭാഗമായി വിലയിരുത്തും. ഇതോടെ മുസ്ലിം സമുദായം കൂടുതലായി സിപിഎമ്മിനോട് അടുക്കും. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ നയങ്ങൾക്കും ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിനും ബദലായി ഇടതുപക്ഷത്തെ ഉയർത്തിക്കാട്ടും. രാജ്യത്ത് മതനിരപേക്ഷത തകർത്തുകൊണ്ട് വളരാൻ ശ്രമിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോൽപ്പിക്കാൻ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനത്തിന് മാത്രമേ കഴിയു എന്ന സന്ദേശമാണ് വേങ്ങരയിൽ പ്രചരണത്തിന് എത്തിയ വി എസ് അച്യുതാനന്ദനും മുന്നോട്ട് വച്ചിരുന്നത്.

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും വി എസ് പറഞ്ഞു. പഴയ കോലീബി സഖ്യം വേങ്ങരയിലും അലയടിക്കുന്നുണ്ടെന്നും ആരോപിച്ചു. അങ്ങനെ ബിജെപിയുമായി കൂട്ടുകൂടാത്തത് സിപിഎമ്മാണെന്ന പ്രതീതി ശക്തമാക്കാൻ പ്രചരണത്തിലും സിപിഎമ്മിന് സാധിച്ചു. അതുകൊണ്ട് കൂടിയാണ് മുസ്ലിംലീഗിലെ വോട്ടു ചോർച്ച സിപിഎമ്മിന് ആശ്വാസമാകുന്നത്. ഇത് തങ്ങളുടെ പെട്ടിയിലാണ് വീണതെന്നും വ്യക്തം. അതായത് മുസ്ലിം ലീഗിലെ മതേതര വാദികൾ യുഡിഎഫിനെ വിട്ട് സി.പി.എം പക്ഷത്തേക്ക് വരുന്നു. ഇത് കേരളത്തിലുടനീളം സംഭവിക്കുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ന്യൂനപക്ഷം സിപിഎമ്മിനോട് കൂടുതൽ അടുക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ.

മുസ്ലിം ലീഗിന്റെ കരുത്തുള്ള കോട്ടയായ വേങ്ങരയിൽ എസ്.ഡി.പി.ഐയുടെ മുന്നേറ്റമാണ് ഏറ്റവും എടുത്തുപറയേണ്ടത്. കഴിഞ്ഞ തവണ 3000ൽ ഏറെ മാത്രം വോട്ടുകൾ ലഭിച്ച എസ്.ഡി.പി.ഐ ഇത്തവണ 8684 വോട്ടുകൾ നേടിയത് മുസ്ലിം ലീഗ് നേതൃത്വത്തെ തന്നെയാണ് ഞെട്ടിക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്കും വെൽഫെയർ പാർട്ടിക്കും ലഭിച്ചതിനും കുറവായിരുന്നു 2016ൽ ലഭിച്ചത്. ഇത്തവണ ഇടതു-വലത് കക്ഷികൾക്കെതിരെയും ന്യുനപക്ഷ വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലീഗിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളും നിഷേധവോട്ടുകൾ എസ്.ഡി.പി.ഐയിൽ എത്തിച്ചുവെന്ന സൂചനയാണ് ലഭിക്കുന്നത്. കെ.എൻ.എ ഖാദറിന്റെ ലീഡ് പഞ്ചായത്ത് അടിസ്ഥാനത്തിൽ എ.ആർ നഗർ- 3349, കണ്ണമംഗലം- 3392, ഊരകം- 3364, വേങ്ങര-5963, പറപ്പൂർ-4594, ഒതുക്കുങ്ങൾ-2647 എന്നിങ്ങനെയാണ്. ഈ പഞ്ചായത്തുകളിലെല്ലാം മുമ്പ് ആറായിരത്തിൽ കൂടുതൽ ഭൂരിപക്ഷം ലീഗ് നേടുകയായിരുന്നു പതിവ്. ഇത് ഇത്തവണ ഉണ്ടായില്ല, ലീഗിന്റെ പൊന്നാപുരം കോട്ടയിലെ വോട്ടുകൾ സിപിഎമ്മിലേക്ക് മാറിയതിന് തെളിവായി ഇത് ചൂണ്ടിക്കാട്ടപ്പെടുന്നു.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയ സമയം മുതൽ തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ സിപിഎമ്മിന് സാധിച്ചിരുന്നു. ബീഫ് നിരോധനം അടക്കമുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടാണ് സിപിഎമ്മും യുവജന സംഘടനകളും സ്വീകരിച്ചു പോന്നത്. ആർഎസ്എസിനെതിരെ പിണറായി വിജയൻ നിരന്തരം നടത്തിയ പ്രസ്താവനകൾ മുസ്ലിം മേഖലകളുടെ കൈയടിയാണ് നേടിയത്. ഡിവൈഎഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിവലിന് പോലും വലിയ സ്വീകര്യത ലഭിച്ചു. ഇതിന്റെ തുടർച്ചയായാണ് മലപ്പുറത്ത് അടക്കം സി.പി.എം ഇപ്പോഴും ശക്തമായി മുന്നേറുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ച് അബുദാബി ഭരണാധികാരി കേരളത്തിൽ എത്തിയതും വേങ്ങര തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നേട്ടമായി മാറി. മുഖ്യമന്ത്രിയുടെ ഇടപെടൽ കൊണ്ട് ഷാർജ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചതും വലിയ നേട്ടമായി മാറി. ഈ സംഭവവു മുസ്ലിം സമുദായത്തെ സിപിഎമ്മിലേക്ക് അടുപ്പിക്കുകയാണ് ചെയ്തത്. ലീഗ് രാഷ്ട്രീയം ബിസിനസ് താൽപ്പര്യങ്ങളിൽ ചുറ്റിക്കറങ്ങുന്നതും സിപിഎമ്മിന് അടിത്തറയിലേക്ക് ഇറങ്ങാൻ പ്രേരണയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP